Saturday, July 22, 2017 Last Updated 38 Min 10 Sec ago English Edition
Todays E paper
Saturday 22 Jul 2017 10.32 PM

മദ്യശാലകള്‍ കുറഞ്ഞു; വ്യാജമദ്യ വില്‍പ്പന തകൃതി

uploads/news/2017/07/129821/1ig.jpg

അടിമാലി: മദ്യവില്‍പ്പന ശാലകളിലുണ്ടായ ഗണ്യമായ കുറഞ്ഞതോടെ ജില്ലയിലെ ഗ്രാമങ്ങളില്‍ വ്യാജമദ്യ വില്‍പ്പന തകൃതിയായി. ഉള്‍ഗ്രാമങ്ങളിലാണു വ്യാജന്മാര്‍ കൂടുതലായും വിലസുന്നത്‌. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ആവശ്യക്കാരേറിയതാണു വ്യാജമദ്യ ലോബിക്കു തഴച്ചുവളരാനുള്ള അവസരമൊരുക്കുന്നത്‌. വ്യാജമദ്യം വില്‍ക്കുന്നവര്‍ എക്‌സൈസ്‌ സംഘത്തിന്റെ വലയിലാകുന്നുണ്ടെങ്കിലും രഹസ്യവില്‍പ്പനക്കാര്‍ ഓരോദിവസം ചെല്ലുന്തോറും വര്‍ധിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
വിദേശമദ്യ വില്‍പ്പനശാലകളില്‍നിന്നും മദ്യം വാങ്ങി ഇരട്ടി വിലയ്‌ക്ക്‌ ആവശ്യക്കാര്‍ക്ക്‌ വില്‍ക്കുകയാണ്‌ വ്യാജമദ്യ ലോബിയുടെ ആദ്യ നടപടി. ആവശ്യക്കാര്‍ ഇവരെ വിശ്വാസത്തിലെടുക്കുന്നതോടെ വിദേശമദ്യം വ്യാജമദ്യത്തിന്‌ വഴിമാറുന്നു. മുന്‍പ്‌ വാറ്റ്‌ ചാരായമായിരുന്നു ജില്ലയില്‍ വ്യാപകമായിരുന്നതെങ്കില്‍ ഇപ്പോള്‍ നിറം ചേര്‍ത്തുള്ള സ്‌പിരിറ്റാണു വ്യാജമദ്യമായി ഒഴുകുന്നത്‌.
സ്വന്തമായി വാഹനമുള്ള യുവാക്കളാണു മദ്യവില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌.
പല സ്‌ഥലങ്ങളിലും ടൗണുകളിലും പരാതികളുമായി ജനം അധികൃതരെ സമീപിച്ചിട്ടുണ്ട്‌. എന്നാല്‍ ഉദ്യോഗസ്‌ഥരില്‍ തന്നെ പണം വാങ്ങി വ്യാജമദ്യവില്‍പ്പനയ്‌ക്കു സഹായം ചെയ്യുന്നവരും വിരളമല്ലെന്നാണു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.
മാങ്കുളം വ്യാജമദ്യ ലോബിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്‌. കഴിഞ്ഞദിവസം മാങ്കുളം-കല്ലാര്‍ റോഡിലൂടെ കാറില്‍ കടത്തുകയായിരുന്ന 140 കുപ്പി കളര്‍ ചേര്‍ത്ത സ്‌പിരിറ്റ്‌ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ പ്രതികള്‍ വാഹനവുമായി കടന്നു കളഞ്ഞെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌.
മദ്യ-മയക്കുമരുന്നു കേസുകളില്‍ അകപ്പെടുന്നവരില്‍ അധികവും ഉദ്യോഗസ്‌ഥരില്‍ ചിലരെ സ്വാധീനിച്ചും നിയമത്തിന്റെ സാധ്യതകള്‍ മുതലെടുത്തും നിസാരമായി കേസില്‍നിന്നും ഊരുന്നതോടെ തങ്ങളുടെ സാമ്രാജ്യം വിപുലപ്പെടുത്തുന്ന പതിവും കാണുന്നുണ്ട്‌. ചില രാഷ്‌ട്രീയ പ്രാദേശിക നേതൃത്വങ്ങളുടെ സഹായം പലയിടത്തും വ്യാജമദ്യ-മയക്കുമരുന്ന്‌ വില്‍പ്പനക്കാര്‍ക്കു തുണയാകുന്നതായും വിവരമുണ്ട്‌. അപകടകരമായ വിധത്തില്‍ തയാറാക്കുന്ന വ്യാജമദ്യം ജില്ലയില്‍ സുലഭമായതോടെ ജനം ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എക്‌സൈസ്‌ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്‌.
മദ്യശാലകളുടെ നിയന്ത്രണത്തോടെ യുവാക്കള്‍ അധികമായും കഞ്ചാവ്‌ അടക്കമുള്ള മയക്കുമരുന്നുകളുടെ ലഹരിയിലേക്ക്‌ ചേക്കേറിയിട്ടുണ്ട്‌. നൂറുകണക്കിനു മയക്കുമരുന്നു കേസുകളാണ്‌ ഏതാനും മാസങ്ങളായി ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഹാഷിഷ്‌ (കഞ്ചാവ്‌ ഓയില്‍) അടക്കം രാജ്യാന്തര വിപണിയില്‍ മതിപ്പുള്ള മയക്കുമരുന്നുകളുമായി അടുത്ത കാലത്തു ജില്ലയില്‍ നിരവധി പേരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുള്ളത്‌. കൃത്യമായ തുടരന്വേഷണം നടക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Ads by Google
Saturday 22 Jul 2017 10.32 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW