Tuesday, July 18, 2017 Last Updated 28 Min 2 Sec ago English Edition
Todays E paper
Tuesday 18 Jul 2017 01.18 AM

എ.പി.എല്‍. വിഭാഗത്തിന്‌ അരി മിച്ചമുണ്ടങ്കില്‍ മാത്രം

uploads/news/2017/07/128583/1kg.jpg

കോട്ടയം: പൊതുവിപണിയില്‍ അരിവില കുത്തനെ ഉയരുമ്പോള്‍ റേഷന്‍ കടകളില്‍ നിന്ന്‌ എ.പി.എല്‍. വിഭാഗത്തിനു നല്‍കി വന്നിരുന്ന അരി ഇല്ലാതായി. കഴിഞ്ഞ മാസം അരിയ്‌ക്കു പകരം ഗോതമ്പു നല്‍കിയപ്പോള്‍, ഇത്തവണ ഇതൊന്നുമില്ലാത്ത അവസ്‌ഥയാണത്രേ.
പഴയ എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട പുതിയ കാര്‍ഡുകള്‍ പ്രകാരം വെള്ള നിറമുള്ള കാര്‍ഡുകളുടെ ഉടമകള്‍ക്കാണു റേഷന്‍ അരി ഇല്ലാതായിരിക്കുന്നത്‌. കിലോയ്‌ക്കു 8.90 രൂപ നിരക്കില്‍അരിയൂം 6.70 രൂപ നിരക്കില്‍ ഗോതമ്പും ലഭിക്കേണ്ടവരാണു ബുദ്ധിമുട്ടിലായിരിക്കുന്നത്‌.പൊതുവിപണിയില്‍ അരവില 50 രൂപയും കടന്നു മുന്നേറുമ്പോള്‍ റേഷന്‍ കടകളില്‍ നിന്നു ലഭിക്കുന്ന അരി ഇവര്‍ക്ക്‌ ആശ്വാസമായിരുന്നു. എ.എ.വൈ, മുന്‍ഗണനാ വിഭാഗം, സംസ്‌ഥാന സര്‍ക്കാരിന്റെ സബ്‌സിഡിക്ക്‌ അര്‍ഹരായവര്‍ എന്നിവര്‍ക്കു നല്‍കിയ ശേഷം മിച്ചമുണ്ടെങ്കില്‍ മാത്രം പഴയ എ.പി.എല്‍.
വിഭാഗത്തിന്‌ അരി നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശം. കഴിഞ്ഞ മാസം ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു ആറു കിലോ ഗോതമ്പും ഒരു കിലോ അരിയും ലഭിച്ചിരുന്നു. ഈ മാസം അഞ്ചു കിലോ ഭക്ഷ്യധാന്യം പ്രഖ്യാപിച്ചുവെങ്കിലും പല കടകളിലും നലകാന്‍ ആവശ്യമായ അരിയോ ഗോതമ്പോ ഇല്ലെന്നു കടയുടമകള്‍ പറയുന്നു.
കണക്കില്‍ എ.പി.എല്‍. വിഭാഗത്തിലാണ്‌ ഉള്‍പ്പെടുന്നതെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ഈ വിഭാഗത്തിലുണ്ട്‌.
ഇവര്‍ കൃത്യമായി റേഷന്‍ കടകളില്‍ നിന്ന്‌ അരി വാങ്ങിയിരുന്നവരാണ്‌. ഇത്തരക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ കടകളില്‍ വരുന്നുണ്ടെങ്കിലും അരില്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നു കടയുടമകള്‍ പറയുന്നു. പൊതുവിപണിയില്‍ അരിയുടെ ചില്ലറ വില 46 മുതല്‍ 49 രൂപ വരെയും ബ്രാന്‍ഡഡ്‌ അരിയുടെ വില 50 രൂപയ്‌ക്കു മുകളിലുമാണ്‌. റേഷന്‍ കടകളില്‍ നിന്ന്‌ അരി ലഭിക്കാതാകുന്നത്‌ പൊതു വിപണിയില്‍ വീണ്ടും വിലക്കയറ്റത്തിനു കാരണമാകുമെന്നും സൂചനയുണ്ട്‌.
അതേസമയം, പഞ്ചസാരയ്‌ക്കു പിന്നാലെ മണ്ണെണ്ണ വിതരണവും നിലച്ചേക്കുമെന്നും സൂചനയുണ്ട്‌. ഈ മാസം വില്‍ക്കേണ്ട മണ്ണെണ്ണ ഇതുവരെ റേഷന്‍ കടകളില്‍ എത്തിച്ചിട്ടില്ല. ഒരു കുടുംബത്തിന്‌ അരലിറ്റര്‍ എന്ന കണക്കിലാണു മണ്ണെണ്ണ നല്‍കുന്നത്‌.
ജില്ല സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റു പല ആവശ്യങ്ങള്‍ക്കും മണ്ണെണ്ണ കുടുംബങ്ങള്‍ക്ക്‌ ആവശ്യമാണ്‌. മണ്ണെണ്ണ കൂടി ഇല്ലാതായാല്‍ സാധാരണക്കാരനു റേഷന്‍ കടകള്‍ പ്രയോജനമില്ലാത്ത സ്‌ഥാപനമായി മാറും.

Ads by Google
Ads by Google
Tuesday 18 Jul 2017 01.18 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW