Monday, July 17, 2017 Last Updated 15 Min 20 Sec ago English Edition
Todays E paper
Monday 17 Jul 2017 11.17 PM

കൊലുമ്പന്‍ പ്രതിമയുടെ നിര്‍മാണം ഇഴയുന്നു

uploads/news/2017/07/128464/1ig.jpg

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടി ചെമ്പന്‍ കൊലുമ്പന്റെ പ്രതിമ സ്‌ഥാപിക്കാനുള്ള ഫണ്ട്‌ അനുവദിച്ചിട്ടും നിര്‍മാണം ഇഴയുന്നു. നാലു വര്‍ഷം മുമ്പ്‌ എഴുപതുലക്ഷം രൂപ ബജറ്റില്‍ ഇതിനായി അനുവദിച്ചിരുന്നു. കൊലുമ്പന്‍ സമാധി സ്‌ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത്‌ പ്രതിമ സ്‌ഥാപിക്കണമെന്ന്‌ ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായ വര്‍ഷം മുതല്‍ ഇടുക്കി നിവാസികളും പാറേമാവ്‌ കൊലുമ്പന്‍ കോളനി നിവാസികളും ആവശ്യപ്പെടുന്നതാണ്‌.
ചെറുതോണി അണക്കെട്ടിലേയ്‌ക്കുള്ള പ്രവേശനകവാടമായ വെള്ളപ്പാറയിലാണ്‌ കൊലുമ്പന്റെ സമാധി സ്‌ഥലം. അന്ന്‌ മുതല്‍ ആദിവാസികള്‍ ഇവിടെ വിളക്കുവച്ച്‌ പ്രാര്‍ഥിച്ചിരുന്നു. ആദിവാസികള്‍ കാട്ടില്‍ പോകുന്നതിന്‌ മുമ്പ്‌ കൊലുമ്പന്റെ സമാധിസ്‌ഥലത്ത്‌ നേര്‍ച്ചകാഴ്‌ചകള്‍ നല്‍കി പ്രാര്‍ഥിച്ചാണ്‌ പോയിരുന്നത്‌. ഇവിടെ പ്രാര്‍ത്ഥിച്ചിട്ടു പോയാല്‍ അപകടം ഉണ്ടാകുകില്ലെന്നാണ്‌ ആദിവാസികളുഖെ വിശ്വാസം.
പി.ടി തോമസ്‌ എം.എല്‍.എ ജില്ലാ പഞ്ചായത്ത്‌ മെമ്പറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി ഇടുക്കി ഡാമിന്‌ സമീപം കൊലുമ്പന്റെ പ്രതിമ സ്‌ഥാപിക്കുകയും സമീപം പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുയും ചെയ്‌തിരുന്നു. ഇപ്പോള്‍ ഈ പ്രദേശം കാടുകയറിയും കൊലുമ്പന്റെ പ്രതിമ വെയിലുംമഴയുമേറ്റ്‌ മങ്ങികിടക്കുകയുമാണ്‌. കെ.എസ്‌.ഇ.ബി. അധികൃതര്‍ ഇത്‌ സംരക്ഷിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന്‌ ആരോപണമുണ്ട്‌.
കൊലുമ്പന്റെ സമാധിസ്‌ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ ജനപ്രതിനിധികള്‍ക്കും സര്‍ക്കാരിനും നിരവധി തവണ നിവേദനം നല്‍കിയിരുന്നു. വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ്‌ തുക അനുവദിച്ചത്‌. തുക അനുവദിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിച്ചത്‌ ഈ വര്‍ഷമാണ്‌. സമാധി സ്‌ഥലത്തിന്‌ ചുറ്റും സംരക്ഷണഭിത്തി കെട്ടിയെങ്കിലും തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌. കൊലുമ്പന്റെ പ്രതിമയും കല്‍വിളക്കും സമാധിസ്‌ഥലം മോഡിപിടിപ്പിക്കലുമാണ്‌ ഇനി പൂര്‍ത്തിയാക്കാനുള്ളത്‌. കുന്നുവിള മുരളി എന്ന കലാകാരനെയാണ്‌ പ്രതിമ നിര്‍മിക്കാന്‍ ഏല്‍പിച്ചിരിക്കുന്നത്‌. കല്ലില്‍ കൊത്തുപണി ചെയ്യുന്നതിനുള്ള താമസമാണ്‌ വൈകുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ പറയുന്നു. സാംസ്‌കാരിക വകുപ്പിനെയാണ്‌ നിര്‍മാണ ചുമതല ഏല്‍പിച്ചിരിക്കുന്നത്‌. കൊലുമ്പന്റെ പ്രതിമ സ്‌ഥാപിച്ച്‌ സമാധി സ്‌ഥലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്‌ നാട്ടുകാരും ആദിവാസികളും ആവശ്യപ്പെട്ടു.

Ads by Google
Ads by Google
Monday 17 Jul 2017 11.17 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW