പാലോട്: ബ്രൈമൂര്‍-പൊന്മുടി മലനിരകളിലേക്ക് ഇനിയുള്ള യാത്രകള്‍ പാട്ടുകള്‍ കേട്ടും കാഴ്ചകള്‍ കണ്ടും ആസ്വദിക്കാം. കെ.എസ്.ആര്.ടി.സിയുടെ ആഡംബര ബസാണ് യാത്രക്കാര്‍ക്ക് വിരുന്നൊരുക്കി സര്‍വീസ് ആരംഭിച്ചത്. ആനവണ്ടിയുടെ നവീന സംവിധാനം യാത്രക്കാരില്‍ വിസ്മയമൊരുക്കുന്നു. ജി.പി.ആര്.എസ് സംവിധാനം ഏര്‍പ്പെടുത്തിയ ആഡംബര ബസില്‍ 21 ഇഞ്ച് വലിപ്പമുള്ള ടിവി, ടച്ച്,പാഡ്, സി.സി.ടി.വി, യാത്ര ചെയ്യുന്ന റോഡിന്റെ വിശദാംശങ്ങള്‍, പ്രദേശത്തിന്റെ പ്രത്യേകതകള്‍, കലാവിരുന്നുകള്‍, ചാനല്‍ സംവിധാനം, ഹൈടെക്ക് മ്യൂസിക്ക് സിസ്റ്റം, ഡെസ്റ്റിനേഷന്‍ അലര്‍ട്ട് വോയ്സടക്കമുള്ള അത്യാധുനിക സംവിധാനങ്ങളാണ് ബസിനുള്ളില്‍ സജ്ജമാക്കിയിട്ടുള്ളത്. സിഡിറ്റിന്റെ കരവിരുതകളാണിവയെല്ലാം. നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള ഈ ബസ് രാവിലെ ആറിന് തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്-പാലോട്വഴി ബ്രൈമൂറിലേക്കും അവിടെ നിന്നും തിരുവനന്തുരത്തേക്കു തിരികെ സര്‍വീസ് നടത്തി ഉച്ചയോടെ പൊന്മുടിയിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. തിരികെ നെടുമങ്ങാട്ടെത്തി സര്‍വീസ് അവസാനിപ്പിക്കും. പരീക്ഷണാര്‍ഥത്തില്‍ നടത്തുന്ന ഈ സര്‍വീസ് വിജയകരമെങ്കില്‍ തുടരും. വിജയകരമായാല്‍ തെരഞ്ഞെടുത്ത മറ്റുചില സര്‍വീസുകള്‍ കൂടി ഇതേ രീതിയില്‍ ആരംഭിക്കാന്‍ ആലോചനയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.