തൃശൂര്‍: കര്‍ക്കടകം വന്നെത്തി. പതിവുപോലെ സുഖചികിത്സയ്ക്കുള്ള സമയം. കടുത്ത വേനല്‍ക്കാലം കഴിഞ്ഞ് എത്തിയ മഴയും തുടര്‍ന്നുള്ള കര്‍ക്കടകവും ആരോഗ്യ പരിപാലനത്തിനും സുഖചികിത്സക്കും യോജിച്ച മാസമാണ്. ആരോഗ്യ കാര്യത്തില്‍ ഏറെ പ്രാധാന്യമുള്ള മാസമായതിനാല്‍ ഔഷധിക്കഞ്ഞി, എണ്ണതേച്ചു കുളി, മസാജ് എന്നിവയ്ക്ക് ആയുര്‍വേദ ആശുപത്രികളില്‍ തിരക്കേറി വരികയാണ്. പ്രായഭേദമെന്യേ മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം സൗകര്യങ്ങളുമൊരുക്കി ആശുപത്രികള്‍ സജീവമാണ്.
ഔഷധക്കഞ്ഞി
പൊതുവേ ദഹനശക്തി കുറയുന്ന സമയമായതിനാല്‍ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളില്‍നിന്നും രക്ഷ നേടുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കര്‍ക്കടക കഞ്ഞി ഉത്തമമാണ്. 10, 20, 30, 40 ദിവസം എന്നിങ്ങനെ ആവശ്യം പോലെ ഔഷധക്കഞ്ഞി സേവിക്കുന്നവരുണ്ട്. പലതരത്തിലുള്ള ഔഷധക്കഞ്ഞികളുണ്ട്. നവരക്കഞ്ഞി, പൊടിയരിക്കഞ്ഞി എന്നിവയാണ് അതില്‍ പ്രധാനം.പൊടിയരിക്കഞ്ഞി, ഔഷധക്കഞ്ഞി, ജീരക കഞ്ഞി, പാല്‍ക്കഞ്ഞി, ഓട്സ്കഞ്ഞി, ദശപുഷ്പക്കഞ്ഞി, തവിട് കളയാത്ത അരിക്കഞ്ഞി, ഉലുവക്കഞ്ഞി, നെയ്ക്കഞ്ഞി, ഗോതമ്പ്കഞ്ഞി, നവരക്കഞ്ഞി, യവക്കഞ്ഞി എന്നിവങ്ങനെ 12 തരം കഞ്ഞികളാണ് ഇപ്രാവശ്യം തൃശൂര്‍ ഔഷധി പഞ്ചകര്‍മ ആശുപത്രിയിലെ പ്രത്യേകതകളെന്ന് ഡോ. കെ.എസ്. രജിതന്‍ പറഞ്ഞു.പൊടിയരിക്കഞ്ഞി പനിക്കും രോഗപ്രതിരോധത്തിനും ശരീരക്ഷീണം മാറുന്നതിനും അത്യുത്തമമാണ്. ഔഷധക്കഞ്ഞി ദഹനശക്തിക്കും ജീരകക്കഞ്ഞി മലബന്ധമകറ്റാനും ഫലപ്രദമാകുന്നു. പാല്‍ക്കഞ്ഞി ശരീരശക്തിക്ക് ഉത്തമമാണ്. ഓട്സ് കഞ്ഞി രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കുകയും അമിതവണ്ണത്തെ അകറ്റുകയും ചെയ്യും. നവരക്കഞ്ഞി ശരീരവണ്ണം വര്‍ധിപ്പിക്കുകയും ശരീരകാന്തി പുഷ്ടിപ്പെടുത്തുകയും ചെയ്യും. ദശപുഷ്പക്കഞ്ഞി ബുദ്ധിശക്തിക്കും രോഗപ്രതിരോധത്തിനും ശരീരത്തിലെ വിഷാംശം അകറ്റുന്നതിനും ഫലപ്രദമായി ഉപയോഗിക്കുന്നു. ഉലുവക്കഞ്ഞി, നെയ്ക്കഞ്ഞി, ഗോതമ്പ്കഞ്ഞി എന്നിവ വാതരോഗ ശമനത്തിനും ബുദ്ധിശക്തിക്കും പ്രധാനമായും ഉപയോഗിക്കപ്പെടുന്നു.
യവക്കഞ്ഞി വണ്ണം കുറയുന്നതിനാണ് ഉത്തമം. തൃശൂര്‍ ഔഷധിയുടെ പഞ്ചകര്‍മ ആശുപത്രി കാന്റീനില്‍ ഇവ ലഭ്യമാക്കിയിട്ടുണ്ട്.