Wednesday, July 05, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Wednesday 05 Jul 2017 12.52 AM

തീവില മത്സ്യങ്ങള്‍ പൊള്ളുന്നു

uploads/news/2017/07/124508/1kn.jpg

കണ്ണൂര്‍: ട്രോളിങ്‌ നിരോധനത്തെ തുടര്‍ന്ന്‌ മത്സ്യവില കുത്തനെ ഉയര്‍ന്നു. മത്തിയുടെ വില കിലോക്ക്‌ 170 രൂപയിലെത്തി. അയലക്ക്‌ 220 രൂപ വരെ വിലയുണ്ട്‌. നെയ്‌മീനിന്റെ വില കിലോക്ക്‌ 800 രൂപയാണ്‌. ട്രോളിങ്‌ നിരോധത്തിന്റെ ഫലമായി മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ്‌ വില കുതിച്ചു കയറാന്‍ കാരണം. മത്സ്യ ബന്ധന ബോട്ടുകള്‍ കടലില്‍ പോകാതാകുകയും പരമ്പരാഗത വള്ളങ്ങള്‍ക്ക്‌ വേണ്ടത്ര മത്സ്യം ലഭിക്കാതിരിക്കുകയും ചെയ്‌തതോടെ കടല്‍ മത്സ്യത്തിന്‌ വന്‍ ഡിമാന്‍ഡാണ്‌. കശാപ്പ്‌ നിരോധനം വന്നതോടെ മാടുകളുടെ വരവ്‌ കുറഞ്ഞത്‌ മത്സ്യവില്‍പ്പന കൂടാന്‍ കാരണമായി. മാട്ടിറച്ചി കിലോക്ക്‌ 250 രൂപക്ക്‌ മുകളിലാണ്‌.
മണ്‍സൂണ്‍ ദുര്‍ബലമായതും മത്സ്യത്തിന്റെ ലഭ്യതയെ ബാധിച്ചതായി സമുദ്ര -മത്സ്യ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മഴ കുറഞ്ഞതിനാല്‍ തീരക്കടലിലെ വെള്ളത്തിന്‌ തണുപ്പ്‌ കുറവായതാണ്‌ ഇതിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. തീരക്കടലിലെ വെള്ളത്തിന്‌ തണുപ്പേറുമ്പോഴാണ്‌ മത്തി പോലുള്ള മത്സ്യങ്ങള്‍ തീരക്കടലിലേക്ക്‌ വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നത്‌. എന്നാല്‍ മഴ കുറവാകുകയും വെള്ളം വേണ്ടത്ര തണുക്കാതിരിക്കുകയും ചെയ്‌തതോടെ മത്സ്യങ്ങള്‍ തീരക്കടലില്‍ നിന്ന്‌ അകന്നു നില്‍ക്കുകയാണ്‌. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക്‌ താരതമ്യേന കുറഞ്ഞ അളവിലാണ്‌ ആണ്‌ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മത്സ്യം ലഭിച്ചത്‌. പ്രതികൂല കാലാവസ്‌ഥ മൂലം പല ദിവസവും മത്സ്യത്തൊഴിലാളികള്‍ക്ക്‌ കടലില്‍ പോകാനും കഴിഞ്ഞില്ല.
മത്സ്യ ലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത്‌ ഉണ്ടായിരുന്ന വിലയുടെ ഇരട്ടിയിലധികമായി. കഴിഞ്ഞ ജൂണ്‍, ജുലായ്‌ മാസത്തില്‍ മത്തിയുടെ വില കിലോക്ക്‌ 60-70 രൂപയായിരുന്ന സ്‌ഥാനത്താണ്‌ ഇപ്പോള്‍ 150 മുതല്‍ 170 വരെ എത്തിയിരിക്കുന്നത്‌. ഇടത്തരം അയലക്ക്‌ കിലോക്ക്‌ 200 രൂപയും വലിയ അയലക്ക്‌ 220 രൂപയും കിലോക്ക്‌ വിലയുണ്ട്‌. നെയ്‌മീനിന്‌ ട്രോളിംഗ്‌ നിരോധത്തിന്‌ മുമ്പ്‌ 550-600 രൂപയായിരുന്നു വില ഇപ്പോള്‍ 800-820 രൂപയിലെത്തിയിട്ടുണ്ട്‌. ചെമ്മീനിന്‌ 350 മുതല്‍ 450 വരെ വിലയുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്തു നിന്നും എത്തുന്ന മത്സ്യങ്ങളാണ്‌ കേരളത്തിന്റെ പല ഭാഗങ്ങളിലും വില ഒരു പരിധി വരെയെങ്കിലും പിടിച്ചു നിര്‍ത്തുന്നത്‌. മഴ ശക്‌തിയാര്‍ജിക്കുകയും മത്സ്യലഭ്യത വര്‍ധിക്കുകയും ചെയ്യുന്നതോടെ വില താഴേക്ക്‌ വരുമെന്നാണ്‌ കരുതുന്നത്‌.
വളപട്ടണം മാര്‍ക്കറ്റില്‍ നോങ്ങലിന്‌ 500 രൂപയാണ്‌ വില. കറ്റ്‌ല, കയ്യന്‍ 350 രൂപക്കാണ്‌ വിറ്റത്‌. നോങ്ങല്‍ യഥേഷ്‌ടം വരുന്നുണ്ട്‌. കരിമീനിന്‌ വിലയും കൂടിയിട്ടുണ്ട്‌. ട്രോളിംഗ്‌ നിരോധന കാലയളവിലെ മത്സ്യക്ഷാമം മുതലെടുത്ത്‌ നേട്ടം കൊയ്യാന്‍ വിദേശമത്സ്യകമ്പനികള്‍ ശ്രമിക്കുന്നുണ്ട്‌. ഒമാന്‍, വിയറ്റ്‌നാമില്‍ നിന്നുള്ള മത്സ്യങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന്‌ പുറമെ നോര്‍വെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യവും വന്‍തോതില്‍ ആഭ്യന്തര വിപണിയിലെത്തുന്നുണ്ട്‌. ഒമാനില്‍ നിന്നുള്ള വലിപ്പമുള്ള മത്തി 160 രൂപ നിരക്കിലാണ്‌ വില്‍പ്പന. വന്‍കിട മത്സ്യക്കമ്പനികള്‍ ഫ്രീസറില്‍ സൂക്ഷിക്കുന്ന മത്സ്യം കൊള്ളലാഭത്തിന്‌ വിറ്റഴിക്കുകയാണ്‌. സപ്‌തംബര്‍ വരെ മീന്‍ വില കുറയാനിടയില്ല. പച്ചക്കറിയുടെ വിലയും ഇരട്ടിയോളമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ പച്ചക്കറിയുടെ ലഭ്യതക്കുറവാണ്‌ വില വര്‍ധനക്ക്‌ കാരണമത്രെ. 12 രൂപയുണ്ടായിരുന്ന തക്കാളിക്ക്‌ ഇപ്പോള്‍ 55-60 നിരക്കാണ്‌. വെണ്ടക്ക 53, കാരറ്റ്‌ 81, ബീന്‍സ്‌ 56, വെള്ളരിക്ക28, ബീറ്റ്‌റൂട്ട്‌ 43, മുളക്‌46, കൊത്തവര 50, കയ്‌പ40 തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില കൂടി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ രണ്ടുമാസത്തോളമായി മഴയില്ലാത്തതിനെ തുടര്‍ന്ന്‌ വരള്‍ച്ച കാരണമാണ്‌ പച്ചക്കറി ക്ഷാമം അനുഭവപ്പെട്ടത്‌.

Ads by Google
Ads by Google
Wednesday 05 Jul 2017 12.52 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW