Thursday, March 22, 2018 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.04 AM

പകര്‍ച്ചാവ്യാധികള്‍ നിയന്ത്രണ വിധേയമെന്ന്‌ ആരോഗ്യ വകുപ്പ്‌: ആശങ്ക ഒഴിയാതെ മലപ്പുറം

uploads/news/2017/06/121149/1ml.jpg

മലപ്പുറം: സംസ്‌ഥാനത്ത്‌ പകര്‍ച്ചാവ്യാധി നിയന്ത്രണ വിധേയമെന്ന്‌ അധികൃതര്‍ വിശദീകരിക്കുമ്പോഴും പകര്‍ച്ചപ്പനിക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്‌ മലപ്പുറം. പൊന്മള, പൂക്കോട്ടൂര്‍, കാളകാവ്‌, വണ്ടൂര്‍, കാവനൂര്‍, വഴിക്കടവ്‌ എന്നിവിടങ്ങളിലായി കഴഞ്ഞ ദിവസം മാത്രം എട്ടു പേര്‍ക്കു ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. അതിനു പുറമേയാണ്‌ നന്നമ്പ്രയില്‍ ആറു വയസ്സുകാരന്‍ മരണപ്പെട്ടത്‌ എച്ച്‌ 1 എന്‍ 1 ബാധിച്ചാണെന്ന്‌ ആരോഗ്യ വകുപ്പിന്റെ സ്‌ഥിരീകരണം. മുവായിരത്തില്‍ അധികം പേരാണ്‌ കഴിഞ്ഞ ദിവസം വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച്‌ ചികിത്സ തേടിയെത്തിയത്‌. ഇവരില്‍ നൂറോളം പേര്‍ ഡെങ്കി ലക്ഷണങ്ങളോടെയാണ്‌ ചികിത്സക്കെത്തിയത്‌. സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ കണക്കു കൂടി പരിഗണിക്കുമ്പോള്‍ ജില്ലയില്‍ പടര്‍ന്നുപിടിച്ച രോഗത്തിന്റെ വ്യാപനം ഭീകരമാണെന്ന്‌ വ്യക്‌തമാവും. എല്ലാ വര്‍ഷവും വേനല്‍ പിന്‍വാങ്ങുന്നതോടെ കടന്നെത്തുന്ന വിവിധ രൂപത്തിലുള്ള പകര്‍ച്ചാവ്യാധികള്‍ ആരോഗ്യമേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഈ വര്‍ഷവും പതിവ്‌ തെറ്റിച്ചിട്ടില്ല. എന്നാല്‍ ആരോഗ്യ വകുപ്പിന്റെയും ബന്ധപ്പെട്ട അധികൃതരുടെ പ്രതിരോധ സംവിധാനങ്ങള്‍ വിഫലമാവുന്നതും രോഗത്തിന്റെ വ്യാപനം കുതിച്ചുയരുന്നതുമാണ്‌ ജില്ലയില്‍ കാണുന്നത്‌. ചിക്കുന്‍ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ ജില്ലയില്‍ കൂടുതലായി കണ്ടിരുന്നത്‌. എന്നാല്‍ ഈ വര്‍ഷം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവുമാണ്‌ കൂടുതല്‍. എച്ച്‌ 1 എന്‍ 1 ഉം കഴിഞ്ഞ വര്‍ഷത്തേ പോലെ വിരളമായെങ്കിലും ആരോഗ്യമേഖലക്ക്‌ ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്‌. കഴിഞ്ഞ രണ്ടു മാസത്തിനിടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ആറു പേരാണ്‌ മരണമടഞ്ഞത്‌. നൂറുക്കണക്കിന്‌ ആളുകള്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്‌. ചിക്കന്‍പോക്‌സ് പിടിപെട്ട്‌ ചികിത്സ തേടിയവരും കുറവല്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ വിവരിക്കുന്നത്‌. അതിനു പുറമേ അഞ്ഞൂറിലധികം ആളുകള്‍ കഴിഞ്ഞ ദിവസം വയറിളക്കം ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. എന്നാല്‍ കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്ത്‌ മറ്റുജില്ലകളെ അപേക്ഷിച്ച്‌ രോഗബാധിതരുടെ എണ്ണത്തില്‍ കുറവാണ്‌. പര്‍ച്ചാവ്യാധികള്‍ തടയാനുള്ള മാര്‍ഗം പ്രതിരോധവും ചികിത്സയുമാണെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ഇതിനുവേണ്ടി ആരോഗ്യബോധവത്‌ക്കരണ സെമിനാറുകളും കാമ്പയിനുകളുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്‌. പക്ഷെ ഈ ശ്രമങ്ങളെല്ലാം മതിയായ ഫലം കാണുന്നില്ലെന്നതിന്റെ തെളിവാണ്‌ ജില്ലയില്‍ വ്യാപകമാവുന്ന പകര്‍ച്ചരോഗങ്ങളുടെ കണക്കുകള്‍. പകര്‍ച്ച രോഗങ്ങളുടെ പ്രധാന കാരണമായ കൊതുക്‌ നശീകരണത്തിന്‌ മതിയായ മുന്‍കരുതലില്ലാത്തതാണ്‌ രോഗവ്യാപനത്തിന്റെ അടിസ്‌ഥാനം. വീടും പരിസരവും വൃത്തിയാക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ പല സര്‍ക്കാര്‍ സ്‌ഥാപനങ്ങളും കൊതുകു ഫാക്‌ടറിയായി മാറുന്നുണ്ടെന്ന നാട്ടുകാരുടെ പരാതി അവഗണിക്കാനാവില്ല. വിവിധ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ പോലീസ്‌ സേ്‌റ്റഷനുകള്‍ക്കു സമീപം കൂട്ടിയിടുന്നതിനാല്‍ ഇവയില്‍ വെള്ളം കെട്ടിനിന്ന്‌ കൊതുക്‌ ഉറവിട കേന്ദ്രമായി മാറുന്നുണ്ട്‌. ജില്ലയിലെ വേങ്ങര പോലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥര്‍ക്ക്‌ പനി ബാധിച്ചതിന്‌ പിന്നില്‍ ഇത്തരം സാഹചര്യമായിരുന്നുവെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.
എന്നാല്‍ ആരോഗ്യ മേഖല നേരിടുന്ന വര്‍ത്തമാന പ്രതിസന്ധിയെ ചൂഷണം ചെയ്ായനായി ചില വ്യാജ മരുന്നുകളും വിപണിയില്‍ സജീവമായിട്ടുണ്ട്‌. ഒറ്റ മൂലിയെന്നും മറ്റും പറഞ്ഞാണ്‌ ഇവര്‍ ഉപഭോക്‌താക്കളെ വലയിലാക്കുന്നത്‌. 48 മണിക്കൂര്‍, മൂന്ന്‌ ദിവസം എന്നിങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏത്‌ പകര്‍ച്ചാ വ്യാധിയും മാറുമെന്ന്‌ പറഞ്ഞ്‌ ജനങ്ങളെ വിശ്വസിപ്പിച്ചാണിവര്‍ വിപണികൊയ്യുന്നത്‌. ഇതോടെ പുരകത്തുമ്പോള്‍ വാഴവെട്ടുക എന്നതു പോലെ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധിയെ ചുഷണം ചെയ്യാനിറങ്ങിയ ഇത്തരം കുബുദ്ധികളെ പിടികൂടുന്നതുകൂടി ആരോഗ്യ വകുപ്പിന്‌ ബാധ്യതയാവും.

Ads by Google
Advertisement
Friday 23 Jun 2017 02.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW