Tuesday, June 19, 2018 Last Updated 21 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.02 AM

സുപ്രീം കോടതി ഉത്തരവിനു പുല്ലുവില; ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതില്‍ ദുരൂഹത

uploads/news/2017/06/121131/1kl.jpg

കൊല്ലം: ക്വാറികള്‍ക്ക്‌ പാരിസ്‌ഥിതികാനുമതി നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കെ അടച്ചുപൂട്ടിയ രണ്ടായിരത്തിലധികം ക്വാറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അവസരമൊരുക്കി കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ മന്ത്രിസഭാ തീരുമാനത്തില്‍ ദുരൂഹത. പൊതുസ്‌ഥലങ്ങളില്‍ നിന്നും ജനവാസകേന്ദ്രങ്ങളില്‍ നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി 50 മീറ്ററായി സര്‍ക്കാര്‍ പുനഃസ്‌ഥാപിച്ചതുമൂലം വന്‍ അഴിമതിക്കാണു കളമൊരുങ്ങുന്നത്‌. പാറമട ലോബിയും ഭരണപക്ഷവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്‌ ഈ തീരുമാനം. പൊതുസ്‌ഥലങ്ങളില്‍നിന്ന്‌ ക്വാറിയിലേക്കുള്ള ദൂരം 50 മീറ്ററായിരുന്നതു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്‌ 100 മീറ്ററാക്കിയത്‌. ഇതിനെത്തുടര്‍ന്നു സംസഥാനത്തെ ചെറുകിട ക്വാറികളില്‍ ഭൂരിപക്ഷവും അടച്ചുപൂട്ടി. എന്നാല്‍ വന്‍കിട ക്വാറികളും അറുനൂറോളം അനധികൃത ചെറുകിട ക്വാറികളും പ്രവര്‍ത്തിച്ചു. ലീസ്‌ വ്യവസ്‌ഥയില്‍ ഖനനം നടത്തുന്ന ക്വാറികളില്‍ പാരിസ്‌ഥിതികാനുമതി ഉള്ളവയുടെ എണ്ണം നാമമാത്രമാണ്‌. സര്‍ക്കാര്‍ ഭൂമി കൈയേറിയാണു മിക്ക ക്വാറികളും പ്രവര്‍ത്തിക്കുന്നത്‌. പശ്‌ചിമഘട്ട മലനിരകളിലേയും മലയോര മേഖലകളിലേയും ക്വാറി മാഫിയകളുമായി കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഒത്തുകളിച്ചതിന്റെ ഭാഗമായി അവിടത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതിയും ജില്ലാ സബ്‌ കോടതികളിലുമായുള്ള 5122 കേസുകളില്‍ മിക്കവയിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാത്തതിനാല്‍ തുടര്‍ നടപടിയുണ്ടായില്ല. ഇതുമൂലം ആയിരക്കണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണു നഷ്‌ടമായത്‌. മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലത്തിലെ അഞ്ചു പാറമടകള്‍ അടക്കം പശ്‌ചിമഘട്ട മലനിരകളിലുള്ള 32 പാറമടകള്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നു രേഖകള്‍ വ്യക്‌തമാക്കുന്നു. ആലുവ താലൂക്കിലെ മലയാറ്റൂര്‍, അയ്യമ്പുഴ, കാലടി വില്ലേജില്‍ 26 ഏക്കര്‍, കാസര്‍ഗോഡ്‌ താലൂക്കില്‍ 213 പേര്‍ കൈയേറിയ 41.35 ഏക്കര്‍, നിലമ്പൂര്‍ താലൂക്കില്‍ 7.74 ഏക്കര്‍, കൊല്ലം കൊട്ടാരക്കര താലൂക്കില്‍ 5.96 ഏക്കര്‍, പത്തനാപുരത്ത്‌ 11.53.37 ഹെക്‌ടര്‍, ചിറ്റൂര്‍ താലൂക്കില്‍ 12.43 ഏക്കര്‍, മാനന്തവാടി താലൂക്കിലെ 37 ഏക്കര്‍, വടകര താലൂക്കിലെ നരിപ്പറ്റ വില്ലേജില്‍ 11.9 ഏക്കര്‍, പത്തനംതിട്ട താലൂക്കില്‍ 10.32 ഏക്കര്‍, റാന്നി താലൂക്കിലെ കൊല്ലമുള, അത്തിക്കയം, പഴവങ്ങാടി, റാന്നി, വടശേരിക്കര വില്ലേജുകളില്‍ 8.68.91 ഹെക്‌ടര്‍, കുപ്പാടി വില്ലേജില്‍ 3.4 ഏക്കര്‍, സുല്‍ത്താന്‍ബത്തേരി വില്ലേജില്‍ 14.78 ഏക്കര്‍, അമ്പലവയല്‍ വില്ലേജില്‍ 13.28 ഏക്കര്‍, വൈത്തിരി താലൂക്കില്‍ 14 ഏക്കര്‍, നീലേശ്വരം വില്ലേജില്‍ 7.32 ഏക്കര്‍, നൂല്‍പ്പുഴ വില്ലേജില്‍ 2.43 ഏക്കര്‍, കുഴിമണ്ണ വില്ലേജില്‍ നാല്‌ ഏക്കര്‍, കോതമംഗലം താലൂക്കില്‍ 21 ഏക്കര്‍, നടവയല്‍ വില്ലേജില്‍ 1.21 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുടേയും അവകാശം സംബന്ധിച്ചുള്ള കേസ്‌ സംസ്‌ഥാനത്തെ വിവിധ കോടതികളില്‍ നിലവിലുണ്ട്‌. ഇവിടങ്ങളില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. യന്ത്രവല്‍കൃത ക്വാറികള്‍ പശ്‌ചിമഘട്ടത്തിനു ഭീഷണിയാകുമെന്നു കസ്‌തൂരിരംഗന്‍ സമിതിയുടെ റിപോര്‍ട്ടിലെ അപാകതകള്‍ പരിശോധിക്കുന്നതിനായി നിയോഗിച്ച സംസ്‌ഥാനതല വിദഗ്‌ദ്ധസമിതി അനധികൃത ക്വാറികള്‍ കണ്ടെത്തിയിട്ടും ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. ഡോ. ഉമ്മന്‍ സി. ഉമ്മന്‍ കണ്‍വീനറായ വിദഗ്‌ദ്ധസമിതിയെയാണ്‌ സര്‍ക്കാര്‍ ഇതിനായി നിയമിച്ചത്‌. പശ്‌ചിമഘട്ടത്തിലെ ജനാധിവാസ കാര്‍ഷികമേഖലയിലും പരിസ്‌ഥിതിലോല പ്രദേശങ്ങളും ഫീല്‍ഡ്‌ സര്‍വെയില്‍ കൂടി കണ്ടെത്തണമെന്നും സമിതി ശുപാര്‍ശ ചെയ്‌തിരുന്നു. പശ്‌ചിമഘട്ടത്തിലെ കൂറ്റന്‍ ക്വാറികളെ കുറിച്ചു കര്‍ഷകര്‍ക്കു നിരവധി പരാതികളുണ്ട്‌. അതിനാല്‍ കര്‍ശന ഉപാധികളോടെ മാത്രമെ വീട്‌ നിര്‍മിക്കാന്‍ ആവശ്യമായ പാറയും മണലും ഖനം ചെയ്യാന്‍ അനുമതി നല്‍കാവുവെന്നും സമിതി പറയുന്നു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക്‌ ലൈസന്‍സും മറ്റും പുതുക്കി നല്‍കുന്നതു കൂടാതെ അനധികൃത ക്വാറികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പല ക്വാറികള്‍ക്കും ലൈസന്‍സ്‌ ലഭിച്ചിട്ടുള്ളത്‌. ക്വാറി പ്രവര്‍ത്തിക്കാന്‍ കര്‍ശന വ്യവസ്‌ഥകളുണ്ട്‌. പഞ്ചായത്ത്‌ ലൈസന്‍സ്‌, വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി, പൊലൂഷന്‍, ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി, ജിയോളജി, എക്‌സ്പ്ലോസീവ്‌ തുടങ്ങിയ ലൈസന്‍സുകള്‍ അത്യാവശ്യമാണ്‌. പരിസരവാസികളുടെ സമ്മതപത്രം കൂടി ഉണ്ടെങ്കിലെ ലൈസന്‍സിനായി അപേക്ഷിക്കാന്‍ കഴിയൂ. എക്‌സ്പ്ലോസീവ്‌ ലൈസന്‍സ്‌ ലഭിക്കണമെങ്കില്‍ എ.ഡി.എം സ്‌ഥലം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ടും നല്‍കണം. ഇവ കൂടാതെ ലൈസന്‍സ്‌ നല്‍കുന്നതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെന്നറിയാന്‍ പരസ്യവും നല്‍കണം. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പലര്‍ക്കും എക്‌സ്പ്ലോസീവ്‌ ലൈസന്‍സ്‌ ലഭിച്ചിട്ടുള്ളത്‌. ക്വാറികളുടെ ജനവാസകേന്ദ്രത്തില്‍ നിന്നുള്ള ദൂരപരിധി സംബന്ധിച്ച്‌ 1967ലെ കേരള മൈന്‍ മിനറല്‍ കണ്‍സക്ഷന്‍ റൂള്‍ 2015 ജനുവരിയില്‍ ഭേദഗതി ചെയ്‌ത് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഹൈക്കോടതിയുടെ ഇടപ്പെടലാണു നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. സംസ്‌ഥാനത്തെ അനധികൃത ക്വാറികളില്‍ ഭൂരിഭാഗവും ജനവാസമേഖലയിലാണു പ്രവര്‍ത്തിക്കുന്നത്‌. സ്‌ഫോടകവസ്‌തുക്കള്‍ ഒരു സുരക്ഷയുമില്ലാതെയാണു ക്വാറികളില്‍ സൂക്ഷിക്കുന്നതും. ക്വാറികളും ജനവാസകേന്ദ്രങ്ങളും തമ്മിലുള്ള അകലം നൂറു മീറ്ററാകണമെന്ന വ്യവസ്‌ഥ അട്ടിമറിച്ചാണ്‌ 50 മീറ്ററായി കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. കൂടാതെ പാറ പൊട്ടിക്കാനുള്ള അനുമതി മൂന്നുവര്‍ഷമായിരുന്നത്‌ അഞ്ചുവര്‍ഷമായും വര്‍ധിപ്പിച്ചു. ഈ ഭേദഗതികള്‍ വന്‍തോതിലുള്ള പാരിസ്‌ഥിതിക ആഘാതത്തിനു കാരണമാവും.

Ads by Google
Advertisement
Friday 23 Jun 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW