Friday, June 23, 2017 Last Updated 6 Min 17 Sec ago English Edition
Todays E paper
Friday 23 Jun 2017 01.57 AM

എസ്‌.എഫ്‌.ഐ- കെ.എസ്‌.യു. സംഘര്‍ഷം; പത്തുപേര്‍ക്കു പരുക്ക്‌

uploads/news/2017/06/121093/1ag.jpg

ഹരിപ്പാട്‌: കോളജില്‍ കൊടിമരം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം എസ്‌.എഫ്‌.ഐ-കെ.എസ്‌.യു. സംഘര്‍ഷത്തില്‍ കലാശിച്ചു. പത്തുപേര്‍ക്കു പരുക്ക്‌. നിയോജകമണ്ഡലത്തില്‍ ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയും സി.പി.എമ്മും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. എസ്‌.എഫ്‌.ഐ. മണ്ഡലത്തില്‍ വിദ്യാഭ്യാസബന്ദിനും ജില്ലയില്‍ പ്രതിഷേധ ദിനത്തിനും ആഹ്വാനം ചെയ്‌തു. കെ.എസ്‌.യു. സംസ്‌ഥാന വ്യാപകമായി പഠിപ്പു മുടക്കും.
നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളജില്‍ കൊടിമരം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ രണ്ടുദിവസമായി നിലനിന്നിരുന്ന എസ്‌.എഫ്‌.ഐ-കെ.എസ്‌.യു. തര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ എത്തിയത്‌. ബുധനാഴ്‌ച വൈകിട്ട്‌ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ എസ്‌.എഫ്‌.ഐ. സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിയുമായ മാവേലിക്കര കരയംവട്ടം ഗ്രീന്‍ ഗാര്‍ഡനില്‍ അക്ഷയ്‌കൃഷ്‌ണ(20)നെ ആക്രമിച്ചിരുന്നു.
നവാഗതരെ സ്വാഗതം ചെയ്യാനായി കോളജിനു മുന്നില്‍ കൊടിതോരണങ്ങള്‍ സ്‌ഥാപിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ പത്തുപേരടങ്ങുന്ന സംഘമാണ്‌ അക്ഷയിനെ മര്‍ദിച്ചത്‌. ഇയാള്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.ഇന്നലെ ഉച്ചയോടെ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കെ.എസ്‌.യു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്‌ണന്റെ പള്ളിപ്പാട്ടുള്ള വീട്ടില്‍ ഒത്തുകൂടി.
ഇവര്‍ പിരിഞ്ഞുപോയശേഷം ഉച്ചയ്‌ക്ക്‌ 12.45 നു മുഖംമൂടി ധരിച്ച അന്‍പതോളം പേര്‍ ബൈക്കുകളിലെത്തി വീട്ടില്‍ കയറി ആക്രമണം നടത്തി. ആക്രമണത്തില്‍ ഹരികൃഷ്‌ണനും അമ്മ ഗീതയ്‌ക്കും(49), കെ.എസ്‌.യു. കോളജ്‌ യൂണിറ്റ്‌ ഭാരവാഹി നിതീഷി(20)നും പരുക്കേറ്റു. സമീപവാസികള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ബൈക്കുകളില്‍ കയറി രക്ഷപെടുകയായിരുന്നു. ആക്രമണത്തിനുശേഷം രക്ഷപെടാന്‍ ശ്രമിച്ച രണ്ട്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരെ നാട്ടുകാര്‍ വളഞ്ഞിട്ട്‌ ആക്രമിച്ചു. ഇവരെ രക്ഷിക്കാനെത്തിയ ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റി അംഗം മനു (32), എസ്‌.എഫ്‌.ഐ. ഏരിയാ സെക്രട്ടറി പ്രവീണ്‍(20), ജോ.സെക്രട്ടറിമാരായ വിഷ്‌ണു വിജയന്‍(20), കെ. വിഷ്‌ണു(20) ഏരിയാ കമ്മിറ്റിയംഗം അഭിജിത്ത്‌(20) എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഹരികൃഷ്‌ണനെയും മാതാവിനെയും ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞു ബൈക്കുകളിലെത്തിയ മുപ്പതോളം എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറിയും ആക്രമണം നടത്തി. ആശുപത്രിയില്‍ ഉണ്ടായിരുന്ന കെ.എസ്‌.യു. സംസ്‌ഥാന ജന.സെക്രട്ടറിയും കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ റോഷന്റെ(26) മുഖത്ത്‌ ആശുപത്രിയില്‍ നിന്നെടുത്ത ബ്ലീച്ചിങ്‌ പൗഡര്‍ വിതറിയ ശേഷം ഇരുമ്പുവടികള്‍ കൊണ്ടും തടിക്കഷ്‌ണങ്ങള്‍ കൊണ്ടും ആക്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കെ.എസ്‌.യു. ജില്ലാ സെക്രട്ടറി ഷിയാസി(26)ന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു. ആശുപത്രിയിലെ മറ്റു രോഗികളുടെ മുന്നിലായിരുന്നു അക്രമണം നടത്തിയത്‌. ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമികള്‍ ബൈക്കുകളില്‍ രക്ഷപെടുകയായിരുന്നു. കൈക്കും തലയ്‌ക്കും പരുക്കേറ്റ റോഷനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. ബാക്കിയുള്ളവര്‍ ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
സംഭവത്തിനു പിന്നില്‍ എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ്‌ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്നു രാവിലെ 10 ന്‌ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തുമെന്നു കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.ആര്‍. ഹരികുമാര്‍ പറഞ്ഞു.

Ads by Google
Ads by Google
Friday 23 Jun 2017 01.57 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW