Friday, August 18, 2017 Last Updated 37 Min 6 Sec ago English Edition
Todays E paper
Tuesday 20 Jun 2017 02.09 AM

നഷ്‌ടപ്പെട്ട ഫയല്‍ ഒടുവില്‍ പ്രത്യക്ഷമായി; ഫയല്‍മാറ്റിയത്‌ മുന്‍ അംഗമെന്ന്‌ സംശയം

uploads/news/2017/06/120092/1pg.jpg

പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സന്റെ അലമാരയില്‍ നിന്നു മോഷണംപോയ ശ്രീവത്സം ഗ്രൂപ്പിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ഫയല്‍ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ടു. മൂന്നു നിലയുള്ള നഗരസഭാ കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള കുടുംബശ്രീയുടെ ഓഫീസിലേക്ക്‌ ആരോ വിലിച്ചെറിഞ്ഞ നിലയിലാണ്‌ ഫയല്‍ കണ്ടെത്തിയത്‌.
രാവിലെ ഒമ്പതു മണിയോടെ കുടുംബശ്രീ ഓഫീസില്‍ എത്തിയ ജീവനക്കാരിയാണ്‌ ഫയല്‍ ആദ്യം കണ്ടത്‌. അവര്‍ അത്‌ സൂരക്ഷിതമായി എടുത്ത്‌ ഓഫീസില്‍ തന്നെ വച്ചു. പത്തുമണിക്ക്‌ ശേഷം നഗരസഭയിലെ ഇ-2 വിഭാഗത്തിലുള്ള
സെക്‌ഷന്‍ ക്ലര്‍ക്ക്‌ കുടുംബശ്രീയുടെ ഓഫീസില്‍ എത്തി ഫയല്‍ എടുത്ത്‌ ചെയര്‍പേഴ്‌സണ്‌ നല്‍കി. ഓഫീസിനുള്ളിലെ അലമാരയില്‍ വച്ച്‌ പൂട്ടിയ ഫയല്‍ കുടുംബശ്രീ ഓഫീസില്‍ ഉണ്ടെന്ന്‌ സെക്‌ഷന്‍ ക്ലാര്‍ക്ക്‌ അറിഞ്ഞു എന്നത്‌ ദുരൂഹത ജനിപ്പിക്കുന്നു. ഇക്കാര്യം ചെയര്‍പേഴ്‌സണ്‍ തന്നെ ക്ലാര്‍ക്കിനോട്‌ ചോദിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ പോയപ്പോള്‍ ലഭിച്ചതാണെന്നായിരുന്നു മറുപടി.
ശ്രീവത്സം ഗ്രൂപ്പിനെതിരെ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ നഗരത്തിലെ റിംഗ്‌ റോഡിന്റെ ഓരത്ത്‌ പണിതിട്ടുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയല്‍ നാലുദിവസം മുമ്പ്‌ ഇ-2 വിഭാഗത്തിലെ സെക്‌ഷന്‍ ക്ലാര്‍ക്ക്‌ ജയസുധയുടെ പക്കല്‍ നിന്നു തന്നെയാണ്‌ ചെയര്‍പേഴ്‌സണ്‍ വാങ്ങിയത്‌.
ഫയല്‍ പരിശോധിച്ചശേഷം കെട്ടിടം ഉള്‍പ്പെടുന്ന ഭൂമി അളന്ന്‌ തിട്ടപ്പെടുത്തണമെന്ന്‌ നിര്‍ദ്ദേശിച്ച ചെയര്‍പേഴ്‌സണ്‍ ഫയല്‍ അലമാരയില്‍ വച്ച്‌ പൂട്ടുകയായിരുന്നു. ഇക്കാര്യം അറിയാവുന്ന ഒരേ ഒരു വ്യക്‌തി ജയസുധ തന്നെയാണ്‌. ആ നിലയ്‌ക്ക്‌ ജയസുധയുടെ അറിവോടെയാണ്‌ ഫയല്‍ നഷ്‌ടമായതെന്നാണ്‌ ചിലര്‍ ആരോപിക്കുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു തെളിവും നിരത്താന്‍ ആര്‍ക്കും കഴിയുന്നില്ല. ഏതായാലും ഫയല്‍ നഷ്‌ടമായ സംഭവവും നാടകീയമായി അത്‌ തിരിച്ചുകിട്ടിയതും ഏറെ ദുരൂഹത ഉണര്‍ത്തുന്നു. ഇതു സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ചെയര്‍പേഴ്‌സണ്‍ എസ്‌.പിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പോലീസ്‌ ഇന്നലെ ജയസുധയെ ചോദ്യം ചെയ്‌തു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിച്ചതായി അറിവില്ല.
ചെയര്‍പേഴ്‌സണ്‍ ഫയല്‍ അലമാരയില്‍ വച്ച്‌ പൂട്ടിയെന്ന കാര്യം ഉറപ്പാണ്‌. എന്നാല്‍ പൂട്ടുപൊളിക്കാതെതന്നെയാണ്‌ ഫയല്‍ മോഷ്‌ടിച്ചിട്ടുള്ളത്‌. അലമാരയുടെ ഡ്യൂപ്ലിക്കേറ്റ്‌ താക്കോല്‍ പലരുടെ പക്കലും ഉണ്ടെന്നാണ്‌ ചെയര്‍പേഴ്‌സന്റെ ആരോപണം. നഗരസഭയിലെ ഒരു അലമാരയും സുരക്ഷിതമല്ല. എല്ലാ അലമാരക്കും രണ്ടും മൂന്നും ഡ്യൂപ്ലിക്കേറ്റ്‌ താക്കോലുകള്‍ ഉണ്ട്‌. ഇതിനുമുമ്പും ഇത്തരത്തില്‍ ഫയല്‍ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
താഴെ വെട്ടിപ്പുറത്തിനും സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിനും മധ്യേ സ്‌ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി മറച്ചുവെയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മനപൂര്‍വം ചിലര്‍ ഫയല്‍ മാറ്റിയതെന്ന ആരോപണം ശക്‌തമാണ്‌.
ശ്രീവത്സം ഗ്രൂപ്പിന്റെ കെട്ടിടനിര്‍മ്മാണം സംബന്ധിച്ച അഴിമതി ഉണ്ടെന്ന പ്രചാരണം വ്യാപകമായതോടെ മുനിസിപ്പല്‍ എന്‍ജിനിയറെ നഗരസഭയിലെ ഒരു മുന്‍ അംഗം വിളിച്ച്‌ ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പല തവണ അന്വേഷിച്ചിരുന്നു.
ഫയല്‍ അപ്രത്യക്ഷമായതിനു പിന്നില്‍ ഇദ്ദേഹത്തിന്‌ പങ്കുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു. എന്തുവന്നാലും ഫയല്‍ മോഷ്‌ടാവിനെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന്‌ ചെയര്‍പേഴ്‌സണ്‍ വ്യക്‌തമാക്കി. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസിനുള്ളിലെ അധികാര വടംവലികളും ഉണ്ടെന്നാണ്‌ പൊതുവെയുള്ള സംസാരം.
കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത്‌ ആരംഭിച്ച ശ്രീവത്സം ഗ്രൂപ്പിന്റെ പദ്ധതി ഈ കൗണ്‍സില്‍ അധികാരത്തില്‍ ഏറി ഉദ്ദേശം ഒന്നര വര്‍ഷം കഴിഞ്ഞാണ്‌ പൂര്‍ത്തിയായത്‌. കെട്ടിട നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്ന പരാതിയുമായി നിര്‍മ്മാണ വേളയില്‍ തന്നെ പല കൗണ്‍സിലര്‍മാരും മാധ്യമപ്രവര്‍ത്തരെ സമീപിച്ചിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാന്‍ ആരും തയാറാകാഞ്ഞതിനാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നില്ല.
അഴിമതി നടന്നതായി ആരോപണം ഉണ്ടായാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഉത്തരവാദിത്വം നഗരസഭയ്‌ക്കുണ്ട്‌. ഈ കൗണ്‍സിലിന്റെ ഭരണം ആരംഭിച്ച്‌ ഒന്നര വര്‍ഷത്തിനു ശേഷമാണ്‌ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായതെന്ന കാര്യം ശ്രദ്ധേയമാണ്‌. ഇതിനിടക്ക്‌ നിര്‍മ്മാണ പ്രവര്‍ത്തനം തടയാമായിരുന്നു. എന്നാല്‍ അത്‌ ഉണ്ടായില്ല. പകരം കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ 2016 നവംബറില്‍ പദ്ധതിക്ക്‌ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയായിരുന്നു അധികൃതര്‍ ചെയ്‌തത്‌. ഒടുവില്‍ ശ്രീവത്സം ഗ്രൂപ്പിനെതിരെ അന്വേഷം ശക്‌തമായപ്പോള്‍ മാത്രമാണ്‌ ഇതു സംബന്ധിച്ചുള്ള ഫയല്‍ തപ്പിയെടുക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറായത്‌. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചാണ്‌ പണികള്‍ നടന്നതെങ്കില്‍ എന്തുകൊണ്ട്‌ നേരത്തെ നടപടി സ്വീകരിച്ചില്ലെന്നുള്ളതും ദുരൂഹത ഉണര്‍ത്തുന്നു.
സംഭവത്തില്‍ ചെയര്‍പേഴ്‌സന്റെ ഭാഗത്തും ചില വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ ജീവനക്കാരുടെ വാദം. നഗരസഭയിലെ ഇ-2 സെക്‌ഷനില്‍പ്പെട്ട ജയസുധ എന്ന ക്ലര്‍ക്കിന്റെ പക്കല്‍ നിന്നാണ്‌ ചെയര്‍പേഴ്‌സണ്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഫയല്‍ വാങ്ങിയത്‌.
മുനിസിപ്പല്‍ ആക്‌ട്‌ സെക്‌ഷന്‍ 15-7 അനുസരിച്ച്‌ ഉദ്യോഗസ്‌ഥരുടെ പക്കല്‍ നിന്നും രേഖാമൂലം എഴുതിക്കൊടുത്ത ശേഷം മാത്രമേ ഏത്‌ ഫയലാണെങ്കിലും വാങ്ങാവൂ എന്നാണ്‌ നിയമം. എന്നാല്‍ ശ്രീവത്സത്തിന്റെ കെട്ടിടം സംബന്ധിച്ച ഫയല്‍ വാങ്ങിയപ്പോള്‍ ഈ നിയമം എന്തുകൊണ്ട്‌ പാലിച്ചില്ലെന്നുള്ളതാണ്‌ സംശയം ജനിപ്പിക്കുന്ന വസ്‌തുത. നഗരസഭയിലെ എല്ലാവധ ഫയലുകളുടെയും അധികാരി സെക്രട്ടറിക്കാണ്‌. ചെയര്‍പേഴ്‌സണ്‍ ഫയല്‍ വാങ്ങിയ വിവരം സെക്രട്ടറി അറിഞ്ഞിട്ടുണ്ടോ എന്നാണ്‌ മറ്റൊരു ചോദ്യം. ഫയല്‍ പരിശോധിച്ചശേഷം അഴിമതി നടന്നിട്ടുണ്ടെന്ന്‌ ബോധ്യപ്പെട്ടാല്‍ ഉടന്‍ അന്വേഷണത്തിനുള്ള നടപടികളാണ്‌ സ്വീകരിക്കേണ്ടത്‌.
അതിന്റെ ഭാഗമായി സ്‌ഥലം അളക്കാനുള്ള നടപടികളും ആരംഭിച്ചതായാണ്‌ അറിയുന്നത്‌. ആ സ്‌ഥിതിക്ക്‌ ഫയല്‍ ഉദ്യോഗസ്‌ഥരുടെ പക്കല്‍ മടക്കി നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതിനുപകരം ചെയര്‍പേഴ്‌സണ്‍ ഫയല്‍ അലമാരയില്‍ വച്ച്‌ പൂട്ടുകയായിരുന്നു.
അലമാരയുടെ ഡ്യൂപ്ലിക്കേറ്റ്‌ പൂട്ടുകള്‍ പലരുടെ കൈയിലും ഉണ്ടെന്ന്‌ ചെയര്‍പേഴ്‌സണ്‍ തന്നെ പറയുമ്പോള്‍ എന്ത്‌ ഉറപ്പിലാണ്‌ അലമാരയില്‍ ഫയല്‍ വച്ച്‌ പൂട്ടിയത്‌ എന്നതാണ്‌ ചോദ്യം.

Ads by Google
Ads by Google
Tuesday 20 Jun 2017 02.09 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW