കാസര്‍ഗോഡ്: വായന സന്തോഷകരമായ ജീവിതത്തിന് ഉപകരിക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ സി കണ്ണന് നായര്‍ സ്മാരക ഗവ. യു പി സ്കൂളില്‍ വായനാപക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തകവായനയിലൂടെ അറിവ് ലഭിക്കും. അറിവ് ഉദ്യോഗം നേടുന്നതിനും മികച്ച ജീവിതത്തിനും സഹായിക്കുമെന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുളള കുട്ടികളോട് ചോദിച്ച കാര്യങ്ങള്‍ മന്ത്രി മേലാങ്കോട്ട് യു പി സ്കൂളിലെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു.
നിങ്ങള്‍ക്ക് കണ്ണെന്തിനാണ്, നാവെന്തിനാണ്, ചെവിയെന്തിനാണ്?. കണ്ണ് കാണേണ്ടത് കാണാനാണെന്നും ചെവി കേള്‍ക്കേണ്ടത് കേള്‍ക്കാനാണെന്നും നാവ് പറയേണ്ടത് പറയാനാണെന്നും ചാച്ചാജിയുടെ മറുപടി മന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. വായനശാലകളില്‍ പോയി പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു. കേരളസാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം ഇ പി രാജഗോപാലന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ കെ കുഞ്ഞിരാമന് എംഎല് എ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം എല്‍ എ വായനാസന്ദേശം നല്കി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന് ആമുഖഭാഷണം നടത്തി.