Wednesday, July 19, 2017 Last Updated 1 Min 19 Sec ago English Edition
Todays E paper
Monday 19 Jun 2017 01.45 AM

വായന മറന്ന്‌ വായനശാല

uploads/news/2017/06/119727/1.jpg

ആനക്കര: ഇന്ന്‌ ലോക വായനദിനം. നൂറ്റാണ്ടുകളുടെ കഥ പറയുന്ന ആനക്കരവായനശാല അനാഥമായി കിടക്കുന്നു. പുസ്‌തകങ്ങള്‍ സൂക്ഷിക്കുന്നതിന്‌ വേണ്ടത്ര സൗകര്യമില്ലാത്തതും കൃത്യമായ രീതിയിലുളള പ്രവര്‍ത്തനം നടക്കാത്തുംമൂലം വായനശാലയിലേക്ക്‌ വായിക്കാനെത്തുന്നവര്‍ വിരളമായി. ആനക്കരയിലെ ഗോവിന്ദ കൃഷ്‌ണാലയം വായനശാലയുടെ ഇന്നത്തെ അവസ്‌ഥയാണിത്‌. വൈകീട്ട്‌ ആറ്‌ മണിയോടെ വായനശാലയുടെ പുറത്തെ വരാന്തയില്‍ 65 വയസിന്‌ മുകളിലുളള മൂന്നോ നാലോ പേര്‍ ഇരുന്ന്‌ നാട്ടുവര്‍ത്തമാനം പറയുന്നതാണ്‌ ഇവിടെ വരുന്നവര്‍ക്ക്‌ കാണാന്‍ കഴിയുക. വായന ദിനത്തിന്റെ തലേ ദിവസം 5.10 കഴിഞ്ഞിട്ടു പോലും ഈ വായനശാല തുറന്നിട്ടില്ല. വായനശാല രണ്ട്‌ നേരംതുറക്കുമെന്ന്‌ പറയുന്നുണ്ടെങ്കിലും ഇത്‌ ആര്‍ക്ക്‌ വേണ്ടിയാണെന്നാണ്‌ നാട്ടുകാര്‍ ചോദിക്കുന്നത്‌.
വായനശാലയില്‍ ജനകീയ ഇടപെടലുകള്‍ ഇല്ലാത്തതും പുതിയ അംഗങ്ങളെ ചേര്‍ക്കാനുളള ശ്രമങ്ങള്‍ നടക്കാത്തും വായനശാലയുടെ മുരടിപ്പിന്‌ മുഖ്യകാരണമായി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വായനശാലയിലേക്ക്‌ ടി.വി അനുവദിച്ചെങ്കിലും പ്രവര്‍ത്തനക്ഷമമാണോ എന്ന്‌ നോക്കിയ ശേഷം പെട്ടിയില്‍ വച്ചിരിക്കുകയാണ്‌. മാസം 150 രൂപ കേബിള്‍ വാടക കൊടുക്കാന്‍ കഴിയാത്തതാണ്‌ ടി.വി സ്‌ഥാപിക്കാത്തതിന്‌ കാരണമായി പറയുന്നത്‌.
പഴയ തലമുറയിലുളളവരും പേരിന്‌ പോലും വായനശാലയില്‍ എത്താത്തവരുമാണ്‌ ഇവിടെ മെമ്പര്‍മാരായുള്ളത്‌. വായനശാലയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ഒരു പ്രവര്‍ത്തനവും നടക്കുന്നുമില്ല. ന്യൂജനറേഷനില്‍പ്പെട്ടവര്‍ വായനശാലയില്‍ അംഗമല്ലെന്നുളളതും ഇതിന്റെ മുരടിപ്പിന്‌ കാരണമായി. ഇപ്പോഴും ആനക്കര അങ്ങാടിയിലെ പഴയ കെട്ടിടത്തില്‍തന്നെയാണ്‌ വായനശാല പ്രവര്‍ത്തിക്കുന്നത്‌. മാറോല പിടിച്ചു, പൊടിയുമായി അലസമായിട്ടുതന്നെയാണ്‌ ഇവിടെ ബുക്കുകള്‍ ഇരിക്കുന്നത്‌.
മുമ്പ്‌ ചെറിയകുട്ടികള്‍ മുതല്‍ 75 വയസുവരെയുളളവര്‍ ഇവിടത്തെ വായനക്കാരായിരുന്നു. കേരള ചരിത്രത്തില്‍ തന്നെ ഇത്രയും പഴയ പുസ്‌തകശേഖരമുളള മറ്റൊരുവായനശാലയുണ്ടാവില്ല. അര അണയുടെ പുസ്‌തകം മുതല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ പുസ്‌തകങ്ങള്‍ വരെ ഇവിടെയുണ്ട്‌. 77 കൊല്ലത്തോളം പഴക്കമുളള ഈ വായനശാല പ്രമുഖനായിരുന്ന ആനക്കര വടക്കത്ത്‌ കുട്ടികൃഷ്‌ണമേനോന്‍ പെരുമ്പിലാവില്‍ ഗോവിന്ദമേനോന്‍, ആനക്കര വടക്കത്ത്‌ കൃഷ്‌ണമേനോന്‍ എന്നിവരുടെ ഓര്‍മ്മയ്‌ക്ക് 1940 മെയ്‌ 9ന്‌ വടക്കത്തെ അമ്മുഅമ്മയാല്‍ തുറക്കപ്പെട്ടതാണ്‌. കുട്ടികൃഷ്‌ണമേനോന്റെ എന്റെ ജപ്പാന്‍ യാത്ര വിവരണം എന്ന പുസ്‌തകവും ഇവിടെയുണ്ട്‌.
ഇന്ത്യയിലും വിദേശത്തുമായി പടര്‍ന്ന്‌ പന്തലിച്ചുകിടക്കുന്ന ആനക്കര വടക്കത്തെ തറവാട്ടിലുളളവര്‍ വിവിധ രാജ്യങ്ങളില്‍നിന്നു കൊണ്ടുവന്ന ഇംഗ്ലീഷ്‌ പുസ്‌തകങ്ങള്‍, മലയാള വിവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ വായനശാലയിലുണ്ട്‌. ആനക്കരക്കാരുടെ വായന നിലനിര്‍ത്താനും ടി.ടി.സി വിദ്യാര്‍ഥികളടക്കം ഇവിടത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വായിച്ചു പഠിക്കാനും അറിവിന്റെ ലോകത്തേക്ക്‌ കൈപിടിച്ചുനയിക്കാനും വേണ്ടി ആനക്കര വടക്കത്ത്‌ തറവാട്ടുകാര്‍ ആനക്കര സെന്ററില്‍ സ്വന്തം സ്‌ഥലത്ത്‌ വായനശാല നിര്‍മ്മിച്ചു നല്‍കിയത്‌.
പഴയകാലത്തെ പ്രമുഖ എഴുത്തുകാരുടെയെല്ലാം കൃതികള്‍ ഇവിടെയുണ്ട്‌. ഇതില്‍ എസ്‌.കെ. പൊറ്റക്കാടിന്റെ ഒരു രൂപവിലയുളള കനകാംബരം, മണിമാളിക, ഏ.വി. ശ്രീകണ്‌ഠ പൊതുവാളിന്റ്‌ മഴവില്ല്‌, തിക്കൊടിയന്റ്‌ മായാപ്രപഞ്ചം, സി. കുഞ്ഞുരാമമേനോന്റ്‌ വെളളുവക്കാരന്‍, ലളിതാംബിക അന്തര്‍ജനത്തിന്റെ കണ്ണീരിന്റെ പുഞ്ചിരി, തകഴിയുടെ മാഞ്ചുവട്ടില്‍, രണ്ടിടങ്ങഴി, പ്രസിദ്ധ റഷ്യന്‍ പുസ്‌തകമായ പാവങ്ങളുടെ പരിഭാഷയുടെ ആദ്യപ്രതി, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ ആദ്യപ്രതി എന്നിവയടക്കം പതിനായിരകണക്കിന്‌ പുസ്‌തകങ്ങള്‍ ഇവിടെയുണ്ട്‌. ഏറെ ദീര്‍ഘവീഷണമുളള കുട്ടികൃഷ്‌ണമേനോന്‍ കോഴിക്കോട്‌ പഴയ സാമുതിരികോളജിന്റെ പ്രിന്‍സിപ്പാളായിരുന്നു. ഇപ്പോള്‍ പല വായനശാലകളും ജനകീയ ഇടപെടലുകല്‍ മൂലം കാര്യക്ഷമമായുളള പ്രവര്‍ത്തനം നടക്കുമ്പോള്‍ ഇവിടെമാത്രം പുറംതിരിഞ്ഞ്‌ നില്‍ക്കുന്ന കാഴ്‌ചയാണുളളത്‌.

സി.കെ. ശശി പച്ചാട്ടിരി

Ads by Google
Ads by Google
Monday 19 Jun 2017 01.45 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW