Saturday, August 19, 2017 Last Updated 7 Min 25 Sec ago English Edition
Todays E paper
Monday 19 Jun 2017 01.40 AM

രാമക്കല്‍മേട്‌-തേനി ടൂറിസം പദ്ധതിക്ക്‌ നീക്കം

uploads/news/2017/06/119693/1.jpg

നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ പിന്നാലെ രാമക്കല്‍മേട്ടിലും അവകാശവാദമുന്നയിക്കാന്‍ തമിഴ്‌നാട്‌ നീക്കം ശക്‌തമാക്കി. കേരള-തമിഴ്‌നാട്‌ അതിര്‍ത്തി മേഖലയായ കമ്പംമെട്ടിലെ അതിര്‍ത്തി നിര്‍ണയ സര്‍വേ പൂര്‍ത്തിയായ ശേഷം രാമക്കല്‍മേടിനെ അധീനതയിലാക്കാനുള്ള രഹസ്യ നീക്കങ്ങളാണ്‌ അണിയറയില്‍ തയാറായി വരുന്നത്‌.
തേക്കടി-മൂന്നാര്‍ റൂട്ടില്‍ നെടുംകണ്ടത്തിന്‌ 15 കിലോമീറ്റര്‍ അകലെ കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 1100 മീറ്റര്‍ ഉയരത്തിലാണ്‌ രാമക്കല്‍മേട്‌ സ്‌ഥിതിചെയ്യുന്നത്‌. നിലയ്‌ക്കാത്ത കാറ്റിനാല്‍ സമ്പന്നമാണ്‌ ഇവിടം.
ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്‌ഥലവുമാണിത്‌. കൂടാതെ മണിക്കൂറില്‍ ശരാശരി 32.5 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാറുണ്ട്‌. ചിലയവസരങ്ങളില്‍ ഇത്‌ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാകും. കാറ്റില്‍ നിന്നും വൈദ്യുതി ഉല്‌പാദിപ്പിക്കുന്ന വിന്‍ഡ്‌ എനര്‍ജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്‌ഥലമാണിത്‌.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മ്മിച്ച കുറവന്‍, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്‌. തമിഴ്‌നാടിന്റെ ദൂരകാഴ്‌ചകളും, കൃഷിയിടങ്ങളും ഇവിടെ നിന്നും നോക്കിയാല്‍ കാണാം. ത്രേതായുഗകാലത്ത്‌ സീതയെ അന്വേഷിച്ച്‌ ശ്രീലങ്കയ്‌ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടില്‍ ഇറങ്ങിയെന്നാണ്‌ ഐതിഹ്യം. സേതുബന്ധനത്തിനായ്‌ രാമേശ്വരം തിരഞ്ഞെടുത്തത്‌ ഇവിടെ വെച്ചായിരുന്നുവത്രേ.
ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞതിനാലാണ്‌ ഈ സ്‌ഥലത്തതിന്‌ രാമക്കല്‍മേട്‌ എന്ന പേര്‌ വന്നതെന്നാണ്‌ ഐതിഹ്യം. കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിന്റെ സര്‍വേ ഡയറക്‌ടര്‍ രാമക്കല്‍മേട്ടിലെത്തിയെങ്കിലും അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച്‌ തീരുമാനമെടുത്തിരുന്നില്ല. അതിര്‍ത്തി മേഖലകളിലെ പ്രധാന വിദൂര കാഴ്‌ച മേഖലകള്‍ തമിഴ്‌നാടിന്റെ അധീനതയിലുള്ള സ്‌ഥലത്താണ്‌ സ്‌ഥിതിചെയ്യുന്നത്‌. എന്നാല്‍ ഈ പ്രദേശങ്ങളിലേക്കു കേരളത്തില്‍ക്കൂടി മാത്രമേ പ്രവേശിക്കാന്‍ കഴിയൂ.
രാമക്കല്‍മേട്ടിലെ പ്രധാന കാഴ്‌ചകളായ രാമക്കല്ല്‌, ചതുരംഗപാറയിലെ കാറ്റാടികള്‍ തുടങ്ങിയവയെല്ലാം സ്‌ഥിതി ചെയ്യുന്നത്‌ തമിഴ്‌നാടിന്റെ സ്‌ഥലങ്ങളിലാണ്‌. ചതുരംഗപ്പാറയില്‍ കാറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദനത്തിനായി കാറ്റാടികളും തമിഴ്‌നാട്‌ സ്‌ഥാപിച്ചിട്ടുണ്ട്‌.
തമിഴ്‌നാടിന്റെ വിദൂര ദൃശ്യവും എപ്പോഴും വീശുന്ന കാറ്റുമാണ്‌ പ്രധാന ആകര്‍ഷണം. ഇതു തമിഴ്‌നാട്‌ ടൂറിസത്തിന്റെ ഭാഗമാക്കാനാണ്‌ അവര്‍ ലക്ഷ്യമിടുന്നത്‌.
നിലവില്‍ രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലെ അടിവാരത്തേയ്‌ക്ക്‌ നടപ്പാതയുണ്ട്‌. ഇതു വിപുലീകരിച്ച്‌ കാല്‍നടയാത്ര സാധ്യമാക്കാനും ലക്ഷ്യമുണ്ട്‌. സമാനരീതിയില്‍ ചതുരംഗപാറ മേഖലകളിലേക്കും പദ്ധതി ഒരുക്കും. ട്രക്കിങ്‌, വനമേഖലയിലൂടെയുള്ള യാത്ര, താഴ്‌വാരത്തെ മുന്തിരി പാടങ്ങള്‍, കാളവണ്ടി യാത്ര, സുരുളിപെട്ടിയാത്ര എന്നിവയെല്ലാം കൂട്ടിയോജിപ്പിച്ച്‌ രാമക്കല്‍മേടിനെയും തേനിയേയും ഏകോപിപ്പിച്ചുകൊണ്ടുള്ള ടൂറിസമാണ്‌ തമിഴ്‌നാട്‌ ലക്ഷ്യമിടുന്നത്‌.
ഇതിനിടയില്‍ കുമളി മുതല്‍ തേവാരംമെട്ടുവരെയുള്ള അതിര്‍ത്തി മുഴുവന്‍ അളന്ന്‌ അതിര്‍ത്തി നിജപ്പെടുത്തുന്നതിന്‌ തമിഴ്‌നാട്‌ നീക്കം ആരംഭിച്ചതായാണ്‌ വിവരം.
ഇരു സംസ്‌ഥാനത്തുനിന്നും അതിര്‍ത്തിയില്‍ കൈയേറ്റമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ്‌ ഇതിന്റെ മറവില്‍ അതിര്‍ത്തിയില്‍ സര്‍വെ നടത്താന്‍ തമിഴ്‌നാട്‌ നീക്കം.
സര്‍വേ നടന്നാല്‍ വര്‍ഷങ്ങളായി കൈവശംവച്ച്‌ കൃഷിചെയ്‌തുവരുന്ന കര്‍ഷകരുടെ ഭൂമി നഷ്‌ടപ്പെടുമോയെന്ന ആശങ്കയും നിലനില്‍ക്കുകയാണ്‌.

Ads by Google
Ads by Google
Monday 19 Jun 2017 01.40 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW