Monday, May 29, 2017 Last Updated 16 Min 34 Sec ago English Edition
Todays E paper
Saturday 20 May 2017 01.16 AM

താമസം നിലംപൊത്താറായ കുടിലുകളില്‍ പെരിഞ്ചാന്‍കുട്ടിയില്‍ ആദിവാസികള്‍ക്കു ദുരിതജീവിതം

uploads/news/2017/05/110056/2.jpg

കട്ടപ്പന: പെരിഞ്ചാന്‍കുട്ടി ട്രൈബല്‍ സെറ്റില്‍മെന്റിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍. ചിന്നക്കനാലില്‍നിന്നും കാട്ടാനയെ ഭയന്നു വീടും കുടിയും ഉപേക്ഷിച്ചു പെരിഞ്ചാന്‍കുട്ടിയിലെത്തിയവരാണ്‌ ഇപ്പോള്‍ ദുരിതജീവിതം നയിക്കുന്നത്‌. ചിന്നക്കനാലില്‍ നിന്നുമെത്തിയ പട്ടയം കൈവശമുള്ള 14 കുടുംബങ്ങളാണു പ്ലാന്റേഷനില്‍ ഉള്ളത്‌.
സര്‍ക്കാര്‍ ഇവര്‍ക്കുവേണ്ട അടിസ്‌ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. 2003- ല്‍ സര്‍ക്കാര്‍ കുടിയിരുത്തിയ ചിന്നക്കനാല്‍ സിങ്കുകണ്ടം മുന്നൂറ്റിയൊന്നു കോളനി ഭാഗങ്ങളില്‍നിന്നുള്ള വനവാസികളാണു പെരിഞ്ചാന്‍കുട്ടിയില്‍ കുടില്‍കെട്ടി താമസിച്ചു വരുന്നത്‌. വീട്ടുനമ്പര്‍ ലഭിക്കാത്തതുമൂലം റേഷന്‍കാര്‍ഡ്‌ ഇവിടേക്കു മാറ്റാന്‍ കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റു വഴി അനുവദിക്കുന്ന സൗജന്യറേഷന്‍ ഉള്‍പ്പെടെയുള്ള യാതൊരു ആനുകൂല്യങ്ങളും ഇവര്‍ക്കു ലഭിക്കുന്നില്ല. കാട്ടുകമ്പുകളും പ്ലാസ്‌റ്റിക്‌ ഷീറ്റും ഉപയോഗിച്ചു നിര്‍മിച്ച കുടിലുകള്‍ പലതും ദ്രവിച്ചു നിലംപൊത്താറായി. എട്ടുവര്‍ഷമായി പെരിഞ്ചാന്‍കുട്ടി പ്ലാന്റേഷനില്‍ കുടില്‍കെട്ടി കഴിയുന്ന ഇവരെ സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്ന മുറയ്‌ക്കു മാത്രമേ കുടിലുകളില്‍നിന്നും ഒഴിപ്പിക്കാവൂയെന്നു ഹൈക്കോടതി ഉത്തരവുണ്ട്‌.
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റോ സര്‍ക്കാരോ ഇതുവരെ തങ്ങെള പരിഗണിച്ചിട്ടില്ലെന്നും ചോര്‍ന്നൊലിക്കുന്ന ഷെഡിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ മരക്കമ്പുകള്‍ വെട്ടിയാല്‍പോലും വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ കേസുകള്‍ എടുക്കുന്നതായും ഇവിടുത്തെ താമസക്കാര്‍ പരാതിപ്പെടുന്നു. 26 കുടുംബങ്ങളിലെ 35 പേരാണ്‌ ഇവിടെ ആദ്യം എത്തിയത്‌.
എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്‌ ഇരുന്നൂറിലധികം കുടുംബങ്ങളായി മാറി. വനം വകുപ്പിന്റെ അധീനതയിലുള്ള പ്ലാന്റേഷന്‍ വനവാസികള്‍ കൈയേറിയതറിഞ്ഞ്‌ വീടില്ലാതെ പുറമ്പോക്കിലും റോഡ്‌വക്കിലും അധിവസിച്ചിരുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ പെരിഞ്ചാന്‍കുട്ടിയിലേക്കെത്തി.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ വനവാസികളുടെ മറവില്‍ വനഭൂമിയിലെ തടി വെട്ടിക്കടത്തുവാനും പുഴയില്‍ നിന്നും മണല്‍ വാരാനും പ്രദേശവാസികളായ ചിലര്‍ ശ്രമം നടത്തി. തേക്ക്‌ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള മരങ്ങള്‍ നിരവധി നഷ്‌ടമാകുകയും ചെയ്‌തു.
പ്രശ്‌നം സങ്കീര്‍ണമായതോടെ വനവാസികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകളെയും പ്ലാന്റേഷനില്‍ നിന്നും ഒഴിപ്പിക്കുവാന്‍ വനം വകുപ്പ്‌ നടപടികള്‍ നീക്കി.
2010 ഫെബ്രുവരി 10 നു വനപാലകരും പോലീസും ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്‌ഥസംഘമെത്തി പ്ലാന്റേഷനിലെ വനവാസികളെ ഇറക്കിവിട്ടു. എന്നാല്‍ പട്ടയം കൈവശമുള്ള 14 കുടുംബങ്ങളാണ്‌ ഇപ്പോഴും സര്‍ക്കാരിന്റെ കനിവിനായി കാത്തുനില്‍ക്കുന്നത്‌.

എസ്‌. സൂര്യലാല്‍

Ads by Google
Ads by Google
Saturday 20 May 2017 01.16 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW