Monday, May 29, 2017 Last Updated 23 Min 4 Sec ago English Edition
Todays E paper
Friday 19 May 2017 02.52 AM

യുണൈറ്റഡ്‌ ഡിസ്‌റ്റിലറീസിന്‌ നികുതിയിളവ്‌;തോമസ്‌ ഐസക്കിനെതിരേയുള്ള കേസ്‌ തള്ളി

uploads/news/2017/05/109836/1e.jpg

മൂവാറ്റുപുഴ വിദേശമദ്യം ഉല്‍പാദിപ്പിക്കുന്ന കോഴിക്കോട്‌ യുണൈറ്റഡ്‌ ഡിസ്‌റ്റലറീസിന്‌ നികുതിയിളവ്‌ നല്‍കിയതില്‍ അഴിമതി ആരോപിച്ച്‌ മന്ത്രി തോമസ്‌ ഐസക്ക്‌ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കി നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി തള്ളി. 2008-2009 കാലഘട്ടത്തില്‍ ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന തോമസ്‌ ഐസക്ക്‌ കമ്പനിക്ക്‌ നികുതിയിളവ്‌ നല്‍കിയെന്നായിരുന്നു ഹര്‍ജി.

വില്‍പന നികുതിയിനത്തില്‍ 5,85,48,742 രൂപ അടയ്‌ക്കേണ്ട യുണൈറ്റഡ്‌ ഡിസ്‌റ്റലറീസ്‌ കമ്പനിയോട്‌ 1,11,02,214 രൂപ മാത്രം അടച്ചാല്‍ മതിയെന്ന്‌ നികുതി വകുപ്പിന്റെ തീരുമാനത്തില്‍ അഴിമതി ആരോപിച്ച്‌ തൃശൂര്‍ മലയാളവേദി പ്രസിഡന്റ്‌ ജോര്‍ജ്‌ വട്ടുകുളമാണ്‌ ഹര്‍ജി നല്‍കിയത്‌. ഗവണ്‍മെന്റ്‌ ടാക്‌സ് വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാരപാണ്ഡ്യന്‍ ഐ.എ.എസ്‌., കോഴിക്കോട്‌ കൊമേഴ്‌സ്യല്‍ ടാക്‌സസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ കെ.എ. പുഷ്‌പ, അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ വി.ജെ. ഗോപകുമാര്‍, എറണാകുളം കൊമേഴ്‌സ്യല്‍ ജോയിന്റ്‌ കമ്മിഷണര്‍ ലോ വി. ശ്യാംകുമാര്‍, കോഴിക്കോട്‌ യുണൈറ്റഡ്‌ ഡിസ്‌റ്റലറീസ്‌ പ്ര?പ്രൈറ്റര്‍ എന്നിവരായിരുന്നു കേസിലെ മറ്റ്‌ എതിര്‍കക്ഷികള്‍. ഒന്നു മുതല്‍ ആറു വരെ കക്ഷികള്‍ നടത്തിയ ഗൂഢാലോചനയിലൂടെ അനധികൃതമായ ലാഭം ഡിസ്‌റ്റലറിയില്‍ നിന്നും മറ്റു കക്ഷികള്‍ക്ക്‌ ലഭിച്ചുവെന്നും ഇത്‌ അഴിമതി നിരോധനവകുപ്പ്‌ പ്രകാരം കുറ്റകരമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
1997-98 മുതല്‍ 2003-2004 കാലഘട്ടത്തിലെ നികുതി ഈടാക്കുന്നതില്‍ ഇളവ്‌ നല്‍കിയെന്ന്‌ ആരോപിച്ച്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയിലാണ്‌ ആദ്യം ഈ കേസ്‌ ഫയല്‍ ചെയ്‌തത്‌. 2014 ജൂലൈ 25ന്‌ തൃശൂര്‍ കോടതി ദ്രുതപരിശോധന നടത്തുവാന്‍ ഉത്തരവിട്ടു. 2015 ഏപ്രില്‍ 13ന്‌ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്‌തു. എന്നാല്‍, പുതുതായി ആരംഭിച്ച മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയിലേക്ക്‌ ഈ കേസ്‌ മാറ്റുകയായിരുന്നു. ദ്രുതപരിശോധനാ റിപ്പോര്‍ട്ട്‌ എതിര്‍കക്ഷികള്‍ക്ക്‌ അനുകൂലമായിരുന്നു. 2008 ല്‍ കേരള നിയമസഭ പാസാക്കിയ കേരള ധനകാര്യ ബില്ലിന്റെ നിയമവശങ്ങള്‍ വച്ചുകൊണ്ടാണ്‌ നികുതിയിളവ്‌ നല്‍കിയതെന്നും. കേസിലെ അഞ്ചാം എതിര്‍കക്ഷി വി. ശ്യാംകുമാര്‍ എന്നയാള്‍ യഥാര്‍ഥത്തില്‍ വിലാസമുള്ള വ്യക്‌തിയായിരുന്നില്ലെന്നും കോഴിക്കോട്‌ നടന്ന സംഭവം തൃശൂര്‍ കോടതിയുടെ പരിധിയിലേക്ക്‌ കൊണ്ടുവരാന്‍ വെറുതെ എഴുതി ചേര്‍ത്ത വിലാസമായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്‌തമായിരുന്നു.
വിജിലന്‍സ്‌ ദ്രുതപരിശോധന ശരിയല്ലെന്നും അത്‌ സ്വീകരിക്കരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. 1997-2004 കാലഘട്ടത്തില്‍ 1,11,02,214 രൂപ ഡിസ്‌റ്റലറിയോട്‌ അടയ്‌ക്കുവാന്‍ നികുതി വകുപ്പ്‌ ആദ്യം നിര്‍ദേശിച്ചു. ഡെപ്യൂട്ടി കമ്മിഷണര്‍ അത്‌ വീണ്ടും പുന:പരിശോധിച്ച്‌ 7,91,31,437 രൂപ അടയ്‌ക്കുവാന്‍ ആവശ്യപ്പെട്ടു. യുണൈറ്റഡ്‌ ഡിസ്‌റ്റലറി അപ്പലൈറ്റ്‌ ട്രൈബ്യൂണലിനെ സമീപിച്ച്‌ ഇത്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി. തുടര്‍ന്ന്‌ ഹൈക്കോടതിയും ഡിസ്‌റ്റലറിയുടെ വാദം നിരസിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ കേസ്‌ എത്തിയപ്പോള്‍ സര്‍ക്കാരിനോട്‌ നികുതി കണക്കുകൂട്ടി ഡിമാന്റ്‌ നോട്ടീസ്‌ കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ യുണൈറ്റഡ്‌ ഡിസ്‌റ്റലറി കേസ്‌ സുപ്രീംകോടതിയില്‍ നിന്നും പിന്‍വലിച്ചു. തുടര്‍ന്ന്‌ കോഴിക്കോട്‌ നികുതി വിഭാഗം അസി. കമ്മീഷണര്‍ 7,91,31,437 രൂപ നികുതിയായി തീരുമാനിച്ചു. സുപ്രീംകോടതിയില്‍ സംസ്‌ഥാനത്തിനുവേണ്ടി ഹാജരായ സ്‌റ്റാന്റിങ്‌ കോണ്‍സല്‍ നികുതിക്ക്‌ പലിശ ഒഴിവാക്കാമെന്ന്‌ പറഞ്ഞതിനാല്‍ 3,23,91,776 രൂപ കുറച്ചു കൊടുത്തു. തുടര്‍ന്ന്‌ 8,84,79,367 രൂപയ്‌ക്കുവേണ്ടി റവന്യൂ റിക്കവറി നടപടിക്ക്‌ നോട്ടീസ്‌ വന്നപ്പോള്‍ ഡിസ്‌റ്റലറി ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയെന്നും ദ്രുതപരിശോധനയില്‍ നിന്ന്‌ വ്യക്‌തമായിരുന്നു. ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന്‌ കണ്ടെത്തിയ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി കേസില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കുവാന്‍ കഴിഞ്ഞില്ലെന്നും വസ്‌തുതകള്‍ ശരിക്കും പഠിക്കാതെയാണ്‌ കോടതിയെ സമീപിച്ചതെന്നും സ്‌പെഷല്‍ വിജിലന്‍സ്‌ ജഡ്‌ജി അഭിപ്രായപ്പെട്ടു. അഞ്ചാം പ്രതിയെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്തത്‌ കേസില്‍ തിരിച്ചടിയാകുകയും ചെയ്‌തു. കേസിലെ 1 മുതല്‍ 5 വരെ എതിര്‍കക്ഷികള്‍ ആറാം പ്രതിയായ കോഴിക്കോട്‌ യുണൈറ്റഡ്‌ ഡിസ്‌റ്റലറിക്ക്‌ യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

Ads by Google
Ads by Google
Friday 19 May 2017 02.52 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW