തൃശൂര്‍: സര്ഗസ്വരത്തിന്റേയും പ്രഭാത് ബുക്സിന്റേയും സംയുക്താഭിമുഖ്യത്തില്‍, പാങ്ങില്‍ ഭാസ്കരന് രചിച്ച നന്ദികേശന് സാക്ഷി, അകത്തളം എന്നീ നോവലുകളുടേയും 'കൃഷ്ണന്റെ ജനനവും സഖാവ് ശേഖരനും' കഥാസമാഹാരത്തിന്റേയും പ്രകാശനച്ചടങ്ങും സാഹിത്യസമ്മേളനവും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. സ്റ്റാര്പദവിയില്ലാത്ത എഴുത്തുകാരും ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിരൂപകന് എസ്.കെ.വസന്തന് പുസ്തകപ്രകാശനം നടത്തി.
നോവലുകള്‍ കഥയില്ലായ്മകളാകുന്ന കാലത്താണ് ഇത്തരം പുസ്തകങ്ങളുടെ പ്രസക്തിയെന്ന് അദ്ദേഹം പറഞ്ഞു. സത്യം പറയുക എന്നതു മാത്രമല്ല, അപ്രിയമായ സത്യങ്ങള്‍ പറയുക എന്ന ധര്‍മം അകത്തളം നിര്‍വഹിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടികളിലെ ചിതല്‍പ്പുറ്റുകളും ഉദ്യോഗസ്ഥരുടെ നെറികേടുകളും കടുത്ത യാഥാര്‍ത്ഥ്യങ്ങളുമാണ് കൃതിയില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നന്ദികേശന് സാക്ഷിയിലുള്ളതുപോലെ ഒരു ദേശത്തിന്റെ ഇതിഹാസവും നാടിന്റെ വേദനകളും അടുത്തകാലത്ത് കണ്ടിട്ടില്ലെന്ന് പുസ്തകം ഏറ്റുവാങ്ങിയ ഗംഗാധരന് ചെങ്ങാലൂര്‍ അഭിപ്രായപ്പെട്ടു. കെ.എസ്. രാമചന്ദ്രന് അനുഗ്രഹപ്രഭാഷണവും സാവിത്രി ലക്ഷ്മണനും പി.സരസ്വതിയും പുസ്തകപരിചയവും നടത്തി. സര്ഗസ്വരം സെക്രട്ടറി കാവില്‍രാജ് സ്വാഗതം പറഞ്ഞു. പാങ്ങില്‍ ഭാസ്കരന് മറുപടി പ്രസംഗം നടത്തി. എന്‍.മൂസക്കുട്ടി,വി.എ.ത്യാഗരാജന് ആചാര്യ, കെ.ബി. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.