Friday, April 21, 2017 Last Updated 42 Min 40 Sec ago English Edition
Todays E paper
Friday 21 Apr 2017 02.41 AM

പടിഞ്ഞാറത്തറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീണ്ടും വാഹനം കത്തി നശിച്ചു

uploads/news/2017/04/101315/1wn.jpg

മാനന്തവാടി: പടിഞ്ഞാറത്തറയില്‍ വീണ്ടും വാഹനത്തിന്‌ തീയിട്ടു കത്തി നശിപ്പിച്ചു. കുപ്പാടിത്തറ ചാലില്‍വയലില്‍ നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചിയാണ്‌ കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ചത്‌. കഴിഞ്ഞ മൂന്ന്‌ ദിവസത്തോളമായി വയലില്‍ പണി ചെയ്‌തുകൊണ്ടിരുന്ന ഹിറ്റാച്ചി തമിഴ്‌നാട്‌ സ്വദേശികളുടെതാണ്‌. പടിഞ്ഞാറത്തറയില്‍ പാസ്‌റ്ററുടെ കാറും ബൈക്കും കത്തിയ സംഭവം ഈ മാസം അഞ്ചിനായിരുന്നു നടന്നത്‌. ഇതേ കെട്ടിടത്തിന്റെ ഉടമസ്‌ഥതയിലുള്ള വയലിലാണ്‌ ഇന്നലെ ഹിറ്റാച്ചിയും കത്തിയത്‌.
തമിഴ്‌നാട്‌ സേലം സ്വദേശിയായ രാമചന്ദ്രന്റെ 2012 മോഡല്‍ ഹിറ്റാച്ചിയാണ്‌ ഇന്നലെ രാത്രി കത്തി നശിച്ചത്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തോളമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്ന ഹിറ്റാച്ചി കുപ്പാടിത്തറ ചാലില്‍ കളരിക്കല്‍ ബേബിയുടെ വയലില്‍ പണിയെടുക്കുന്നതിനിടെയാണ്‌ തീപിടിച്ചത്‌. പതിവ്‌ പോലെ വൈകിട്ട്‌ പണി നിര്‍ത്തിപ്പോയതായിരുന്നു. രാത്രിയില്‍ തീ ഉയരുന്നത്‌ കണ്ട നാട്ടുകാര്‍ തൊട്ടടുത്ത്‌ പഴയ വീടാണെന്ന്‌ കരുതി സ്‌ഥലത്തെത്തിയപ്പോഴാണ്‌ വയലില്‍ നിര്‍ത്തിയ ഹിറ്റാച്ചിയാണ്‌ കത്തുന്നതെന്ന്‌ അറിഞ്ഞത്‌. തുടര്‍ന്ന്‌ പോലീസില്‍ വിവരമറിയിച്ചെങ്കിലും പടിഞ്ഞാറത്തറയില്‍ നിന്നും പോലീസെത്തുമ്പോള്‍ വാഹനം പൂര്‍ണ്ണമായും കത്തിയ നിലയിലായിരുന്നു. പത്ത്‌ ലക്ഷത്തോളം വിലവരുന്ന വാഹനമാണ്‌ കത്തിയത്‌.
ഈ മാസം അഞ്ചിന്‌ പടിഞ്ഞാറത്തറയിലെ വാടക ക്വാട്ടേഴ്‌സിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പാസ്‌റ്ററുടെ കാറും ബൈക്കും കത്തി നശിച്ചിരുന്നു. ഇത്‌ സംബന്ധിച്ച കേസില്‍ ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്‌. ഇതിന്റെ ശാസ്‌ത്രീയ പരിശോധനാഫലങ്ങള്‍ ഇനിയും പോലീസിന്‌ ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചെങ്കില്‍ മാത്രമെ വാഹനം കത്തിച്ചതാണോ ഷോര്‍ട്ട്‌ സര്‍ക്യൂട്ടിലൂടെ കത്തിയതാണോ എന്ന തീരുമാനത്തിലെത്താന്‍ പോലീസിന്‌ കഴിയുകയുള്ളു.ഇതിനിടെയാണ്‌ വീണ്ടും ദുരൂഹ സാഹചര്യത്തില്‍ ഇതേ ക്വാട്ടേഴ്‌സുടമയുടെ സ്‌ഥലത്ത്‌ നിര്‍ത്തിയിട്ട ഹിറ്റാച്ചിയും കത്തിയത്‌. പടിഞ്ഞാറത്തറ പോലീസ്‌ വാഹനമുടമയുടെ പരാതി പ്രകാരം കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Ads by Google
Friday 21 Apr 2017 02.41 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW