പത്തനംതിട്ട: അഞ്ചു വയസുള്ള മകളെ വിഷം കൊടുത്തു കൊലപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവറായ പിതാവും ജീവനൊടുക്കി. കല്ലറക്കടവ് കിഴക്കേ മട്ടത്തില്‍ ആര്. ശ്രീകുമാര്‍ (42), മകള്‍ അനുഗ്രഹ(പൊന്നു-അഞ്ച്) എന്നിവരാണ് മരിച്ചത്. റിങ് റോഡില്‍ മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന് മുന്നില്‍ ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം.
രാവിലെ 10 മണിയോടെ ഭാര്യയുമായി വഴക്കുണ്ടാക്കി മകള്‍ക്കൊപ്പം വീട്ടില്‍ നിന്നു സ്വന്തം ഓട്ടോ ടാക്സിയിലാണ് ശ്രീകുമാര്‍ ടൗണിലേക്ക് പോയത്. മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന് മുന്നിലെ സ്റ്റാന്‍ഡിലാണ് ശ്രീകുമാര്‍ വണ്ടിയിടുന്നത്. ഇതിന് സമീപം തന്നെ ശ്രീകുമാറിന്റെ പിതാവ് രാജന് നായരും മാതാവ് ഓമനയും ചായക്കട നടത്തുകയാണ്.
പത്തരയോടെ ശ്രീകുമാറിന്റെ ഓട്ടോ ടാക്സി ഈ കടയ്ക്ക് മുന്നില്‍ വന്നു നിന്നു.
തുടര്‍ന്ന് മകളെയുമെടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഇതു കണ്ട് സ്റ്റാന്‍ഡിലെ മറ്റു ഡ്രൈവര്‍മാര്‍ ഓടിയെത്തി. അപ്പോഴേക്കും ശ്രീകുമാറും മകളും അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ മുത്തൂറ്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാഹനത്തിനുള്ളില്‍ വച്ചാണ് മകള്‍ക്ക് വിഷം കൊടുത്ത് ശ്രീകുമാറും കഴിച്ചതെന്ന് കരുതുന്നു.
നഗരത്തിലെ തന്നെ സെവന്ത് ഡേ സ്കൂളില്‍ യു.കെ.ജിയില്‍ പഠിക്കുകയായിരുന്നു അനുഗ്രഹ. അടുത്ത അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുകയായിരുന്നു.
നിഷയാണ് മാതാവ്. ശ്രീകുമാറിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വസ്തു പണയപ്പെടുത്തി വായ്പയെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രമാണത്തില്‍ മകള്‍ക്ക് കൂടി അവകാശം വച്ചിട്ടുള്ളതിനാല്‍ നടന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാള്‍ വീട്ടുകാരുമായി വഴക്കിലായിരുന്നു.
ഇന്നലെ രാവിലെയും ഏറെ നേരം കലഹം ഉണ്ടാക്കിയ ശേഷം ആത്മഹത്യാക്കുറിപ്പുമെഴുതിയാണ് ഇയാള്‍ ടൗണിലേക്ക് വന്നത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍.