Tuesday, June 27, 2017 Last Updated 9 Min 3 Sec ago English Edition
Todays E paper
Friday 21 Apr 2017 02.01 AM

മലയോരത്തെ ബേക്കറികളില്‍ പരിശോധനയില്ല; ഭക്ഷ്യ സുരക്ഷ വിഭാഗം നോക്കു കുത്തികളാകുന്നു

uploads/news/2017/04/101228/3.jpg

പേരാവൂര്‍: കഴിഞ്ഞ ദിവസം കോഴിക്കോട്‌ ജില്ലയില്‍ ജെല്ലിമിഠായി കഴിച്ച്‌ നാലു വയസുകാരന്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന്‌ കോഴിക്കോട്‌ ജില്ലയിലെ ചെറുതും വലുതുമായി എല്ലാ ബേക്കറികളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ബേക്കറികളില്‍ പരിശോധന പോയിട്ട്‌ ആ പ്രദേശത്തു പോലും എത്താന്‍ കഴിയാത്തവരാണ്‌ ഭക്ഷ്യ സുരക്ഷവിഭാഗം. നിരവധി ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന ഹോട്ടലുകളും ബേക്കറികളും മലയോരത്ത്‌ ഉണ്ടെന്നിരിക്കെ യാതൊരു വിധ പരിശോധനയും നടത്താത്തത്‌ ഹോട്ടല്‍, ബേക്കറി ഉടമകള്‍ക്ക്‌ ഒത്താശ ചെയ്‌തു നല്‍കുന്ന അധികൃതരാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. കൊട്ടിയൂര്‍ ഉത്സവ സമയത്തു മാത്രം പരിശോധന എന്നു പറഞ്ഞ്‌ ആ പ്രദേശത്തു മാത്രമെ ഭക്ഷ്യസുരക്ഷ വിഭാഗം എത്താറുള്ളു. മലയോര പ്രദേശങ്ങളായ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, മണത്തണ, പേരാവൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിരവധി ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതില്‍ ലൈസന്‍സ്‌ ഉള്ളതും ഇല്ലാത്തതുമായ ബേക്കറികളും ഉണ്ട്‌. ആര്‍ക്കും എവിടെയും ബേക്കറി,ഹോട്ടല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്താം എന്നാണ്‌ മലയോരത്തിന്റെ പ്രത്യേകത. ആരും പരിശോധനയ്‌ക്ക്‌ വരില്ല എന്നതും ഇത്തരക്കാര്‍ക്ക്‌ അനുഗ്രഹമാകുന്നു. ഒരു പ്രശ്‌നം ഉണ്ടായാല്‍ മാത്രമാണ്‌ പരിശോധന നടത്തുക. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇവര്‍ പരിശോധന നടത്താറില്ലെന്നതാണ്‌ വാസ്‌തവം. തദ്ദേശ സ്‌ഥാപനങ്ങളുടെയും ഭക്ഷ്യവകുപ്പിന്റെയും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും ബേക്കറികളും വേണ്ടിവന്നാല്‍ അടച്ചുപൂട്ടിക്കാനുള്ള അധികാരം പരിശോധന നടത്തുന്നവര്‍ക്കുണ്ടെന്നിരിക്കെ എന്തു കൊണ്ടാണ്‌ പരിശോധന നടത്താന്‍ മടിക്കുന്നത്‌ എന്നാണ്‌ നാട്ടുകാരുടെ സംശയം. ബേക്കറികളില്‍ ശുദ്ധമായ വെള്ളമാണോ ഉപയോഗിക്കുന്നത്‌ എന്നു പോലും വ്യക്‌തമല്ല. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ്‌ മലയോരത്തെ ബേക്കറികളിലും ഹോട്ടലുകളിലും കര്‍ശന പരിശോധന നടത്തിയില്ലെങ്കില്‍ കോഴിക്കോട്‌ ഇവിടെയും ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ്‌ മലയോര ജനത.

Ads by Google
Ads by Google
Friday 21 Apr 2017 02.01 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW