Sunday, April 16, 2017 Last Updated 36 Min 5 Sec ago English Edition
Todays E paper
Sunday 16 Apr 2017 01.28 AM

പ്രത്യാശയുടെ മഹോത്സവം

uploads/news/2017/04/99725/sun1.jpg

ഇന്ന്‌ ഈസ്‌റ്റര്‍, ലോക ക്രൈസ്‌തവസഭകള്‍ ജീവന്റെയും പ്രകാശത്തിന്റെയും മഹോത്സവമായിട്ടാണ്‌ ഈസ്‌റ്റര്‍ കൊണ്ടാടുന്നത്‌. മരണത്തെ എന്നന്നേക്കുമായി കീഴടക്കിയ ക്രിസ്‌തുനാഥന്‍ അതോടൊപ്പം പൈശാചികശക്‌തികളെയും കീഴടക്കിയ സുദിനത്തിന്റെ ഓര്‍മകൂടിയാണിത്‌. ആശയത്തിന്റെയും അര്‍ഥവ്യാപ്‌തിയുടെയും കാര്യത്തില്‍ എല്ലാ സഭകളും ഐക്യം പുലര്‍ത്തുന്നു എന്നതാണ്‌ ഈസ്‌റ്റര്‍ ആഘോഷത്തിലെ എടുത്തുപറയത്തക്ക പ്രത്യേകത.
ആഴ്‌ചവട്ടത്തിന്റെ ഒന്നാംനാള്‍ ഞായറാഴ്‌ച യേശുകര്‍ത്താവിനെ അടക്കം ചെയ്‌ത കല്ലറയുടെ വാതില്‍ക്കല്‍ എത്തിയ ശിഷ്യഗണങ്ങള്‍ കര്‍ത്താവ്‌ കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റതായി മനസിലാക്കി. അതീവസന്തുഷ്‌ടരായ അവര്‍ ആ സന്തോഷവാര്‍ത്ത മറ്റുള്ളവരെ അറിയിക്കുവാനായി ബദ്ധപ്പെട്ടോടുകയാണ്‌. ക്രിസ്‌തുവിനെ ജീവനുതുല്യം സ്‌നേഹിച്ച മഗ്‌ദലനക്കാരി മറിയയ്‌ക്ക് കര്‍ത്താവിനെ ആദ്യം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി. പാപികളെ രക്ഷിക്കുവാനും അവരെ സ്‌നേഹിക്കുവാനുമാണ്‌ താന്‍ ലോകത്തില്‍ പ്രത്യക്ഷനായത്‌ എന്ന ദൈവീകസത്യം അരക്കിട്ടുറപ്പിക്കുന്ന ഒന്നായിരുന്നു അത്‌. നാല്‌പതുദിവസം ശിഷ്യന്മാര്‍ക്ക്‌ ഒറ്റയ്‌ക്കും ഒരുമിച്ചും പ്രത്യക്ഷനായി അടയാളങ്ങളിലും അത്ഭുതങ്ങളിലും അവരെ വിശ്വാസത്തില്‍ സുസ്‌ഥിരമാക്കിത്തീര്‍ത്ത യേശുക്രിസ്‌തു മാനവരാശിയുടെ ഏകരക്ഷകന്‍ താന്‍ മാത്രമാണെന്ന സത്യം വ്യക്‌തമാക്കുകയായിരുന്നു. പരിശുദ്ധാത്താവില്‍ നിറഞ്ഞ ശിഷ്യഗണങ്ങളുടെ സാക്ഷ്യജീവിതമാണ്‌ ഇന്ന്‌ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന രീതിയില്‍ ക്രിസ്‌തീയസഭയെ ആക്കിത്തീര്‍ക്കുവാന്‍ കാരണമായത്‌.
ഗ്രീക്ക്‌ പുരാണത്തില്‍ അതിപുരാതനമായൊരു പക്ഷിക്കഥയുണ്ട്‌. അറേബ്യയിലെ മണലാരണ്യത്തില്‍ ഏകാകിയായി അലയുന്ന ഫിനിക്‌സ്പക്ഷിയുടെ കഥ. നൂറ്റാണ്ടുകളോളം ജീവിക്കുവാന്‍തക്ക ആയുര്‍ദൈര്‍ഘ്യമുള്ള ആ പക്ഷി ജീവിതാന്ത്യത്തില്‍ വംശനാശത്തിന്റെ ദു:ഖവും പേറി ചിതയില്‍ച്ചാടി ആത്മാഹൂതി ചെയ്യുന്നു.
അതോടൊപ്പം ഐതിഹാസികമായ ആ ജീവിതം ഒരുപിടി ചാരമായി മാറുന്നു. പക്ഷേ സകലമാനവിശ്വാസപ്രമാണങ്ങളെയും കാറ്റില്‍പ്പറത്തി സകലചരാചരങ്ങളെയും അത്ഭുതപരതന്ത്രരാക്കി ആ ഭസ്‌മത്തില്‍ നിന്നും ഒരു ചെറിയ ഫിനിക്‌സ്പക്ഷി ചിറകടിച്ച്‌ അനന്തവിഹായസിലേക്ക്‌ ഉയര്‍ന്നു പറക്കുന്നു. ജീവനും മരണവും തമ്മില്‍ ദീര്‍ഘമായി നീണ്ടുനില്‍ക്കുന്ന ആ സംഘട്ടനത്തില്‍ ആത്യന്തികമായി ജീവന്‍ ജയിക്കുന്നു. മരണത്തിന്റെ ശക്‌തിയെ നിര്‍വീര്യമാക്കി ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥന്റെ പുനരുത്ഥാനത്തെ വിശദീകരിക്കുവാന്‍ ആദിമസഭാ ക്രൈസ്‌തവപണ്ഡിതര്‍ കണ്ടെത്തിയ ഉദാഹരമാണ്‌ ഫിനിക്‌സ് എന്ന പ്രതീകം.
ഈസ്‌റ്റര്‍ദിനത്തില്‍ തണുത്തരാത്രിയുടെ അവസാനയാമങ്ങളില്‍ മെഴുകുതിരിയുടെ സുവര്‍ണവെളിച്ചത്തില്‍ നിരവധിതവണ ആലപിക്കപ്പെടുന്ന ഒരു പഴയ ആരാധനാഗീതം ഇപ്രകാരമാണ്‌. 'ക്രിസ്‌തു മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്‌ മരണത്തെ മരണത്തില്‍ അടിച്ചുതകര്‍ത്തിരിക്കുന്നു. ശവകുടീരങ്ങളില്‍ ചേതനയറ്റുകിടന്നിരുന്ന ആത്മാക്കള്‍ക്ക്‌ അവന്‍ നവജീവന്‍ പ്രദാനം ചെയ്‌തിരിക്കുന്നു.' യെഹസ്‌ക്കേല്‍ പ്രവാചകന്റെ പുസ്‌തകം 37-ാം അധ്യായത്തിലെ ഏതാനും വാക്കുകള്‍ ശ്രദ്ധിക്കുക. 'യഹോവയായ കര്‍ത്താവ്‌ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങള്‍ ജീവിക്കേണ്ടതിന്‌ ഞാന്‍ നിങ്ങളില്‍ ശ്വാസം വരുത്തും. അവന്‍ എന്നോട്‌ കല്‍പ്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ശ്വാസം അവരില്‍ വന്നു. അവര്‍ ജീവിച്ച്‌ ഏറ്റവും വലിയ സൈന്യമായി നിവര്‍ന്നു നിന്നു.' മര്‍ത്യനെ അമര്‍ത്യനാക്കിയ ജീവശ്വാസത്തിന്റെ ദാതാവാണ്‌ യേശുക്രിസ്‌തു.
പുനരുത്ഥാനം പുനര്‍ജന്മമല്ല, അന്തരിച്ച വ്യക്‌തിയുടെ സര്‍വപ്രഭാവത്തോടും കൂടിയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌. അന്ധകാരവും പ്രകാശവും നിതാന്തവൈരുധ്യങ്ങളായി നിലകൊള്ളുന്നതുപോലെ തന്നെ ജീവനും മരണവും ശത്രുക്കളായി തുടരുന്നു. എന്നില്‍ പ്രകാശം അന്ധകാരത്തെ എന്നന്നേക്കുമായി കീഴടക്കുമെന്ന്‌ പുനരുത്ഥാനത്തിന്റെ സന്ദേശത്തില്‍ക്കൂടി ക്രിസ്‌തു വെളിപ്പെടുത്തുന്നു. ഈസ്‌റ്റര്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ 'പ്രകാശത്തിന്റെ തിരുനാള്‍ എന്നാണ്‌.' യേശുക്രിസ്‌തു ലോകത്തിന്റെ വെളിച്ചമായതിനാലാണ്‌ ഭൂമിയില്‍ ജീവനാധാരമായ പ്രകാശത്തിന്റെ തിരുനാളിന്‌ 'ഈസ്‌റ്റര്‍' എന്ന പേരുണ്ടായത്‌. ക്രിസ്‌തീയസമൂഹം അതിന്റെ ജീവന്റെ ആണിക്കല്ലായിട്ടാണ്‌ ക്രിസ്‌തുവിന്റെ പുനരുത്ഥാനത്തെ ദര്‍ശിക്കുന്നത്‌. സെന്റ്‌പോളിന്റെ പ്രഖ്യാപനം ആ വിശ്വാസത്തിന്റെ വ്യാപ്‌തി ഒന്നുകൂടി വ്യക്‌തമാക്കുന്നു. 'ക്രിസ്‌തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം നിഷ്‌ഫലം. നിങ്ങളുടെ വിശ്വാസം വ്യര്‍ഥം. എനിക്കു ജീവിക്കുന്നത്‌ ക്രിസ്‌തുവും മരിക്കുന്നത്‌ ലാഭവുമാകുന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്‌തുവിനോടൊപ്പമുള്ള ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഈ ലോകത്തിലെ കഷ്‌ടതകള്‍ ഒന്നുമില്ലെന്നു ഞാന്‍ കരുതുന്നു. ക്രിസ്‌തുവിനുവേണ്ടി ഞാന്‍ സകലവും ചപ്പുംചവറും എന്ന്‌ എണ്ണുന്നു.' ആദിമനൂറ്റാണ്ടിലെ പണ്ഡിതാഗ്രേണ്യനായ സെന്റ്‌പോളിന്‌ ക്രിസ്‌തുവിന്റെ പുനരുത്ഥാനം പകല്‍പോലെ പരമാര്‍ഥമായ ഒരു യാഥാര്‍ഥ്യമായിരുന്നു.
'ഞാന്‍ പോകുന്നത്‌ നിങ്ങള്‍ക്കു നല്ലത്‌. എന്റെ പിതാവിന്റെ വാസസ്‌ഥാനത്ത്‌ അനേക ഭവനങ്ങളുണ്ട്‌. അല്ലെങ്കില്‍ ഞാന്‍ നിങ്ങളോട്‌ പറയുമായിരുന്നില്ല. ഞാന്‍ പോയാല്‍ എന്റെ കാര്യസ്‌ഥനായ പരിശുദ്ധാത്മാവിനെ നിങ്ങളുടെ പക്കലേക്ക്‌ അയയ്‌ക്കും. അവന്‍ സത്യത്തിലും ആത്മാവിലും നിങ്ങളെ വഴിനടത്തും.' ക്രിസ്‌തു തന്റെ ശിഷ്യന്മാര്‍ക്ക്‌ നല്‍കിയ ഈ വാഗ്‌ദത്തം തന്റെ പുനരുദ്ധാനത്തിലൂടെ സത്യമാണെന്ന്‌ തെളിയിച്ചു. അഖിലാണ്ഡത്തിന്റെ ചരിത്രത്തില്‍ മരണത്തില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റ ഏകമതാചാര്യനാണ്‌ യേശുക്രിസ്‌തു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വസ്‌തുതകള്‍ ധൈര്യപൂര്‍വം സുവ്യക്‌തമായി മാനവരാശിക്ക്‌ വിളംബരം ചെയ്‌ത ഏക മഹാത്മാവ്‌ എന്ന ബഹുമതിയും ക്രിസ്‌തുവിനു തന്നെ.
ക്രിസ്‌തു ജനിച്ച കൃത്യ തീയതി ആര്‍ക്കുമറിഞ്ഞുകൂടെങ്കിലും ഈസ്‌റ്റര്‍ നിശ്‌ചയിക്കുന്നതിന്‌ വിഷമമില്ല. വിശുദ്ധബൈബിളിലെ തെളിവുകള്‍ നോക്കിയാല്‍ യേശുവിനെ യഹൂദന്മാരുടെ പെസഹാപ്പെരുന്നാളിന്റെ സമയത്ത്‌ തടവിലാക്കിയെന്നും ഒരുക്കനാളായ വെള്ളിയാഴ്‌ച ക്രൂശിച്ച്‌ അടക്കിയെന്നും ശബത്തു കഴിഞ്ഞ്‌ ആഴ്‌ചവട്ടത്തിന്റെ ഒന്നാംനാള്‍ ഞായറാഴ്‌ച ഉയിര്‍ത്തെഴുന്നേറ്റുവെന്നും കാണാം.
അതുകൊണ്ട്‌ യഹൂദന്മാരുടെ പെസഹാപ്പെരുന്നാളിനോട്‌ ബന്ധപ്പെടുത്തി ക്രിസ്‌തുവിന്റെ കുരിശുമരണവും പുനരുത്ഥാനവും നിശ്‌ചയിക്കുവാന്‍ എല്ലാ ക്രൈസ്‌തവദൈവാലയങ്ങളിലും ആരാധന ആരംഭിച്ചിരിക്കും. 'കര്‍ത്താവായ യേശുക്രിസ്‌തു മരിച്ചരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ആകയാല്‍ നാം സന്തോഷിച്ച്‌ ആനന്ദിക്കുക' എന്ന്‌ ക്രിസ്‌തുവിന്റെ പ്രതിപുരുഷനായ വൈദികള്‍ പ്രഖ്യാപിക്കും. 'റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പള്ളികളില്‍ നടക്കുന്ന ഈ പ്രഖ്യാപനം കമ്യൂണിസ്‌റ്റ് ഭരണകൂടങ്ങളെ കിടിലംകൊള്ളിക്കുന്നതായി' സ്‌റ്റാലിന്റെ പുത്രി എഴുതിയത്‌ ഇത്തരത്തില്‍ ഓര്‍ത്തുപോകുന്നു.
ഈസ്‌റ്റര്‍ വാരം ആചരിക്കുന്ന ഓശാന ഞായറാഴ്‌ച നീണ്ടുനില്‍ക്കുന്ന ആരാധനയിലെ പ്രധാനയിനം കുരുത്തോലകളുമേന്തി വിശ്വാസികള്‍ നടത്തുന്ന പ്രദക്ഷിണമാണ്‌. യേശുക്രിസ്‌തുവിന്‌ ഓശാന പാടിയ ചടങ്ങിനെ അനുസ്‌മരിക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ഓശാന ഞായറാഴ്‌ച ലഭിക്കുന്ന കുരുത്തോല ഉണക്കിപ്പൊടിച്ച്‌ രോഗം വരുന്ന സന്ദര്‍ഭങ്ങളില്‍ വെള്ളത്തില്‍ കലക്കി കുടിച്ച്‌ രോഗവിമുക്‌തി നേടാന്‍ ശ്രമിക്കുന്ന വിശ്വാസികളുമുണ്ട്‌. യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ പെസഹാ കഴിച്ചതിന്റെയും ഓര്‍മകളാണ്‌ പെസഹാ വ്യാഴാഴ്‌ച ആചരിക്കുക. മഹാപുരോഹിതന്മാരും വൈദികരും പന്ത്രണ്ടുപേരുടെ കാലുകള്‍ കഴുകുന്ന പതിവ്‌ മിക്ക സഭകളിലുണ്ട്‌. 'മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യപ്പെട്ടവാനല്ല, ശുശ്രൂഷിക്കുവാനും അനേകര്‍ക്കുവേണ്ടി തന്റെ ജീവനെ മറ്റുവിലയായി കൊടുക്കാനുമത്രെ വന്നത്‌' എന്ന ക്രിസ്‌തുവിന്റെ പ്രമാണമാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ അടങ്ങിയിരിക്കുന്നത്‌.
'പ്രാര്‍ഥനയാലും ഉപവാസത്തിലുമല്ലാതെ പൈശാചികശക്‌തി ഒഴിഞ്ഞുപോകയില്ല' എന്ന ക്രിസ്‌തുവിന്റെ ഉപദേശത്തെ അങ്ങേയറ്റം വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നവരാണ്‌ ക്രൈസ്‌തവര്‍. ഈസ്‌റ്ററിനു മുമ്പ്‌ അമ്പതുദിവസം നോമ്പ്‌ ആചരിക്കുന്ന പതിവ്‌ മിക്ക ക്രൈസ്‌തവസഭകളിലുമുണ്ട്‌. ഈ നോമ്പില്‍ മത്സ്യമാംസാദികള്‍, മുട്ട, പാല്‍, തൈര്‌ തുടങ്ങിയവ വിശ്വാസികള്‍ വര്‍ജിച്ചിരിക്കും.
രോഗികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ക്ക്‌ ഉപവാസത്തില്‍ ഇളവ്‌ അനുവദിക്കുന്ന സഭകളുമുണ്ട്‌. ഭക്ഷണക്കാര്യത്തിലുള്ള നിയന്ത്രണത്തോടൊപ്പം മനസിനെയും ശരീരത്തെയും വിശ്വാസിയായി സൂക്ഷിക്കുക, സാധുജന സുരക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക' എന്നിവയും ഉപവാസത്തിന്റെ ചിട്ടകളില്‍പ്പെടുന്നു. ക്രിസ്‌തുവിന്റെ ക്രൂശുമരണത്തെയും കഷ്‌ടപ്പാടുകളെയും അനുസ്‌മരിക്കുന്ന ധ്യാനപ്രസംഗങ്ങളായിരിക്കും കഷ്‌ടാനുഭവ ആഴ്‌ചകളില്‍ മാത്രം ഉപവസിക്കുന്‌ രീതിയും ചില സഭകളില്‍ കണ്ടുവരുന്നുണ്ട്‌.
ഈസ്‌റ്റര്‍ദിനത്തില്‍ നോമ്പുവീടല്‍ ആചരിക്കുന്ന കാര്യത്തില്‍ എപ്പിസ്‌കോപ്പല്‍ സഭകളെല്ലാം തന്നെ മാത്സര്യബുദ്ധി പ്രകടിപ്പിക്കാറുണ്ട്‌. ഈസ്‌റ്റര്‍കേക്ക്‌, ഈസ്‌റ്റര്‍ വിരുന്ന്‌, ചില രാജ്യങ്ങളില്‍ ഈസ്‌റ്റര്‍ മുട്ട എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്‌. മരണത്തെ തോല്‍പ്പിച്ച്‌ ഉത്ഥാനം ചെയ്‌ത യേശുക്രിസ്‌തുവിന്റെ ശക്‌തി ജീവിതത്തില്‍ സംഭരിക്കുകയും ക്രിസ്‌തുവിന്റെ പ്രമാണങ്ങളും ഉപദേശങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യാതെ എത്ര ആര്‍ഭാടമായോ ആഹ്‌ളാദമായോ ഈസ്‌റ്റര്‍ ആഘോഷിച്ചാലും അതൊക്കെ വെറും ജലരേഖകളോ നീര്‍ക്കുമിളകളോ മാത്രമായി അവശേഷിക്കുന്ന സത്യം ക്രൈസ്‌തവര്‍ വിസ്‌മരിക്കരുത്‌.

റവ. ജോര്‍ജ്‌ മാത്യു പുതുപ്പള്ളി

Ads by Google
Sunday 16 Apr 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW