Thursday, April 19, 2018 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 16 Apr 2017 01.28 AM

കടലോരവാസികളുടെ കരുത്തില്‍ രാജാക്കന്മാരുടെ പുസ്‌തകം

uploads/news/2017/04/99723/sun2.jpg

ചോരമണക്കുന്നതായിരുന്നു നമ്മള്‍ ഇതുവരെ വായിച്ച രാജാക്കന്മാരുടെ പുസ്‌തകങ്ങള്‍. രാജ്യത്തിന്റെ അതിര്‌ വിസ്‌തൃതമാക്കാനും സുന്ദരിയായ രാജകുമാരിയെ സ്വന്തമാക്കാനും നിധിയും സ്വര്‍ണാഭരണവും പണവും തട്ടിയെടുക്കാനും രാജാക്കന്മാര്‍ നടത്തിയ പടയോട്ടങ്ങളായിരുന്നു ഈ പുസ്‌തകങ്ങളിലെ പ്രതിപാദ്യവിഷയം. അംബരചുംബികളായ കൊട്ടാരങ്ങളില്‍ എന്തിനും , ഏതിനും പരിചാരകരുമായി സുഖലോലുപതയില്‍ ജീവിച്ച രാജാക്കന്മാര്‍ക്ക്‌ ആനയും അമ്പാരിയും കുതിരയും കാലാള്‍പടയും എന്നും തുണയുണ്ടായിരുന്നു. നമ്മള്‍ കണ്ടും കേട്ടും പഠിച്ച രാജാക്കന്മാരുടെ പുസ്‌തകങ്ങളിലെ കഥകള്‍ ഇതെല്ലാമാണെങ്കില്‍ കെ.എ. സെബാസ്‌റ്റ്യന്‍ തീരദേശഭാഷയുടെ കരുത്തില്‍ എഴുതിയ രാജാക്കന്മാരുടെ പുസ്‌തകമെന്ന നോവലില്‍ ഈ രാജാക്കന്മാര്‍ സാധാരണ മനുഷ്യരാണ്‌. അസാധാരണമായ ജീവിതം നയിക്കുന്ന സാധാരണ മനുഷ്യര്‍. ചോരയ്‌ക്ക് പകരം പച്ചയായ ജീവിതത്തിന്റെ വിയര്‍പ്പ്‌ ഗന്ധമാണ്‌ ഈ പുസ്‌തകത്തിന്റെ താളുകളില്‍ നിന്ന്‌ ബഹിര്‍ഗമിക്കുന്നത്‌. ജീവിതത്തിലെ ഏത്‌ പ്രതിസന്ധികളോടും നേര്‍ക്കുനേര്‍നിന്നു പോരാടുന്ന, എന്തിന്‌ ദൈവത്തെ വരെ വെല്ലുവിളിക്കാന്‍ തക്ക കെല്‍പ്പുള്ള ഈ മനുഷ്യരെയാണ്‌ കെ.എ. സെബാസ്‌റ്റ്യന്‍ തന്റെ നോവലില്‍ രാജാക്കന്മാരായി വാഴ്‌ത്തുന്നത്‌. ജീവിതമെന്ന പടക്കളത്തിലായിരുന്നു ഇവര്‍ യുദ്ധം ചെയ്‌തത്‌. ജീവിക്കാനായിരുന്നു ഇവര്‍ പോരാട്ടങ്ങള്‍ നടത്തിയത്‌. അസ്വസ്‌ഥപ്പെടുത്തുന്ന ജീവിതവിധികള്‍ വന്ന്‌ വിളയാട്ടം നടത്തുമ്പോഴും അതിനെയെല്ലാം അതിജീവിച്ച്‌ പതറാതെ നില്‍ക്കുന്ന ഈ സാധാരണമനുഷ്യര്‍ മലയാളസാഹിത്യത്തിന്റെ ചരിത്രഭൂമികയില്‍ അടയാളപ്പെടുത്തേണ്ട കഥാപാത്രങ്ങളായി മാറുന്നത്‌ ഈ എഴുത്തുകാരന്റെ രചനാപാടവത്തിന്‌ തെളിവാണ്‌. ഇരുപത്‌ വര്‍ഷമാണ്‌ തന്റെ നോവലിന്റെ പൂര്‍ത്തീകരണത്തിനായി കെ.എ. സെബാസ്‌റ്റ്യന്‍ നീക്കിവച്ചത്‌. തന്റെ ആദ്യനോവലിന്റെ രചനയ്‌ക്കായി ക്ഷമയോടെ ഇത്രകാലം നീക്കിവച്ച എഴുത്തുകാരന്‍ രാജാക്കന്മാരുടെ പുസ്‌തകത്തിന്റെ പിറവിയെകുറിച്ച്‌ സംസാരിക്കുന്നു.

രാജാക്കന്മാരുടെ പുസ്‌തകത്തിന്റെ പിറവിയെക്കുറിച്ച്‌ പറയാമോ?

ഈ നോവല്‍ 1984 ല്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്‌ ഡിപ്ലോമയ്‌ക്ക് പഠിക്കുന്ന കാലത്തേ എന്റെ മനസിലുണ്ട്‌. ആ വര്‍ഷത്തിന്‌ ഒരുപാട്‌ പ്രത്യേകതകളുണ്ട്‌. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്‌ ഈ വര്‍ഷമാണ്‌. സുവര്‍ണ ക്ഷേത്രത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയതും എയ്‌ഡ്സ്‌ രോഗം മൂലം ഒരാള്‍ ലോകത്ത്‌ ആദ്യമായി മരിച്ചതും എത്യോപ്യയില്‍ പത്തുലക്ഷം പേര്‍ക്ക്‌ ക്ഷാമവും വറുതിയും മൂലം ജീവന്‍ നഷ്‌ടമാകുന്നതും ഇന്ത്യയില്‍ ഒരു ധനികനെയും ഇതുവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടില്ലെന്നും അവരെല്ലാം മികച്ച വക്കീലിനെക്കൊണ്ട്‌ വാദിച്ച്‌ രക്ഷപ്പെട്ടുവെന്ന്‌ അന്നത്തെ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ വൈ.വി. ചന്ദ്രചൂഢന്‍ പ്രസ്‌താവിച്ചതും ഇതേവര്‍ഷം തന്നെ. ഈ വാര്‍ത്തകളും സംഭവങ്ങളുമെല്ലാം എന്നെ ഒത്തിരി ചിന്തിപ്പിച്ചു . എന്റെ ജീവിതത്തിലും ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവവും ഈ വര്‍ഷം നടന്നു. ഈ കാലത്ത്‌ ഒരാളുമായി എനിക്ക്‌ അഭിപ്രായവ്യത്യാസമുണ്ടാവുകയും ഒന്ന്‌ ഉരസേണ്ടിവരികയും ചെയ്‌തു. എന്റെ ഗതികേടിന്‌ അയാള്‍ ഒരു ദിവസം മദ്യപിച്ച്‌ പാലത്തിലൂടെ വരുന്ന വഴി വീണു. അയാള്‍ മരിച്ചെന്നാണ്‌ നാട്ടില്‍ വാര്‍ത്ത പരന്നത്‌. അയാളുടെ വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ക്കുള്ള പന്തല്‍വരെകെട്ടി. എല്ലാവരുടെയും സംശയമുന എന്റെ നേര്‍ക്കായി. ഞാന്‍ വകവരുത്തിയതാണെന്നുവരെ ആളുകള്‍ പറഞ്ഞുപരത്തി. ഞാനുമായി യാതൊരു ബന്ധമില്ലായിരുന്നിട്ടും സമൂഹം മറ്റൊരു കണ്ണുകൊണ്ട്‌ എന്നെ നോക്കാന്‍ തുടങ്ങിയതോടെ ഞാനാകെ തകര്‍ന്നുപോയി. അന്നെനിക്ക്‌ ഇരുപതിനടുത്താണ്‌ പ്രായം. എന്റെ മാനസികനില വളരെ തകര്‍ന്ന അവസ്‌ഥയിലായി. ദൈവം അത്രനാളും എന്റെ പ്രതീക്ഷയായിരുന്നുവെങ്കിലും ജീവിതത്തില്‍ നടന്നുകൊണ്ടിരുന്ന കാര്യങ്ങള്‍ പ്രതീക്ഷയില്ലാത്ത കാത്തിരിപ്പിലാണ്‌ എന്നെ എത്തിച്ചത്‌. ഇത്തരം വ്യക്‌തിപരമായ അനുഭവങ്ങളാണ്‌ ഈ നോവലെഴുത്തിന്‌ പ്രേരണയായത്‌. ഈ നോവലിന്റെ അവസാനവും ഒരു കാത്തിരിപ്പാണ്‌. ഇത്രനാളും കണ്ടത്‌ ദൈവമല്ലെന്നും മറ്റൊരു ദൈവംവരുമെന്നുമുള്ള കാത്തിരിപ്പ്‌, അന്നെനിക്ക്‌ ജോലിയില്ല, സമ്പത്തില്ല, ആരോഗ്യമില്ല. അതില്‍ നിന്നെല്ലാം വിടുതല്‍ നേടുന്നത്‌ ഈ നോവല്‍ എഴുത്തിലൂടെയായിരുന്നു.

ഈ കാലത്തെ വായന എങ്ങനെയായിരുന്നു?

പത്ത്‌ വയസുമുതല്‍ കൈയില്‍ കിട്ടുന്ന എന്തും വായിക്കുമായിരുന്നു. ലൈബ്രറികളിലും വായനശാലകളില്‍ സ്‌ഥിരം സന്ദര്‍ശകനായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ സാഹിത്യ വായന ശക്‌തിപ്പെട്ടു. തകഴി, ബഷീറും ഇഷ്‌ടക്കാരായി. അതുംകഴിഞ്ഞ്‌ ഒ.വി. വിജയനിലെത്തി. അങ്ങനെ തലമുറകള്‍ മാറിക്കൊണ്ടിരുന്നു. സാഹിത്യത്തിലെ ഗതിമാറ്റങ്ങളെല്ലാം വായിച്ചറിഞ്ഞു. ചേര്‍ത്തല സെന്റ്‌ മൈക്കിള്‍ കോളജിലെ ലൈബ്രറിയാണ്‌ വായനയില്‍ വലിയ ദിശമാറ്റമുണ്ടാക്കിയത്‌. അപ്പോഴേക്കും ഖസാക്കിന്റെ ഇതിഹാസവും മയ്ഴിപ്പുഴയുടെ തീരങ്ങളുയം സ്‌മാരകശിലകളുമെല്ലാം വായിച്ച്‌ ഞാനതിന്റെ ആരാധകനായി മാറിയിരുന്നു. അതിലെ കഥാപാത്രങ്ങള്‍ പോലെ അനവധി ജീവിച്ചിരിക്കുന്ന മനുഷ്യര്‍ എന്റെ നാടായ ചെത്തിയിലും പരിസരപ്രദേശങ്ങളിലും കണ്ടുമുട്ടാറുണ്ടായിരുന്നു. അവരുമായി പരിചയമുണ്ടായിരുന്നു. അതിനൊപ്പം ഞങ്ങളുടെ തീരദേശം കഥകളുടെ ഒരു ഖനിതന്നെയായിരുന്നു. സംഘബോധം വളരെ കുടുതലായിരുന്നു നാട്ടുകാര്‍ക്ക്‌. അവരെല്ലാം തമാശകള്‍ പറയുന്നവരായിരുന്നു. കാരിക്കേച്ചര്‍ സ്വഭാവമുള്ള മനുഷ്യര്‍. വിദ്യാഭ്യാസം കൂടുതല്‍ ഉള്ളവര്‍ക്ക്‌ കൗശലപൂര്‍വം ഓരോന്നിനെയും മറച്ചുപിടിക്കാന്‍ കഴിയും. എന്നാല്‍ എന്റെ നാട്ടിലെ മനുഷ്യര്‍ അങ്ങനെയായിരുന്നില്ല. അവരില്‍ നിന്നാണ്‌ നോവലിലെ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്‌. പ്രധാനകഥാപാത്രമായ വാവയില്‍ ആത്മകഥാംശം ഏറെയുണ്ട്‌. മീന്‍ വില്‍ക്കുന്നവരും ചെത്തുകാരനും എല്ലാം നാട്ടിലുള്ളവര്‍ തന്നെ. ശിവരാമന്‍ വൈദ്യരും ചാഞ്ചന്‍ ജെയ്‌മിയുമെല്ലാം അതേപേരില്‍ തന്നെയാണ്‌ നോവലില്‍ പ്രത്യക്ഷപ്പെടുന്നത്‌.
ദൈവത്തെക്കുറിച്ച്‌ പുതിയൊരു കാഴ്‌ചപ്പാട്‌ നോവല്‍
പങ്കുവയ്‌ക്കുന്നുണ്ടല്ലോ?

ദൈവമെന്നത്‌ ഒരു പ്രതീക്ഷയാണ്‌. ആകാശംപോലെ. ആകാശംകണ്ട്‌ അതിനടുത്ത്‌ എത്തുമ്പോള്‍ അത്‌ അത്രതന്നെ പിന്നെയും ഉയരത്തിലാകും. എന്റെ കാഴ്‌ചപ്പാടില്‍ ദൈവം ഒരു വ്യക്‌തിയല്ല. യഥാര്‍ത്ഥ ദൈവം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇന്ന്‌ ഓരോ മതങ്ങള്‍ക്കും ഓരോ ദൈവങ്ങളാണ്‌. കൃഷ്‌ണന്‍, രാമന്‍, ബുദ്ധന്‍, യേശു എന്നിങ്ങനെ വ്യക്‌തി ദൈവങ്ങള്‍. എന്നാല്‍ അവര്‍ക്ക്‌ ഈ കാലഘട്ടത്തിലെ എല്ലാ ആവശ്യങ്ങളെയും നിറവേറ്റാന്‍ കഴിയില്ല. ദൈവമെന്ന സങ്കല്‍പ്പം ഇനിയും പിടിതരാതെയിരിക്കുന്നു. ഓരോ ദൈവങ്ങളുടെയും കാലം 5000, 2000, 1500 എന്നിങ്ങനെ കൊല്ലവര്‍ഷ കണക്കുകളില്‍ അടിസ്‌ഥാനമാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഈ സങ്കല്‍പ്പങ്ങള്‍ മാറേണ്ട കാലമായെന്ന്‌ ഞാന്‍ കരുതുന്നു. നോക്കൂ, ആദിവാസികള്‍ കല്ലുകളെയാണ്‌ ദൈവമായി ആരാധിക്കുന്നത്‌. അവരുടെ മനസിലുള്ള ആഗ്രഹങ്ങളെ കല്ലുകള്‍ നിറവേറ്റാതെയാകുമ്പോള്‍ അവര്‍ വേറെ കല്ലുകള്‍ തെരഞ്ഞെടുക്കുന്നു. അതുപോലെ ഇനിയും യഥാര്‍ത്ഥ ദൈവം വരാനിരിക്കുന്നുവെന്ന സങ്കല്‍പ്പത്തില്‍ നിന്നുമാണ്‌ നോവല്‍ അവസാനിക്കുന്നത്‌.

നോവലിന്റെ രചനാ കാലത്തെ കുറിച്ച്‌ പറയാമോ?

1984 ല്‍ തുടങ്ങിയെങ്കിലും 2004ലാണ്‌ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്‌. ഇരുപത്‌ വര്‍ഷമെടുത്തു നോവല്‍ ഇന്ന്‌ കാണുന്ന രൂപത്തിലാകാന്‍. എട്ടുതവണ തിരുത്തിയെഴുതി. അപ്പോഴേക്കും മൂന്ന്‌ കഥാസമാഹാരങ്ങള്‍ ഇറങ്ങി ഞാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യസമാഹാരമായ കര്‍ക്കിടകത്തിലെ കാക്കകള്‍ക്ക്‌ അക്കാദമിയുടെ അവാര്‍ഡും കിട്ടിയിരുന്നു. അങ്ങനെ ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ്‌ ഒരു ദിവസം കവിയും സുഹൃത്തുമായ രൂപേഷ്‌ പോള്‍ വീട്ടില്‍ വരുന്നത്‌. നോവലിലെ 'മകര വിപ്ലവ'മെന്ന അധ്യായം ഞാന്‍ രൂപേഷിന്‌ വായിക്കാന്‍ നല്‍കി. അത്‌ ഇഷ്‌ടമായ രൂപേഷ്‌ പോളാണ്‌ സമകാലിക മലയാളം വാരികയുടെ എഡിറ്ററായ എം.വി. ബെന്നിയോട്‌ നോവലിനെക്കുറിച്ച്‌ പറയുന്നത്‌. ഒരു ഉത്രാടം നാളില്‍ ബെന്നി വീട്ടില്‍ വരികയും നോവല്‍ വാങ്ങി കൊണ്ടുപോവുകയുമായിരുന്നു. വാരികയില്‍ അവര്‍ നോവല്‍ തുടങ്ങുന്ന കാര്യം കാട്ടി നല്ല പരസ്യം നല്‍കി. അപ്പോഴേക്കും തിരുത്തിയെഴുതലുകളിലൂടെ നോവലില്‍ ഗുണപരമായ മാറ്റങ്ങള്‍ അനവധി നടന്നു. എഡിറ്റിംഗ്‌ നന്നായി നടത്താന്‍ പറ്റി. 30 അധ്യായങ്ങളാണ്‌ നോവലില്‍ ഉണ്ടായത്‌. അന്നത്തെ മലയാളം വാരികയുടെ പത്രാധിപരായ എസ്‌. ജയചന്ദ്രന്‍ നായര്‍ ഒരു വാക്കുപോലും കളയാനില്ല നോവലിലെന്നു പറഞ്ഞത്‌ വലിയ അംഗീകാരമായി. എം.കെ. സാനു മാഷും, നരേന്ദ്രപ്രസാദും, പെരുമ്പടവുമെല്ലാം നോവലിനെക്കുറിച്ച്‌ നല്ല അഭിപ്രായം പറഞ്ഞു.

നോവലിലെ തീരദേശഭാഷയ്‌ക്ക് വളരെ കൈയടികള്‍ കിട്ടിയല്ലോ?
ഇന്നത്തെ തലമുറയ്‌ക്ക് ഈ ഭാഷ അന്യമാകുന്നുണ്ടോ?

എന്റെ വീടിന്റെ ജനല്‍ തുറന്നാല്‍ കാണുന്നത്‌ കടലാണ്‌. ഞാന്‍ ചെറുപ്പത്തിലേ ഈ ഭാഷ കേട്ടും സംസാരിച്ചുമാണ്‌ വളര്‍ന്നുവന്നത്‌. തീരദേശ ഭാഷയിലുള്ള അവഗാനം എഴുത്തില്‍ എനിക്ക്‌ ബലമാണ്‌. ഉദാഹരണം പറഞ്ഞാല്‍, ഞങ്ങളുടെ നാട്ടിലാരും മൃതദേഹമെന്നോ, ശവമെന്നോ പറയാറില്ല. 'പിണമെടുപ്പ്‌' എന്നാണ്‌ ശവമെടുപ്പിനെ പറയുന്നത്‌.
ഓരോ നാടിനും ഓരോ സംസ്‌കാരമുണ്ടല്ലോ?. എന്റെ നാടിന്റെ സംസ്‌കാരത്തെ തൊട്ടാണ്‌ ഞാന്‍ നോവല്‍ എഴുതിയിരിക്കുന്നത്‌. ഇന്നത്തെ തലമുറയില്‍ ഈ ഭാഷ ഉപയോഗിക്കുന്നവര്‍ കുറവാണ്‌. കാരണം എന്റെയെല്ലാം പിതാക്കന്മാര്‍ മീന്‍പിടുത്തക്കാരായിരുന്നു. ഇന്ന്‌ ആ തലമുറമാറി. മീന്‍പിടുത്തക്കാരുടെ സ്‌ഥാനത്ത്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ സ്‌ഥാനം പിടിച്ചു. ഇന്ന്‌ കുടുംബങ്ങളില്‍നിന്നും സമുദായത്തില്‍ നിന്നുമെല്ലാം ഭാഷ ഒളിപ്പിച്ചു വയ്‌ക്കുന്ന അവസ്‌ഥയാണുള്ളത്‌. തീരദേശത്തിന്റെ കഥപറയുന്ന സിനിമയില്‍പോലും യഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ ഉപയോഗിച്ച ഭാഷ പാലക്കാട്‌ കാണാന്‍ കഴിയില്ല. അവിടുത്തെ വെയിലും മഴയും എന്തിന്‌ കരിമ്പനയ്‌ക്ക് വരെ അവസ്‌ഥാന്തരം സംഭവിച്ചു. അതിന്റെ ഒരു ഭാഗം തന്നെയാണ്‌ തീരദേശ ഭാഷയുടെ കാര്യത്തിലും സംഭവിച്ചത്‌.
എന്തുകൊണ്ടാണ്‌ ഈ
പുസ്‌തകത്തിന്‌ 'രാജാക്കന്മാരുടെ പുസ്‌തക'മെന്ന്‌ പേരിട്ടത്‌? താങ്കളുടെ കഥകളുടെ പേരുകള്‍ വളരെ ശ്രദ്ധേയമാണല്ലോ?

ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരായ മനുഷ്യരാണ്‌. എങ്കിലും അവര്‍ നയിക്കുന്നത്‌ അസാധാരണമായ ജീവിതമാണ്‌. എന്റെ കാഴ്‌ചപ്പാടില്‍ ചരിത്രം സൃഷ്‌ടിക്കുന്നത്‌ ഒരിക്കലും രാജാക്കന്മാരല്ല. സാധാരണക്കാരാണ്‌. ഈ നോവലിലെ കഥാപാത്രങ്ങളായ അയ്യപ്പനാപ്പാപ്പനും മണികണ്‌ഠനും, അങ്കാപ്പുംഗാച്ചിയുമെല്ലാം ദൈവവുമായി കലഹിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരാണ്‌. സാധാരണക്കാരായി ജീവിക്കുമ്പോള്‍ തന്നെ അവരുടെ ജീവിതത്തില്‍ രാജകീയമായ മറ്റൊരു തലവുമുണ്ട്‌. ഈ മാനസികാവസ്‌ഥയില്‍ നിന്നാണ്‌ പുസ്‌തകത്തിന്‌ രാജാക്കന്മാരുടെ പുസ്‌തകമെന്ന്‌ പേരിട്ടത്‌.
പിന്നെ എന്ത്‌ എഴുതുമ്പോഴും രചനകള്‍ക്ക്‌ നല്ല പേരുവേണമെന്ന്‌ നിര്‍ബന്ധമുണ്ട്‌. ഞാന്‍ ചെറുപ്പകാലത്ത്‌ എഴുതിയ കഥയായ വയലറ്റ്‌ നിറമുള്ള പകലില്‍ പോലും ഞാനതിന്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. വയലറ്റ്‌ എന്ന നിറത്തിന്‌ ക്രിസ്‌ത്യാനികളുടെ ജീവിതവും മരണവുമായി വളരെ ബന്ധമുണ്ട്‌. ശവപ്പെട്ടിയില്‍, അച്ചന്‍മാരുടെ മേലങ്കിയില്‍, പ്രാര്‍ത്ഥനാപുസ്‌തകങ്ങളില്‍, എല്ലാം വയലറ്റുണ്ട്‌. എന്തിന്‌ മരിച്ചവരെ അടക്കം ചെയ്യുന്ന സെമിത്തേരിയില്‍ വരെ വലയറ്റ്‌ നിറമുള്ള ഒരു പൂവ്‌ നില്‍ക്കുന്നുണ്ട്‌. അടമ്പ്‌ എന്നാണ്‌ അതിന്റെ പേര്‌. അങ്ങനെയാണ്‌ ആ കഥയ്‌ക്ക് ഞാന്‍ വയലറ്റ്‌ നിറമുള്ള പകലെന്ന്‌ പേരിടുന്നത്‌. കര്‍ക്കിടകമാസത്തിലെ കാക്കകള്‍ക്ക്‌ അതിനും അനുയോജ്യമായ മറ്റൊരു പേരും കണ്ടെത്താനാകില്ല. അതുപോലെ തന്നെയാണ്‌ രാത്രികളുടെ രാത്രിയും എന്റെ മറ്റു കഥകളും.

പുതിയ നോവല്‍?

ഒരുവര്‍ഷത്തിലേറെയായി എഴുത്ത്‌ തുടങ്ങിയിട്ട്‌. അതിനിടയില്‍ അമ്മ മരിച്ചതോടെ നോവലെഴുത്ത്‌ കുറേകാലത്തേക്ക്‌ നിന്നുപോയി. ഇപ്പോള്‍ ഏറെക്കുറെ തീര്‍ന്നു. വലിയ ക്യാന്‍വാസിലുള്ള നോവലാണ്‌. നല്ലൊരു പേര്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. നമ്മള്‍ ജീവിക്കുന്ന ജീവിതം ഈ പ്രപഞ്ചത്തിന്റെ അതിവിശാലതയില്‍ ഇരുന്ന്‌ മറ്റൊരാള്‍ കാണുന്ന സ്വപ്‌നമാകാമെന്ന ചിന്തയിലാണ്‌ നോവല്‍ മുന്നോട്ടുപോകുന്നത്‌. കുറച്ച്‌ കഥാപാത്രങ്ങള്‍ മാത്രമാണ്‌ നോവലിലുള്ളത്‌. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലുടെയാണ്‌ നോവല്‍ വികസിക്കുന്നത്‌. നോവല്‍ രചനയ്‌ക്കുവേണ്ടി കഥയെഴുത്തില്‍നിന്ന്‌ ഞാന്‍ അവധിയെടുത്തിരിക്കുകയാണ്‌.

കുറേ വര്‍ഷം താങ്കള്‍ മൗനമായിരുന്നല്ലോ? സോഷ്യല്‍ മീഡിയയിലൂടെവരെ പലരും
അതേക്കുറിച്ച്‌ അന്വേഷിച്ചിരുന്നു?

ശരിയാണ്‌, രണ്ടായിരത്തിയെട്ടിനുശേഷം കഥകളെഴുതുവാന്‍ കഴിയാത്ത ചുറ്റുപാടിലായിരുന്നു ഞാന്‍. എഴുത്തിന്റെ ലോകത്തുനിന്നു ഞാന്‍ മാറിനടന്നു.
അതുമാറിയശേഷമാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'നിര്‍മലദന്തം' എഴുതിയത്‌. എന്തുകൊണ്ടാണ്‌ കെ.എ. സെബാസ്‌റ്റ്യന്‍ എഴുതുന്നില്ല എന്ന്‌ എന്നോടു ചോദിച്ച സുഹൃത്തുക്കള്‍ക്കും ഫെയ്‌സ്ബുക്കില്‍ അത്‌ ചര്‍ച്ചയാക്കിയ സുമനസുകള്‍ക്കും എന്നെ കോണ്‍ടാക്‌റ്റ് ചെയ്യാന്‍കഴിയാത്തതുകൊണ്ട്‌ പരസ്‌പരം ചോദിച്ച അജ്‌ഞാതരായ ചങ്ങാതിമാര്‍ക്കും ഞാന്‍ നന്ദി പറയുന്നു.
എന്തുകൊണ്ട്‌ എഴുതിയില്ല എന്ന്‌ എനിക്കും കൃത്യമായി അറിയില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം കഥകള്‍ സംഭവിക്കുന്നത്‌ ഭൂമിയിലെ ഏതെങ്കിലും മേശപ്പുറത്തല്ല. ദൈവവും മാലാഖമാരും പിശാചുക്കളും സര്‍പ്പങ്ങളും കര്‍ക്കിടകവാവിന്‌ പഴമുറം ചൂടിയെത്തുന്ന പരേതനും കടലിലെ പല്ലുംനഖവുമുള്ള ജാതികളും സംസാരിക്കുന്ന വൃക്ഷങ്ങളും വ്യാളികളും അണിനിരക്കുന്ന ഒരു രംഗവേദിയാണ്‌ എന്റെ എഴുത്തുമേഖല.
ഒരു സാധാരണ മനുഷ്യന്റെ ജീവിതം ജീവിച്ചും ലുങ്കിയുടുത്തും മസാലദോശ തിന്നും പ്രണയിച്ചും കലഹിച്ചും അരിയും മത്തിയും വാങ്ങിയും പഴയ പത്രങ്ങള്‍ വിറ്റും വിനയകുനയനായി എളിമപ്പെട്ടും അഹങ്കാരത്തോടെ നെഞ്ചുവിരിച്ചും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ കണ്ണുനിറഞ്ഞും ഒരു സാധാരണ മനുഷ്യനെപ്പോലെ ജോലി ചെയ്‌തും പിഴച്ചുപോകുന്നതിനിടയില്‍ മുകളില്‍ പറഞ്ഞ കഥാപാത്രങ്ങളെ ആരാണ്‌ എനിക്കു നല്‍കുന്നതെന്ന്‌ അറിയില്ല.
നികോസ്‌ കസാന്‍ ദ്‌ സാക്കിസിന്റെ 'അന്ത്യപ്രലോഭന'ത്തിലെ ഒരു രംഗം ഓര്‍മ്മവന്നു. ചുങ്കക്കാരനായതുകൊണ്ട്‌ യേശുവിന്റെ ശിക്ഷ്യനായ മത്തായിയെ മറ്റ്‌ പതിനൊന്നു ശിക്ഷ്യന്മാരും തീണ്ടാപ്പാടു കല്‍പിച്ച്‌ മാറ്റിനിര്‍ത്തുന്നു. ആള്‍കൂട്ടത്തില്‍ നിന്ന്‌ അകന്നുമാറി അയാള്‍ ഉറങ്ങുമ്പോള്‍ ഒരു കെട്ട്‌ ഓലയും നാരായവുമായി എത്തിയ കാവല്‍ മാഖാല മത്തായിയെ ഉണര്‍ത്തുന്നു. യേശുവിനോടൊത്തു കഴിഞ്ഞ ആ ദിവസത്തെ ഓലയിലേക്കു പകര്‍ത്തുവാന്‍ ആവശ്യപ്പെടുന്നു. കണക്കിന്റെ കളിയല്ലാതെ മറ്റൊന്നും അറിയാത്ത മത്തായി പതറിനില്‍ക്കുമ്പോള്‍ അയാളുടെ വിരലുകളുടെ ഇടയില്‍ നാരായം തിരിയാന്‍ തുടങ്ങുന്നു. ഓലകള്‍ അക്ഷരങ്ങളാല്‍ നിറയുന്നു. നിശബ്‌ദരാത്രിയെ നാരായത്തിന്റെ കരകരശബ്‌ദം ഭഞ്‌ജിക്കുന്നു.
നാല്‌ സുവിശേഷങ്ങളില്‍ ശ്രേഷ്‌ഠം മത്തായിയുടേതാണെന്ന്‌ ഇന്നുഘോഷിക്കപ്പെടുന്നു. പസോളിനി യേശുവിന്റെ ജീവിതത്തെ സിനിമയാക്കിയപ്പോള്‍ ഉപയോഗിച്ചത്‌ മത്തായിയുടെ സുവിശേഷമാണ്‌. ഗോസ്‌പല്‍ അക്കോര്‍ഡിങ്‌ ടു സെന്റ്‌ മാത്യു.
അതേ, ശീതകാലനിദ്രവിട്ട്‌ ഞാന്‍ ഉണരുകയാണ്‌. ഗ്രാഫിക്‌സില്‍ നെയ്‌തെടുത്തതുപോലെയുള്ള ഉഷസിനെ എനിക്കു കാണാം. കിളികള്‍ പാടുന്നതും കറുകപ്പുല്ലുകളില്‍ ഹിമം മൂക്കുത്തിപോലെ തിളങ്ങുന്നതും അനുഭവിക്കാന്‍ കഴിയുന്നുണ്ട്‌. കഥകളുമായി ഒരു കിഴക്കന്‍ കാറ്റുവന്ന്‌ എന്നെ സ്‌പര്‍ശിച്ചിട്ട്‌ കടന്നുപോകുന്നു. എനിക്ക്‌ ഇനി എഴുതാതിരിക്കാനാകില്ല.

എം.എ. ബൈജു

Ads by Google
Sunday 16 Apr 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW