Thursday, May 24, 2018 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 16 Apr 2017 01.08 AM

സിനിമയിലെ പ്രകൃതിയും പരിസ്‌ഥിതിയും

uploads/news/2017/04/99638/books2.jpg

സിനിമയെ സംബന്ധിച്ച നിരവധി പുസ്‌തകങ്ങള്‍ മലയാളത്തിലുണ്ട്‌. സിനിമയുടെ രീതിശാസ്‌ത്രങ്ങളും അവയുടെ അവലോകനങ്ങളും വ്യാഖ്യാനങ്ങളും എന്ന ചട്ടക്കൂടില്‍ ഒതുങ്ങുന്നവയാണ്‌ അവയെല്ലാം. അതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി സിനിമയിലെ പ്രകൃതിയെയും പരിസ്‌ഥിതിയെയും വിലയിരുത്തുന്ന പുസ്‌തകമാണ്‌ എ. ചന്ദ്രശേഖര്‍ എഴുതിയ "ഹരിത സിനിമ". മനുഷ്യന്‍, പ്രകൃതി, സിനിമ എന്നീ ത്രയങ്ങളെ ബന്ധിപ്പിച്ച്‌ നടത്തിയ അന്വേഷണങ്ങളും നിഗമനങ്ങളുമാണ്‌ ഇതിലെ ഉള്ളടക്കം.
പരിസ്‌ഥിതി സംബന്ധിച്ച പഠങ്ങള്‍ക്കും ചിന്തകള്‍ക്കും ഏറെ പ്രാധാന്യമുള്ള കാലമാണിത്‌. എല്ലാം പരിസ്‌ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഓരോ പ്രവൃത്തിയും പ്രകൃതിയെ ദ്രോഹിക്കാത്ത വിധത്തിലാവണമെന്നതാണ്‌ ലോകമെമ്പാടും ഭാവിയെക്കുറിച്ച്‌ ഉത്‌കണ്‌ഠയുള്ളവരുടെ ചിന്ത. ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന കലാരൂപമെന്ന നിലയില്‍ സിനിമയിലെ പരിസ്‌ഥിതി സന്ദേശങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌.
സിനിമയിലെ പാരിസ്‌ഥിതിക പ്രാതിനിധ്യത്തെ വിലയിരുത്തുന്ന ഹരിതപഠനങ്ങളും നിരൂപണങ്ങളും ലോകത്ത്‌ പല സര്‍വകലാശാലകളിലും നടക്കുന്നുണ്ട്‌. മലയാളത്തില്‍ ഇത്തരം പഠനം ഇതാദ്യം. 14 അധ്യായങ്ങളിലായാണ്‌ ഇതിലെ ഉള്ളടക്ക വിന്യാസം.
മലയാള സിനിമയില്‍ തുടക്കത്തില്‍ പ്രകൃതിയുടെ സാന്നിധ്യം തീരെ കുറവായിരുന്നു. വിഗതകുമാരനില്‍ സ്‌റ്റുഡിയോയ്‌ക്കു പുറത്തുള്ള രംഗങ്ങള്‍ വിരളം. അക്കാലത്തെ മദ്രാസില്‍ തങ്ങിനിന്ന മലയാള സിനിമയില്‍ പശ്‌ചാത്തലമായത്‌ എക്കാലവും സ്‌റ്റുഡിയോ ഫേ്ലാറുകളായിരുന്നു. സ്‌റ്റുഡിയോയ്‌ക്ക് വെളിയിലേക്ക്‌ മലയാള സിനിമയെ കൊണ്ടുവന്നതാവട്ടെ പ്രഗത്ഭനായ പി.എന്‍. മേനോനും.
കേവലം വാതില്‍പുറചിത്രീകരണം മാത്രമല്ല, പ്രകൃതിയുടെ ചിത്രീകരണമായി മലയാള സിനിമയില്‍ ദൃശ്യവത്‌കരിച്ചിട്ടുള്ളത്‌. പ്രണയത്തിന്റെയും രതിക്രീഡകളുടെയും ബലാത്സംഗത്തിന്റെയുമൊക്കെ സൂചനാ ദൃശ്യങ്ങള്‍ക്കും പണ്ടേ അവലംബം പ്രകൃതിദൃശ്യങ്ങളും വന്യമൃഗങ്ങളുടെ വേട്ടയാടലുമൊക്കെയായിരുന്നു.
വിഗതകുമാരന്‍ തിരശ്ശീലയിലെത്തുന്നതിന്‌ എട്ടുവര്‍ഷം മുന്‍പ്‌ 1922-ലായിരുന്നു നാനൂക്ക്‌ ഓഫ്‌ ദ്‌ നോര്‍ത്ത്‌ എന്ന ഇംഗ്ലീഷ്‌ സിനിമ പുറത്തിറങ്ങിയത്‌. ലോകത്തെ ആദ്യത്തെ പരിസ്‌ഥിതി സിനിമ ഇതാണെന്നു കരുതപ്പെടുന്നു. അവിടെത്തുടങ്ങിയ യാത്ര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ പരിസ്‌ഥിതി ലോകസിനിമയിലെ ചര്‍ച്ചാ വിഷയമായിരുന്നു പലപ്പോഴും. പരിസ്‌ഥിതി സംരക്ഷണം മാത്രം വിഷയമാക്കിയ സിനിമകളും പരിസ്‌ഥിതി പ്രധാന ഘടകങ്ങളായ ചിത്രങ്ങളും ഈ പട്ടികയില്‍ സ്‌ഥാനം പിടിച്ചു. ദ്‌ മൗണ്ടന്‍ റേഞ്ചേഴ്‌സ് ആദ്യ വിഭാഗത്തില്‍ പെടുമ്പോള്‍ കാസ്‌റ്റ് എവേയും ലൈഫ്‌ ഓഫ്‌ പൈയും രണ്ടാമത്തേതിലാണ്‌.
ഇങ്ങനെ രാജ്യാന്തര ചിത്രങ്ങളും ഇന്ത്യന്‍ ചിത്രങ്ങളും മലയാള സിനിമകളും ഈ പുസ്‌തകത്തില്‍ ഇടം നേടുന്നു. ഒരാള്‍പൊക്കം, ഒറ്റാല്‍, ജലമര്‍മരം, വീട്ടിലേക്കുള്ള വഴി, കാഞ്ചനസീത എന്നിങ്ങനെ പ്രകൃതിയെ കവിതപോലെ പ്രേക്ഷകര്‍ക്കിടയിലേക്കെത്തിച്ച അനേകം സിനിമകള്‍ ഇതില്‍ പ്രതിപാദ്യവിഷയമാകുന്നു.
പകൃതി മാറി മൃഗങ്ങളിലേക്ക്‌ എത്തുമ്പോള്‍ ആന വളര്‍ത്തിയ വാനമ്പാടിയും ഗുരുവായൂര്‍ കേശവനുമൊക്കെ പ്രതിപാദിക്കപ്പെടുന്നു. ഇങ്ങേയറ്റത്ത്‌ സി.ഐ.ഡി. മൂസയും റിങ്ങ്‌ മാസ്‌റ്ററും വരെ ഈ പുസ്‌തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുവെന്നത്‌ ഹരിതസിനിമ ഒളിപ്പിച്ചു വച്ചിരിക്കുന്ന വിവിധ കൗതുകങ്ങളില്‍ ഒന്നുമാത്രമാണ്‌.

ഹരിത സിനിമ
എ. ചന്ദ്രശേഖര്‍
ഒലിവ്‌ പബ്ലിക്കേഷന്‍സ്‌
വില: 180 രുപ

Ads by Google
Sunday 16 Apr 2017 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW