Thursday, August 10, 2017 Last Updated 25 Min 36 Sec ago English Edition
Todays E paper
Sunday 16 Apr 2017 01.08 AM

അനുഭവങ്ങള്‍ പാകിയ അടുക്കളപ്പുസ്‌തകം

uploads/news/2017/04/99637/books1.jpg

ഒരുകൂട്ടം വനിതകള്‍ അവരുടെ സ്വപ്‌നങ്ങളെ അക്ഷരങ്ങളായി നട്ടുവളര്‍ത്തി. ഒരു വര്‍ഷത്തോളം കാത്തിരുന്നു, ഒടുക്കം ആ അക്ഷരത്തോട്ടത്തിന്‌ ഞങ്ങളുടെ അടുക്കളപുസ്‌തകം എന്നു പേരിട്ട്‌ വായനക്കാരിലേക്കിറക്കി. മലയാളികള്‍ ഇരുകരങ്ങളും നീട്ടി ആ പുസ്‌തകത്തെ നെഞ്ചോടു ചേര്‍ത്തപ്പോള്‍ മലയാള സാഹിത്യലോകത്തിന്‌ അടുക്കളപ്പുസ്‌തകം വേറിട്ടൊരു വായനാനുഭവമായി മാറി. അന്‍പതു വനിതകള്‍ ചേര്‍ന്നെഴുതിയ പുസ്‌തകത്തില്‍ കഥകള്‍, കവിതകള്‍ മുതല്‍ അനുഭവ കുറിപ്പുകള്‍വരെയുണ്ട്‌.
"ഫ്രം ദ ഗ്രാനൈറ്റ്‌ ടോപ്പ്‌" എന്ന വനിതാ കൂട്ടായ്‌മയില്‍ നിന്നാണ്‌ ഞങ്ങളുടെ അടുക്കളപ്പുസ്‌തകം എന്ന കൃതിയുടെ പിറവി. എന്തുകൊണ്ടാണ്‌ ഞങ്ങളുടെ അടുക്കളപ്പുസ്‌തകം എന്നു പേരിട്ടതെന്നു ചോദിച്ചാല്‍ സ്‌ത്രീകളുടെ സ്വപ്‌നനേട്ടത്തിന്‌ ഇതിലും നല്ലപേരെന്താണെന്ന്‌ ഇവര്‍ തിരിച്ചു ചോദിക്കും. കഥകളും കവിതകളും അനുഭവങ്ങളും ചേര്‍ത്തെഴുതിയ പുസ്‌തകത്തില്‍ മലയാള സ്‌ത്രീയുടെ ഒരു രേഖാചിത്രം തന്നെ നമുക്കു വായിച്ചെടുക്കാനാകും. എഴുത്തിന്റെ മുന്‍പരിചയങ്ങളില്ലാത്ത അന്‍പതു സ്‌ത്രീകളാണ്‌ ഇവിടെ അക്ഷരങ്ങള്‍കൊണ്ട്‌ പര്‍ണശാലകള്‍ പണിതിരിക്കുന്നത്‌. ഞങ്ങളുടെ അടുക്കളപ്പുസ്‌തകം എന്ന കൃതിയെയും അതിന്റെ പിറവിക്കു കാരണക്കാരായ എഴുത്തുകാരികളെയും അടുത്തറിയണമെങ്കില്‍ സമയരഥത്തെ ഒരുവര്‍ഷം പിന്നോട്ട്‌ തിരിക്കണം.

ഫ്രം ദ ഗ്രാനൈറ്റ്‌ ടോപ്പ്‌

2016ലെ വനിതാ ദിനം, കാനഡയില്‍ താമസിക്കുന്ന സുനിത ദേവദാസ്‌ എഴുതിയ ഫേസ്‌ബുക്ക്‌ കുറിപ്പിനോട്‌ വന്ന പ്രതികരണങ്ങളുടെ തുടര്‍ച്ചയില്‍ സ്‌ത്രീകളുടേതു മാത്രമായൊരു ഗ്രൂപ്പ്‌ രൂപപ്പെട്ടു, ഫ്രം ദ ഗ്രാനൈറ്റ്‌ ടോപ്പ്‌ എന്നാണ്‌ ഗ്രൂപ്പിന്‌ പേരിട്ടത്‌. വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ അടയ്‌ക്കപ്പെട്ടവര്‍ മുതല്‍ ലോകത്തിന്റെ നാനാതുറകളില്‍ ജീവിക്കുന്നവര്‍ വരെ ആ പെണ്‍കൂട്ടായ്‌മയില്‍ ഉണ്ടായിരുന്നു. തങ്ങളുടെ ജീവിതവും അനുഭവവുമെല്ലാം ആ കൂട്ടുകാര്‍ പതിവായി പങ്കുവച്ചു. പ്രതികരിക്കാനാകാതെ സഹിക്കേണ്ടി വരുന്ന ജീവിത പ്രശ്‌നങ്ങളെക്കുറിച്ചും മോഹങ്ങളെക്കുറിച്ചുമെല്ലാം അവര്‍ അവിടെ പറഞ്ഞു തുടങ്ങി. സന്തോഷങ്ങളും ദു:ഖങ്ങളും എല്ലാം പങ്കുവച്ചു.

ആദ്യ വാര്‍ഷികം

പെണ്‍കൂട്ടായ്‌മയുടെ ആദ്യ വാര്‍ഷികം തിരുവനന്തപുരത്ത്‌ ആഘോഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ കാലം ഓര്‍ത്തിരിക്കുന്നൊരു നേട്ടം വേണമെന്ന്‌ പറഞ്ഞതും ഗ്രൂപ്പിന്റെ സ്‌ഥാപകയായ സുനിത ദേവദാസാണ്‌. പരസ്‌പരം ആശയങ്ങള്‍ കൈമാറി ഒടുക്കം പുസ്‌തകമെന്നൊരു തീരുമാനത്തിലേക്ക്‌ എത്തുകയായിരുന്നു. അന്നോളം പേജില്‍ ഇടം പിടിച്ച സാഹിത്യ സൃഷ്‌ടികളിലൂടെ ഗ്രൂപ്പ്‌ അംഗങ്ങള്‍ പലകുറി യാത്ര ചെയ്‌തു. ഒടുക്കം എല്ലാവരുടെയും അംഗീകാരം നേടിയ അന്‍പത്‌ വനിതകളുടെ അന്‍പത്‌ കൃതികള്‍ കണ്ടെത്തി. അധികം കാത്തിരിക്കാതെ തന്നെ അവരുടെ സ്വപ്‌നം പുസ്‌തകമായി പുനര്‍ജനിച്ചു. ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍, കൂട്ടായ്‌മയുടെ അദ്യ വാര്‍ഷികത്തില്‍ അവരുടെ മോഹത്തിന്റെ പ്രകാശനം എം. സ്വരാജ്‌ എം.എല്‍.എ. വി.ടി. ബല്‍റാം എം.എല്‍.എക്കു നല്‍കി നിര്‍വഹിച്ചു. ഇന്നത്‌ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായ ഇടം പിടിച്ചിരിക്കുകയാണ്‌, ഒപ്പം വായനക്കാരുടെ മനസിലും.

സ്വത്വം കണ്ടെത്തിയ എഴുത്തുകാര്‍

ഒരു തുറയിലെ കൂട്ടുകാരല്ല ഗ്രൂപ്പിലെ അംഗങ്ങള്‍. വീട്ടമ്മമാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹികപ്രവര്‍ത്തകര്‍, നേഴ്‌സുമാര്‍, ഡോക്‌ടര്‍മാര്‍, ഐടി വിദഗ്‌ധര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ അങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. അതില്‍ പലരും സാമൂഹിക മാധ്യമങ്ങളില്‍ കാഴ്‌ചക്കാര്‍ മാത്രമായിരുന്നു. അവരെ എഴുത്തുകാരും സാമൂഹിക ജീവികളുമാക്കി തീര്‍ത്തത്‌ ഈ പെണ്‍കൂട്ടായ്‌മയാണ്‌. സ്വന്തം നിലപാട്‌ ആരോടും പറയാനുള്ള തന്റേടം ലഭിച്ചതാണ്‌ ഈ കൂട്ടായ്‌മയുടെ വിജയമായി ഇവര്‍ പറയുന്നത്‌. ഒരു തരത്തില്‍ ഞങ്ങളുടെ സ്വത്വം കണ്ടെത്തുകയായിരുന്നു ഇതിലൂടെ ഞങ്ങള്‍. വായനക്കാരെ എഴുത്തുകാരാക്കി മാറ്റുക എന്നത്‌ ചെറിയ കാര്യമല്ലെന്ന്‌ ഈ കൂട്ടായ്‌മ വിശ്വസിക്കുമ്പോള്‍ ആ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. കാരണം അവരുടെ മോഹങ്ങളുടെ ജീവിക്കുന്ന സാന്നിധ്യമായി ഞങ്ങളുടെ അടുക്കളപുസ്‌തകം നമുക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്‌.

ചരിത്രത്തില്‍ രേഖപ്പെടും

സാമൂഹിക മാധ്യമത്തില്‍ മലയാളി സ്‌ത്രീകള്‍ ഒരു കൂട്ടായ്‌മ രൂപീകരിക്കുകയും അവിടെ സംവാദങ്ങള്‍ക്കായി ഒരു സ്വകാര്യ ഇടം കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ പൂര്‍ത്തീകരണമാണീ പുസ്‌തകം. മലയാള സ്‌ത്രീകളുടെ ചരിത്രം തിരയുമ്പോള്‍ ഫ്രം ദ ഗ്രാനൈറ്റ്‌ ടോപ്പും ഞങ്ങളുടെ അടുക്കളപ്പുസ്‌തകം എന്ന കൃതിയും സ്‌മരിക്കപ്പെടും. കാരണം ഇതില്‍ എഴുതിയ പലര്‍ക്കും അക്ഷരങ്ങളും ആശയങ്ങളും കയ്യെത്തിപിടിക്കുന്നതിനും ഒരുപാട്‌ അകലത്തിലായിരുന്നു. എന്തൊക്കെയാണു നിങ്ങളീ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്‌തതെന്നു ചോദിച്ചാല്‍ ഇവര്‍ പറയും ആകാശത്തിനു കീഴിലുള്ള എല്ലാത്തിനെയും കുറിച്ചെന്ന്‌. ഇവരുടെ ചര്‍ച്ചകളും എഴുത്തുകളുമൊന്നും പാഴായില്ല എന്നതിനു തെളിവാണ്‌ ഞങ്ങളുടെ അടുക്കളപ്പുസ്‌തകമെന്ന കൃതി.

അലന്‍ വണ്ടാനത്ത്‌

Ads by Google
Sunday 16 Apr 2017 01.08 AM
YOU MAY BE INTERESTED
TRENDING NOW