Tuesday, May 22, 2018 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 15 Apr 2017 01.03 PM

തമ്മിലടിച്ച് തകരുന്ന യാദവകുലമായി ഇടതുമുന്നണി മാറുമോ?

രണ്ടുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കത്തിന്റെ ആഴവും പരപ്പും കിടക്കുന്നത് ആശയത്തിലോ ഒന്നുമല്ല. സ്വന്തം നിലനില്‍പ്പിലാണെന്നതാണ് സത്യം. ആരാണ് ഇവിടെ യഥാര്‍ത്ഥ ഇടതുപക്ഷം എന്ന വിശകലനമാണ് ഇരുകക്ഷികളും നടത്തുന്നത്. തങ്ങളാണ് ഇടതുപക്ഷം എന്നത് സ്ഥാപിച്ചെടുക്കാനുള്ള കടുത്ത വ്യഗ്രതയിലാണ് സി.പി.ഐ.
cpi vs cpm

മഹാഭാരതയുദ്ധം കഴിഞ്ഞ് അതിന്റെ കാരണക്കാരന്‍ എന്ന നിലയില്‍ നൂറ്റവരുടെ മാതാവായ ഗാന്ധാരി ശ്രീകൃഷ്ണന് നല്‍കിയ ശാപമാണ് യാദവകുലം തമ്മിലടിച്ച് മരിക്കുകയെന്നത്. അതിനു മുമ്പും പിന്നിലുമായി ഇതിന് ഉപോല്‍ബലകമായ പല സംഭവങ്ങളും മഹാഭാരതത്തില്‍ പ്രതിപാദിക്കുന്നുമുണ്ട്. മഹാഭാരതം വെറുമൊരു ഭാവനാ സൃഷ്ടിയല്ലെന്നും എന്നും അധികാരത്തിനോടുള്ള അമിതാവേശം സൃഷ്ടിക്കുന്ന പകയുടെയും യുദ്ധത്തിന്റെയൂം കഥയാണെന്നും വിമര്‍ശകര്‍ പറയാറുണ്ട്. നൂറ്റാണ്ടുകാലത്തെ ഭാരതവര്‍ഷത്തിലെ സഞ്ചാരമാണ് ആ മഹദ്കൃതിക്ക് ആധാരമായതെന്നും ചിലര്‍ വിവക്ഷിക്കുന്നുണ്ട്. മഹാഭാരതത്തിനെക്കുറിച്ച് ഒരു വിശദമായ പഠനം നടത്തുകയല്ല, ഇവിടെ ലക്ഷ്യം. ചില ആനുകാലിക സംഭവങ്ങള്‍ കാണുമ്പോള്‍ മഹാഭാരതം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണോയെന്ന സംശയമാണ് ഈ ചിന്തകളിലേക്ക് നയിക്കുന്നത്.

ഇന്ന് നമ്മുടെ ഭരണമുന്നണിയിലെ പടലപിണക്കങ്ങളുടെ ആകെത്തുകയാണ് മഹാഭാരതത്തിന്റെ ചില ഏടുകളിലേക്ക് മനസിനെ പായിക്കുന്നത്. മൂപ്പിളമതര്‍ക്കത്തില്‍ അങ്കത്തട്ടില്‍ പൊരുതിമരിച്ച ചേകവന്മാരുടെ സ്ഥിതിയിലാണ് ഇന്ന് സര്‍ക്കാര്‍. വടക്കന്‍പാട്ടുകളില്‍ തീയതിയും സ്ഥലവും നിശ്ചയിച്ച് അങ്കം കുറിച്ചിരുന്നെങ്കില്‍ ഇവിടെ എല്ലാം ഗറില്ലാമുറയിലാണ്, എപ്പോള്‍ വേണമെങ്കിലും എങ്ങനെവേണമെങ്കിലും ആഞ്ഞടിച്ച് പൊരുതിമരിച്ചുവീഴാം എന്നതാണ് സ്ഥിതി.

ഭരിക്കുന്ന മുന്നണികളിലെ പടലപിണക്കങ്ങള്‍ കേരളത്തിന് പുത്തരിയല്ല. അത് യു.ഡി.എഫിന്റെയും ഇടതുമുന്നണിയുടെയും കാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഭരിക്കുന്ന മുന്നണിയിലെ രണ്ടുപ്രമുഖ പാര്‍ട്ടികള്‍ തമ്മില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പോര് എല്ലാ സീമകളും ലംഘിക്കുന്നതാണ്. ഇടതുമുന്നണിയുടെ ചരിത്രത്തില്‍ ഇത്ര കെട്ടുറപ്പില്ലാത്ത ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല എന്നു പറയാം. ആരു വലിയവന്‍ ആരു ചെറിയവന്‍ എന്ന ചോദ്യമാണ് ഇവിടെ തമ്മില്‍ തല്ലിന്റെ ആധാരം.

പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ജനങ്ങള്‍ വളരെ ആശയോടെയും ആവേശത്തോടെയുമാണ് ഇടതുമുന്നണി സര്‍ക്കാരിനെ തെരഞ്ഞെടുത്ത് വിട്ടത്. എന്നാല്‍ ഇന്ന് ജനങ്ങളില്‍ ആ ആശയും ആവേശവുമുണ്ടോയെന്നത് ചിന്തിക്കേണ്ട കാര്യമാണ്. കഴിഞ്ഞ വി.എസ്. സര്‍ക്കാരിനെ വലച്ചത് സി.പി.എമ്മിനുള്ളിലെ വിഭാഗീയതയായിരുന്നെങ്കില്‍ ഇവിടെ ഈ സര്‍ക്കാരിന്റെ അന്തകനാകുന്നത് മുന്നണിയിലെ തമ്മില്‍ തല്ലാണ്.

മുന്നണി സംവിധാനം എന്നുപറയുമ്പോള്‍ അതില്‍ വിവിധ സ്വഭാവങ്ങളിലുള്ള കക്ഷികളാണ് ഉണ്ടാകുക. അത്തരം ഒരുസംവിധാനത്തിന്റെ സ്വഭാവം എല്ലായിടത്തും ഒരുപോലെ ആകണമെന്നുമില്ല. അഭിപ്രായഭിന്നതകള്‍ ഉണ്ടാകും. പക്ഷേ അത് പരസ്പരം പറഞ്ഞുതീര്‍ത്ത് ഒരു തീരുമാനത്തോടെ മുന്നോട്ടുപോകുന്നതാണ് മുന്നണിഭരണത്തില്‍ സംഭവിക്കേണ്ടത്. സാധാരണ ഇടതുമുന്നണിയുടെ ഭരണകാലത്ത് അത്തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതും. യു.ഡി.എഫില്‍ സ്ഥിതി വ്യത്യസ്തമാണ്. അവര്‍ തെരുവിലാണ് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നത്. പക്ഷേ അതുകൊണ്ട് ആ മുന്നണിക്ക് വലിയ ദോഷം ഉണ്ടാകാറില്ല. എന്തെന്നാല്‍ അതിന് ഒരു നിയതമായ സ്വഭാവമില്ല എന്നതുതന്നെ കാരണം. ഇന്ന് അടിച്ച് നാളെ ഒന്നാകാന്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ല.

പക്ഷേ ഇടതുമുന്നണിയുടെ കാര്യം അതല്ല, നിയതമായ സംഘടനാസംവിധാനത്തിന്റെയും വ്യക്തമായ ആശയങ്ങളുടെയും അടിസ്ഥാനത്തിലാണ് ആ പാര്‍ട്ടികള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് അവര്‍ തമ്മിലുണ്ടാകുന്ന ഏത് പിണക്കവും മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്നതാകും. ഇതിന് നമ്മുടെ മുന്നില്‍ പല ഉദാഹരണങ്ങളുമുണ്ട്. 1967ലെ സപ്തകക്ഷിമുന്നണി മന്ത്രിസഭയില്‍ ഇത്തരത്തിലുണ്ടായ അഭിപ്രായഭിന്നതായണ് പിന്നീട് സി.പി.എമ്മും സി.പി.ഐയും രണ്ടു മുന്നണിയിലാകുന്നതിന് കാരണമായത്. 1980 കളില്‍ പിന്നീട് തങ്ങളുടെ മുഖ്യമന്ത്രി പദം പോലും ത്യാഗം ചെയ്ത് സി.പി.ഐ ആ ബന്ധം വിളക്കിചേര്‍ക്കുകയും ചെയ്തു. അതിനുശേഷം ശാന്തമായി തന്നെയാണ് പോയിരുന്നത്.

എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള കലഹം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിനില്‍ക്കുകയാണ്. പോകുന്നെങ്കില്‍ പോകട്ടെ എന്ന തരത്തിലുള്ള വെല്ലുവിളികള്‍ പോലും രണ്ടു പാര്‍ട്ടികളും പരസ്പരം നടത്തുന്ന സ്ഥിതിയില്‍വരെ കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. സര്‍ക്കാരിനെ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമാക്കിയാണ് സി.പി.ഐയുടെ ആക്രമണം എന്നാണ് സി.പി.എമ്മിന്റെ വാദം. സി.പി.എം വല്യേട്ടന്‍ ചമയുകയാണെന്ന് സി.പി.ഐയും. എന്തായാലും രണ്ടും നല്ലതിനല്ല.

രണ്ടുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കത്തിന്റെ ആഴവും പരപ്പും കിടക്കുന്നത് ആശയത്തിലോ ഒന്നുമല്ല. സ്വന്തം നിലനില്‍പ്പിലാണെന്നതാണ് സത്യം. ആരാണ് ഇവിടെ യഥാര്‍ത്ഥ ഇടതുപക്ഷം എന്ന വിശകലനമാണ് ഇരുകക്ഷികളും നടത്തുന്നത്. തങ്ങളാണ് ഇടതുപക്ഷം എന്നത് സ്ഥാപിച്ചെടുക്കാനുള്ള കടുത്ത വ്യഗ്രതയിലാണ് സി.പി.ഐ. അതാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നത്.

ഇതാണ് പരസ്പരം പല്ലിടകുത്തിയുളള മണപ്പിക്കലിനും പോരിനും വഴിവയ്ക്കുന്നത്. ഇത്തരത്തില്‍ കടുത്ത ഇടതുപക്ഷ സ്വഭാവം പ്രകടിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്്റ്റ് പ്രസ്ഥാനങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കിയത്. കമ്മ്യൂണിസറ്റ്‌റ് പാര്‍ട്ടികളുടെ പിളര്‍പ്പും പിന്നീട് നക്‌സല്‍-മാവോയിസ്റ്റ് മൂവ്‌മെന്റുകളുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം ദൃഷ്ടാന്തങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഈ രണ്ടുകക്ഷികളും തമ്മില്‍ നടത്തുന്ന പരസ്യപോര് മുന്നണിയുടെ സാദ്ധ്യതകള്‍ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്ന തരത്തിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്.

അടിയന്തിരാവസ്ഥയും രാജന്റെ ഉരുട്ടികൊലയും വി.എസിന്റെ കാലത്തെ മൂന്നാര്‍ ഒഴിപ്പിക്കലും തുടങ്ങി, പഴയ വിഴുപ്പുഭാണ്ഡങ്ങള്‍ ഇരു കക്ഷികളും അഴിച്ചുതുടങ്ങിയിട്ടുണ്ട്. നേതാക്കളായ സേനാനായകര്‍ക്ക് പുറമെ അണികളായ കാലാള്‍ പടയും പോരിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇത് മുന്നണിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി വളരുകയാണ്. മുന്നണിയുടെ പ്രശ്‌നം എന്നുപറയുമ്പോള്‍ ഭരണം കൈയാളുന്ന രണ്ടു കക്ഷികളുടെ മാത്രം വിഷയമല്ല, അത്. അത് കേരളത്തിലെ ഭരണത്തെതന്നെ സാരമായി ബാധിക്കുന്നുണ്ട്. പല തീരുമാനങ്ങളും സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, എടുത്തവ നടപ്പാക്കാനുമാകുന്നില്ല. വല്ലാത്ത ഭരണസ്തംഭനത്തിലാണ് സര്‍ക്കാര്‍. പാളയത്തില്‍ നിന്നുതന്നെ തയാറെടുക്കുന്ന പടയെ നേരിടുകയല്ലാതെ മറ്റൊന്നിനും അവര്‍ക്ക് സമയമില്ല.

ഇത് കേരളത്തിന്റെ സ്ഥിതി വളരെ മോശമാക്കുകയാണ്. പല തരത്തിലുള്ള ഭീഷണി ഇന്ന് നാട്ടില്‍ ഉയരുന്നുണ്ട്. കേരളം അതില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്നതിന്റെ ഒരുകാരണം ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യവുകൂടിയായിരുന്നു. അവ ദുര്‍ബലമാകുന്നതോടെ പലതരത്തിലുള്ള സാമൂഹിക വിധ്വംസക ശക്തികളും ഇവിടെ വേരുറപ്പിക്കും. ഇപ്പോള്‍ തന്നെ അത് ഏറെക്കുറെ പ്രകടവുമാണ്. സി.പി.എം.-സി.പി.ഐ എന്നീ കഷികള്‍ തമ്മില്‍ ഇനിയും അഭിപ്രായഭിന്നത മൂര്‍ച്ഛിച്ചാല്‍ അത് ഇടതുമുന്നണിയുടെ നാശത്തിന്റെ വിത്തുപാകലാകും. തമ്മില്‍ അകലുന്ന മനസുകളെ പിന്നെ ഒരിക്കലും യോജിപ്പിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയുണ്ടാകും. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ ബംഗാള്‍ ആവര്‍ത്തിക്കാന്‍ അധികംനാള്‍ വേണ്ടിവരില്ല. ഇപ്പോള്‍ വേണ്ടത് തിരച്ചറിവിന്റെ രാഷ്ട്രീയമാണ്. അതിന് തയാറാകാതാതെ സ്വന്തം നിലനില്‍പ്പിന് വേണ്ടി പോരടിച്ചാല്‍ യാദവകുലത്തിന്റെ ഗതിതന്നെ ഇടതുമുന്നണിക്കും ഉണ്ടാകും.

Ads by Google
Ads by Google
Loading...
TRENDING NOW