Saturday, April 07, 2018 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 13 Apr 2017 04.27 PM

ഇലയിട്ടു; വിളമ്പിയില്ല

uploads/news/2017/04/99293/Weeklyabi130417.jpg

വൈറ്റിലയില്‍ കായലിനരികെ എന്റെ സുഹൃത്തിന് മനോഹരമായ ഒരു ഫ്‌ളാറ്റുണ്ട്. അത് നോക്കിനടത്താന്‍ ഏല്‍പ്പിച്ചത് എന്നെയായിരുന്നു. ഇടയ്ക്ക് സ്‌കിറ്റെഴുതണമെന്ന് തോന്നുമ്പോഴൊക്കെ ഞാനവിടെപ്പോയി താമസിക്കും.

എഴുതാനുള്ള അന്തരീക്ഷമുള്ള, തികച്ചും ശാന്തമായ ഒരിടമാണത്. സിനിമയിലെ പലര്‍ക്കും ഇക്കാര്യം അറിയാം.
ഒരു ദിവസം തിരക്കഥാകൃത്തായ ടി.എ.ഷാഹിദ് വിളിച്ചു.

''താന്തോന്നി എന്ന സിനിമയാണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. തിരക്കഥയെഴുതാനായി ആ ഫ്‌ളാറ്റൊന്ന് വിട്ടുതരാമോ?''
ഞാന്‍ സമ്മതിച്ചു. ഷാഹിദ് അവിടെയിരുന്ന് തിരക്കഥയെഴുതിത്തുടങ്ങി. ഒരു വൈകുന്നേരം ചെന്നപ്പോള്‍, ഷാഹിദ് പഴയകാര്യങ്ങളൊക്കെ പറഞ്ഞു.

''അബിക്ക, നിങ്ങളെയെനിക്ക് ഇഷ്ടമായിരുന്നു. പ്രോഗ്രാം കാണാനായി എവിടെയൊക്കെ വന്നിട്ടുണ്ടെന്നറിയ്വോ? ഒന്നു കാണാനും സംസാരിക്കാനും തൊടാനും ആഗ്രഹമായിരുന്നു.

നിങ്ങളെപ്പോലുള്ള കലാകാരന്‍മാര്‍ക്ക് സിനിമയില്‍ അര്‍ഹിക്കുന്ന റോളുകള്‍ കിട്ടാത്തതില്‍ എനിക്കും വിഷമമുണ്ട്. സിനിമയില്‍ കമ്പനിയില്ലാത്തതാണ് അബിക്കയ്ക്ക് പറ്റിയ കുഴപ്പം.''

എല്ലാം കേട്ട് ചിരിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല. ഷാഹിദാണെങ്കില്‍ വിടുന്ന മട്ടില്ല.
''താന്തോന്നിയില്‍ അബിക്കയ്ക്ക് മികച്ചൊരു റോളുണ്ട്. നായകന്‍ പൃഥ്വിരാജാണ്. മെയിന്‍ വില്ലനായി അബിക്കയെയാണ് കണ്ടുവച്ചിരിക്കുന്നത്.''

ഞാനാകെ ത്രില്ലടിച്ചുപോയി. സിനിമയില്‍ വേറിട്ടൊരു വേഷം കിട്ടുകയാണല്ലോ എന്നോര്‍ത്ത് അതിയായി സന്തോഷിച്ചു.
''കോമഡി മാത്രമല്ല, സീരിയസ്സും വഴങ്ങുമെന്ന് അബിക്ക തെളിയിക്കണം.''

എന്നു പറഞ്ഞപ്പോള്‍, ജ്ഞാനശീലന്റെ 'മായാമാധവം' സീരിയലില്‍ വില്ലന്‍ വേഷം ചെയ്തതിന്റെ വീഡിയോ മൊബൈലില്‍ കാണിച്ചുകൊടുത്തു.

''അപ്പോള്‍പ്പിന്നെ കുഴപ്പമില്ല. ഇന്നുമുതല്‍ ഭക്ഷണം കുറച്ച് താടിയൊക്കെ നീട്ടി അബിക്ക റെഡിയായിക്കോ. അബിക്കയുടെ മോനും നല്ലൊരു റോള്‍ ഞാന്‍ കരുതിവച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ കുട്ടിക്കാലം.''

അതൊക്കെ വേണോ എന്ന് ചോദിച്ചപ്പോള്‍ വേണമെന്ന് ഉറപ്പിച്ചുപറയുകയായിരുന്നു, ഷാഹിദ്. അക്കാലത്ത് എന്റെ മോന്‍ ഷെയ്ന്‍ നിഗം അമൃത ടി.വിയിലെ 'സൂപ്പര്‍ ഡാന്‍സറി'ലൂടെ ശ്രദ്ധനേടിയിരുന്നു.

ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പുവരെ ഷാഹിദ് വില്ലന്റെ കാര്യം ഓര്‍മ്മിപ്പിച്ചു. സ്‌റ്റേജ്‌ഷോകളുടെ സമയമായിരുന്നു അത്. പ്രധാന വില്ലന്‍ വേഷം കിട്ടുന്ന സ്ഥിതിക്ക് ഒന്നരമാസത്തോളം എല്ലാ പ്രോഗ്രാമുകളും മാറ്റിവച്ചു.

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. ആദ്യദിവസം തന്നെ ചെല്ലുമ്പോള്‍ ഉയരംകൂടിയ ഒരു മനുഷ്യന്‍ ലൊക്കേഷനില്‍ നില്‍പ്പുണ്ട്. തമിഴ് സിനിമകളിലൊക്കെ അഭിനയിച്ച മലയാളിയാണയാള്‍. കണ്ടപ്പോള്‍ എനിക്കെന്തോ പന്തികേടുതോന്നി. ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് അയാളെക്കുറിച്ച് ചോദിച്ചു.

''ഇതിലെ മെയിന്‍ വില്ലന്‍ വേഷം ചെയ്യുന്നത് പുള്ളിയാണ്.''
ഷോക്കേറ്റതുപോലെയായി ഞാന്‍.
''ആ പുള്ളിയുടെ സഹോദരന്റെ വേഷമാണ് അബിച്ചേട്ടന്. നിഴലുപോലെ പുള്ളിക്കൊപ്പം നടക്കുന്ന കഥാപാത്രം.''

എനിക്ക് വല്ലാത്ത വിഷമമായി. ഇത്രയുംനാളും ഞാന്‍ മോഹിച്ച കഥാപാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഷാഹിദിനോട് ഇക്കാര്യം പറഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ചു. ഉടക്കി തിരിച്ചുപോന്നാലോ എന്നുവരെ ചിന്തിച്ചു.

എന്തായാലും തലവച്ചുകൊടുത്ത സ്ഥിതിക്ക് അഭിനയിച്ച് തിരിച്ചുപോരാമെന്ന് കരുതി. ഞാന്‍ അഭിനയിച്ചു. വില്ലന്റെ നിഴലായി നടന്നു. ആദ്യ ദിവസം തന്നെ ഒരു ഡയലോഗ് കിട്ടി.

അതൊരു ലോക്കാണെന്ന് പിന്നീടാണ് മനസ്സിലായത്. ഓരോ ദിവസവും ഡയലോഗുണ്ടാവുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞു. പക്ഷേ ആടിനെ പ്ലാവില കാണിച്ച് കൊണ്ടുപോകുന്നതുപോലെയായിരുന്നു അത്.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ബോറടിക്കാന്‍ തുടങ്ങി. ക്ഷമ അതിരുവിട്ടപ്പോള്‍ ഞാന്‍ സഹസംവിധായകനോട് ചോദിച്ചു.

''എനിക്കീ സിനിമയില്‍ ഡയലോഗൊന്നുമില്ലേ?''
നാളെ ഒരെണ്ണമുണ്ടെന്നായിരുന്നു മറുപടി. പിറ്റേ ദിവസം ഒരു സീനില്‍ ചെറിയൊരു ഡയലോഗ്. ആ ചെറിയറോളിന് വേണ്ടി ഒന്നരമാസത്തിലധികം ചെലവഴിച്ചു. വില്ലന്‍ മുമ്പില്‍ നില്‍ക്കും.

പിന്നില്‍ പഞ്ചപുച്ഛത്തോടെ ഞാനും. ദുബായില്‍ വരെ എന്നെ കൊണ്ടുപോയി. അര്‍ഹിക്കുന്ന പ്രതിഫലം പോലും തരാന്‍ അവര്‍ തയ്യാറായില്ല.

പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് മകനെയും കൊണ്ടുവന്നത്. ഒരുപാട് സീനുകള്‍ അവനുണ്ടായിരുന്നു. അതെടുക്കാനാണെന്ന് പറഞ്ഞ് ദൂരെ ഒരിടത്തേക്ക് കൊണ്ടുപോയി.

എന്നാല്‍ ഷൂട്ട് ചെയ്തതാവട്ടെ ഒരേയൊരു ഷോട്ട്. ഇതറിഞ്ഞപ്പോള്‍ അവനും വല്ലാതെ വിഷമമായി. കുട്ടിക്കാലം പൃഥ്വിരാജ് തന്നെ മീശവടിച്ച് ചെയ്തു. അവഗണിച്ചെങ്കിലും ഷെയ്‌നെ തടയിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

പിന്നീടവന്‍ കുറെ സിനിമകള്‍ ചെയ്തു. 'കിസ്മത്തി'ലൂടെ നായകനായി. ഇപ്പോള്‍ 'കെയറോഫ് സൈറാബാനു'വില്‍ പ്രാധാന്യമുള്ള വേഷവും ചെയ്തു.

ഈ സംഭവത്തിനുശേഷം ഏത് റോള്‍ വന്നാലും കൃത്യമായി ചോദിച്ചിട്ടേ ചെയ്യുകയുള്ളൂ. വേഷം തന്നില്ലെങ്കിലും കുഴപ്പമില്ല. ഞാന്‍ വീട്ടിലിരുന്നോളാം. പക്ഷേ പറഞ്ഞുപറ്റിച്ചാല്‍ അത് സഹിക്കാന്‍ കഴിയില്ല. അത് ആരായിരുന്നാലും.

തയ്യാറാക്കിയത്:
രമേഷ് പുതിയമഠം

Ads by Google
Ads by Google
LATEST NEWS
TRENDING NOW