Wednesday, May 23, 2018 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 09 Apr 2017 02.02 AM

പഞ്ചമി ബാറിലെ പരിചിത സ്‌നേഹം

uploads/news/2017/04/97854/sun2.jpg

ബാര്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ ചിലര്‍ നെറ്റിചുളിക്കും, മറ്റു ചിലര്‍ മുഖം തിരിക്കും, വെറെ ചില സാദാചാര പ്രേമികള്‍ക്ക്‌ ബാറെന്നത്‌ അലമ്പമാരുടെ താവളമാണ്‌. ജീവിതത്തിന്റെ ഇരുണ്ടയിടങ്ങളിലൊന്നായി കണ്ട്‌ പലരും ഇത്തരം ജീവിതപരിസരങ്ങളെ അവഗണിക്കുകയാണ്‌ പതിവ്‌. ഇതാണ്‌ ബാറുകളെക്കുറിച്ചുള്ള ശരാശരിക്കാരന്റെ നിരീക്ഷണമെങ്കില്‍ അത്‌ 'പഞ്ചമി ബാറി'നെക്കുറിച്ചാകുമ്പോള്‍ അവര്‍ ഈ ധാരണകളെ പൊളിച്ചെഴുതുന്നു. പഞ്ചമിബാര്‍ എല്ലാവര്‍ക്കും പ്രിയങ്കരമായ ഒന്നാകുന്നത്‌ ബി. മുരളി എന്ന കഥാകൃത്തിന്റെ എഴുത്തിലെ കരുത്തിന്‌ തെളിവാണ്‌.
വളരെ അപരിചിതമായ ആളുകള്‍ വന്ന്‌ കണ്ടുമുട്ടാന്‍ ഏറെ സാധ്യതകളും സാഹചര്യങ്ങളുമുള്ള ഒരു സാധാരണമദ്യശാലയില്‍ പരസ്‌പരം സംസാരിക്കാത്ത, രണ്ടുപേര്‍ തമ്മിലുള്ള അപരിചിത സ്‌നേഹത്തിന്റെ കഥയാണ്‌ 'പഞ്ചമിബാര്‍' എന്ന രചനയിലൂടെ ബി. മുരളി അടയാളപ്പെടുത്തുന്നത്‌. തന്റെ ചുറ്റുപാടുകളില്‍ നടക്കുന്നത്‌ തെളിച്ചമുള്ള കണ്ണുകള്‍കൊണ്ട്‌ നോക്കികാണാനും നിരീക്ഷിക്കാനും അതില്‍നിന്ന്‌ കഥ മെനയാനും അത്‌ വായനക്കാര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാനും കഴിയുന്നിടത്താണ്‌ ഒരു എഴുത്തുകാരന്റെ മിടുക്ക്‌. ആ മിടുക്ക്‌ ആവോളമുള്ള എഴുത്തുകാരനാണ്‌ മുരളി.
തലമുതിര്‍ന്ന എഴുത്തുകാര്‍ നിലവാരമുള്ള രചനകള്‍ മത്സരിച്ചെഴുതിയ കാലത്ത്‌ അനവധി യുവനക്ഷത്രങ്ങളാണ്‌ രചനകളിലെ പുതുമയും കാഴ്‌ചപ്പാടുകളിലെ വ്യത്യസ്‌തതയും വര്‍ത്തമാന ജീവിതപരിസരങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളും പ്രമേയങ്ങളാക്കി കഥകളെഴുതി മലയാളസാഹിത്യത്തിലേക്ക്‌ വലതുകാല്‍വച്ചത്‌. എന്നാല്‍ കാലത്തിന്റെ കുതിച്ചുപായലില്‍ ചില നക്ഷത്രങ്ങള്‍ക്ക്‌ ശോഭകെട്ടു. ചിലത്‌ ചിറകറ്റുവീണു. അപൂര്‍വം ചിലത്‌ തെളിച്ചത്തോടെ കാലഘട്ടങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച്‌ നിലനിന്നു. എഴുത്തിന്റെ ആകാശത്ത്‌ മുരളിയെന്ന നക്ഷത്രം ഇന്നും നിലനില്‍ക്കുന്നതിന്‌ ഒരു പത്രപ്രവര്‍ത്തകന്റെ നിരീക്ഷണപാടവവും ബലമേകുന്നു.
സാധാരണക്കാരന്റെ ജീവിത പരിസരങ്ങളില്‍നിന്ന്‌ അസാധാരണമികവുള്ള കഥ മെനയാനും അത്‌ ഹൃദയസ്‌പര്‍ശിയായ രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവാണ്‌ മുരളിയെന്ന എഴുത്തുകാരനെ വേറിട്ടുനിര്‍ത്തുന്നത്‌. വായനക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടിയ 'പഞ്ചമി ബാറി'ന്റെ രചനാ രഹസ്യങ്ങള്‍ ബി. മുരളി വായനക്കാരോട്‌ പങ്കുവയ്‌ക്കുന്നു.

എന്താണ്‌ പഞ്ചമി ബാര്‍ എന്ന കഥയിലൂടെ പറയാന്‍ ശ്രമിക്കുന്നത്‌?

അപകടകരമായ മദ്യശാലയ്‌ക്കകത്ത്‌ ഒരാള്‍ വരികയും അവിടെ സ്‌ഥിരമായി വരാറുള്ള അപരിചിതനായ മറ്റൊരു മനുഷ്യന്‍, ഇയാളെ അക്രമാസക്‌തമായ ഒരു സാഹചര്യത്തില്‍നിന്നും രക്ഷപ്പെടുത്തിക്കൊണ്ടുപോവുകയും ചെയ്ുയന്നതാണ്‌ ഇതിന്റെ തീം. രക്ഷപ്പെടുത്തിക്കൊണ്ടുപോകുമ്പോള്‍ പോലും ഇവര്‍ പരസ്‌പരം അറിയുന്നില്ല.
പക്ഷേ, ആ രക്ഷപ്പെടുത്തലിന്റെ അവസ്‌ഥ, ഈ കഥാപാത്രത്തെ വല്ലാതെ ബാധിക്കുകയും ആ രക്ഷപ്പെടുത്തിയ ആളെ അദ്ദേഹം അന്വേഷിക്കുകയും ചെയ്യുന്നു. പക്ഷേ കണ്ടുകിട്ടുന്നില്ല. ഒടുവില്‍ ബാറിലെ ഭയാനകമായ അന്തരീക്ഷത്തില്‍നിന്നും കഥപറയുന്നയാളെ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന അപരിചിതന്‍ കഥയുടെ അവസാനത്തില്‍ നടുറോഡില്‍ അപകടത്തില്‍പ്പെട്ടു കിടക്കുകയാണ്‌. പഞ്ചമി ബാറിന്റെ ഈ തീം വര്‍ഷങ്ങളായി മനസിലുണ്ട്‌.
അത്‌ കഥയായിട്ടല്ല, ഭാവമായിട്ടാണെന്നുമാത്രം. അത്‌ കഥയായി വരുന്നത്‌ പിന്നീടാണ്‌. യഥാര്‍ത്ഥത്തില്‍ അപരിചിത സ്‌നേഹത്തിന്റെ കഥയെന്ന്‌ ഒറ്റവാക്കില്‍ നിര്‍വചിക്കാം. ആ ഒരു വികാരത്തില്‍ നിന്നാണ്‌ ആ കഥയുണ്ടാകുന്നത്‌.

ബാറില്‍ ഇത്തരം സ്‌നേഹമെല്ലാം പ്രതീക്ഷിക്കാമോ?. എന്തായിരുന്നു
വായനക്കാരുടെ പ്രതികരണങ്ങള്‍?

തീര്‍ച്ചയായും. ബാറിലും അധോലോകത്തിലും സ്‌നേഹവും കാരുണ്യവുമൊക്കെയുണ്ട്‌. നല്ല കുടുംബങ്ങളിലാണ്‌ എപ്പോഴും സ്വാഭാവിക സ്‌നേഹവും, ബന്ധങ്ങളുമെല്ലാമുണ്ടാകുന്നതെന്നാണല്ലോ വിചാരം. അവിടെയും നേരെതിരിച്ചു സംഭവിക്കാറുണ്ട്‌. ബാറുകള്‍ മിക്കപ്പോഴും സൗഹൃദങ്ങളുടെ അടിത്തട്ടാണ്‌.
എന്നാല്‍ എപ്പോള്‍ വേണമെങ്കിലും അത്‌ പ്രശ്‌നബാധിത സ്‌ഥലമായി മാറാനുള്ള സാഹചര്യവുമുണ്ട്‌. അതുപോലൊരു ബാറാണ്‌ പഞ്ചമി ബാറും. അവിടേക്കാണ്‌ രണ്ടുപേര്‍ വരുന്നത്‌. അവര്‍ തമ്മില്‍ പരസ്‌പരം മിണ്ടുന്നില്ല. കള്ളുകുടിച്ചുള്ള സൗഹൃദവും അവര്‍ തമ്മിലില്ല. തികച്ചും അപരിചിതരാണവര്‍. അപ്പോഴാണ്‌ അവിടെ ഒരു പ്രശ്‌നമുണ്ടാകുന്നത്‌. ആ പ്രശ്‌നത്തില്‍നിന്നും കഥയിലെ നായകനെ അപരിചിതനായ രണ്ടാമന്‍ രക്ഷിക്കുന്നു. ആ രക്ഷപ്പെടുത്തല്‍ ഒരു ഇരുണ്ടതും അധോലോകമായിടത്തുനിന്നും വെളിച്ചത്തിലേക്കുള്ള രക്ഷപ്പെടുത്തലായി കാണാം.
പല വായനക്കാരും എന്നോട്‌ അവരുടെ നാട്ടിലും പഞ്ചമി ബാര്‍ പോലൊരു ബാറുണ്ടെന്നു പറഞ്ഞു. അല്ലെങ്കില്‍ ഞാന്‍ വിവരിച്ചതുപോലുള്ള പശ്‌ചാത്തലമുള്ള ബാറുകള്‍ അവരും കണ്ടിട്ടുണ്ട്‌. നിരൂപകര്‍ അപരിചിത സ്‌നേഹത്തിന്റെ വ്യത്യസ്‌തമായ പ്രകടനത്തിനെയാണ്‌ കഥയിലെ മികച്ചഘടകമായി കണ്ടത്‌. ആണെഴുത്ത്‌, പെണ്ണെഴുത്ത്‌ എന്നെല്ലാം പലരും അഭിപ്രായപ്പെടാറുണ്ടല്ലോ? ചില കാര്യങ്ങള്‍ പെണ്ണിനുമാത്രമാകും ഹൃദയസ്‌പര്‍ശിയായി എഴുതാനാവുക. പ്രസവവേദനപോലെയുള്ള ചില കാര്യങ്ങള്‍ ഉദാഹരണമായി പറയാം.
സംവരണത്തിനുവേണ്ടിയുള്ള എഴുത്തിന്റെ കാര്യമല്ല ഞാന്‍ ഉദ്ദ്യേശിക്കുന്നത്‌. നമ്മള്‍ അതില്‍ എത്ര വികാരതീവ്രതയോടെ എഴുതിയാലും യഥാര്‍ത്ഥ്യമായ വികാരം പ്രകടിപ്പിക്കാനാകില്ലെന്നാണ്‌ എന്റെ പക്ഷം. ഇപ്പോള്‍ ബാറിന്റെ കാര്യം പറഞ്ഞാല്‍ പുരുഷന്‌ മാത്രം പ്രവേശനമുള്ള സ്‌ഥലമായിട്ടാണല്ലോ കരുതപ്പെടുന്നത്‌. പെണ്ണിന്‌ വരാന്‍ പറ്റില്ലെന്നല്ല അഭിപ്രായം. പഞ്ചമി ബാര്‍ വായിച്ച്‌ ചില എഴുത്തുകാരികള്‍ പറഞ്ഞത്‌ ബാറിനെ പശ്‌ചാത്തലമാക്കി ഇങ്ങനെ എഴുതാന്‍ ഒരു ആണിനെ കഴിയൂവെന്നാണ്‌ .
പഞ്ചമി ബാറില്‍ അപരിചിത സ്‌നേഹത്തിന്റെയും വല്ലാത്ത അധോലോകത്തിന്റെയുമായ രണ്ട്‌ ഘടകങ്ങളെ കൂട്ടിയിണക്കാന്‍ പറ്റിയെന്നതാണ്‌ ഇതിന്റെ സവിശേഷത. പിന്നെയിത്‌ കഥാസമാഹാരമായപ്പോഴും പഞ്ചമി ബാര്‍ എന്നപേര്‌ തന്നെയിടുകയായിരുന്നു.

താങ്കളുടെ കഥകളുടെ പേരുകള്‍ വളരെ ആകര്‍ഷകമാണല്ലോ?.

ഉംമ്പര്‍ട്ടോ എക്കോ, പൂമുടിക്കെട്ടഴിഞ്ഞതും പുഷ്‌പജാലം കൊഴിഞ്ഞതും, കോടതി വരാന്തയിലെ കാഫ്‌ക, ചെന്തീപോലൊരു മാലാഖ, ഹരിതവൈശികം, പ്രോട്ടോസോവ തുടങ്ങിയവ...

കുറഞ്ഞ വാക്കുകള്‍ കൊണ്ട്‌ തുടക്കത്തില്‍ തന്നെ വായനക്കാരെ ആകര്‍ഷിപ്പിക്കാന്‍ മികച്ച പേരുകള്‍ക്കാകുമെന്ന കാര്യത്തില്‍ തര്‍ക്കംവേണ്ട. എന്റെ അഭിപ്രായത്തില്‍ തലക്കെട്ടുതന്നെ പകുതി കഥയാണ്‌. അത്‌ കഥയിലേക്കുള്ള ഒരു പ്രവേശനമാണ്‌. കഥയെഴുത്തില്‍ അമ്പത്‌ ശതമാനം കഷ്‌ടപ്പാട്‌ പേര്‌ കണ്ടെത്തുന്നതിനുമുണ്ടെന്നാണ്‌ എന്റെ വിശ്വാസം. വൈക്കം മുഹമ്മദ്‌ ബഷീറൊക്കെ ഈ കാര്യത്തില്‍ ഒരു ചാമ്പ്യനായിരുന്നു.
എന്റെ അഭിപ്രായത്തില്‍ കഥ എഴുതാനിരിക്കുമ്പോള്‍ പെട്ടെന്നു തോന്നുന്ന പേര്‌ തന്നെയാകും മികച്ചത്‌. വളരെ ആലോചിച്ചിടുന്നതിന്‌ അത്ര ശക്‌തികിട്ടില്ലെന്നാണ്‌ എന്റെ വിശ്വാസം. ഇപ്പോള്‍ പത്രപ്രവര്‍ത്തനനേരത്ത്‌ ഒരു ഫോട്ടോ കൈയില്‍ കിട്ടുമ്പോള്‍ അതിനിടാന്‍ തോന്നുന്ന ക്യാച്ച്‌വേഡിന്റെ കാര്യമെടുത്താല്‍ അത്‌ തന്നെയാകും അവസ്‌ഥ. എപ്പോഴും ശക്‌തിയുള്ളതും ആകര്‍ഷകവുമായിരിക്കുക. ഗൗരവം കൂട്ടാനോ, വികാരപൊലിമയ്‌ക്കോ ശ്രമിച്ചാല്‍ അത്‌ യാന്ത്രികമായി പോകും. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ മനോരമയില്‍ ഞായറാഴ്‌ച്ച പതിപ്പ്‌ ചെയ്യുന്ന കാലത്ത്‌ അതില്‍ കൊടുക്കാന്‍ ഒരാളുടെ മനോഹരമായ ഒരു കഥകിട്ടി. ഹൃദയസ്‌പര്‍ശിയായ കഥ. പക്ഷേ ആ കഥയുടെ എല്ലാമികവിനെയും നഷ്‌ടപ്പെടുത്തി അതിസാധാരണമാക്കി കളഞ്ഞു അതിന്റെ പേര്‌. വര്‍ണസ്വപ്‌നങ്ങള്‍ . ഇത്തരം ചില പ്രശ്‌നങ്ങള്‍ എഴുത്തില്‍ സംഭവിക്കാറുണ്ട്‌. ചിലര്‍ എഴുതിയ കഥയെക്കുറിച്ച്‌ വായനക്കാര്‍ക്ക്‌ ഓര്‍മ്മയുണ്ടാകും. പക്ഷേ പേര്‌ മറന്നുപോയിക്കാണും.
എന്റെ ഒരു കഥയുടെ പേരായിരുന്ന 'പുമുടിക്കെട്ടഴിഞ്ഞതും പുക്ഷജാലം കൊഴിഞ്ഞതും' എന്നത്‌. അത്‌ ഡോ.ഓമനക്കുട്ടി ടീച്ചര്‍ കണ്ടുപിടിച്ച പഴയ തിരുവാതിര പാട്ടിലെ ഒരു വരിയാണ്‌. അന്ന്‌ ടേപ്പ്‌റിക്കോര്‍ഡറില്‍ കാസറ്റ്‌ ഇട്ട്‌ കേട്ടപ്പോള്‍ കിട്ടിയ വരിയാണത്‌. ആ പേര്‌ ഒരുപാട്‌ പേര്‍ക്ക്‌ ഇഷ്‌ടമായിരുന്നു. അങ്ങനെ അവിചാരിതമായ പലകാര്യങ്ങളും കഥയ്‌ക്ക് പേരിടുന്നതിന്‌ കാരണമായിട്ടുണ്ട്‌.

താങ്കളുടെ തലമുറയില്‍ ഇതുവരെ സാഹിത്യഅക്കാദമി അവാര്‍ഡ്‌
കിട്ടാത്ത അപൂര്‍വ്വം വ്യക്‌തികളിലൊരാളാണ്‌ ബി.മുരളി?

എന്റെ കഥയ്‌ക്ക് സമ്മാനം കിട്ടുന്നതില്‍ സന്തോഷമുണ്ട്‌. കിട്ടാത്തതില്‍ ദുഃഖവുമില്ല. പിന്നെ അക്കാദമി അവാര്‍ഡിന്റെ കാര്യം പറഞ്ഞാല്‍ അതില്‍ രാഷ്‌ട്രീയവും വ്യക്‌തിപരവുമായ കാര്യങ്ങളും കടന്നുവരുന്നുണ്ടാകും.
അത്‌ സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ്‌ ആണല്ലോ? അപ്പോള്‍ നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ താല്‍പര്യവും സംരഷിക്കപ്പെടുന്നുണ്ടാകും. മൂല്യനിര്‍ണയം നടത്തുന്നവര്‍ക്കും വ്യക്‌തിതാല്‍പര്യങ്ങളുണ്ടാകും. നാട്ടു താല്‍പര്യങ്ങളുണ്ടാകും. ചില ലോബികളുണ്ടാകാം. എഴുത്തുകാരന്‍ ജീവിക്കുന്ന ഭൂമി ശാസ്‌ത്രപരമായ കാര്യങ്ങള്‍വരെ ഘടകങ്ങളായി മാറുന്നുവെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

'സാധാരണത്വം' താങ്കളുടെ കഥകളില്‍ ആവര്‍ത്തിച്ച്‌ കടന്നുവരുന്നു. സാധാരണക്കാര്‍ വന്നുപോകുന്ന ഇടങ്ങളും സാധാരണക്കാരുമെല്ലാം. ഇത്‌ മനപൂര്‍വ്വമാണോ?.

സത്യത്തില്‍ അങ്ങനെയല്ലേ വേണ്ടത്‌?. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ എഴുത്തിലേക്ക്‌ കടന്നുവരുന്നത്‌ സ്വാഭാവികം മാത്രമാണെന്നാണ്‌ എന്റെ പക്ഷം.
ഞാന്‍ ജോലിയുടെ ഭാഗമായി താമസിച്ച കോട്ടയത്തെ ക്രിസ്‌ത്യന്‍ പശ്‌ചാത്തലവും, തിരുവനന്തപുരത്തിന്റെ പരിചിതമായ ഇടങ്ങളുമെല്ലാം കഥകളില്‍ അനവധി കടന്നുവന്നിട്ടുണ്ട്‌. പാളയം ചന്തയില്‍ മുട്ടവാങ്ങാന്‍ പോകുന്ന രണ്ടുപിടക്കോഴികളുടെ കഥ എന്ന കഥയില്‍ പാളയം മാര്‍ക്കറ്റും പരിസരപ്രദേശങ്ങളും അതുപോലെ തന്നെ കടന്നുവന്നു.
മുട്ടയിടാന്‍ താല്‍പര്യമില്ലാത്ത രണ്ടു പിടക്കോഴികള്‍ പാളയം ചന്തയില്‍ മുട്ടവാങ്ങാന്‍ പോകുന്നതാണ്‌ പ്രമേയം. അതില്‍ അവര്‍ നടന്നു പോകുന്ന കൈരളി ചാനല്‍ സ്‌ഥിതിചെയ്യുന്നവഴി, യൂണിവേഴ്‌സിറ്റി, പാളയം ചന്ത എന്നിവയെല്ലാം അതുപോലെ തന്നെയാണ്‌ എഴുതി വച്ചിരിക്കുന്നത്‌. ആ കഥ ബാലസാഹിത്യ പുസ്‌തകമായ തളിര്‌ മാസികയിലാണ്‌ പ്രസിദ്ധീകരിച്ചത്‌. മുട്ടയിടാന്‍ താല്‍പര്യമില്ലാത്ത പിടക്കോഴികള്‍ മുട്ടവാങ്ങാന്‍ ചന്തയില്‍ പോകുന്നതിനെ ഫെമിനിസ്‌റ്റ് നാട്യങ്ങളെ കളിയാക്കുന്ന കഥയായാണ്‌ നിരൂപകര്‍ വിശേഷിപ്പിച്ചത്‌. എന്റെ പല കഥകളിലും ജീവിത ചുറ്റുപാടുകള്‍ സ്വാഭാവികമായി തന്നെ കടന്നുവന്നിട്ടുണ്ട്‌. പരിചിതമായ സ്‌ഥലങ്ങളെ പറ്റി എഴുതിയാല്‍ കൂടുതല്‍ ആസ്വാദകരമാകുമെന്നാണ്‌ എന്റെ അഭിപ്രായം.
വിഷയത്തിനുവേണ്ടി വിഷയം കണ്ടെത്താറില്ല. ആശയങ്ങള്‍ നമ്മുടെ മനസിലേക്ക്‌ വരും. കൃത്യസമയത്ത്‌ വാതില്‍ തുറന്നുവരുമെന്ന്‌ പറയാറില്ലെ, അതുപോലെയുള്ള അവസ്‌ഥ. ജോലിയുടെ തിരക്കൊന്നും എഴുത്തിനെ ബാധിക്കാറില്ല.
തിരക്കുള്ള സമയത്ത്‌ കഥകള്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്‌. എഴുതിയത്‌ ചിലപ്പോഴെല്ലാം അടുത്ത സുഹൃത്തുക്കളെ കാണിക്കാറുണ്ട്‌. അവര്‍ മുഖ്യധാര എഴുത്തുകാരൊന്നുമല്ല. ഇതുവരെ അഭിപ്രായങ്ങളോ തിരുത്തലുകളോ വരുത്തേണ്ടിവന്നിട്ടില്ല. നമുക്ക്‌ പറയാനുള്ളതാണല്ലോ നമ്മുടെ കഥ. ഒരു വിഷയം തന്നെ അതുകൊണ്ടാണല്ലോ രണ്ടുപേര്‍ എഴുതുമ്പോള്‍ രണ്ട്‌ വ്യത്യസ്‌ത കഥകളാകുന്നത്‌.

എം.എ.ബൈജു

Ads by Google
Sunday 09 Apr 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW