Thursday, May 31, 2018 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 09 Apr 2017 02.02 AM

ഒരു ആദിവാസി മുത്തശ്ശി പറഞ്ഞ കഥ

uploads/news/2017/04/97853/sun1.jpg

ഇത്‌ കാട മുത്തശ്ശി 90 വയസ്സ്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു മഴക്കാലത്ത്‌ ഭര്‍ത്താവ്‌ കില്ലന്‍ മൂപ്പന്‍ കാടയെ തനിച്ചാക്കി ഊരും കുടിയും വിട്ടു പോയി....
വരഗയാര്‍ അതിനു ശേഷം പലകുറി നിറഞ്ഞു കവിഞ്ഞു.
കാടമുത്തശ്ശിയുടെ വാക്കുകളില്‍ മൂപ്പന്‍ ഇവിടെ തന്നെയുണ്ട്‌. ഊരിന്‌ ചുറ്റും കറങ്ങി നടക്കുന്ന ഈ കാറ്റിന്‌ മൂപ്പന്റെ ചൂടും ചൂരും ഉണ്ട്‌. ഊരിന്‌ ചുറ്റും കാററില്‍ ചൂളമടിക്കുന്ന വന്‍മരങ്ങളെ നോക്കി ഉറക്കെ വിളിച്ചാല്‍ മൂപ്പന്‍ വിളി കേള്‍ക്കും. മുത്തശ്ശി പറയുന്നു.
90 ലെ വാര്‍ദ്ധക്യത്തിന്റെ നടുവിലും മുത്തശ്ശിയുടെ മുഖത്ത്‌ തെളിയുന്ന പുഞ്ചിരി. പ്രാക്‌തന ഗോത്ര വിഭാഗമായ കുറുമ്പ വിഭാഗത്തില്‍പ്പെട്ടയാളാണ്‌ കാട മുത്തശ്ശി.മണ്ണാര്‍ക്കാട്‌ ആനക്കട്ടി ബസ്‌ റൂട്ടില്‍ കോട്ടത്തറ ചന്തയില്‍ നിന്നും 20 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ നമുക്ക്‌ ഉമ്മത്താംപടിയിലെത്താം.
അവിടെ നിന്നും കാടിന്റെ നഗ്നതയിലൂടെ അഞ്ചു കി. മീ. മല കയറിയാല്‍ താഴെ ഭൂതയാര്‍. ആനയും കാട്ടി(കാട്ടുപോത്ത്‌)യും കാവലിരിക്കുന്ന കാനന പാത. ചെങ്കുത്തായ വഴി. വഴിക്കിടയില്‍ ദാഹം തീര്‍ക്കാനായി തെളിനീരുമായി നിറഞ്ഞൊഴുകുന്ന വരഗയാര്‍.
മണ്ണാര്‍ക്കാട്ടു നിന്നും ആനക്കട്ടിയിലേക്കുള്ള ഇപ്പോഴത്തെ ബസ്‌ റൂട്ട്‌ പണ്ട്‌ കൂപ്പു റോഡായിരുന്നു. ഇന്നത്തെ്‌ ഉമ്മത്താംപടിയില്‍ നിന്നും താഴെ ഭൂതയാറിലേക്കുള്ള വഴി പോലെ. താഴെ ഭൂതയാറില്‍ നിന്നും 4 കിലോമീറ്റര്‍ പശ്‌ചിമഘട്ടം കയറിയാല്‍ കാട മുത്തശ്ശിയുടെ ഊര്‌ എടവാണി.നാലാവര്‍ത്തി ഭവാനിയുടെ കൈവഴിയായ വരഗര്‍ പുഴ മുറിച്ചു കടക്കണം എടവാണിയിലെത്താന്‍.
ഇപ്പോള്‍ പഴയതു പോലെ വെള്ളമില്ല. അനീമിയ ബാധിച്ച കുട്ടിയെ പോലെ വരഗയാര്‍ ശോഷിച്ചു പോയിരിക്കുന്നു. 35 കുടുംബങ്ങള്‍. എടവാണിയില്‍ നിന്നും കാട്ടിലൂടെ 9 കിലോമീറ്റര്‍ നടന്നു വേണം ഒരു രൂപയ്‌ക്ക് കിട്ടുന്ന അരി വാങ്ങാനായി സ്വര്‍ണ്ണഗന്ധയിലെ റേഷന്‍ കടയിലെത്താന്‍.ഒരു അസുഖം വന്നാല്‍ ഡോക്‌ടറെ കാണണമെങ്കില്‍ ഉമ്മത്താംപടി വരെ നടന്ന്‌ അവിടെ നിന്നും ബസ്സ്‌ പിടിച്ച്‌ 6 കിലോമീറ്റര്‍ യാത്ര ചെയ്‌ത് പുതൂരെത്തണം.അങ്ങനെ ഒരു മഴക്കാലത്ത്‌ അസുഖം വന്നപ്പോള്‍ മരുന്നൊന്നും വാങ്ങാതെ ഊരു വൈദ്യന്‍ പറഞ്ഞ പച്ചമരുന്ന്‌ കഴിച്ച്‌ പനി കൂടിയാണ്‌ കില്ലന്‍ ആ മഴക്കാലം കഴിയാന്‍ കാത്തു നില്‌ക്കാതെ കാടിറങ്ങിയത്‌. ചീര്‌ നടത്തി കില്ലന്‌ മോക്ഷം കൊടുത്തു. ആ വര്‍ഷം കനത്ത മഴയായിരുന്നു. തോരാത്ത മഴ...

ഇത്‌ കാട മുത്തശ്ശി പറഞ്ഞ കഥ.

തൊണ്ണൂറിലെത്തിയിട്ടും തനിക്ക്‌ വാര്‍ദ്ധക്യകാല പെന്‍ഷനോ, വിധവാ പെന്‍ഷനോ ഇതുവരെ കിട്ടിയിട്ടില്ലെന്ന്‌ കാട മുത്തശ്ശി ചോദ്യത്തിന്‌ മറുപടിയായി ഞങ്ങളോട്‌ പറഞ്ഞു. ഞങ്ങളെന്ന്‌ പറഞ്ഞാല്‍ ഞാനും തമ്പ്‌ ആദിവാസി കൂട്ടായ്‌മയിലെ പ്രവര്‍ത്തകരായ രാമു, കാളിസ്വാമി, പി. കെ. മുരുകന്‍, ലക്ഷമി, ബാലന്‍,ഉദയന്‍, പിന്നെ കാലടി യൂണിവേഴ്‌സിറ്റി തുറവൂരിലെ എം. എസ്‌. ഡബ്ല്യൂ. വിദ്യാര്‍ത്ഥികളായ അശ്വനി, ശരണ്‍ശങ്കര്‍, ആഗ്നസ്‌, ഗവേഷകനായ പ്രസന്നലാലും അദ്ദേഹത്തിന്റെ ഭാര്യ ശ്രുതിയും.
വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിധവാ പെന്‍ഷന്‌ അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ്‌, ഇലക്ഷന്‍ കാര്‍ഡ്‌, എന്നിവയിലേതെങ്കിലും ചോദിച്ചപ്പോഴാണ്‌ ഇതൊന്നും തന്നെ മുത്തശ്ശിക്ക്‌ ഇല്ലെന്ന്‌ മനസ്സിലായത്‌. പിന്നെങ്ങനെ മുത്തശ്ശിക്ക്‌ പെന്‍ഷന്‍ വാങ്ങികൊടുക്കാനാവും എന്നായി മുരുകന്‍. 90 ല്‍ എത്തിയ മുത്തശ്ശിക്ക്‌ ആദ്യം ഐഡന്റിറ്റി കാര്‍ഡ്‌ ലഭ്യമാക്കിയിട്ടു വേണം വിധവാ പെന്‍ഷന്‌ അപേക്ഷ കൊടുക്കുവാന്‍. അതിനാവശ്യമായ കാര്യങ്ങള്‍ തമ്പ്‌ ഏറ്റെടുക്കണം. അങ്ങനെയാവണം ജനകീയ സംഘടനകളുടെ ഇടപെടല്‍.

രണ്ട്‌ ജില്ലാ ഭരണാധികാരികള്‍ കിലോമീറ്ററുകള്‍ നടന്നെത്തിയ ഊര്‌

27 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ആദ്യമായി ഒരു ജില്ലാ ഭരണാധികാരി എടവാണിയിലെത്തുന്നത്‌. അന്നത്തെ പാലക്കാട്‌ ജില്ലാ കളക്‌ടറായിരുന്ന മാരപാണ്ഡ്യനായിരുന്നു അത്‌. പിന്നെ 25 വര്‍ഷങ്ങള്‍ക്ക്‌ ശേഷം 2014 ലാണ്‌ പാലക്കാട്‌ കളക്‌ടറായിരുന്ന എം രാമചന്ദ്രന്‍ എടവാണിയിലെത്തുന്നത്‌. അന്ന്‌ ഇന്നത്തെ സംഘത്തിലെ രണ്ടോ മൂന്നോ പേര്‍ കളക്‌ടര്‍ക്കൊപ്പം വന്നിരുന്നു. ഞാനും അന്ന്‌ കളക്‌ടറോടൊപ്പം എടവാണിയിലെത്തിയിരുന്നു.
എടവാണിയിലെ മാണിക്കന്‍ മാഷും താഴെ ഭൂതയാറിലെ പണലിയുടേയും നേതൃത്വത്തില്‍ കാട്ടില്‍ നിന്നും കുറുമ്പര്‍ ആദ്യമായി കാടിറങ്ങി പാലക്കാട്‌ എത്തി കളക്‌ട്രേറ്റിന്‌ മുന്നില്‍ സമരം ചെയ്‌തു. അതാണ്‌ കളക്‌ടര്‍ ഊരുതേടി എത്താന്‍ കാരണമായത്‌. ആ സമരത്തില്‍ പങ്കെടുത്ത ആദിവാസി വിഭാഗത്തില്‍പെടാത്ത ഒരേ ഒരാള്‍ ഞാനായിരുന്നു. അന്ന്‌ ആ സമരം ഉദ്‌ഘാടനം ചെയ്‌തതും ഞാനായിരുന്നു. പ്രാക്‌തന ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ 148 കോടി രൂപ അനുവദിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളൊന്നും തന്നെ മേഖലയില്‍ നടന്നിരുന്നില്ല. ആ സമരത്തിനുശേഷം സമര നേതാക്കളെ ചര്‍ച്ചയ്‌ക്കായി കളക്‌ടര്‍ വിളിച്ചു. ഞാനും പണലിയും മാണിക്യന്‍ മാഷും ഒന്നു രണ്ടു മുത്തശ്ശിമാരും പിന്നെ ഞങ്ങളോടൊപ്പം രണ്ട്‌ പോലീസുകാരുമാണ്‌ വന്നത്‌. പോലീസിനെ കണ്ട കളക്‌ടര്‍ നിങ്ങളെന്തിനാണ്‌ വന്നതെന്ന്‌ വനിതാ പോലീസുകാരോട്‌ അന്വേഷിക്കുകയും ചെയ്‌തു.
അദ്ദേഹം വളരെ ശാന്തനായി ഞങ്ങള്‍ പറഞ്ഞതൊക്കെ കേട്ടു. ആദിവാസി അമ്മമാര്‍ സമര്‍പ്പിച്ച പരാതി ശ്രദ്ധാപൂര്‍വ്വം വായിച്ചു. ഞാന്‍ ഒരു ദിവസം എടവാണിയില്‍ വരാം. അങ്ങനെയാണ്‌ കളക്‌ടര്‍ രാമചന്ദ്രന്‍ എടവാണിയലെത്തുന്നത്‌. അദ്ദേഹം എടവാണിയില്‍ ഊരുസമ്പര്‍ക്ക പരിപാടി നടത്തി. സംഘടനാ പ്രതിനിധി എന്ന നിലയില്‍ ഞാനും പങ്കെടുത്തു. ഡി. എഫ്‌. ഒ, ഐ. റ്റി. ഡി. പി പ്രോജക്‌ട് ഓഫീസര്‍, വിവിധ വകുപ്പ്‌ മേധാവികള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അന്നാണ്‌ അട്ടപ്പാടി ആദിവാസികള്‍ക്കിടയിലെ സംഘടന എന്ന നിലയില്‍ തമ്പ്‌ വനാവകാശനിയമത്തിലെ വികസനാവകാശം, സാമൂഹികാവകാശം എന്നിവയിലൂടെ എടവാണിയിലേക്ക്‌ ഒരു ജീപ്പ്‌ റോഡും വൈദ്യുതി എത്തിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും കളക്‌ടറുടേയും, ഡി. എഫ്‌. ഒ. യുടേയും ശ്രദ്ധയില്‍പ്പെടുത്തിയത്‌. അതാണ്‌ ഇപ്പോള്‍ സാധ്യമായിട്ടുള്ളത്‌. അങ്ങനെ ജീപ്പ്‌ റോഡും വെളിച്ചവും എടവാണിയില്‍ എത്തി. അതിനെല്ലാം ഞങ്ങളോടൊപ്പം നിന്നത്‌ താഴെ ഭൂതയാറിലെ പണലിയാണ്‌. വനാവകാശ നിയമങ്ങളെ സംബന്ധിച്ച്‌ ഊരുകാരെ പഠിപ്പിച്ച്‌ അവരെ ഉയര്‍ത്തികൊണ്ടു വരുന്നതില്‍ പണലി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. താമസിയാതെ എം.പിയുടെ ഗ്രാമം ദത്തെടുക്കല്‍ പരിപാടിയില്‍ പെടുത്തി ആ റോഡ്‌ ടാര്‍ ചെയ്‌ത് നവീകരിക്കുമെന്ന്‌ അറിയുന്നു.

അസ്‌മാബി കോളേജ്‌ യൂണിയനും എടവാണി ഊരും

ഞങ്ങള്‍ ഇപ്പോള്‍ എടവാണിയെത്തിയതും, കാട മുത്തശ്ശിയെയും, ഊരുകാരേയും കണ്ടതും ഒരു പറ്റം വിദ്യാര്‍ഥികളുടെ സാമൂഹ്യ സന്നദ്ധമായ മനസിന്റെ വലുപ്പം കൊണ്ടായിരുന്നു. എന്റെ സുഹൃത്തും കോളേജിലെ അധ്യാപകനുമായ അമിതാബച്ചനാണ്‌ ഒരു ദിവസം ഫോണില്‍ വിളിച്ച്‌ എന്നോടിക്കാര്യം പറഞ്ഞത്‌.
ഇവിടെ കോളേജ്‌ യൂണിയന്‍ കുറച്ച്‌ ധാന്യങ്ങള്‍ കടല, പയര്‍, പരിപ്പ്‌ തുടങ്ങിയവ ശേഖരിച്ച വച്ചിട്ടുണ്ട്‌. അത്‌ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ വിതരണം ചെയ്യണമെന്നാണ്‌ അവരുടെ ആഗ്രഹം. അവിടുത്തെ പ്രശ്‌നങ്ങളൊക്കെ അവര്‍ പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞു. പിന്നെ എന്‍. എസ്‌. എസ്‌. ക്യാമ്പിന്റെ ഭാഗമായി മൂന്ന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌് അവര്‍ അട്ടപ്പാടിയില്‍ വന്നിരുന്നു.
കുട്ടികളുടെ വലിയ മനസ്സിന്‌ നന്ദി പറഞ്ഞു.
ഭക്ഷണം അല്ലെങ്കില്‍ ധാന്യങ്ങള്‍ കൊടുക്കുന്നത്‌ താല്‌ക്കാലികം മാത്രമാണ്‌, അടിസ്‌ഥാനപരമായി അവര്‍ക്കാവശ്യം ഭൂമിയും കൃഷിയിലേക്കുള്ള തിരിച്ചു പോക്കുമാണെ്‌ അമിതാഭ്‌ പറഞ്ഞതനുസരിച്ച്‌ എന്നെ വിളിച്ച ഇന്‍സാഫ്‌ എന്ന കോളേജ്‌ യൂണിയന്‍ സെക്രട്ടറിയോട്‌ പറഞ്ഞു. അവര്‍ക്കും അത്‌ ബോധ്യമുണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.
20-ഓളം വരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ്‌ ധാന്യങ്ങള്‍ തമ്പ്‌ ന്റെ കോട്ടത്തറ ഓഫീസില്‍ എത്തിച്ചത്‌. കള്ളക്കരയിലെ ഏതാനും കുടുംബങ്ങള്‍ക്ക്‌ ധാന്യകിറ്റുകള്‍ വിതരണം നടത്തി ഊരുകാരുമായി സംവദിച്ചതിനു ശേഷം അവര്‍ തിരിച്ചിറങ്ങുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. കുട്ടികളുടെ മനസ്സു നിറഞ്ഞ ആ സമ്മാന പൊതികള്‍ അര്‍ഹതപ്പെട്ട ഊരുകളിലെത്തിക്കണമെന്ന്‌ ഞങ്ങളന്നു നിനച്ചു. അങ്ങനെയാണ്‌ ഊരുസമ്പര്‍ക്ക പരിപാടിയില്‍ എടവാണി സ്‌ഥാനം പിടിച്ചത്‌. കുറുമ്പ മേഖലയിലെ ഊരുകളിലും ഇവിടുത്തെ വന പ്രദേശങ്ങളിലും മാവോയിസ്‌റ്റുകള്‍ ഒളിത്താവളങ്ങളാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന്‌ വിദൂര ഊരുകളിലേക്കുള്ള യാത്ര കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഞങ്ങളും വേണ്ടെന്ന്‌ വച്ചിരുന്നു. പക്ഷേ അതുമൂലം ഊരുകാര്‍ക്ക്‌ ലഭ്യമാകേണ്ട സഹായങ്ങള്‍ എന്തിന്‌ നിരസിക്കണം. അതുകൊണ്ട്‌ തന്നെ എടവാണിക്ക്‌ നറുക്ക്‌ വീഴുകയായിരുന്നു.

എടവാണി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഊരിലെ ഓരോ കുടിക്കു മുന്നിലും ഒഴിഞ്ഞ കോഴിക്കൂടുകള്‍ കണ്ടാണ്‌ ഞാന്‍ പണലിയോട്‌ കാര്യങ്ങള്‍ തിരക്കിയത്‌. ഇതെന്താ കോഴിക്കൂടുകള്‍ മാത്രം. കൂടുകള്‍ ഓരോന്നും പത്തോ പതിനഞ്ചോ കോഴികളെ വളര്‍ത്തുവാന്‍ പാകത്തിലുള്ളവയായിരുന്നു.
2013 ല്‍ തമ്പ്‌ ശിശു മരണം പുറത്തു വിട്ടതിനുശേഷം അട്ടപ്പാടിയിലെ ആറു ഊരുകള്‍ അട്ടപ്പാടി സ്‌പെഷ്യല്‍ പാക്കേജില്‍ പെടുത്തി ദത്തെടുക്കുകയുണ്ടായി. ആദിവാസികളുടെ അതിജീവന പ്രതിസന്ധി പരിഹരിക്കുകയും ഒപ്പം പോഷക ശോഷണം തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ എടവാണിയില്‍ ഓരോ കുടുംബത്തിനും കോഴിക്കുഞ്ഞുങ്ങളും കോഴിക്കൂടുകളും വിതരണം ചെയ്‌തത്‌. പക്ഷേ കോഴിക്കുഞ്ഞുങ്ങളെല്ലാം ചത്തു പോയി. കോഴിക്കൂടുകള്‍ മാത്രം ബാക്കിയായി. അടുത്ത പദ്ധതിയുടെ ഭാഗമായി നല്‍കുമെന്ന്‌ അറിയിച്ച ഒരു കുടുംബത്തിനുള്ള പത്ത്‌ ആട്ടിന്‍ കുട്ടികളേയും കാത്തിരിക്കുകയാണ്‌ ഊരുകാര്‍. ആട്ടിന്‍ കൂട്‌ നിര്‍മ്മിച്ചതിന്റെ പണം ഇതുവരെ ഊരുകാര്‍ക്ക്‌ കിട്ടിയിട്ടില്ല. വല്ലപ്പോഴും വനംവകുപ്പിന്റെ കീഴില്‍ കിട്ടുന്ന തൊഴിലുറ്‌പ്പ് പണി മാത്രമാണ്‌ ഊരുകാരുടെ ഏക വരുമാന മാര്‍ണ്മം പണലി പറഞ്ഞു.
അട്ടപ്പാടിയലെ കുഞ്ഞുങ്ങളുടെ മരണത്തെ തുടര്‍ന്ന്‌ പ്രഖ്യാപിച്ച ജനനി ജന്മ രക്ഷയുടെ ആദ്യഗഡുവായ 4000 രൂപ മാത്രമാണ്‌ ഞാനടങ്ങുന്ന 15 അമ്മമാര്‍ക്ക്‌ ലഭിച്ചത്‌. ബാക്കി തുക കിട്ടുന്നതിനാവശ്യമായ ഇടപെടല്‍ ഉണ്ടാവണം. വീട്ടമ്മയും ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഉദയന്റെ ബന്ധുവുമായ ബിന്ദു പറഞ്ഞു.
ഏത്‌ ഊരില്‍ ചെന്നാലും ഞങ്ങള്‍ അന്വേഷിക്കുന്നത്‌ അവിടുത്ത അംഗന്‍വാടിയെ കുറിച്ചായിരുന്നു.ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇവിടുത്തെ അംഗന്‍വാടി സന്ദര്‍ശിച്ചത്‌ ഇപ്പോഴും മനസിലുണ്ട്‌. അന്ന്‌ ഗര്‍ഭിണികള്‍ക്ക്‌ മാസത്തില്‍ നല്‍കേണ്ട കുത്തിവെയ്‌പ്പുകള്‍ കൃത്യമായി നല്‍കാതിരുന്നത്‌ വലിയ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഇപ്പോള്‍ അംഗന്‍വാടിയില്‍ 18 കുട്ടികളുണ്ട്‌. ചെറിയ ഒറ്റ മുറി വാടക കെട്ടിടത്തിലാണ്‌ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്‌. പുതിയ അംഗന്‍വാടിക്കായി 10 ലക്ഷം രൂപ പാസായിട്ടുണ്ട്‌. പക്ഷേ എടവാണിയില്‍ 10 ലക്ഷം രൂപ മുടക്കി അംഗന്‍വാടി പണിയുക സാധ്യമല്ല. പണി ചെയ്യുവാനുള്ള സാധനങ്ങള്‍ കോട്ടത്തറയില്‍ നിന്നും കൊണ്ടു വരണം. മല കയറി സാധനങ്ങള്‍ എത്തിച്ച്‌ പണി പൂര്‍ത്തിയാക്കണമെങ്കില്‍ ഒരു പതിനഞ്ച്‌ ലക്ഷം രൂപയെങ്കിലും വേണ്ടി വരും. പണലി പറഞ്ഞുു. 10 ലക്ഷം രൂപ മുടക്കി താഴെ ഭൂതയാറില്‍ ഒരു കണക്കിനാണ്‌ അംഗന്‍വാടിയുടെ പണി പൂര്‍ത്തിയാക്കിയത്‌. ഊരില്‍ പണി പൂര്‍ത്തീകരിക്കാനാവാതെ കാണുന്ന ഇ എം. എസ്‌. പദ്ധിതിയില്‍പ്പെട്ട വീടുകളും പറയുന്നത്‌ ഇത്തരം ഉള്‍ പ്രദേശങ്ങളില്‍ കൂടുതല്‍ തുക അനുവദിക്കാത്തതിന്റെ ആവശ്യകതയെകുറിച്ചാണ്‌. .
സമയം നാലുമണിയോടടുക്കുന്നു. മഴക്കാറുണ്ട്‌ മേലെ മലകള്‍പ്പുറം കൈയെത്താദൂരത്ത്‌ മഴമേഘങ്ങള്‍. ചിലപ്പോള്‍ മഴ പെയ്‌തേക്കാം. ഊരുകാരില്‍ പലരും ആട്‌ മേയ്‌ക്കാന്‍ പോയി തിരിച്ചുവരുന്നതേയുള്ളൂ.
ബാക്കി വന്ന ധാന്യ പൊതികള്‍ മണ്ണൂക്കാരനെ ഏല്‌പിച്ച്‌ ബാക്കിയുള്ളവര്‍ക്ക്‌ വിതരണം ചെയ്യണമെന്ന്‌ പറഞ്ഞുറപ്പിച്ച്‌ ഞങ്ങള്‍ ഇറങ്ങി..
ഊരിലെ അമ്മമാര്‍ നല്‌കിയ തേന്‍ ആവോളം കുടിച്ച്‌ അവരുടെ സ്‌നേഹവായ്‌പുകള്‍ ആവോളം നുകര്‍ന്ന്‌ മലയിറങ്ങുമ്പോള്‍ ചാറ്റല്‍ മഴ..... സ്‌നേഹ മഴ..
മനസില്‍ തേനിന്റെ മധുരത്തിനൊപ്പം വേദനയുടെ കയ്‌പ്പും തികട്ടി വരുന്നത്‌ ഞാനറിഞ്ഞു.

കപ്പയും കട്ടന്‍ ചായയും കാന്താരി ചമ്മന്തിയും

സമയം വൈകുന്നേരം 5 മണി കഴിഞ്ഞിരിക്കുന്നു. എടവാണിയില്‍ നിന്നും കുത്തനെയുള്ള ഇറക്കമായതിനാലാവണം കാലുകള്‍ വല്ലാതെ വേദനിക്കുന്നു. താഴെ ഭൂതയാറില്‍ തിരിച്ചെത്തി പണലിയുടെ വീടിനു മുന്നില്‍ ഞങ്ങളിരുന്നു. കാല്‍ മുട്ടുകള്‍ക്ക്‌ ബലക്ഷയം വന്നതുപോലെ. മലയിറക്കത്തില്‍ വേഗം നടന്നതു കൊണ്ടാവാം.
മുറ്റത്ത്‌ വച്ചിരിക്കുന്ന വലിയ ജാഡിയില്‍ വെള്ളം നിറഞ്ഞൊഴുകുന്നു. കനത്ത വേനലിലും താഴെ ഭൂതയാറില്‍ വെള്ളം സുലഭം. തിണ്ണയില്‍ നിന്നും പതുക്കെ എഴുന്നേറ്റ്‌ ചെന്ന്‌ മുഖം കഴുകി.
നല്ല തണുപ്പ്‌.... എന്തെന്നില്ലാത്ത ആശ്വാസം തോന്നി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഹരിദ്വാറില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ശരീരത്തിലെ മാംസളമായ ഭാഗങ്ങളെല്ലാം നഷ്‌ടപ്പെട്ട്‌ വിറകുകൊള്ളിയെന്നപോലെ ശരീരം അകപ്പെട്ടപോലുള്ള തോന്നല്‍. താഴെ ഭൂതയാറിലെ തണുത്ത വെള്ളം ഹരിദ്വാറിനെയാണ്‌ ഓര്‍മ്മപ്പെടുത്തിയത്‌.
മുഖവും കാലും കഴുകി തിരിച്ചെത്തിയപ്പോള്‍ കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും റെഡിയാക്കി കാത്തിരിക്കുകയാണ്‌ പണലിയുടെ ഭാര്യ പാപ്പ. ഒപ്പം കട്ടന്‍ ചായയും. ഇതിനു മുമ്പ്‌ വന്നപ്പൊഴൊക്കെ പാപ്പ ഞങ്ങള്‍ക്ക്‌ കപ്പയും കട്ടന്‍ചായയും കാന്താരി ചമ്മന്തിയും തന്നിരുന്നു. കളക്‌ടര്‍ എടവാണിയിലെത്തിയപ്പോഴും നല്‌കിയത്‌ ഇതു തന്നെയായിരുന്നു. പഴുത്ത തക്കാളി ചുട്ടതിനു ശേഷം കാന്താരി ചേര്‍ത്ത്‌ അരച്ചുണ്ടാക്കുന്ന ചമ്മന്തിക്ക്‌ ഒരു പ്രത്യേക രുചിയാണ്‌. ഓര്‍ക്കുമ്പോള്‍ പോലും നാവില്‍ വെള്ളമൂറും. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അഗസ്‌തികൂടം മലയിടുക്കുകളിലേക്കുള്ള യാത്രക്കിടയില്‍ കാട്ടില്‍ അള്ളില്‍ തങ്ങിയപ്പോള്‍ ഒപ്പം വഴികാട്ടിയായി വന്ന മൂപ്പന്‍ ചുട്ട കപ്പയ്‌ക്കൊപ്പം വറ്റല്‍ മുളക്‌ ചുട്ടെടുത്ത്‌ കല്ലില്‍ വെച്ച്‌ ഇടിച്ച്‌ ഉണ്ടാക്കിതന്ന ചട്ട്‌ണിയുടെ മറ്റൊരു പതിപ്പായി തോന്നി പാപ്പയുടെ കാന്താരി ചമ്മന്തി. നല്ല വിശപ്പുണ്ടായിരുന്നു എല്ലാവര്‍ക്കും.
സമയം വൈകുന്നു. കാളിസ്വാമിയാണ്‌ ഓര്‍മ്മപ്പെടുത്തിയത്‌. ഇനി വൈകിയാല്‍ വഴിയില്‍ ആനയ്‌ക്കു മുന്നില്‍പെടും. ആദ്യമായി ഞങ്ങള്‍ക്കൊപ്പം വന്ന പഠിതാക്കള്‍ക്ക്‌ അതൊന്നും അറിയില്ല. അവര്‍ ആദ്യമായി ഹിമാലയം കീഴടക്കിയ സന്തോഷത്തിലാണ്‌. ഇനിയും വരാമെന്ന്‌ പറഞ്ഞ്‌ മല ഇറങ്ങുമ്പോള്‍ സമയം 5.40. ഇനി ആറോളം കിലോമീറ്റര്‍ നടക്കണം അരളികോണം കഴിഞ്ഞ്‌ ഉമ്മത്താംപടിയിലെത്താന്‍. സന്ധ്യ മയങ്ങുന്നതിന്‌ മുമ്പ്‌ മെയിന്‍ റോഡിലെത്തണം. രാവിലെ വൈകി പുറപ്പെട്ടതിലുളള വിഷമം എല്ലാവരുടേയും മനസിലുണ്ടെന്ന്‌ തോന്നി. ഇറങ്ങുമ്പോള്‍ റോഡു വരെ പണലി വരാനിറങ്ങിയതാണ്‌. സ്‌നേഹപൂര്‍വ്വം നിരസിച്ചു. തിരികെ നടക്കുമ്പോള്‍ മനസ്സ്‌ ശൂന്യമായിരുന്നു. മനസില്‍ കോറിയിട്ട ചിത്രങ്ങളില്‍ കണ്ണീരിന്റെ നനവ്‌..
അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌ ആരും ഒന്നും സംസാരിക്കാതെയാണ്‌ നടക്കുന്നത്‌.
തികഞ്ഞ നിശബ്‌ദത..
ഓരോ മനസ്സും കാന്താരി ചട്‌നിപോലെ നീറുന്നതായി തോന്നി.
ഒന്നും ഉരിയാടാന്‍ തോന്നിയില്ല.
ഇപ്പോള്‍ എല്ലാവരും വരിവരിയായി മലയിറങ്ങുകയാണ്‌. ഏറ്റവും പുറകിലാണ്‌ ഞാന്‍. ഏറ്റവും മുന്നില്‍ രാമു. എനിക്കു തൊട്ടു മുന്നില്‍ കാളിസ്വാമി. ഞാന്‍ വലതു കൈയുയര്‍ത്തി കാളിയെ തൊട്ടു. ഇപ്പോള്‍ അവനാവശ്യം എന്റെ ഒരു സ്‌പര്‍ശനമാണെന്നെനിക്ക്‌ തോന്നി. ആ സ്‌പര്‍ശം ഒരു പാലം പോലെ രൂപപ്പെടുന്നതു ഞാനറിഞ്ഞു. വരഗയാറിന്റെ കളകള ശബ്‌ദത്തിനൊപ്പം ചീവീടുകളുടെ കരച്ചില്‍ ഞങ്ങളെ പൊതിഞ്ഞു. എങ്ങും കനത്ത ഇരുട്ടായിരുന്നു.

രാജേന്ദ്രപ്രസാദ്‌

Ads by Google
Sunday 09 Apr 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW