ന്യുഡല്‍ഹി: എയര്‍ ഇന്ത്യയിലെ മലയാളി ജീവനക്കാരനെ മര്‍ദ്ദിച്ച രവീന്ദ്ര ഗെയ്ക്ക്വാദ് എം.പിയുടെ വിമാന യാത്രാ വിലക്ക് നീക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി ശിവസേന. യാത്രാ വിലക്ക് നീക്കിയില്ലെങ്കില്‍ എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശിവസേന. യാത്രാ വിലക്ക് നീക്കിയില്ലെങ്കില്‍ ഏപ്രില്‍ 10ന് നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഇത് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നിര്‍ദ്ദേശമാണ്. യാത്രാ വിലക്കിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യയും മറ്റ് ചില വിമാനക്കമ്പനികളും ഗെയ്ക്ക്വാദിന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഇന്ന് ലോക്സഭയില്‍ വാക്കേറ്റത്തിനിടയാക്കിയിരുന്നു. ശിവസേനയുടെ മന്ത്രി അനന്ദ് ഗീതെയും സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗണപതി രാജുവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഗെയ്ക്ക്വാദിന്റെ വിമാന യാത്രാ വിലക്ക് നീക്കണമെന്ന് ശിവസേനയുടെ ആവശ്യത്തിന് മന്ത്രി ചെവി കൊടുക്കാതിരുന്നതാണ് വാക്കേറ്റത്തിടയാക്കിയത്. യാത്രാ വിലക്ക് നിയമാനുസൃതമാണെന്നും നിയമം എല്ലാവര്ക്കും ഒരു പോലെയാണെന്നുമായിരുന്നു ഗണപതി രാജുവിന്റെ നിലപാട്.
വിഷയത്തില്‍ തന്റെ നിലപാട് രവീന്ദ്ര ഗെയ്ക്ക്വാദ് ലോക്സഭയില്‍ വിശദീകരിച്ചിരുന്നു. തന്നെയാണ് എയര്‍ ഇന്ത്യ ജീവനക്കാരന് മര്‍ദ്ദിച്ചതെന്നായിരുന്നു ഗെയ്ക്ക്വാദിന്റെ വിശദീകരണം. എയര്‍ ഇന്ത്യയോട് മാപ്പ് പറയില്ലെന്നും ഗെയ്ക്ക്വാദ് വ്യക്തമാക്കി. അതേസമയം യാത്രാ വിലക്ക് ഇന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.