Sunday, May 27, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Thursday 06 Apr 2017 04.38 PM

നീറോയുടേയും ലൂയി പതിനാലമന്റെയും കേരള മോഡല്‍

uploads/news/2017/04/97065/moonamkannuapril0617.jpg

നീറോ ചക്രവര്‍ത്തിയും ലൂയി പതിനാലമനും ചരിത്രത്തിന്റെ ഏടുകളില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നവരാണ്. അവരെ ചരിത്രം അനുസ്മരിക്കുന്നത് അവരുടെ നിഷ്‌ക്രിയ ഏകാധിപത്യ പ്രവണതകളുടെ പേരിലാണ്. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ ഒരാള്‍ വീണ വായിച്ചെങ്കില്‍ മറ്റൊരാള്‍ ഞാനാണ് രാജ്യം എന്ന് പ്രഖ്യാപിച്ച് ഒരു ഏകാധിപതിയുടെ എല്ലാ സ്വഭാവവിശേഷണങ്ങളും പ്രകടിപ്പിക്കുകയായിരുന്നു.

എത്രയൊക്കെ അധികാരത്തിന്റെ ദംഷ്ട്രങ്ങള്‍ പുറത്തുകാട്ടിയെങ്കിലും ഒടുവില്‍ ജനരോഷത്തിന് മുന്നില്‍ അവര്‍ക്കൊക്കെ കീഴടങ്ങേണ്ടതായി വന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ രൂപീകരണത്തിന്റെ വജ്രജൂബിലി ആഘോഷം നടക്കുമ്പോള്‍ തന്നെ നീറോയേയും ലൂയി പതിനാലമനെയും ചിന്തിക്കേണ്ടിവന്നിരിക്കുന്നുവെന്നതാണ് ഇന്ന് നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന ദുരന്തം.

സ്ത്രീകളുടെ കണ്ണീരിന്റെ വില എല്ലാ ഭരണകൂടങ്ങളും നല്‍കേണ്ടിവന്നിട്ടുണ്ട്. അജയരെന്ന് വിശേഷിപ്പിച്ച ഇതിഹാസനായകന്മാര്‍ വരെ കടപുഴകി വീണത് രണ്ടു സ്ത്രീകളുടെ കണ്ണീരിലുടെയായിരുന്നുവെന്ന് ഓര്‍ക്കുന്നത് നല്ലത്.

വാനോളം പ്രതീക്ഷകള്‍, കുന്നോളം ആശകള്‍ എന്നിവ പേറിക്കൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനെ പത്തുമാസങ്ങള്‍ക്ക് മുമ്പ് കേരളീയ ജനതി കിരീടധാരണം നടത്തിയത്. ഇതൊരു മുള്‍ക്കിരീടമാണെന്ന് വ്യക്തമാക്കികൊണ്ടാണ് അത് അണിയിച്ചതും. എന്നാല്‍ തന്റെ തലയില്‍ കയറിയത് അധികാരത്തിന്റെ സുവര്‍ണ്ണ കിരീടമാണെന്ന സങ്കല്‍പ്പത്തില്‍ എല്ലാം മറന്ന് മുന്നോട്ടുപോകുകയാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പടകളും. ഈ അറുപത് വര്‍ഷങ്ങളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ ഒരു ഘട്ടത്തിലൂടെയാണ് കേരളത്തിന്റെ ഭരണം കടന്നുപോകുന്നത്.

അമ്മയെപ്പോലും മറന്നുപോകുന്ന തലത്തിലേക്കാണ് അധികാരത്തിന്റെ മുഴുപ്പ് ഇവരെ കൊണ്ട് എത്തിച്ചിരിക്കുന്നത്. മകന്‍ നഷ്ടപ്പെട്ട ഒരു അമ്മ അവരുടെ ആശങ്ക പങ്കുവയ്ക്കാന്‍ ഒരു സമരത്തിന് തുനിഞ്ഞാല്‍ അവരോട് കാട്ടേണ്ടത് ഇതാണോയെന്നാണ് ഇന്ന് കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ചചെയ്യുന്നത്. തങ്ങളുടെ എല്ലാ രോഷവും പ്രകടിപ്പിക്കുന്ന തരത്തില്‍ നിസ്സഹായയായ ഒരു അമ്മയെ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ച കേരളീയന്റെ മനസില്‍ കോരിയിടുന്നത് ദുഃഖമല്ല, നാളെ എന്താണ് എന്ന ആശങ്കയാണ്. ഇന്നലെ കേരളം കണ്ടത് അതാണ്.

പോലീസിന്റെ അഴിഞ്ഞാട്ടം. അതിന് പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവ് നടത്തുന്ന ന്യായം ജെ.എന്‍.യുവിലും ആന്ധ്രയിലുമൊക്കെ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കെതിരെ മോഡി സര്‍ക്കാര്‍ നിരത്തിയ ആരോപണമാണ്. ബാഹ്യശക്തികള്‍ കടന്നുകയറി. ഇവിടെ പിണറായി വിജയന്‍ നീറോ ചക്രവര്‍ത്തിയെയാണ് അനുസ്മരിപ്പിക്കുന്നത്. കേരളം മുഴുവന്‍ എതിരായി നില്‍ക്കുമ്പോഴും കാക്കി കളസക്കാരനെ ന്യായീകരിക്കുന്ന ഭരണാധികാരിയെ എങ്ങനെ ജനകീയന്‍ എന്ന് വിളിക്കാന്‍ കഴിയുഗ.

സോളാര്‍ കേസില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ ഇറക്കി സെക്രട്ടേറിയറ്റ് മുഴുവന്‍ വളഞ്ഞപ്പോള്‍ പോലും അന്ന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉയര്‍ത്താത്ത ഒരു അരേപണമാണ് പതിനഞ്ചുപേര്‍ മാത്രം വന്ന ഒരു സമരത്തിന് നേരെ അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. ഇത് അടിച്ചമര്‍ത്തപ്പെടുന്നവന് നീതി നിഷേധിക്കലാണ്.

പത്തുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണം സ്വപ്നം കണ്ട് അധികാരത്തിലെത്തിയ പിണറായിക്ക് അറുപത് വര്‍ഷത്തിന് മുമ്പത്തെ സംഭവം ആവര്‍ത്തിക്കുമോയെന്ന ഭയമാണ് പൊതുവിലുള്ളത്. കഴിഞ്ഞ പത്തുമാസത്തെ ചരിത്രം തന്നെ എടുത്തുനോക്കിയാല്‍ ഈ സര്‍ക്കാരിന് എവിടെയാണ് വിജയിക്കാന്‍ കഴിഞ്ഞതെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഇരട്ടചങ്കനെന്നും ഒന്നിലും വീഴിലെന്നുമൊക്കെ വീരവാദം മുഴക്കിയിരുന്ന പിണറായിവിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ പഞ്ചസാരകൂനയ്ക്ക് മുകളില്‍പ്പെട്ട ഉറുമ്പിനെപ്പോലെയായിപ്പോയി എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അവരെ പഴിക്കാനാവില്ല.

കമ്മ്യൂണിസ്റ്റുകാരന്റെ ഭരണം എത്തപ്പെടേണ്ടത് കഷ്ടപ്പെടുന്നവരുടെയും അദ്ധ്വാനിക്കുന്നവരുടെയും ഹൃദയത്തിലാണ്. ഇത്രയുംകാലം വന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് ഒരുപരിധി വരെ അതിന് കഴിഞ്ഞിട്ടുമുണ്ട്. ഇത് അവരെ ആശുപത്രികളിലാക്കുന്ന ഭരണമാണ് നടക്കുന്നത്. ജനങ്ങളെ കാണാതെ ഉദ്യോഗസ്ഥര്‍ നയിക്കുന്ന വഴിയിലൂടെ നടന്ന ഭരണാധികാരികളൊക്കെ തന്നെ ചരിത്രത്തില്‍ നാണം കെട്ടവരായിട്ടുമുണ്ട്. പരിസ്ഥിതി പറഞ്ഞ് വന്നവര്‍ കൈയേറ്റത്തിന് കൂട്ട്. സ്ത്രീസുരക്ഷ വോട്ടാക്കി മാറ്റിയവര്‍ക്ക് സ്ത്രീ ഇപ്പോള്‍ ഉപഭോഗവസ്തു, അല്ലെങ്കില്‍ പ്രതിവിപ്ലവകാരി. ഇപ്പോള്‍ ജേക്കബ് തോമസിന്റെ കാര്യത്തില്‍ തന്നെ ഇത് ഏകദേശം വ്യക്തവുമാണ്.

പിണറായി വിജയന്‍ എന്ന നേതാവിനെ ഒരിക്കലും വിലകുറച്ച് കാണുകയല്ല. റസമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയില്‍ ജനിച്ച് അവിടെ നിന്ന് പടിപടിയായി പൊതുപ്രവര്‍ത്തനം നടത്തി. എല്ലാ പ്രതിബന്ധങ്ങളെയും ശക്തമായി നേരിട്ട് തന്നെയാണ് അദ്ദേഹം വളര്‍ന്നത്. അനുഭവങ്ങളുടെ തീച്ചൂളയിലൂടെയും പ്രവര്‍ത്തനപാരമ്പര്യത്തിലൂടെയും തന്നെയാണ് അദ്ദേഹം ഇവിടെ എത്തിയത്.

അടിയന്തിരാവസ്ഥകാലത്ത് ഇന്ന് ജീവിച്ചിരിപ്പുള്ള ഏതൊര രാഷ്ട്രീയനേതാവ് അനുഭവിച്ചതിനെക്കാള്‍ കൂടുതല്‍ പീഢനങ്ങള്‍ക്ക് വിധേയമായിട്ടുമുണ്ട്. ഭരണാധികാരിയെന്ന നിലയിലും മുമ്പ് കഴിവു തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. വൈദ്യതി മന്ത്രിയെന്ന നിലയില്‍ രണ്ടുവര്‍ഷം മാത്രമേ പ്രവര്‍ത്തിച്ചുള്ളുവെങ്കിലും അവിടെ തന്റെ നിപുണത തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്തു.

കഴിഞ്ഞ പതിമൂന്ന് വര്‍ഷം കേരളത്തിലെ ഒന്നാമത്തെ പാര്‍ട്ടിയെ പ്രതിസന്ധികളില്‍ നയിച്ച് ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത അധികാരിയായി വളര്‍ന്ന പിണറായി വിജയന് എന്തുപറ്റിയെന്ന ചോദ്യമാണ് ഇവിടെയ ഉയരുന്നത്. ആരും പ്രചരിപ്പിക്കുന്നതല്ല, കേരളം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രണ്ടുവയസായ കുട്ടിമുതല്‍ 90 വയസായ മുത്തശ്ശിക്ക് വരെ സുരക്ഷിതത്വമില്ല. ഏത് സമയത്തും അവര്‍ പീഢിപ്പിക്കപ്പെടാം. ആരെയും ആര്‍ക്കും കൊല്ലാം, അതിന് ഒരു രാഷ്ട്രീയ നിറം നല്‍കിയാല്‍ മാത്രം മതി. ഇത്രയധികം കുത്തഴിഞ്ഞ സ്ഥിതിയില്‍ കേരളം ഇന്നുവരെ പോയിട്ടുണ്ടോയെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു.

വരച്ചവരയില്‍ നിര്‍ത്തി ഒരു കുട്ടിയെ നിയന്ത്രിക്കുന്നതുപോലെ പാര്‍ട്ടികേഡറുകളെ കണ്ണുരുട്ടിയും അച്ചടക്കത്തിന്റെ വടിയെടുത്തും നിലയ്ക്കുനിര്‍ത്താന്‍ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഭരണത്തിലെത്തിപ്പോള്‍ അത് സാദ്ധ്യമല്ലെന്ന് അദ്ദേഹത്തിന് ഇനിയും ബോദ്ധ്യമായിട്ടില്ല. ഇപ്പോഴും നാലാം ക്ലാസിലെ ആ അദ്ധ്യാപകന്റെ മനസിലാണ് അദ്ദേഹം. ജനങ്ങളുമായി ഒരു ബന്ധവുമില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാതെ ദന്തഗോപുരത്തില്‍ വസിക്കുന്ന മറ്റേതെരു ഭരണാധികാരിയേയും പോലെയായി പിണറായി വിജയനും.

മന്ത്രിസഭ കഴിഞ്ഞിട്ടുള്ള പത്രസമ്മേളനം കാര്യങ്ങള്‍ വിവരിക്കാനുള്ളത് മാത്രമായിരുന്നില്ല, ജനകീയ പ്രശ്‌നങ്ങള്‍ അറിയുന്നതിനുള്ളതുകൂടിയായിരുന്നു മറ്റ് മുഖ്യമന്ത്രിമാര്‍ക്ക്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇദ്ദേഹം അതില്‍ നിന്നും ഒളിച്ചോടി. ചില പൊതുപരിപാടികളല്ലാതെ ജനങ്ങളെ കാണാനോ അവരുടെ ദുഃഖങ്ങള്‍ മനസിലാക്കാനോ ഈ ഭരണാധികാരിക്ക് കഴിയുന്നില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ശക്തമായിട്ടുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക ഭരണകൂടങ്ങളേയും പ്രതിസന്ധിയിലാക്കിയിട്ടുള്ളത് ഇവിടുത്തെ പോലീസാണ്. പോലീസിനെ തുടക്കം മുതല്‍ നിയന്ത്രിക്കാന്‍ കഴിയാതെ കയറൂരി വിടുന്ന ഭരണാധികാരികളൊക്കെ അതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ പോലീസ് രാജ് നടക്കുകയെന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പോലീസിന്റെ നിരവധി പീഢനങ്ങളും മനുഷ്യത്വമില്ലായ്മയും അനുഭവിച്ചിട്ടുള്ളവരാണ് അവര്‍ എന്നതു തന്നെ. എന്നാല്‍ ഇവിടെ ഇപ്പോള്‍ അതാണ് നടക്കുന്നത്. ഭരണസംവിധാനത്തിന് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ യാതൊരു നിയന്ത്രണവുമില്ല. പോലീസ് തങ്ങളുടെ തോന്നിയ വഴിക്ക് നീങ്ങും. അതിന്റെ ന്യായീകരണതൊഴിലാളി മാത്രമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അധഃപതിക്കുകയാണ്.

മാത്രമല്ല, ബി.ജെ.പിയുടെ അസഹിഷ്ണുതയും ഫാസിസത്തെയും കുറിച്ച് പറയുന്നവരും ഇന്ന് സഞ്ചരിക്കുന്നത് ആ പാതയിലൂടെയാണ്. ഇവിടെയാണ് ലൂയി പതിനാലമനെപ്പോലെ ഞാനാണ് രാജ്യം എന്ന അവസ്ഥയിലേക്ക് ഈ സര്‍ക്കാര്‍ കൂപ്പുകുത്തുന്നത്. പ്രതിഷേധങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് പിണറായി നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായി അടിച്ചമര്‍ത്തും എന്നതാണ് പിണറായിയുടെ തീരുമാനം. പ്രതിഷേധങ്ങളെ സഹിഷ്ണുതയോടെ കാണാത്ത ഭരണാധികാരി ഫാസിസ്റ്റാണെന്ന് കണ്ണുമടച്ച് പറയാം.

മുഖ്യമന്ത്രിയാകുമ്പോഴാണ് നേതാവ് കൂടുതല്‍ ജനകീയനാകുന്നതെന്ന് മുമ്പ് പിണറായി തന്നെ വിശദീകരിച്ചിട്ടുണ്ട്. വി.എസിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിശദീകരണം. കാര്‍ക്കശ്യത്തിന്റെ രൂപഭാവങ്ങളില്‍ നിന്ന് പുഞ്ചിരിക്കുന്ന മുഖത്തിലേക്ക് മാറ്റം നടത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ചിലരെങ്കിലും പറഞ്ഞേക്കാം. എന്നാല്‍ ആരെ നോക്കി, എപ്പോള്‍, എങ്ങനെ പുഞ്ചിരിക്കണമെന്ന് മനസിലാക്കിയില്ലെങ്കില്‍ അത് വലിയ തിരിച്ചടികള്‍ക്ക് വഴിവയ്ക്കുമെന്നതിലും സംശയമില്ല. ഇവിടെ അതൊന്നുമല്ല പ്രശ്‌നം അധികാരം ദുഷിപ്പിക്കും പരമാധികാരം പരമമായി തന്നെ ദുഷിപ്പിക്കും എന്ന ആപ്തവാക്യത്തിന്റെ സാക്ഷാത്കാരമാണ്.

പോലീസിന്റെ നടപടികളില്‍ മാത്രമല്ല, ഈ സര്‍ക്കാരിന്റെ പത്തുമാസത്തെ ഭരണം വിലയിരുത്തിയാല്‍ തോമസ് ഐസക്ക്, ജി. സുധാകരന്‍ പോലുള്ള ചില മന്ത്രിമാരുടെ പ്രകടനം മാറ്റിവച്ചാല്‍ മറ്റെല്ലാം പൂജ്യമാണ്. ജനവികാരം മനസിലാക്കാത്ത മന്ത്രിമാരാണ് ഭൂരിഭാഗവും. ജനങ്ങള്‍ എതിര്‍ക്കുന്ന അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയേ തീരുവെന്ന് വാശിപിടിക്കുന്നവര്‍. പത്തുമാസം കേരളത്തിന്റെ സുവര്‍ണ്ണയുഗമായിരുന്നുവെന്ന് പറയുന്നവര്‍ ഇവിടെ എന്താണ് ചെയ്തതെന്നുകൂടി പറയണം.

സ്വാശ്രയപ്രശ്‌നത്തില്‍ ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും നാഴികയ്ക്ക് നാന്നൂറുവട്ടം പഴിക്കുമ്പോള്‍ അവരുടെ കാലത്ത് ഒരു വിദ്യാര്‍ത്ഥിയും മാനേജുമെന്റിന്റെ പീഫനംമൂലം ആത്മഹത്യചെയ്യേണ്ടിവന്നിട്ടില്ലെന്നുകൂടി ഓര്‍ക്കണം. മാത്രമല്ല, അവരുടെ കുറ്റങ്ങള്‍ ജപിച്ച് അഞ്ചുവര്‍ഷം തള്ളിക്കളയാനല്ല, ജനങ്ങള്‍ നിങ്ങളെ ഭരണസോപാനത്തിലേറ്റിയത്. ആ തെറ്റുകുറ്റങ്ങള്‍ തിരുത്തി ഒരു പുതിയ കേരളത്തെ സൃഷ്ടിക്കാനാണ്. നിങ്ങള്‍ മുന്നോട്ടുവച്ച നവകേരള സൃഷ്ടി എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷിത്വമില്ലാതാക്കുമെന്നായിരുന്നുവെങ്കില്‍ അത് ജനത തള്ളിക്കളയുകതന്നെ ചെയ്യും.

വന്ന വഴികള്‍ മറക്കരുത്. തമലശേരി ബ്രണ്ണന്‍ കോളജില്‍ സംഘപരിവാര്‍ ശക്തികള്‍ ഊരിപ്പിടിച്ച വാളിന്റെ നടുക്കുകൂടിയാണ് താന്‍ നടന്നുവന്നത് എന്ന് ഒരു ഭരണാധികാരി ആര്‍ജ്ജവത്തോടെ വിളിച്ചുപറയുമ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവനും അരക്ഷിത്വബോധത്തില്‍ ജീവിക്കുന്നവര്‍ക്കും പുത്തനുണര്‍വാണ് നല്‍കുന്നത്. എന്നാല്‍ അത് ഒരു രജനി സിനിമയിലെ പഞ്ച് ഡയലോഗ് മാത്രമാണെന്ന് പൊതുസമൂഹം തിരിച്ചറിയുമ്പോള്‍ നിങ്ങളെ അവര്‍ പുച്ഛിച്ച് തള്ളും.

ഇടതുപക്ഷഃത്തെ ഹൃദയപക്ഷമായി കണ്ടുകൊണ്ടുതന്നെയാണ് തെരഞ്ഞെടുത്തത്. ആ ഹൃദയങ്ങള്‍ തകര്‍ത്ത് നിര്‍മ്മിക്കുന്ന ഏത് കൊട്ടാരവും നിങ്ങള്‍ക്ക് ശാശ്വതവുമാവില്ല. കേരളത്തില്‍ ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ മന്ത്രിസഭയ്‌ക്കെതിരെ ജനകീയ പ്രതി%േഷധം എന്ന നിലയ്ക്ക് വിമോചനസമരമുയര്‍ന്നത് ചുരുക്കം ചില തല്‍പ്പരകക്ഷികളുടെ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. കമ്മ്യൂണിസം വിവക്ഷിക്കുന്നതുപോലെ പാവപ്പെട്ടവന് വേണ്ടിപ്രവര്‍ത്തിച്ചതാണ് ആ സര്‍ക്കാരിന് ദോഷമായത്.

എന്നാല്‍ അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അതുപോലെയൊരു വിമോചനസമരത്തിന്റെ തീച്ചൂളയിലാണ് കേരളം നില്‍ക്കുന്നത്. അത് ജനങ്ങള്‍ക്ക് വേണ്ടിപ്രവര്‍ത്തിച്ചതിനാണെന്ന് ചരിത്രംപറയില്ല, ജനകീയ വിരുദ്ധ നടപടികള്‍ സ്വീകരിച്ചതിനാണെന്ന് ചരിത്രം രേഖപ്പെടുത്തും. കേരളം കണ്ട ഏറ്റവും ദുര്‍ബലനായ ഒരു മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെയായിരുന്ന ആ സമരമെന്ന് സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തിവയ്ക്കും. പിന്നാലെ വരുന്ന നിങ്ങളുടെ അണികള്‍ പോലും നിങ്ങള്‍ക്ക് മാപ്പുനല്‍കില്ല.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Thursday 06 Apr 2017 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW