Sunday, March 25, 2018 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google

മറുവിചാരം

Jaison Mathew
Jaison Mathew
Thursday 06 Apr 2017 04.13 PM

ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പിണറായി വിജയന്‍ പഠിക്കേണ്ടത്

മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെ കൃഷ്ണദാസിനെ എന്നല്ല, ഗോവിന്ദച്ചാമിയെ പോലും പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. കോടതിയെയും ഭരണഘടനയെയും മറികടന്ന് പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ അതിവൈകാരികമായി ചിന്തിക്കുന്ന പൊതുബോധം പേറുന്ന ഒരു ജനതയ്ക്ക് ഇത് മനസിലാകില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാനെങ്കിലും ഒരു ഭരണകൂടത്തിന് സാധിക്കണം
Jishnu Pranoy , pinarai vijayan, oommen chandy, mahija

ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ക്കെതിരായ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം പുകയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രസകരമായ ചില നിരീക്ഷണങ്ങള്‍ വരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിക്ക് പകരം ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ അദ്ദേഹം ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു എന്നാതാണ് സോഷ്യല്‍ മീഡിയില്‍ വിടരുന്ന ഭാവന. അതിലൊന്ന് ഇങ്ങനെയാണ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ അദ്ദേഹം ജിഷ്ണുവിന്റെ കുടുംബത്തെ അങ്ങോട്ട് പോയി കാണുകയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ തന്ത്രജ്ഞത അറിയാവുന്ന ആരും ഈ നിരീക്ഷണത്തില്‍ ഒട്ടും അതിശയോക്തിയുണ്ടെന്ന് പറയില്ല.

ഒടുവില്‍ കുറ്റപത്രം കോടതി തള്ളിക്കളയുകയും പ്രതികളെ വെറുതെ വിടുകയും ചെയ്യുമ്പോഴായിരിക്കും പോലീസ് എത്ര ദുര്‍ബലമായാണ് കേസ് അന്വേഷിച്ചത് എന്ന് വ്യക്തമാകുക. അപ്പോഴേയ്ക്കും പൊതുജനങ്ങളും മാധ്യമങ്ങളും മറ്റ് വിഷയങ്ങളുടെ പിന്നാലെ പോയിരിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന ഒറ്റ ഡയലോഗില്‍ ഉമ്മന്‍ ചാണ്ടി തലയൂരും. ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പിണറായി പഠിക്കേണ്ടതും ഇതാണ്. സമരങ്ങളെ മാനേജ് ചെയ്യാനുള്ള ഈ അസാമാന്യ മെയ്‌വഴക്കം ഉപയോഗിച്ച് തന്റെ ഭരണകാലത്ത് സര്‍ക്കാരിനെതിരായ എത്രയോ സമരങ്ങളെയാണ് ഉമ്മന്‍ ചാണ്ടി നിഷ്പ്രഭമാക്കിയിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെ കൃഷ്ണദാസിനെ എന്നല്ല, ഗോവിന്ദച്ചാമിയെ പോലും പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. കോടതിയെയും ഭരണഘടനയെയും മറികടന്ന് പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ അതിവൈകാരികമായി ചിന്തിക്കുന്ന പൊതുബോധം പേറുന്ന ഒരു ജനതയ്ക്ക് ഇത് മനസിലാകില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാനെങ്കിലും ഒരു ഭരണകൂടത്തിന് സാധിക്കണം. അതിന് കുറഞ്ഞ പക്ഷം ഇക്കാര്യത്തിലെങ്കിലും ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കേണ്ടിയിരിക്കുന്നു. അതിന് പകരം, വിഷയം പരമാവധി വഷളാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഒപ്പം പോലീസിനെ കയറൂരി വിടുകയും ചെയ്തു.

ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും അതിവൈകാരികമായി തന്നെ പ്രതികരിക്കും. കാരണം നഷ്ടം സംഭവിച്ചത് അവര്‍ക്കാണ്. മകന്റെ കൊലയാളികളെ ശിക്ഷിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. അത് അവരുടെ അവകാശവുമാണ്. അവരുമായി ഇടപെടുമ്പോള്‍ സര്‍ക്കാരും പോലീസുമാണ് വിവേകം പ്രകടിപ്പിക്കേണ്ടത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ട് പോകും. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും തലസ്ഥാനത്തുണ്ട്. അവരെ പോയി കാണുക. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പ് കൊടുക്കുക. കുറച്ചൊക്കെ പൊതുബോധത്തിനൊപ്പം നില്‍ക്കാതെ ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാനാകില്ല. പ്രത്യേകിച്ച് കേരളം പോലെ എല്ലാറ്റിനേയും വികാരപരായി സമീപിക്കുന്ന സമൂഹത്തില്‍.

Ads by Google
TRENDING NOW