Monday, May 21, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 03.41 PM

വഴികാട്ടാനായിരുന്നോ മനോജിന്റെ ജീവിതം

uploads/news/2017/04/97055/Weeklypenman060417.jpg

ഗള്‍ഫ്‌യാത്രയ്ക്കിടെ സുഹൃത്തായ സേതുവാണ് മനോജിനെക്കുറിച്ച് പറയുന്നത്. സേതുവിന്റെ സഹപ്രവര്‍ത്തകനായിരുന്നു തൃശൂര്‍ മാളയിലുള്ള മനോജ്. ഗള്‍ഫിലായിരുന്നു ജോലി.

രണ്ടാമത്തെ പ്രസവത്തിന് ഭാര്യ ജെസ്സിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോഴാണ് മനോജ് പെട്ടെന്ന് നാട്ടിലേക്ക് വന്നത്. യൂട്രസ്സില്‍ ഫ്‌ളൂയിഡ് കുറഞ്ഞതിനാല്‍ കോംപ്ലിക്കേഷനുണ്ടാവുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയതായിരുന്നു കാരണം.

ആശുപത്രിയില്‍ പോയി ഭാര്യയെ കണ്ട് മടങ്ങുമ്പോള്‍ മനോജും ബൈക്കും റോഡരികിലെ കുഴിയിലേക്ക് വീണു. മദ്യപിച്ച് വീണതാണെന്ന് കരുതി ആരും അയാളെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.

മണിക്കൂറുകള്‍ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും തലയില്‍ രക്തം കട്ടപിടിച്ചിരുന്നു. സര്‍ജറി ചെയ്തിട്ടും മനോജിനെ പഴയ അവസ്ഥയിലെത്തിക്കാന്‍ കഴിഞ്ഞില്ല.

കഴുത്തിലും മൂക്കിലും ട്യൂബിട്ടിട്ടാണ് കിടപ്പ്. കൈയും കാലും ചുരുങ്ങി തലമാത്രം വളരുന്ന അവസ്ഥ. ഒരുവര്‍ഷമാണ് ആശുപത്രിയില്‍ കിടന്നത്. വൈദ്യശാസ്ത്രവും കൈവിട്ട മനോജിനെക്കുറിച്ച് കേട്ടപ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍.

നാട്ടിലെത്തിയപ്പോള്‍, സുഹൃത്തായ ഷറഫുദ്ദീനെയും കൂട്ടിയാണ് മാളയിലെ മനോജിന്റെ വീട്ടിലെത്തിയത്. ആ കിടപ്പ് അധികനേരം നോക്കിനില്‍ക്കാന്‍ കഴിയില്ല. ശ്വാസത്തിന്റെ ചലനം മാത്രമുള്ള ഒരു മനുഷ്യന്‍. ഷറഫുദ്ദീന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകളിടറി. കൈയിലുണ്ടായിരുന്ന രണ്ടായിരം രൂപ എനിക്കുനേരെ നീട്ടി.

''ഷറഫ്ക്കാ, ഈ പണം കൊടുത്താല്‍ അവര്‍ക്ക് നമ്മളിലുള്ള പ്രതീക്ഷ തീരും. ഇതിലുമപ്പുറമുള്ള കാര്യങ്ങളാണ് നമുക്ക് ചെയ്യേണ്ടത്.''
ഞാന്‍ പറഞ്ഞു.

വരുന്ന വഴിക്ക് ഞാന്‍ മനോജിന്റെ അവസ്ഥ കാണിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഒപ്പം ജെസ്സിയുടെ അക്കൗണ്ട് നമ്പറും. അട്ടപ്പാടിയിലെ വീട്ടിലെത്തുമ്പോഴേക്കും ജെസ്സിയുടെ അക്കൗണ്ടില്‍ വന്നുവീണത് മൂന്നര ലക്ഷം രൂപയാണ്. സന്തോഷം തോന്നി. ഒരു ദിവസം ജെസ്സി എന്നെ വിളിച്ചു.

''ചേച്ചീ, ബന്ധുക്കളുടെ ഉപദ്രവം സഹിക്കാന്‍ പറ്റുന്നില്ല. മാനസികമായി തകര്‍ക്കാനാണ് ഇവരുടെ ശ്രമം. മനോജേട്ടനെയും കുട്ടികളെയും ഓര്‍ത്തിട്ടാണ് ഞാന്‍ ആത്മഹത്യ ചെയ്യാത്തത്.''

ഞാനവള്‍ക്ക് ധൈര്യം കൊടുത്തു. അവളും കുടുംബവും ആ വീടിന്റെ പടിയിറങ്ങി. ജെസ്സിയുടെ വീട്ടിലേക്കാണ് പോയത്. മനോജിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമമായി പിന്നീട്. ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റിട്ടപ്പോള്‍ 45 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. അതില്‍ കൂടുതലും പ്രവാസികളായിരുന്നു.

വീടിനടുത്തുതന്നെ കുറച്ച് സ്ഥലം വാങ്ങിച്ചു. അതിനുശേഷം അവിടെ പുതിയ വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. കുട്ടികളുടെ പേരില്‍ നാലുലക്ഷം രൂപ നിക്ഷേപിച്ചു. ജെസ്സിയുടെ പേരില്‍ പത്തുലക്ഷവും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വലിയൊരു തുക മാറ്റിവച്ചു.

വീടിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി വരുന്ന ഘട്ടത്തിലാണ്, കഴിഞ്ഞ ജനുവരിയില്‍ ഞെട്ടലോടെ ആ വാര്‍ത്ത കേട്ടത്. മനോജ് മരിച്ചു. ഞങ്ങള്‍ക്കത് വലിയ ഷോക്കായിരുന്നു. വീടിന്റെ പണി മിക്കവാറും പൂര്‍ത്തിയായിക്കഴിഞ്ഞു.

എന്നിട്ടും കയറിത്താമസിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം. എങ്കിലും ആ മനുഷ്യന് വേണ്ടി അത്രയെങ്കിലും ചെയ്തല്ലോ എന്ന ആശ്വാസമുണ്ട്, മറുവശത്ത്. മനോജ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോള്‍ ജെസ്സി പറഞ്ഞു.

''ഞങ്ങള്‍ക്കൊരു വഴി കാണിച്ചുതരാന്‍ വേണ്ടിയായിരിക്കാം, മനോജേട്ടന്‍ ശ്വാസം മാത്രമെടുത്ത് ഇത്രയുംനാള്‍ ജീവിച്ചിട്ടുണ്ടാവുക.''
ശരിയാണെന്ന് എനിക്കും തോന്നിട്ടുണ്ട്. കാരണം അത്രമാത്രം കുടുംബത്തെ സ്‌നേഹിച്ചിരുന്നു, മനോജ്.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
Ads by Google
Loading...
TRENDING NOW