Thursday, April 06, 2017 Last Updated 15 Min 48 Sec ago English Edition
Todays E paper
Thursday 06 Apr 2017 07.11 AM

അശ്ലീലം സംസാരിച്ചു, വിദേശയാത്രയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു; മന്ത്രി ശശീന്ദ്രന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു മാധ്യമപ്രവര്‍ത്തക

uploads/news/2017/04/96986/madhyamapravarthaka.jpg

തിരുവനന്തപുരം: മന്ത്രിയായിരിക്കേ എ.കെ. ശശീന്ദ്രന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു മാധ്യമപ്രവര്‍ത്തകയുടെ മൊഴി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. ആദ്യം മന്ത്രിയുടെ ഒരു അഭിമുഖം തയാറാക്കിയിരുന്നു.

പിന്നീടു കെ.എസ്.ആര്‍.ടി.സിയിലെ ചില പദ്ധതികളെക്കുറിച്ച് അറിയാന്‍ മന്ത്രിയുടെ അനുമതി തേടി. ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച. വളരെ മോശമായി, അശ്ലീലം കലര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്. ശ്രീലങ്കയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിക്കൊപ്പം വിദേശയാത്രയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു നിരസിച്ചതോടെ ശശീന്ദ്രന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. അവിടെനിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയാണു ചെയ്തത്. ഇക്കാര്യം ചാനല്‍ മേധാവിയെ അറിയിച്ചു.

താന്‍ പരാതിപ്പെടുമെന്നറിഞ്ഞതോടെ ശശീന്ദ്രന്‍ മാപ്പു പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം ഒന്നിലധികം ഫോണ്‍ നമ്പറുകളില്‍നിന്നു ശശീന്ദ്രന്‍ ബന്ധപ്പെട്ടിരുന്നു. വിളിക്കരുതെന്നു പറഞ്ഞെങ്കിലും വീണ്ടും ശല്യപ്പെടുത്തി. ഇതേത്തുടര്‍ന്നാണു സംഭാഷണം ശബ്ദരേഖയായി രേഖപ്പെടുത്തിയതെന്നും മാധ്യമപ്രവര്‍ത്തക മൊഴി നല്‍കി.

എ.കെ. ശശീന്ദ്രന്റെ അശ്ലീലസംഭാഷണം പുറത്തുവിട്ടതിന്റെ പേരില്‍ 'മംഗള'ത്തിനെതിരായ ഭരണകൂടഭീകരത തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത മംഗളം ടെലിവിഷന്‍ മാനേജിങ് ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങുന്നതു തടഞ്ഞാണ് സര്‍ക്കാരും പോലീസും പകവീട്ടിയത്. ഇതോടെ, മന്ത്രിയുടെ സ്വഭാവദൂഷ്യം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ റിമാന്‍ഡിലായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ 20 മണിക്കൂറാണു ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, എം.ഡി: ആര്‍. അജിത്കുമാര്‍ എന്നിവരടക്കം ഒന്‍പതു മാധ്യമപ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയത്. രാത്രി പതിനൊന്നോടെ ആര്‍. അജിത്കുമാര്‍, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ എം.ബി. സന്തോഷ്, ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍. ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്കു മാറ്റി.

നിരവധി മാധ്യമപ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെ സ്‌റ്റേഷനിലെത്തിയ അന്വേഷണസംഘം ഇവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ ഉന്നതതലസമ്മര്‍ദത്തേത്തുടര്‍ന്ന് ഇഴഞ്ഞുനീങ്ങി. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ പലതവണ ചോദ്യംചെയ്തു. സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി മംഗളം ടെലിവിഷനിലെ മറ്റു ചില മാധ്യമപ്രവര്‍ത്തകരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയാല്‍ ജാമ്യം ലഭിക്കുമെന്നു വ്യക്തമായതോടെ ക്രൈംബ്രാഞ്ച് മലക്കംമറിഞ്ഞു. തൊടുന്യായങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാക്കുന്നതു െവെകിപ്പിക്കാന്‍ ഉന്നതതലത്തില്‍ തന്ത്രങ്ങളൊരുങ്ങി. രാഷ്ട്രീയ ആജ്ഞാനുവര്‍ത്തികളായ പോലീസ് അതപ്പടി നടപ്പാക്കുകയും ചെയ്തു. കോടതി സമയം കഴിഞ്ഞ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ രാത്രി 7.20-നാണു മാധ്യമപ്രവര്‍ത്തകരെ ഹാജരാക്കിയത്.

അതിനു മുമ്പ് ഇവരെ ജനറല്‍ ആശുപത്രിയില്‍ െവെദ്യപരിശോധനയ്ക്കു വിധേയരാക്കി. തുടര്‍ന്ന് അഞ്ചുപേരെയും 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ആര്‍. അജിത്കുമാറിനെയും ആര്‍. ജയചന്ദ്രനെയും ഒരുദിവസം കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.

Ads by Google
Thursday 06 Apr 2017 07.11 AM
YOU MAY BE INTERESTED
TRENDING NOW