Thursday, April 06, 2017 Last Updated 29 Min 43 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.20 AM

പാതയോര മദ്യശാലകളുടെ വാതില്‍ തുറക്കാന്‍ കേന്ദ്രം

uploads/news/2017/04/96895/1.jpg

ന്യൂഡല്‍ഹി: ദേശീയ, സംസ്‌ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ വിലക്കിയ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്‌. സുപ്രീം കോടതി വിധി ടൂറിസം രംഗത്തുണ്ടാക്കുന്ന ദൂരവ്യാപകഫലവും വിവിധ സംസ്‌ഥാനങ്ങളുടെ ആവശ്യവും കണക്കിലെടുത്താണ്‌ കേന്ദ്രസര്‍ക്കാര്‍ നീക്കം.
വിഷയത്തില്‍ സുപ്രീം കോടതിയോടു രാഷ്‌ട്രപതിയുടെ റഫറന്‍സ്‌ നടത്തുന്നത്‌ സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ്‌. ഒപ്പം സുപ്രീം കോടതി വിധിയ്‌ക്കെതിരേ ഹോട്ടല്‍-ടൂറിസം വ്യവസായലോകം നല്‍കിയ പുനപരിശോധനാ ഹര്‍ജിയെ പിന്തുണയ്‌ക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്‌. ദേശീയ-സംസ്‌ഥാന പാതയോരത്തെ മദ്യശാലകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പഞ്ചനക്ഷത്രഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യശാലകള്‍ക്കും ബാധകമാണെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്‌തത വരുത്തിയ പശ്‌ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ നീക്കം.
മദ്യശാലകള്‍ക്കെതിരേയുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിനു മുമ്പാകെയുള്ള പോംവഴി രാഷ്‌ട്രപതിയുടെ റഫറന്‍സ്‌ മാത്രമാണ്‌. സംസ്‌ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഭരണഘടനയുടെ 143-ാം അനുചേ്‌ഛദം പ്രകാരമുള്ള രാഷ്‌ട്രപതിയുടെ റഫറന്‍സിന്‌ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായം തേടാനുള്ള രാഷ്‌ട്രപതിയുടെ അധികാരം സംബന്ധിച്ച ഭരണഘടനാ വകുപ്പാണ്‌ 143.
എന്നാല്‍ ഇത്തരം നടപടികളൊന്നും ഇതുവരെ കൈകൊണ്ടിട്ടില്ലെന്ന്‌ ഇന്നലെ വൈകീട്ട്‌ സ്വകാര്യ ചടങ്ങിനെത്തിയ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ്‌ ശര്‍മ വ്യക്‌തമാക്കി. സുപ്രീം കോടതി വിധിയെക്കുറിച്ചു പഠിക്കുകയാണ്‌.
പാതയോരത്തെ മദ്യശാലകള്‍ പൂര്‍ണമായും ഇല്ലാതാകുകയെന്നത്‌ രാജ്യത്തിന്റെ ടൂറിസം മേഖലയെ സാരമായി ബാധിക്കും. ഈ സാഹചര്യത്തില്‍ വിധിയുമായി ബന്ധപ്പെട്ട്‌ നിയമവിദഗ്‌ദരുമായി കൂടിയാലോചനകള്‍ തുടരുകയാണെന്നും മഹേഷ്‌ ശര്‍മ പറഞ്ഞു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി ഇക്കാര്യത്തില്‍ കേന്ദ്രനിയമമന്ത്രാലയം പ്രാഥമിക ചര്‍ച്ച നടത്തി.
വെള്ളിയാഴ്‌ചയാണ്‌ മുന്‍ ഉത്തരവില്‍ വ്യക്‌തത വരുത്തി ദേശീയ,സംസ്‌ഥാന പാതയോരത്ത്‌ ഒരു മദ്യക്കടയും പാടില്ലെന്നു ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാര്‍, ജസ്‌റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്‌, എല്‍.നാഗേശ്വരറാവു എന്നിവരടങ്ങിയ മൂന്നംഗബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌. പൊതുപ്രാധാന്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രപതിയുടെ റഫറന്‍സ്‌ വന്നാല്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച്‌ രൂപീകരിച്ച്‌ വിഷയം വീണ്ടും പരിശോധിക്കും.
സുപ്രീംകോടതി ഉത്തരവ്‌ മറികടക്കാനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടകയാണ്‌ ആദ്യമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്‌. മറ്റുചില സംസ്‌ഥാനങ്ങള്‍ കൂടി ഈയാവശ്യം ഉന്നയിച്ചു മുന്നോട്ട്‌ എത്തിയിട്ടുണ്ട്‌.
പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ നേരത്തെയും രാഷ്‌ട്രപതിയുടെ റഫറന്‍സ്‌ ഉണ്ടായിട്ടുണ്ട്‌. വിവാദമായ 2ജി സ്‌പെക്ര്‌ടം കേസിലാണ്‌ ഏറ്റവുമൊടുവില്‍ രാഷ്‌ട്രപതിയുടെ റഫറന്‍സ്‌ ഉണ്ടായത്‌. അതേസമയം രാഷ്‌ട്രപതിയുടെ റഫറന്‍സില്‍ അഭിപ്രായം പറയാതെ സുപ്രീം കോടതി തിരിച്ചയച്ച സംഭവവും ഉണ്ടായിട്ടുണ്ട്‌.
ബാബ്‌റി മസ്‌ജിദ്‌ കേസില്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്‌ രാഷ്‌ട്രപതിയുടെ റഫറന്‍സ്‌ അഭിപ്രായം പറയാതെ സുപ്രീം കോടതി തിരിച്ചയിച്ചിരുന്നു.
ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 06 Apr 2017 02.20 AM
YOU MAY BE INTERESTED
TRENDING NOW