Monday, May 28, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 02.17 AM

കൊച്ചിയിലും മംഗളം ലേഖകനെ കുടുക്കാന്‍ നീക്കം

uploads/news/2017/04/96882/4.jpg

കൊച്ചി: മുന്‍ ഗതാഗതമന്ത്രിയുടെ അശ്ലീല ഫോണ്‍ സംഭാഷണം പുറത്തു വിട്ടതിന്റെ പക തീര്‍ക്കാന്‍ സര്‍ക്കാര്‍ തുടക്കമിട്ട മാധ്യമ വേട്ടയ്‌ക്കു തയാറെടുത്ത്‌ കൊച്ചി സിറ്റി പോലീസും.
മന്ത്രിയുടെ സ്വഭാവ വൈകൃതം പുറം ലോകത്തെ അറിയിച്ച മംഗളം ചാനല്‍ വാര്‍ത്തയാണ്‌ സര്‍ക്കാരിനെയും പോലീസിനെയും പ്രകോപിപ്പിച്ചിരിക്കുന്നത്‌. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന്‌ മംഗളം സി.ഇ.ഒ അടക്കം അഞ്ച്‌ മാധ്യമ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതിനു പിന്നാലെ കൊച്ചി ലേഖകന്‍ മിഥുന്‍ പുല്ലുവഴിയെ ശിവസേന മറൈന്‍ഡ്രൈവില്‍ നടത്തിയ സദാചാര ഗുണ്ടായിസക്കേസില്‍ കുടുക്കാനാണ്‌ നീക്കം. ഇതിന്റെ ഭാഗമായി ലേഖകനോട്‌ ഇന്ന്‌ കൊച്ചി സിറ്റി പോലീസ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ്‌ നിര്‍ദേശം. ലേഖകന്‌ പോലീസ്‌ നോട്ടീസ്‌ നല്‍കിയതിനു പിന്നാലെ സര്‍ക്കാരിനെ അനുകൂലിക്കുന്ന പോലീസ്‌ സംഘടന ഭാരവാഹികള്‍ ഇക്കാര്യം പാര്‍ട്ടിചാനലിനു കൈമാറിയതിന്റെ ശബ്‌ദരേഖയും പുറത്തു വന്നിട്ടുണ്ട്‌. ഫോണ്‍ സംഭാഷണ വിവാദത്തിനു പിന്നാലെ മംഗളം പ്രവര്‍ത്തകരെയാകെ വേട്ടയാടാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ്‌ ഇതിനു പിന്നില്‍.
കഴിഞ്ഞ മാര്‍ച്ച്‌ എട്ടിന്‌ മറൈന്‍ ഡ്രൈവില്‍ ചൂരലുമായി വീണ്ടും ശിവസേന എന്ന തലക്കെട്ടില്‍ മംഗളം കൊച്ചി എഡീഷനില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ്‌ കൊച്ചി സിറ്റി പോലീസിന്റെ നടപടി. മറൈന്‍ ഡ്രൈവില്‍ സ്‌കൂള്‍ കുട്ടികളെ വലയിലാക്കി പെണ്‍വാണിഭം നടത്തുന്ന സംഘങ്ങളെ തുരത്താന്‍ ശിവസേന കൊച്ചി യൂണിറ്റ്‌ തീരുമാനമെടുത്തതായാണ്‌ വാര്‍ത്ത.
മറൈന്‍ ഡ്രൈവ്‌ ശുദ്ധീകരണം എന്ന പേരില്‍ അനാശാസ്യം നടത്തുന്നവരെ അടിച്ചോടിക്കാന്‍ ശിവസേന പ്രവര്‍ത്തകര്‍ പദ്ധതി ഇടുന്നതായി വ്യക്‌തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. ഇക്കാര്യം സംഭവം നടക്കുന്നതിനു മുമ്പേ സ്‌പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ ഇത്‌ ഗൗരവമായി കാണാതെ പോലീസ്‌ അലംഭാവം കാണിക്കുകയായിരുന്നു. മറൈന്‍ ഡ്രൈവിലെ വാക്‌ വേയിലൂടെ പ്രതിഷേധവുമായി എത്തിയ ശിവസേന പ്രവര്‍ത്തകര്‍ക്കു പത്ത്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ അകമ്പടി സേവിച്ചു. അതിക്രമം കാണിച്ചവരെ സംഭവ സ്‌ഥലത്തു നിന്നുതന്നെ നിസാരമായി പിടികൂടാമായിരുന്നിട്ടും പോലീസ്‌ ഉദ്യോഗസ്‌ഥര്‍ അതിനു മുതിര്‍ന്നില്ല. പോലീസിന്റെ സാന്നിധ്യത്തില്‍ യുവതി യുവാക്കളെ ചൂരല്‍ വീശി ഓടിച്ചവരെ കസ്‌റ്റഡിയിലെടുക്കാതെ രക്ഷപ്പെടാന്‍ അവസരമൊരുക്കിയതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തവരെ പ്രതി സ്‌ഥാനത്ത്‌ ആക്കാന്‍ നീക്കം നടത്തുന്നത്‌.
പോലീസ്‌ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ ഏതാനും ഉദ്യോഗസ്‌ഥരെ വകുപ്പു തല നടപടിക്കു വിധേയമാക്കി ഉന്നത ഉദ്യോഗസ്‌ഥര്‍ തലയൂരിയിരുന്നു. മാധ്യമ വാര്‍ത്തയ്‌ക്ക്‌ പിന്നാലെ സ്‌പെഷല്‍ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടും സംഭവം നടക്കുന്ന സമയത്ത്‌ സി.ഐ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്‌ഥരോ അവരുടെ പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പ്പെട്ടവരോ സ്‌ഥലത്തില്ലായിരുന്നു. സാധാരണയായി ഇത്തരം പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സംഘാംഗങ്ങള്‍ മഫ്‌ത്തിയിലും മറ്റും ക്യാമ്പ്‌ ചെയ്യുക സാധാരണമാണ്‌. മാത്രമല്ല സംസ്‌ഥാനത്ത്‌ സദാചാര പോലീസിങ്‌ വ്യാപകമായ സാഹചര്യത്തില്‍ ശിവസേന പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വരുമ്പോള്‍ ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്‍ പോലും സ്‌ഥലത്ത്‌ എത്തിയില്ലെന്നതും ദുരൂഹമാണ്‌. മുമ്പ്‌ മറൈന്‍ഡ്രൈവില്‍ നടന്ന ചുംബന സമരവും അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ സംഘടനകള്‍ രംഗത്തു വന്നതോടെയുണ്ടായ അനിഷ്‌ടസംഭവങ്ങളും കൊച്ചി സിറ്റിപോലീസിനു മുന്നിലുണ്ടെന്നിരിക്കെയാണ്‌ ശിവസേനയുടെ പ്രതിഷേധത്തെ നേരിടാന്‍ എസ്‌.ഐ ഉള്‍പ്പെടുന്ന ഏതാനും പോലീസുകാരെ സ്‌ഥലത്തേയ്‌ക്ക് അയച്ചത്‌.
സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഓഫീസിനും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ക്യാമ്പ്‌ ഓഫീസിന്റെ മൂക്കിനു താഴെയുമാണ്‌ അതിക്രമം അരങ്ങേറിയത്‌. ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്‌തിട്ടുപോലും ഒരു ഉന്നത ഉദ്യോഗസ്‌ഥന്‍പോലും സംഭവസ്‌ഥലത്ത്‌ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്‌. അതിക്രമം തടയുന്നതില്‍ പോലീസിനു വീഴ്‌ചപറ്റിയെന്ന്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ അന്നുതന്നെ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.
വിവിധ കോണുകളില്‍ നിന്ന്‌ പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നു. കാഴ്‌ചക്കാരായി നിന്ന പോലീസുകാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന ഭീതിയാണ്‌ സംഭവവുമായി പുലബന്ധംപോലും ഇല്ലാത്തവരെ കേസില്‍ കുടുക്കി സര്‍ക്കാരിന്റെ കൈയടി നേടാന്‍ ശ്രമിക്കുന്നത്‌.
ഒരുമാസം മുമ്പ്‌ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്‌റ്റ് ചെയ്യുകയും അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി വരികയും ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാനത്ത്‌ മംഗളം പ്രവര്‍ത്തകരെ വേട്ടയാടുന്നതിന്റെ മറവില്‍ ഈ സംഭവവം വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌ത മിഥുന്‍ പുല്ലുവഴിക്കെതിരേ തിരിച്ചു വിടാനാണ്‌ നീക്കം.
ഇക്കാലമത്രയും മൗനംപാലിച്ച കൊച്ചി പോലീസ്‌ മംഗളം സി.ഇ.ഒ അടക്കമുള്ള പത്രപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസ്‌ എടുത്തതിനു പിന്നാലെയാണ്‌ ജില്ലാ കേന്ദ്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരേയും രംഗത്തു വന്നിരിക്കുന്നത്‌. ഇതിനു പിന്നില്‍ മംഗളത്തിനെതിരായുള്ള ഗൂഢാലോചനയാണെന്ന്‌ സംശയം ബലപ്പെടുന്നു.

Ads by Google
Thursday 06 Apr 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW