Wednesday, August 23, 2017 Last Updated 10 Min 33 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.17 AM

മംഗളം ടെലിവിഷന്‍ എം.ഡിയടക്കം അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

uploads/news/2017/04/96880/2.jpg

തിരുവനന്തപുരം: ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ അശ്ലീലസംഭാഷണം പുറത്തുവിട്ടതിന്റെ പേരില്‍ മംഗളത്തിനെതിരായ ഭരണകൂടഭീകരത തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച അറസ്‌റ്റ്‌ ചെയ്‌ത മംഗളം ടെലിവിഷന്‍ മാനേജിങ്‌ ഡയറക്‌ടര്‍ ആര്‍. അജിത്‌കുമാര്‍ ഉള്‍പ്പെടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങുന്നതു തടഞ്ഞാണ്‌ സര്‍ക്കാരും പോലീസും പകവീട്ടിയത്‌. ഇതോടെ, മന്ത്രിയുടെ സ്വഭാവദൂഷ്യം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ റിമാന്‍ഡിലായി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ 20 മണിക്കൂറാണു ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയില്‍ വച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയാണു മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്‌, എം.ഡി: ആര്‍. അജിത്‌കുമാര്‍ എന്നിവരടക്കം ഒന്‍പതു മാധ്യമപ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയത്‌. രാത്രി പതിനൊന്നോടെ ആര്‍. അജിത്‌കുമാര്‍, കോര്‍ഡിനേറ്റിങ്‌ എഡിറ്റര്‍ എം.ബി. സന്തോഷ്‌, ചീഫ്‌ റിപ്പോര്‍ട്ടര്‍ ആര്‍. ജയചന്ദ്രന്‍, ന്യൂസ്‌ എഡിറ്റര്‍മാരായ ഫിറോസ്‌ സാലി മുഹമ്മദ്‌, എസ്‌.വി. പ്രദീപ്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. തുടര്‍ന്ന്‌ കന്റോണ്‍മെന്റ്‌ സ്‌റ്റേഷനിലേക്കു മാറ്റി. നിരവധി മാധ്യമപ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി ഇവര്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെ സ്‌റ്റേഷനിലെത്തിയ അന്വേഷണസംഘം ഇവരെ ക്രൈംബ്രാഞ്ച്‌ ആസ്‌ഥാനത്തേക്കു കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ ഉന്നതതലസമ്മര്‍ദത്തേത്തുടര്‍ന്ന്‌ ഇഴഞ്ഞുനീങ്ങി. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ പലതവണ ചോദ്യംചെയ്‌തു. സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി മംഗളം ടെലിവിഷനിലെ മറ്റു ചില മാധ്യമപ്രവര്‍ത്തകരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയാല്‍ ജാമ്യം ലഭിക്കുമെന്നു വ്യക്‌തമായതോടെ ക്രൈംബ്രാഞ്ച്‌ മലക്കംമറിഞ്ഞു. തൊടുന്യായങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാക്കുന്നതു വൈകിപ്പിക്കാന്‍ ഉന്നതതലത്തില്‍ തന്ത്രങ്ങളൊരുങ്ങി.
രാഷ്‌ട്രീയ ആജ്‌ഞാനുവര്‍ത്തികളായ പോലീസ്‌ അതപ്പടി നടപ്പാക്കുകയും ചെയ്‌തു. കോടതി സമയം കഴിഞ്ഞ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ രാത്രി 7.20-നാണു മാധ്യമപ്രവര്‍ത്തകരെ ഹാജരാക്കിയത്‌.
അതിനു മുമ്പ്‌ ഇവരെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയരാക്കി. തുടര്‍ന്ന്‌ അഞ്ചുപേരെയും 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു. ആര്‍. അജിത്‌കുമാറിനെയും ആര്‍. ജയചന്ദ്രനെയും ഒരുദിവസം കസ്‌റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.

Ads by Google
Thursday 06 Apr 2017 02.17 AM
YOU MAY BE INTERESTED
TRENDING NOW