Monday, June 25, 2018 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 02.17 AM

ഇതോ ധാര്‍മികത? അമ്മയെ കണ്ടാലും അറിയാതായി

uploads/news/2017/04/96876/1.jpg

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മരിച്ച തൃശൂര്‍, പാമ്പാടി നെഹ്‌റു കോളജ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയിയുടെ മാതാപിതാക്കളോടു പോലീസിന്റെ മനുഷ്യത്വമില്ലായ്‌മ. ജിഷ്‌ണു മരിച്ച്‌ 88 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്‌റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിക്കാന്‍ പോലീസ്‌ അസ്‌ഥാനത്തെത്തിയ കുടുംബത്തെയാണു ക്രൂരമായി വേട്ടയാടിയത്‌. ജിഷ്‌ണുവിന്റെ മാതാപിതാക്കളെ മര്‍ദിച്ച്‌ റോഡിലൂടെ വലിച്ചിഴച്ചാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കിയത്‌. അമ്മയെ ചവിട്ടിവീഴ്‌ത്തി.
ഇന്നലെ രാവിലെ പത്തോടെ പ്രതിഷേധവുമായെത്തിയ ജിഷ്‌ണുവിന്റെ അമ്മ മഹിജ അടങ്ങുന്ന സംഘത്തെ പോലീസ്‌ ആസ്‌ഥാനത്തിനു 100 മീറ്റര്‍ അകലെ തടഞ്ഞു. തുടര്‍ന്ന്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കാനുള്ള ശ്രമത്തിനിടെ മഹിജയ്‌ക്കും സഹോദരന്‍ ശ്രീജിത്തിനും പോലീസിന്റെ മര്‍ദനമേറ്റു. മഹിജ തളര്‍ന്നുവീണിട്ടും പോലീസ്‌ ബലപ്രയോഗം തുടര്‍ന്നു. അറസ്‌റ്റ്‌ ചെയ്‌ത്‌ എ.ആര്‍. ക്യാമ്പിലെത്തിച്ചശേഷമാണ്‌ ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്‌. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസിന്റെ ചവിട്ടേറ്റു വീണ മഹിജയ്‌ക്കു സാരമായി പരുക്കേറ്റു. രക്‌തസമ്മര്‍ദം ക്രമാതീതമായി താഴ്‌ന്നതിനാലാണു മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റാന്‍ പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്‌ടര്‍ നിര്‍ദേശിച്ചത്‌. കടുത്ത നടുവേദനയുമായെത്തിയ മഹിജയെ മെഡിക്കല്‍ കോളേജ്‌ ഓര്‍ത്തോവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മഹിജയുടെ സഹോദരന്‍ ശ്രീജിത്തും ചികിത്സയിലാണ്‌.
അതിനിടെ, പോലീസ്‌ അതിക്രമത്തെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പുറത്തുനിന്ന്‌ എത്തിയവര്‍ ജിഷ്‌ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പം തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നെന്നും അവരെയാണു പോലീസ്‌ തടഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. തോക്ക്‌ സ്വാമി ഉള്‍പ്പടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പോലീസ്‌ തങ്ങളുടെ കൃത്യനിര്‍വഹണമാണു നടത്തിയത്‌. സംഭവത്തില്‍ ഐ.ജിയോടു റിപ്പോര്‍ട്ട്‌ തേടി. അതു ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും. ജിഷ്‌ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷ്‌ണുവിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്ത സംഘമാണു പോലീസ്‌ ആസ്‌ഥാനത്തിനു മുന്നില്‍ ക്രമസമാധാനപ്രശ്‌നമുണ്ടാക്കിയതെന്നു ഡി.ജി.പി: ലോക്‌നാഥ്‌ ബെഹ്‌റയും വ്യക്‌തമാക്കി. ബെഹ്‌റയെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്‌. അച്യുതാനന്ദന്‍ ഫോണില്‍ വിളിച്ച്‌ ശകാരിച്ചു.
പോലീസ്‌ ആസ്‌ഥാനത്തിനു മുന്നില്‍ സമരം നടത്താനാകില്ലെന്ന നിലപാടാണു സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ നാടകീയരംഗങ്ങള്‍ അരങ്ങേറി. ജിഷ്‌ണുവിന്റെ കുടുംബാംഗങ്ങളും സഹപാഠികളും ഉള്‍പ്പെടെ 16 പേരാണു പ്രതിഷേധിക്കാനെത്തിയത്‌. കുടുംബാംഗങ്ങളായ ആറുപേരെ ഡി.ജി.പി. ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും എല്ലാവരും ഒന്നിച്ചേ അദ്ദേഹത്തെ കാണൂവെന്നു മഹിജ അറിയിച്ചു. തുടര്‍ന്ന്‌ ഇവരെ പോലീസ്‌ തടഞ്ഞു. ഡി.ജി.പി. ഓഫീസിനു മുന്നിലെ സമരം തടയണമെന്ന കര്‍ശനനിര്‍ദേശമാണു പോലീസിനു ലഭിച്ചിരുന്നത്‌. സമരക്കാര്‍ പിന്മാറാന്‍ തയാറാകാത്തതോടെ ബലപ്രയോഗത്തിലൂടെ മാറ്റാനായി പോലീസ്‌ നീക്കം. ജിഷ്‌ണുവിന്റെ അമ്മയെ പിന്തിരിപ്പിക്കാനുള്ള പോലീസ്‌ ശ്രമം വിഫലമായി. തുടര്‍ന്നു പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹിജയ്‌ക്കു പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി. പ്രതിഷേധം ജനകീയപ്രക്ഷോഭമായതോടെ ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷാന്തരീക്ഷമായി. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം മഹിജയുമായി സംസാരിക്കാന്‍ റേഞ്ച്‌ ഐ.ജി: മനോജ്‌ എബ്രഹാം എത്തിയെങ്കിലും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ആശുപത്രി പരിസരത്തെ വന്‍ പോലീസ്‌ സംഘത്തിനു പ്രതിഷേധക്കാരെ തടയാനായില്ല. പോലീസ്‌ ആസ്‌ഥാനത്തിനു മുന്നില്‍ ആര്‍ക്കും സമരം നടത്താന്‍ അനുവാദമില്ലെന്നും ആര്‍ക്കു വേണമെങ്കിലും ഡി.ജി.പിയെ കണ്ട്‌ പരാതി നല്‍കാമെന്നും ഐ.ജി. അറിയിച്ചു. സംഭവങ്ങളെക്കുറിച്ച്‌ ഡി.സി.പി: അരുള്‍ ബി. കൃഷ്‌ണ അന്വേഷിക്കുമെന്നും മഹിജയെ കാണാന്‍ ഡി.ജി.പി. എത്തുമെന്നും ഐ.ജി. മാധ്യമങ്ങളോടു പറഞ്ഞു. തുടര്‍ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഉച്ചയ്‌ക്കു 12.45-ന്‌ ഡി.ജി.പി. പേരൂര്‍ക്കട ആശുപത്രിയിലെത്തി മഹിജയെ കണ്ടു.

Ads by Google
Thursday 06 Apr 2017 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW