Sunday, August 13, 2017 Last Updated 41 Min 52 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.02 AM

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ യുണൈറ്റഡ്‌് രക്ഷപെട്ടു ലെസ്‌റ്റിനു ജയം

uploads/news/2017/04/96832/3s.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രിമിയര്‍ ലീഗില്‍ വമ്പന്മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ താരതമ്യേന ദുര്‍ബലരായ എവര്‍ട്ടണിനോടു സമനിലയുമായി രക്ഷപെട്ടപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്‌റ്റര്‍ സിറ്റിക്ക്‌ തിളക്കമാര്‍ന്ന ജയം.
മറ്റു മത്സരങ്ങളില്‍ ബേണ്‍ലി ഏകപക്ഷീയമായ ഒരു ഗോളിനു സ്‌റ്റോക്ക്‌ സിറ്റിയെ തോല്‍പിച്ചപ്പോള്‍ വാറ്റ്‌ഫോര്‍ഡ്‌ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്‌ വെസ്‌റ്റ്ബ്രോമിനെ തുരത്തി.
ഇന്നലെ നടന്ന മത്സരത്തില്‍ സ്വന്തം തട്ടകമായ ഓള്‍ഡ്‌ട്രാഫോര്‍ഡില്‍ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ നേടിയ ഗോളാണ്‌ മാഞ്ചസ്‌റ്ററിന്‌ രക്ഷയായത്‌. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ഫില്‍ യാഗ്‌ലെയ്‌ക്ക നേടിയ ഗോളില്‍ മുന്നിലെത്തിയ എവര്‍ട്ടണിനെതിരേ 90 മിനിറ്റും വിയര്‍പ്പൊഴുക്കിയ ശേഷമാണ്‌ യുണൈറ്റഡിന്‌ രക്ഷപെടാനായത്‌.
യുണൈറ്റഡിന്റെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. എന്നാല്‍ കളിയുടെ ഗതിക്കു വിപരീതമായി സന്ദര്‍ശകരാണ്‌ ആദ്യം ഗോള്‍വല കുലുക്കിയത്‌. അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക്‌ ആഷ്‌ലി വില്യംസ്‌ തൊടുത്തത്‌ ബോക്‌സിനുള്ളില്‍ ഊഴം കാത്തു നിന്ന യാഗലെയ്‌ക്കയുടെ തലയ്‌ക്കു പാകത്തിനായിരുന്നു.
എതിര്‍പ്രതിരോധ താരങ്ങളെ കബളിപ്പിച്ചു ഉയര്‍ന്നു ചാടി പന്തില്‍ തലകൊണ്ട്‌ ആഞ്ഞു കൊത്തിയ എവര്‍ട്ടണ്‍ താരത്തിനു പിഴച്ചില്ല. സ്‌കോര്‍ യുണൈറ്റഡ്‌ -0 എവര്‍ട്ടണ്‍ -1.
സ്‌തബ്‌ധരായിപ്പോയ ആരാകര്‍ക്കു മുന്നില്‍ മുറിവേറ്റ പുലയെക്കണക്ക്‌ പിന്നീട്‌ യുണൈറ്റഡിന്റെ ആക്രമണങ്ങളായിരുന്നു.
എന്നാല്‍ കരുത്തുറ്റ പ്രതിരോധമുയര്‍ത്തി ഇബ്രാഹിമോവിച്ചിനെയും സംഘത്തിനെയും തടഞ്ഞുനിര്‍ത്താന്‍ സന്ദര്‍ശകര്‍ക്കായി. ഇടവേളയില്‍ ഒരു ഗോളിന്റെ ലീഡില്‍ പിരിഞ്ഞ എവര്‍ട്ടണ്‍ രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയത്തും ലീഡ്‌ നിലനിര്‍ത്തി. ഒടുവില്‍ അവര്‍ വിജയം ഉറപ്പിച്ച നിമിഷത്തിലാണ്‌ ഇബ്രയുടെ സമനില ഗോളെത്തിയത്‌.
മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ യുണൈറ്റഡ്‌ ആക്രമണങ്ങള്‍ തടയാന്‍ പരുക്കനടവ്‌ പ്രയോഗിച്ചതാണ്‌ എവര്‍ട്ടണിന്‌ വിനയായത്‌. മൈക്കല്‍ കാരിക്കിനു പകരക്കാരനായി ഇറങ്ങിയ ലൂക്ക്‌ ഷാ 93-ാം മിനിറ്റില്‍ പായിച്ച ഷോട്ട്‌ രക്ഷപെടുത്താന്‍ ബോക്‌സിനുള്ളില്‍ 'കൈക്രിയ' കാട്ടിയ ആഷ്‌ലി വില്യംസ്‌ പെനാല്‍റ്റി ചോദിച്ചു വാങ്ങുകയായിരുന്നു.
സംഭവത്തില്‍ വില്യംസിന്‌ ചുവപ്പുകാര്‍ഡും യുണൈറ്റഡിന്‌ സ്‌പോട്ട്‌കിക്കുമാണ്‌ റഫറി സമ്മാനിച്ചത്‌. കിക്കെടുത്ത ഇബ്രാഹിമോവിച്ചിനു പിഴച്ചില്ല. മത്സരം അവസാനിക്കാന്‍ ഒവുമിനിറ്റു ശേഷിക്കെ യുണൈറ്റഡ്‌ സമനിലയുമായി തടിതപ്പി.
ലെസ്‌റ്ററിലെ കിങ്‌പവര്‍ സ്‌റ്റേഡിയത്തില്‍ വിരസമായ ആദ്യപകുതിക്കു ശേഷം 69, 78 മിനിറ്റുകളില്‍ നേടിയ ഗോളുകളിലാണ്‌ ആതിഥേയര്‍ സണ്ടര്‍ലന്‍ഡിനെതിരേ വിജയം കണ്ടെത്തിയത്‌.
നിലവിലെ ജേതാക്കള്‍ക്കെതിരേ ഒന്നാം പകുതിയില്‍ മികച്ച പ്രതിരോധമാണ്‌ സണ്ടര്‍ലന്‍ഡ്‌ ഉയര്‍ത്തിയത്‌. കഴിഞ്ഞ സീസണിലെ സൂപ്പര്‍ കോച്ച്‌ ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയ ശേഷം വിജയപരമ്പര തുടരുന്ന ലെസ്‌റ്റര്‍ പക്ഷേ രണ്ടാം പകുതിയില്‍ തനിസ്വരൂപം കാട്ടി. 69-ാം മിനിറ്റില്‍ പകരക്കാരന്‍ ഇസ്ലാം സ്ലിമാനിയാണ്‌ അവരുടെ ആദ്യ ഗോള്‍ നേടിയത്‌. ഇടതുവിങ്ങില്‍ നിന്നു മാര്‍ക്ക്‌ ആല്‍ബ്രിട്ടന്‍ നല്‍കിയ ഉശിരനൊരു ക്രോസില്‍ തലവച്ചായിരുന്നു സ്ലിമാനിയുടെ ഗോള്‍.
ലീഡ്‌ നേടിയതോടെ ഫോമിലേക്കെത്തിയ ലെസ്‌റ്റര്‍ ഒമ്പതു മിനിറ്റികം രണ്ടാം ഗോളും നേടി. ഇക്കുറിയും ആല്‍ബ്രിട്ടന്‍ തന്നെയായിരുന്നു ഗോളിനു വഴിതുറന്നത്‌. വലതു വിങ്ങില്‍ നിന്നു ലഭിച്ച പാസ്‌ ജാമി വാര്‍ഡി വലയിലേക്കു തിരിച്ചു വിടുകയായിരുന്നു.

Ads by Google
Thursday 06 Apr 2017 02.02 AM
YOU MAY BE INTERESTED
TRENDING NOW