Thursday, April 19, 2018 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 01.47 AM

കൊന്നുതിന്നാന്‍ കൊതിക്കുന്നവരേ, പകയുടെ രാഷ്‌ട്രീയം വിലപ്പോകില്ല

uploads/news/2017/04/96814/2.jpg

ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കേരള മന്ത്രിസഭയ്‌ക്ക്‌ അറുപതു വയസു തികഞ്ഞ ദിവസം മംഗളം പ്രവര്‍ത്തകര്‍ക്കു കരിദിനമായി. മറ്റൊരു കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലിരിക്കെ പകവീട്ടലിന്റെ രാഷ്‌ട്രീയം സര്‍ക്കാര്‍ കളിക്കുമ്പോള്‍ ഒരു ജനാധിപത്യ രാജ്യത്തെ സന്തതികള്‍ ഇതിലും മാന്യമായി എങ്ങനെയാണു പ്രതിഷേധിക്കുക? സര്‍ക്കാരിനു മാനക്കേടുവരുത്തിയ മന്ത്രിയുടെ രാജിക്ക്‌ ഉത്തരവാദികളായവരെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിതിരിക്കുന്നവരോടും അതിനു ഒത്താശചെയ്യുന്നവരോടും മാധ്യമസദാചാരം പറഞ്ഞുതരുന്ന ഉന്നതകുലജാതരായ മാധ്യമ സുഹൃത്തുക്കളോടും ഒരു ചോദ്യം മാത്രം. എത്ര തേനൊഴിച്ചുള്ള വശീകരണം നടത്തിയാലും മന്ത്രിസ്‌ഥാനം അലങ്കരിക്കുന്ന ഒരു വ്യക്‌തിക്കു പറയാന്‍ കൊള്ളാവുന്നതാണോ എന്തും ചെയ്‌തുതരാമെന്ന അറുവഷളന്‍ മറുപടി? സര്‍ക്കാരിന്റെ, മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ഒരാളും ഇത്തരത്തിലൊരു ചോദ്യം ഇതുവരെ ചോദിക്കാത്തിടത്തോളം മംഗളത്തിനെതിരേ നിലനില്‍ക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഗുഢലക്ഷ്യങ്ങള്‍ പകല്‍പോലെ തെളിഞ്ഞുനില്‍ക്കുന്നു.
മാധ്യമ രംഗത്തു വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന മംഗളത്തെ മറ്റു മാധ്യമങ്ങളും സര്‍ക്കാരും ഒരുപോലെ പേടിക്കുന്നു എന്നതുമാത്രമാണ്‌ വര്‍ത്തമാനകാല നേര്‍ചിത്രം. അഴിമതിയുടെ, കെടുകാര്യസ്‌ഥതയുടെ, അപഥസഞ്ചാരങ്ങളുടെ കഥകള്‍ ഒന്നൊന്നായി മംഗളത്തിലൂടെ പുറത്തുവരുമെന്ന്‌ സര്‍ക്കാര്‍ ഭയക്കുന്നു. സര്‍ക്കാരിന്റെ കുഴലൂത്തുകാര്‍ക്ക്‌ മംഗളത്തെ മോശമാക്കണമെന്ന അജന്‍ഡയേയുള്ളൂ. അവരുടെ വിഷലിപ്‌തമായ വാക്കുകളിലൂടെ ജനം അതു തിരിച്ചറിഞ്ഞുകഴിഞ്ഞു. മലയാള മാധ്യമരംഗത്തെ കച്ചവടക്കാരുടേയും കോര്‍പ്പറേറ്റുകളുടേയും , അധികാരം ഉള്ളപ്പോള്‍ പിടിച്ചുപറിച്ചു ജീവിക്കുകയും ചെയ്യുന്നവരുടെ ലിസ്‌റ്റില്‍ ഒരിക്കലും മംഗളമില്ല. ഇത്തരക്കാരുടെ കച്ചവടസാധ്യതകള്‍ക്കു നട്ടെല്ലുള്ള ഒരുപ്രസ്‌ഥാനം ഭീഷണിയാണ്‌. കൊന്നുതിന്നാമെന്നു കണക്കുകൂട്ടിയവര്‍ക്കു പിഴയ്‌ക്കുകതന്നെചെയ്യും.
അറസ്‌റ്റ്‌, കോടതി, നിയമം എന്നൊക്കെപ്പറഞ്ഞു പേടിപ്പിക്കുന്ന ശുംഭന്മാരെ ഇതിലൊന്നും പേടിക്കാത്ത ഇ.എം.എസിനെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതിലും മികച്ചൊരു അവസരമില്ല. അരനൂറ്റാണ്ടിന്റെ മലയാളി ജീവിതത്തിനും പത്രപ്രവര്‍ത്തന ചരിത്രത്തിനും ഒപ്പം സഞ്ചരിച്ച ഇന്നത്തെ മാധ്യമപ്രവര്‍ത്തകരുടെ ഗുരുവായ എന്‍.എന്‍. സത്യവ്രതന്‍ "വാര്‍ത്ത വന്ന വഴി" എന്ന പുസ്‌തകത്തില്‍ കോടതിക്കെതിരേ ഇ.എം.എസ്‌. എന്ന തലക്കെട്ടില്‍ ഒരു കുറിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെ കോടതിയലക്ഷ്യത്തിനു ശിക്ഷിച്ച സംഭവമാണ്‌ ഇതില്‍ വിവരിച്ചിരിക്കുന്നത്‌.1968 ഫെബ്രുവരി എട്ടിനാണ്‌ ഇ.എം.എസിനെ കോടതി ശിക്ഷിച്ചത്‌. വി.കെ. കൃഷ്‌ണമേനോന്‍ കേസ്‌ വാദിച്ചിട്ടും ഇ.എം.എസ്‌. തോറ്റു.
ജുഡീഷ്യറിയുമായുള്ള ഏറ്റുമുട്ടലിന്‌ ഇ.എം.എസ്‌. സ്വയം കളമൊരുക്കുകയായിരുന്നു. ഇങ്ങനെയൊരു കാര്യം അന്നു സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌ത എന്‍.എന്‍. സത്യവ്രതന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞത്‌ ഇടതു ചായ്‌വുണ്ടായിരുന്ന അഡ്വ: പി.സുബ്രഹ്‌മണ്യന്‍ പോറ്റി പറഞ്ഞാണ്‌. ഭൂനിയമങ്ങള്‍ തുടരെത്തുടരെ റദ്ദാക്കിയ സുപ്രീംകോടതി നടപടിയോടു യോജിക്കാന്‍ ഇ.എം.എസിനു കഴിയുമായിരുന്നില്ല. പാവങ്ങള്‍ക്ക്‌ എതിരേ ജന്മിമാര്‍ക്കും പണക്കാര്‍ക്കും കൂട്ടുനില്‍ക്കുന്ന കോടതിയെ തുറന്നുവിമര്‍ശിച്ചുകൊണ്ട്‌ ഇ.എം.എസ്‌. പത്രങ്ങള്‍ക്കു പ്രസ്‌താവന നല്‍കി. കോടതിയലക്ഷ്യക്കേസ്‌ ഉണ്ടായി. ചീഫ്‌ ജസ്‌റ്റിസ്‌ പി.ടി. രാമന്‍ നായരും ജസ്‌റ്റിസ്‌ ടി.എസ്‌. കൃഷ്‌ണമൂര്‍ത്തി അയ്യരും ഇ.എം.എസ്‌. കുറ്റക്കാരനാണെന്നു കണ്ടു പിഴവിധിച്ചു. ഭവിഷ്യത്തിനെക്കുറിച്ച്‌ ഇ.എം.എസിനു കൃത്യമായ ബോധമുണ്ടായിരുന്നു. വിമര്‍ശനം സംസ്‌ഥാനത്തിന്റെ എല്ലാ ശാഖകള്‍ക്കും ബാധകമാണെന്നു വിശ്വസിച്ച ആളാണ്‌ ഇ.എം.എസ്‌. അതിനുശേഷമാണ്‌ കോടതിയെ കുറയൊക്കെ വിമര്‍ശിക്കാം എന്ന പൊതുധാരണയുണ്ടായത്‌; സത്യങ്ങള്‍ ജനത്തെ അറിയിക്കാന്‍/ബോധ്യപ്പെടുത്താന്‍ വേറിട്ടവഴികളുണ്ടായത്‌.
നമ്പൂതിരിപ്പാടിനു മാര്‍ക്‌സിസം-ലെനിനിസത്തെക്കുറിച്ച്‌ അറിയാമായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്നാണ്‌ കോടതി അന്നു നീരീക്ഷിച്ചത്‌. ഒരു ഭരണാധികാരി എങ്ങനെ പെരുമാറിക്കൂടാ എന്നു തെളിവുസഹിതം പുറത്തുകൊണ്ടുവന്ന മംഗളത്തെ നോക്കി ഇന്നിതാ വിമര്‍ശകര്‍ പറയുകയാണ്‌ സദാചാരത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ യാതൊന്നും അറിയില്ലെന്ന്‌!. തെറ്റുവരുത്തിയ മന്ത്രിയോടാവട്ടെ സഹതാപം നിറഞ്ഞുതുളുമ്പുന്നു. മംഗളം സ്വീകരിച്ച വഴി ശരിയല്ലെന്നു മാന്യമായി പറഞ്ഞവരോടു ചില തെറ്റുപറ്റിയെന്നു തുറന്നുപറയാനും മംഗളം തയാറായി. അതിനുശേഷം ഉണ്ടായ നടപടികളത്രയും ഏതാനും മാധ്യമപ്രവര്‍ത്തകരെ വളഞ്ഞുപിടിക്കുന്നതില്‍ മാത്രമായി ഒതുങ്ങുമ്പോഴാണ്‌ ചുറ്റുമുള്ള വേട്ടമൃഗങ്ങളെക്കുറിച്ച്‌ ബോധ്യമുണ്ടാകുക. ഈകേസിന്റെ കേന്ദ്രസ്‌ഥാനത്തുള്ള മന്ത്രിയുടെ മൊഴിയെടുക്കുന്നതിനുമുമ്പേ മാധ്യമപ്രവര്‍ത്തകരെ നിശബ്‌ദരാക്കാനായിരുന്നു വെമ്പല്‍. അഭിഭാഷകര്‍, ഇപ്പോഴിതാ പോലീസ്‌... കുതിരകയറാന്‍ എത്തുന്നവരെ തടയാന്‍ ശ്രമിക്കാതെ സ്വയം സുരക്ഷിതരെന്നു കരുതുന്ന മാധ്യമലോകത്തെ വിശുദ്ധന്മാര്‍ കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോകുമ്പോഴേ പഠിക്കൂ.
നാടിനെ നശിപ്പിക്കുന്ന സകല പ്രവൃത്തികള്‍ക്കും രഹസ്യമാര്‍ഗം തേടുന്നവരെ തളയ്‌ക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ എന്താണു നിയമവഴിയിലൂടെയുള്ള മാര്‍ഗം? നാലു ചുവരുകള്‍ക്കുള്ളില്‍ രണ്ടുപേര്‍ കൈമാറുന്ന അഴിമതിപ്പണം കണ്ടെത്താന്‍ ഒളിഞ്ഞിരിക്കുകയോ/ഒളിഞ്ഞുനോക്കുകയോ വേണ്ടിവരും. അതു പകര്‍ത്തുകയും ചെയ്യണം. അല്ലാത്തപക്ഷം തെളിവുചോദിക്കുന്ന കപടസദാചാരികള്‍ക്കായിരിക്കും അന്തിമവിജയം. മംഗളത്തിനെതിരേ നിയമലംഘനം ആരോപിക്കുന്ന ഈവേളയില്‍ തന്നെ മാധ്യമങ്ങള്‍ക്കു വാര്‍ത്തകളുടെ വിശാലലോകത്തേക്കു കടക്കാന്‍ പുതിയ നിയമമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ചയാരംഭിക്കാം. നിയമലംഘനങ്ങള്‍, പുതിയ നിയമങ്ങള്‍ക്കു വഴിതെളിക്കുന്ന ചരിത്രമാണുള്ളത്‌. പ്രതിഷേധങ്ങളോട്‌, സത്യങ്ങളോട്‌ പുറന്തിരിഞ്ഞു നില്‍ക്കാനാണ്‌ അധികാരികള്‍ക്കു താല്‍പ്പര്യം. ഇതിനെതിരേ മാധ്യമലോകത്ത്‌ ഒരു കൂട്ടായ്‌മയൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ജനപക്ഷം ഉയര്‍ത്തിപ്പിടിച്ച്‌ തങ്ങളുടേതായ വഴിയിലൂടെ പോകുന്നവര്‍ തലയുയര്‍ത്തിപ്പിടിച്ചുതന്നെ നടക്കും.

രാജേഷ്‌ മുളക്കുളം

Ads by Google
Thursday 06 Apr 2017 01.47 AM
YOU MAY BE INTERESTED
TRENDING NOW