Saturday, July 29, 2017 Last Updated 1 Min 58 Sec ago English Edition
Todays E paper
Wednesday 05 Apr 2017 04.03 PM

അയ്യോ പേടിയാകുന്നേ...

uploads/news/2017/04/96783/parenting050417a.jpg

അമ്മേ, ഓടി വാ... ഇവിടെ ആരോ ഉണ്ട്. എനിക്ക് പേടിയാകുന്നമ്മേ. ഇവിടെ പ്രേതം ഉണ്ടെന്നാ തോന്നുന്നത്. എന്നെപ്പിടിച്ചോണ്ടുപോകും. അമ്മേ.... രാഹുല്‍ അലറി വിളിച്ചു. ചെറിയ കുട്ടികളില്‍ കാണപ്പെടുന്ന ഒന്നാണ് അകാരണമായ ഭയം.

പലപ്പോഴും സിനിമയിലെ പ്രേതങ്ങളും പേടിപ്പെടുത്തുന്ന രൂപങ്ങളുമൊക്കെയാണ് പില്‍ക്കാലത്ത് കുഞ്ഞിന്റെ മനസ്സില്‍ ഭയത്തിന്റെ കൊടുങ്കാറ്റായെത്തുന്നത്. കുട്ടികളുടെ മനസ്സിലെ പേടി അകറ്റാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അതിന് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കി ഒപ്പം നില്‍ക്കേണ്ടത് അച്ഛനമ്മമാരാണ്.

ഇരുട്ടിനെ ഭയക്കുമ്പോള്‍


രാത്രിയാകുമ്പോള്‍ ഇരുട്ടത്തിരിക്കാന്‍ ഭയപ്പെടുന്ന കുട്ടികളുണ്ട്. ഒറ്റയ്ക്ക് ഉറങ്ങാന്‍ പേടി, ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്‍ക്കുക, പിച്ചും പേയും പറയുക, നിലവിളിക്കുക എന്നിവയെല്ലാം പ്രകടിപ്പിക്കുന്ന കുട്ടികളുണ്ട്.

രാത്രിയില്‍ ലൈറ്റ് അണയ്ക്കുന്നതോടെ തുടങ്ങും ഇവരുടെ മനസ്സിലെ പേടിപ്പെടുത്തുന്ന ചിന്തകള്‍. രാത്രിയോടുള്ള ഭയം കുട്ടികളില്‍ ജനിക്കാന്‍ അനവധി കാരണങ്ങളുണ്ട്. കുട്ടിക്കാലത്ത് ഏവര്‍ക്കും കേള്‍ക്കാനും കാണാനും ഇഷ്ടം യക്ഷിക്കഥകളും പേടിപ്പെടുത്തുന്ന സിനിമകളുമാണ്.

ഇവയെല്ലാം യാഥാര്‍ത്ഥ്യമാണെന്നും രാത്രികാലങ്ങളില്‍ താന്‍ കണ്ടുമറന്ന കഥകളിലെ യക്ഷികളും പിശാചുക്കളും തന്നെ ആക്രമിക്കാനെത്തുമെന്നും കുഞ്ഞിന് തോന്നും. ഇത്തരം കഥകളില്‍ ഇരുട്ടാണല്ലോ പ്രധാനകഥാപാത്രം.

കുഞ്ഞിന്റെ ഇത്തരം ചിന്തകള്‍ക്ക് കടിഞ്ഞാണിടേണ്ടത് അച്ഛനമ്മമാര്‍ തന്നെയാണ്. ഇരുട്ടിനെ പേടിക്കേണ്ടതില്ലെന്നും ഇരുട്ടിലൂടെ ആക്രമിക്കാനെത്തുന്ന യക്ഷിയും പിശാചുമെല്ലാം വെറും കഥകള്‍ മാത്രമാണെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

ആദ്യകാലങ്ങളില്‍ അച്ഛനമ്മമാര്‍ പറയുന്നത് കുഞ്ഞിന്റെ മനസ്സില്‍ പതിയണമെന്നില്ല. ഇതിന് രാത്രികാലങ്ങളില്‍ അവര്‍ക്കൊപ്പം ചെലവിടാം. യക്ഷിക്കഥകളെ പാടെ അകറ്റി നല്ല സന്ദേശങ്ങളുള്ള കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം.

ലൈറ്റ് അണയ്ക്കുന്നതോടെ കുഞ്ഞിന്റെ മനസ്സിലെ പേടി വീണ്ടും ഉണരും. ഇതിന് അല്പനാള്‍ മുറിയിലെ ലൈറ്റുകള്‍ അണയ്ക്കരുത്. മനസ്സിലെ പേടി അല്പം കുറഞ്ഞതിന് ശേഷം ലൈറ്റുകള്‍ അണച്ചുതുടങ്ങാം.

പതിയെപ്പതിയെ മനസ്സിലെ പേടിയെ അകറ്റി മുറിയിലെ ലൈറ്റുകള്‍ അണയ്ക്കാം. എന്താപത്തുണ്ടെങ്കിലും കുഞ്ഞിനൊപ്പം അച്ഛനമ്മമാര്‍ ഉണ്ടെന്ന തോന്നല്‍ സൃഷ്ടിക്കണം. അത് അവരുടെ മനസ്സില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

അന്യഗ്രഹജീവികള്‍


കുഞ്ഞുപ്രായത്തില്‍ ടിവി കാണാന്‍ ഏറെയിഷ്ടപ്പെടുന്നവരാണ് കുട്ടികളിലധികവും. ടിവി കാഴ്ച്ച സ്ഥിരമാക്കിയ കുട്ടികള്‍ അതില്‍ കാണുന്നതെന്തും വിശ്വസിക്കും. ചെറിയ പ്രായത്തിലെ കുട്ടികള്‍ക്ക് അന്യഗ്രഹജീവികളെയും ദിനോസറുകളെയും തിമിംഗലങ്ങളെയുമെല്ലാം വളരെ ഇഷ്ടമാണ്.

ഇത്തരം ജീവികളുടെ സിനിമകള്‍ അവര്‍ വിടാതെ കാണുകും ചെയ്യും. എന്നാല്‍ രാത്രിയാകുമ്പോഴോ ഇതേക്കുറിച്ചോര്‍ത്താവും അവര്‍ ഭയക്കുന്നത്.

കുട്ടികള്‍ ഇത്തരം സിനിമകള്‍ കൂടുതല്‍ കാണാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അച്ഛനമ്മമാരാണ്. കൂടാതെ ടിവിയിലൂടെ കാണുന്നത് വെറും ദൃശ്യങ്ങളാണെന്നും അവയെ അകാരണമായി ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞ് മനസ്സിലാക്കണം.

ക്ഷുദ്രജീവികളോടുള്ള ഭയം


പാറ്റ, പല്ലി, ചിലന്തി എന്നിവയെ കാണുമ്പോള്‍ തന്നെ നിലവിളിച്ചോടുന്ന കുട്ടികളുണ്ട്. ഇത്തരം ജീവികള്‍ തന്നെ കടന്നാക്രമിക്കുമെന്നും അവ കടിക്കുമെന്നുമുള്ള ചിന്തയാണ് ഇത്തരക്കാരില്‍ ഭയമുണര്‍ത്താനുള്ള കാരണം.

ചെറുപ്രായത്തില്‍ ചുറ്റുപാടും കാണുന്ന പല്ലിയെയും പാറ്റയെയും കൈയിലെടുക്കുന്ന കുട്ടികളുണ്ട്. കുട്ടികള്‍ ഇത്തരം ജീവികളെ കൈയില്‍ നിന്നും താഴെയിടാന്‍ മാതാപിതാക്കള്‍ പലരും പറയുന്ന ഒന്നാണ്. അതിനെ തൊടരുത് മോനേ...അത് കടിക്കും..

ഇങ്ങനെ പറഞ്ഞ് പേടിപ്പിക്കുന്നതിന് പകരം ഈ ജീവികളെ കൈയിലെടുക്കരുത്, കൈ വൃത്തികേടാവും എന്ന് പറഞ്ഞുകൊടുക്കുക. അല്ലാത്തപക്ഷം അവ തിരിച്ച് ഉപദ്രവിക്കില്ല എന്നറിഞ്ഞാല്‍പ്പോലും കുട്ടികള്‍ക്ക് ഇത്തരം ജീവികളോടുള്ള ഭയം വിട്ടുമാറില്ല.

TRENDING NOW