Wednesday, April 05, 2017 Last Updated 16 Min 57 Sec ago English Edition
Todays E paper
Wednesday 05 Apr 2017 03.38 PM

വെറുത്ത മനുഷ്യനെ വിവാഹം കഴിക്കുന്നു

uploads/news/2017/04/96777/weeklyaarathitv.jpg

ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് നിങ്ങള്‍ക്ക് മുന്‍പില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചത്. ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുട്ടിയാണ് ഞാന്‍. നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി താഴെ വീണു.

മൂന്നാം ദിവസം കണ്ണു തുറന്നപ്പോള്‍ ഞാന്‍ ഐ.സി.യുവിലാണ്. പുറത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന അച്ഛനെയും അമ്മയെയും കാണാം. നട്ടെല്ലിന് ക്ഷതം ഏറ്റതിനാല്‍ ഒന്ന് എഴുന്നേറ്റ് ഇരിക്കാന്‍ പറ്റാതെ ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്.

ഒരു വര്‍ഷത്തോളം ഹോസ്പിറ്റല്‍ ബെഡില്‍ കിടന്നു. ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതിനിടയില്‍ മരുന്ന് മാറി കുത്തിവച്ച് മുടി മൊത്തം കൊഴിഞ്ഞ് പോയി.

ഒരു വര്‍ഷം കഴിഞ്ഞ് ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്ന് ഉറപ്പായപ്പോള്‍ വീട്ടിലേക്ക് മടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് ആ ആശുപത്രി പൂട്ടി. മറ്റ് പല ഡോക്ടര്‍മാരെ കണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.

എനിക്കുവേണ്ടി അമ്മ പോകാത്ത അമ്പലങ്ങളില്ല. ക്ഷേത്രങ്ങളില്‍ പോയിട്ട് ഫലമില്ലാതെ വന്നപ്പോള്‍ ഞാറയ്ക്കല്‍ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയത്തില്‍ പോകാന്‍ തുടങ്ങി. നോമ്പുകള്‍ നോല്‍ക്കും. അവിടുന്ന് കിട്ടുന്ന എണ്ണ അസുഖം ബാധിച്ച സ്ഥാനത്ത് പുരട്ടും.

അത്ഭുതമെന്ന് പറയട്ടെ, ഞാന്‍ എഴുന്നേറ്റ് ഇരിക്കാന്‍ തുടങ്ങി. പളളിയിലച്ചന്‍ ഇടയ്ക്ക് വീട്ടില്‍ വന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. പിന്നീട് പതുക്കെ പതുക്കെ നടക്കാന്‍ തുടങ്ങി, ഓടാന്‍ തുടങ്ങി, ഇപ്പോള്‍ ഇതാ അഭിനയിക്കാനും. അമ്മയുടെ പ്രാര്‍ത്ഥന ഒന്നു കൊണ്ട് മാത്രമാണ് നഷ്ടപ്പെട്ട ജീവിതം എനിക്ക് വീണ്ടെടുക്കാന്‍ സാധിച്ചത്.

പിന്നീട് സ്‌കൂളില്‍ തിരിച്ചെത്തിയപ്പോള്‍ ടീച്ചര്‍മാര്‍ പറഞ്ഞു ഇനി അഞ്ചാം ക്ലാസില്‍ ചേര്‍ക്കാം. പക്ഷേ അമ്മ അതിനു സമ്മതിച്ചില്ല. അടിത്തറയില്ലാതെ പഠിച്ചിട്ട് എന്തു കാര്യം, നാലാം ക്ലാസില്‍ ഒന്നു കൂടി പഠിക്കട്ടെ. കൂട്ടുകാരെല്ലാം അഞ്ചാം ക്ലാസില്‍ പഠിച്ചപ്പോള്‍ എനിക്ക് നാലാം ക്ലാസില്‍ ഇരിക്കേണ്ടി വന്നു.

ആ സമയത്ത് മുടിയില്ലാത്തതുകൊണ്ട് എല്ലാവരും മുട്ടത്തലച്ചിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നു. മുടി വളരാന്‍ ഒരുപാട് നാട്ടുമരുന്നുകള്‍ പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല.

വീണ്ടും അമ്മയുടെ കഠിനമായ പ്രാര്‍ത്ഥനകൊണ്ട് മുടി വളരാന്‍ തുടങ്ങി. ആര്‍ട്ട്‌സിലും, സ്‌പോര്‍ട്‌സിലും എല്ലാം പങ്കെടുത്തു. സ്‌കൂളിനു നിരവധി ട്രോഫികള്‍ വാങ്ങി കൊടുക്കാന്‍ സാധിച്ചു. ഇപ്പോള്‍ എന്‍ജിനീയറിംഗ് രണ്ടാം വര്‍ഷം പഠിക്കുന്നു.

മെയ് മാസം എന്റെ വിവാഹമാണ്. ജീവിതത്തില്‍ ഞാന്‍ ഏറ്റവും വെറുത്തിട്ടുളള ആളെയാണ് വിവാഹം ചെയ്യുന്നത്. അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് ബാലകൃഷ്ണന്‍.

അദ്ദേഹത്തെ ആദ്യമായി കാണുന്നത് കുങ്കുമച്ചെപ്പ് സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ്. എന്റെ ആദ്യസീരിയല്‍. ആക്ഷന്‍ പറയുമ്പോള്‍ എന്റെ ചങ്കിടിക്കും. എന്ത് ചെയ്യണമെന്നറിയാത്ത തുടക്കക്കാരിയുടെ പരിഭ്രമം.

ആദ്യമായി അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ അത്രയും പേരുടെ മുന്നില്‍ വച്ച് അജിത്ത് എന്നെ ഒരുപാട് വഴക്കു പറഞ്ഞു. 'ഇതിനെയൊക്കെ ആരാ അഭിനയിക്കാന്‍ കൊണ്ടു വന്നത്? ഒരു കുന്തവും അറിയില്ലാ' എന്നൊക്കെ പറഞ്ഞു. ഞാന്‍ കരയാതെ ഒരുവിധം പിടിച്ചുനിന്നു.

പുളളി അന്നത്തെ ഷൂട്ടിന്റെ ഫോട്ടോ നോക്കികൊണ്ടിരുന്നപ്പോള്‍ എന്റെ ഫോട്ടോ കണ്ടതും വലിച്ചെറിഞ്ഞു. അത്രയും പേരുടെ മുന്നില്‍ വച്ച് അങ്ങനെ പെരുമാറിയപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. മനസില്‍ ഞാന്‍ ഒരുപാട് ചീത്ത പറഞ്ഞു.

വൈകിട്ട് വീട്ടിലേക്ക് പോകാന്‍ നിന്നപ്പോള്‍ വന്നു ചോദിച്ചു. പോകുവാണോ നാളെ വരില്ലേ?. ഞാന്‍ ഒന്നു മൂളിയതേയുളളൂ. വഴക്കു പറഞ്ഞത് നന്നായി ചെയ്യാന്‍ വേണ്ടിയാണ്, വഴക്കു പറഞ്ഞപ്പോള്‍ നല്ലമാറ്റം ഉണ്ടായി എന്നൊക്കെ പറഞ്ഞെങ്കിലും എനിക്ക് എല്ലാവരുടെയും മുന്നില്‍ വച്ച് അപമാനിച്ചതിന്റെ ദേഷ്യമായിരുന്നു.

വൈകിട്ട് ഞാന്‍ പ്രൊഡ്യൂസറെ വിളിച്ച് പറഞ്ഞു അജിത്ത്‌സാര്‍ ഉണ്ടെങ്കില്‍ ഡബ്ബ് ചെയ്യാന്‍ ഞാന്‍ വരില്ല. പിറ്റേ ദിവസം രാവിലെ എന്നെ വിളിക്കാന്‍ കാറില്‍ വന്നത് അജിത്തായിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും തോന്നി.

പുളളി കൂടെയുളളപ്പോള്‍ എനിക്ക് ഉളള ആത്മവിശ്വാസം കൂടി നഷ്ടമാകും. ഒരു വിധത്തില്‍ ഡബ്ബിംഗ് റൂമില്‍ എത്തി. അവിടെ ഞങ്ങള്‍ രണ്ടുപേരും മാത്രം. പ്രതീക്ഷിക്കാതെ പുളളി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു.

ഞാന്‍ അത് കേട്ടഭാവം നടിച്ചില്ല. ഡബ്ബിംഗ് കഴിഞ്ഞ് അച്ഛനൊപ്പം വീട്ടിലേക്ക് പോയി. എങ്കിലും മനസ്സിന്റെ ഒരു കോണില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് എന്റെ അങ്കിള്‍ വിളിച്ച് പറഞ്ഞു.

''അജിത്ത് നല്ല പയ്യനാ.. അവനു മോളേ ഒരുപാട് ഇഷ്ടമാണ് '' എന്നൊക്കെ. അപ്പോള്‍ എന്റെ മനസ്സില്‍ ചെറിയൊരു ഇഷ്ടം തോന്നി തുടങ്ങി. എന്റെ ചേച്ചിയുടെ കല്യാണ തലേന്ന് അജിത്തേട്ടന്റെ അമ്മ മരിച്ചു. പ്രൊഡ്യൂസര്‍ എന്നെ വിളിച്ചു വിവരം പറഞ്ഞു.

''ആരതി ഒന്ന് അവനെ വിളിച്ച് സമാധാനിപ്പിക്കണം.''
ജീവിതത്തില്‍ ഏറ്റവും വലിയ ദു:ഖമാണ് സ്വന്തം അമ്മയുടെ വേര്‍പാട്. അങ്ങനെ ഒരവസരത്തില്‍ ഞാന്‍ എന്ത് പറഞ്ഞ് സമാധാനിപ്പിക്കാനാണ്? ഞാന്‍ ഫോണ്‍ എടുത്ത് വിളിച്ചു.

''വിഷമിക്കണ്ട ഇനി എന്നും കൂടെ ഞാനുണ്ടാവും''
അ്രത്രയും പറഞ്ഞ് ഫോണ്‍ വച്ചു.

പിന്നീട് വീട്ടുകാര്‍ അറിയാതെ കുറച്ചുനാള്‍ ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു. മറ്റാരെങ്കിലും പറഞ്ഞ് വീട്ടില്‍ അറിയുന്നതിനേക്കാള്‍ മുന്‍പ് ഞങ്ങള്‍ വീട്ടില്‍ വിവരം പറഞ്ഞു.

അജിത്തേട്ടനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പിന്നെ ആരും എതിര്‍ത്തില്ല. പക്ഷേ കല്യാണം കുറച്ചുനാള്‍ കഴിഞ്ഞിട്ടേയുളളൂ. കാത്തിരിക്കാന്‍ ഞാനും അജിത്തേട്ടനും തയ്യാറായിരുന്നു. നാലു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടുകയാണ് മെയ് മാസത്തില്‍. ഇപ്പോള്‍ അജിത്തേട്ടന്‍ കൂടെയുളളതാണ് എന്റെ ആത്മവിശ്വാസം.

- അഞ്ജു രവി

Ads by Google
TRENDING NOW