Thursday, May 31, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google

ഞങ്ങള്‍ക്കും പറയാനുണ്ട്‌

Beena Sebastian
Beena Sebastian
Wednesday 05 Apr 2017 01.57 PM

ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ വജ്രജുബിലിയില്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ട മാതൃത്വം

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കില്ലെന്ന അദ്ദേഹത്തിന്റെ വാശിയും ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഹതഭാഗ്യയായ അമ്മയുടെ കണ്ണുനീരിനു മുന്നില്‍ ഉത്തരംമുട്ടും എന്ന പേടിയാണോ അതോ പുത്തന്‍പണക്കാരായ സ്വാശ്രയ മുതലാളിമാരുടെ മുഖംവാടും എന്ന ചിന്തയാണോ മുഖ്യമന്ത്രിയെ പിന്തിരിപ്പിക്കുന്നത് എന്നതാണ് മനസ്സിലാകാത്തത്. ചെങ്കൊടി കയ്യിലേന്തി പാര്‍ട്ടിക്കു വേണ്ടി മുദ്രാവാക്യം വിളിച്ച അമ്മയെയാണ് കമ്മ്യുണിസ്റ്റ് ഭരണകൂടം തെരുവില്‍ വിലിച്ചിഴച്ചതെന്നും മറക്കരുത്.

uploads/news/2017/04/96766/mahija-3.jpg

ഏപ്രില്‍ അഞ്ച്. കേരള ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തിയ ദിനമായിരുന്നു ഇന്നുവരെ. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ ദിനം. ആവേശപൂര്‍വ്വം നാട് കൊണ്ടാടേണ്ടുന്ന ഈ വജ്രജൂബിലി ആഘോഷത്തിന് ഇന്ന് കരിപുരണ്ടിരിക്കുകയാണ്. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ നീതി നേടിയെത്തിയ ഒരു അമ്മയെ പോലീസ് തെരുവിലൂടെ വലിച്ചിഴപ്പെട്ട ദിനമായി ഇന്ന് മാറി. വജ്രജൂബിലിയുടെ എല്ലാ ശോഭകളും കെടുത്തുന്ന നടപടിയാണ് പോലീസിന്റെയും അവരെ കയറൂരി വിട്ടിരിക്കുന്ന ഭരണകൂടത്തിന്റേയും ഭാഗത്തുനിന്നുണ്ടായത്.

ജിഷ്ണു പ്രണോയ്. കോഴിക്കോട് വളയത്ത് ജനിച്ചുവളര്‍ന്ന ഈ ചെറുപ്പക്കാരന്‍ ഇന്ന് ഒരുനാടിന്റെ മുഴുവന്‍ നൊമ്പരമായി മാറുന്ന കാഴ്ചയാണ്. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ എന്‍ജിനീയറിംഗ് പഠിക്കാനുള്ള മോഹവുമായി എത്തിയ വിപ്ലവ ചിന്തകളുള്ള ചെറുപ്പക്കാരന്‍. കോളജില്‍ നടക്കുന്ന അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സ്വന്തം ജീവന്‍ തന്നെ ബലിയായി നല്‍കേണ്ടിവന്നു. കൂണൂപോലെ മുളച്ചുപൊങ്ങിയ സ്വാശ്രയ കോളജുകളില്‍ നടക്കുന്ന അതിക്രമങ്ങളും അത് ചോദ്യം ചെയ്യുന്നതിന്റെ പേരില്‍ ഇടിമുറികളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ നിശബ്ദം ഞെരിഞ്ഞമര്‍ന്ന നിരവധി ജീവനുകളുടെ ഒരു പ്രതീകമാണ് ഇന്ന് ജിഷ്ണു.

ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്നും അല്ല, കൊല്ലപ്പെട്ടതാണെന്നും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ജിഷ്ണുവിന്റെ മൂക്കില്‍ കണ്ട മുറിവും ഇടിമുറിയിലും പീഡനവീരന്മാരായ ജീവനക്കാരുടെ മുറികളിലും കണ്ടെത്തിയ രക്തക്കറകളും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. മകന്റെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമ്മയും അച്ഛനും മൂന്നു മാസമായി ഒഴുക്കുന്ന കണ്ണുനീര്‍ ഒരു ഭരണകൂടത്തിന്റെയും കണ്ണ് തുറപ്പിക്കുന്നില്ലെന്നതാണ് സത്യം.

സ്ത്രീ സുരക്ഷ ചൂണ്ടിക്കാട്ടി അധികാരത്തിലേറി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് മകനു നീതി തേടി ചെന്ന അമ്മ മഹിജയെ തെരുവിലൂടെ വലിച്ചിഴക്കുന്ന നടപടിയുണ്ടായത്. അമ്മയാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാത്ത പോലീസ് അവരെ നിലത്തിട്ട് അടിവയറ്റിലും കയ്യിലും ചവിട്ടി. കൊടുംക്രിമിനലിനെ കൈകാര്യം ചെയ്യുന്നപോലെ വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റി. മ്യൂസിയം സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. രക്തസമ്മര്‍ദ്ദംതാഴ്ന്ന് അവശനിലയിലായ അവര്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയിലാക്കി. പോലീസിന്റെ നടപടിയെ ജനം എത്രയേറെ വെറുത്തുവെന്നതിന്റെ തെളിവായിരുന്നു ആശുപത്രിയില്‍ എത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഐ.ജി മനോജ് ഏബ്രഹാമിനും നേരിടേണ്ടിവന്നത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുമ്പോള്‍ ഇരയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ ഓടിയെത്തും. എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ വീട്ടില്‍ എത്താന്‍ എന്തുകൊണ്ടോ പിണറായി വിജയന്‍ ഭയക്കുന്നു എന്നു വേണം കരുതാന്‍. എന്തുവന്നാലും നിശബ്ദതപാലിക്കുന്ന മുഖ്യമന്ത്രി. ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കില്ലെന്ന അദ്ദേഹത്തിന്റെ വാശിയും ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഹതഭാഗ്യയായ അമ്മയുടെ കണ്ണുനീരിനു മുന്നില്‍ ഉത്തരംമുട്ടും എന്ന പേടിയാണോ അതോ പുത്തന്‍പണക്കാരായ സ്വാശ്രയ മുതലാളിമാരുടെ മുഖംവാടും എന്ന ചിന്തയാണോ മുഖ്യമന്ത്രിയെ പിന്തിരിപ്പിക്കുന്നത് എന്നതാണ് മനസ്സിലാകാത്തത്. ചെങ്കൊടി കയ്യിലേന്തി പാര്‍ട്ടിക്കു വേണ്ടി മുദ്രാവാക്യം വിളിച്ച അമ്മയെയാണ് കമ്മ്യുണിസ്റ്റ് ഭരണകൂടം തെരുവില്‍ വിലിച്ചിഴച്ചതെന്നും മറക്കരുത്.

മകന്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ കണ്ണീരിന്റെ വില വലുതാണ്. ഒരു അധികാരിയെ താഴെയിറക്കാന്‍ മാത്രമല്ല ജീവിതകാലം മുഴുവന്‍ വേട്ടയാടാനും ഇത് മതിയാകും. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കേ കൊല്ലപ്പെട്ട രാജന്റെ രോദനം മരണം വരെ വേട്ടയാടപ്പെട്ട കെ.കരുണാകരനെ മറക്കരുത്. ഈശ്വരവാര്യര്‍ എന്ന വൃദ്ധന്റെ കണ്ണുനീര്‍ അവഗണിച്ച കരുണാകരന്‍ അവസാന കാലത്ത് പുത്രനില്‍ നിന്ന് അനുഭവിച്ച അവഗണന കാലം കാത്തുവച്ചതാണ് എന്നു വിശ്വസിക്കുന്നവരാണ് മലയാളികള്‍.

മകന്‍ നഷ്ടപ്പെട്ട വേദന ഒരു ഭാഗത്ത്. നീതി നിഷേധിക്കപ്പെടുമ്പോഴുള്ള മനോവേദന മറുഭാഗത്ത്. ഇതിനിടെയാണ് ഭരണകൂടത്തിന്റെ ഭീകരതയും. മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് സമരം നടത്താനും പ്രതിഷേധിക്കാനുമുള്ള അവകാശം പോലും നിഷേധിക്കുന്ന ഭരണത്തെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുമോ? പോലീസ് ആസ്ഥാനത്തെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ടെന്ന് പറയുന്ന പോലീസ്, എന്തുകൊണ്ടാണ് അവരോട് അല്പം കരുണയോടെ പെരുമാറാന്‍ തയ്യാറാകാത്തത്. യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ലാതെ, ഡി.ജി.പി ആസ്ഥാനത്തെ സന്ദര്‍ശകരുടെ കസേരകളിലില്‍ ഇരുന്ന് അല്പസമയം പ്രതിഷേധിക്കാന്‍ പോലും അനുവദിച്ചാല്‍ തകരുന്നതാണോ പോലീസിന്റെ സുരക്ഷ. അല്ലെങ്കില്‍ ഇവിടുത്തെ ക്രമസമാധാനം.

ജിഷ്ണു കേസില്‍ പ്രതികളെ തുടക്കം മുതല്‍ സംരക്ഷിക്കുന്ന നടപടിയായിരുന്നും പോലീസും പ്രോസിക്യുഷനും സ്വീകരിച്ചതെന്ന് കാണാം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നടന്ന നാടകങ്ങളും ആദ്യഘട്ടത്തില്‍ എതിര്‍ക്കാതിരുന്നു പ്രോസിക്യൂഷനും. മൂന്‍കൂര്‍ ജാമ്യം നേടി പി.കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ സമൂഹത്തെ വെല്ലുവിളിച്ച് നടന്നുനീങ്ങിയപ്പോള്‍ ജാമ്യത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി ഇളഭ്യരായി ഭരണകൂടവും മടങ്ങി. ജാള്യം മറയ്ക്കാനാണ് അപ്പീല്‍ പോയതെന്ന് അറിയാത്തവരല്ല ജനം.

വജ്രജൂബിലി ആഘോഷം ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി ഉചിതം തന്നെ. സര്‍ക്കാരിന് നല്‍കാവുന്ന മറുപടി തന്നെയാണിത്. പക്ഷേ, ഹര്‍ത്താലുകളും അക്രമങ്ങളും ഇതിനൊരു പ്രതിവിധിയല്ലെന്നും മറക്കരുത്. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാ പൗരന്മാര്‍ക്കും അവകാശമുള്ള നാടാണിത്. പ്രതീക്ഷയോടെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിവരില്‍ നിന്നും നിഷേധാത്മക നിലപാട് ഉണ്ടാകുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉയരുന്നത് സ്വാഭാവികം. എന്നാല്‍ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സഖാവ് പിണറായി, കമ്മ്യുണിസ്റ്റ് എന്ന വിശേഷണം താങ്കള്‍ക്ക് ചേരുമോ? ഫ്യൂഡല്‍ വ്യവസ്ഥയെ ഇല്ലാതാക്കിയ ആദ്യ കമ്മ്യുണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് താങ്കളുടെ സര്‍ക്കാരിലേക്ക് അറുപതാണ്ടിന്റെ ദൂരം മാത്രമല്ല, കമ്മ്യുണിസത്തില്‍ നിന്നും പുത്തന്‍പണക്കാരിലേക്കുള്ള പാര്‍ട്ടിയുടെയും നേതാക്കളുടെയും മാറ്റമാണ് കാണുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW