Monday, May 28, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 03.14 PM

നാടകത്തിന് വേണ്ടി ഭാര്യയെ മറന്നു

uploads/news/2017/04/96477/weeklyktspadnnayel.jpg

നാല്‍പ്പത്തിയഞ്ചു വര്‍ഷം മുമ്പായിരുന്നു എന്റെ വിവാഹം. ആ സമയത്ത് ഞാന്‍ തൃപ്പൂണിത്തുറ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നാടകങ്ങളില്‍ സജീവമാണ്.

മൂന്നുമാസം കഴിഞ്ഞപ്പോഴാണ് സൊസൈറ്റിയുടെ പുതിയ നാടകമായ 'വിഭ്രാന്തി'യുടെ റിഹേഴ്‌സല്‍ ആരംഭിച്ചത്. എന്‍.കെ.ബാലനായിരുന്നു സംവിധായകന്‍.

തൊട്ടടുത്ത മാസം തന്നെ ആദ്യ സ്‌റ്റേജ് കിട്ടി. എറണാകുളം ജില്ലയില്‍ത്തന്നെയായിരുന്നു പ്രോഗ്രാം. തീയതി അടുത്തുവന്നതോടെ റിഹേഴ്‌സലിന് വേഗത കൂടി.

ഒരു ഞായറാഴ്ച വൈകിട്ടാണ് നാടകം അരങ്ങേറേണ്ടത്. ദിവസവും റിഹേഴ്‌സലുണ്ട്. ശനിയാഴ്ച രാത്രി പത്തുമണിക്ക് ലൈറ്റും സൗണ്ടുമൊക്കെ ഉള്‍പ്പെടുത്തി ഫൈനല്‍ റിഹേഴ്‌സല്‍ നടത്താന്‍ തീരുമാനിച്ചു.

ഞാനും ഭാര്യ രമണിയും മാത്രമാണ് തൃപ്പൂണിത്തുറയിലെ വീട്ടില്‍ താമസിക്കുന്നത്. അവളാകട്ടെ മൂന്നുമാസം ഗര്‍ഭിണിയുമാണ്. ശനിയാഴ്ച രാവിലെ എഴുന്നേറ്റപ്പോള്‍ രമണിക്ക് വല്ലാത്തൊരു അസ്വസ്ഥത.

അപ്പോള്‍ത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിശദമായ പരിശോധനയ്ക്കുശേഷം ഡോക്ടര്‍ എന്നെ കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് വിളിപ്പിച്ചു.

''കുറച്ച് കോംപ്ലിക്കേറ്റായ സമയമായതിനാല്‍ ഭാര്യയെ ഒറ്റയ്ക്ക് കിടത്തരുത്. എപ്പോഴും ഒരു ശ്രദ്ധയുണ്ടായിരിക്കണം. മാത്രമല്ല, പേടിപ്പെടുത്തുന്ന ഒരുകാര്യവും പറയുകയും ചെയ്യരുത്.''

എല്ലാം തലകുലുക്കി സമ്മതിച്ചു. അപ്പോഴും മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത. അന്ന് രാത്രിയിലെ ഫൈനല്‍ റിഹേഴ്‌സലിന് എങ്ങനെ പോകും? ഞാനില്ലെങ്കില്‍ പിറ്റേ ദിവസം നാടകം കളിക്കാന്‍ പറ്റില്ല.

എറണാകുളത്തെ ക്ഷണിക്കപ്പെട്ട സദസ്സിന്റെ മുമ്പിലാണ് അവതരിപ്പിക്കേണ്ടത്. രമണിയോട് പറഞ്ഞാല്‍ അവള്‍ സമ്മതിക്കില്ലെന്നുറപ്പാണ്. മാത്രമല്ല, ഞാനില്ലെന്ന് അറിഞ്ഞാല്‍ അവള്‍ക്ക് പേടി ഇരട്ടിക്കും. അത് പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ റിഹേഴ്‌സലിന്റെ കാര്യമൊന്നും പറഞ്ഞതേയില്ല.

രാത്രി ഒന്‍പതരയായപ്പോഴേക്കും രമണി ഭക്ഷണം കഴിച്ച് കിടന്നു. നല്ല ഉറക്കമായപ്പോഴേക്കും പതുക്കെ വീടിന് പുറത്തിറങ്ങി. ഇനി അവള്‍ ഉണരണമെങ്കില്‍ പുലര്‍ച്ചെ കഴിയും. അപ്പോഴേക്കും റിഹേഴ്‌സല്‍ കഴിഞ്ഞ് തിരിച്ചെത്താം.

ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് വാതിലടച്ച് പുറത്തുനിന്ന് പൂട്ടി. സൈക്കിളില്‍ നേരെ റിഹേഴ്‌സല്‍ സ്ഥലത്തേക്ക്. എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു. സമയം പത്തര കഴിഞ്ഞു. താമസിച്ചതിന് എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും ക്ഷമയോടെ കേട്ടു.

നാടകത്തിന്റെ ഓരോ ഡയലോഗ് പറയുമ്പോഴും എന്റെയുള്ളില്‍ രമണിയായിരുന്നു. അവള്‍ ഉണര്‍ന്നുകാണുമോ? എന്നെ കാണാതായാല്‍ അവള്‍ ബഹളം വയ്ക്കുമോ? വീട് പൂട്ടിയതിനാല്‍ പുറത്തേക്കിറങ്ങാന്‍ പോലും കഴിയില്ല. ആ അവസ്ഥയില്‍ അവളെന്തുചെയ്യും? മനസ്സ് കലുഷിതമായ നിമിഷങ്ങള്‍. എന്നിട്ടും ഒന്നും പുറത്തുകാണിച്ചില്ല.

uploads/news/2017/04/96477/weeklyktspadnnayel1.jpg

പുലര്‍ച്ചെ മൂന്നുമണിയായപ്പോഴേക്കും റിഹേഴ്‌സല്‍ കഴിഞ്ഞു. അപ്പോള്‍ത്തന്നെ ഞാന്‍ സൈക്കിളുമെടുത്ത് അമിതവേഗതയില്‍ വീട്ടിലേക്ക് പറന്നു. ശബ്ദമുണ്ടാക്കാതെമുറി തുറന്നു.

ചിമ്മിനി വിളക്ക് കത്തിച്ചപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. മുറിയില്‍ രക്തം പടര്‍ന്നിരിക്കുകയാണ്. അതിനു നടുവില്‍ ബോധംകെട്ട് കിടക്കുകയാണ് രമണി.

അപ്പോള്‍ത്തന്നെ സൈക്കിളെടുത്ത് പോയി ഓട്ടോ വിളിച്ചുവന്ന് ആശുപത്രിയിലെത്തിച്ചു. ഐ.സി.യുവിലേക്കാണ് കയറ്റിയത്. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ എന്നെ വിളിപ്പിച്ചു.

''ബോധം പോയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞല്ലോ. എന്നിട്ടും ഇവിടേക്ക് കൊണ്ടുവരാന്‍ എന്തുകൊണ്ട് താമസിച്ചു?''

ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നല്ലേ പ്രമാണം. ഞാന്‍ അന്നുണ്ടായ കാര്യങ്ങള്‍ ഡോക്ടറോട് തുറന്നുപറഞ്ഞു. അദ്ദേഹം എന്നെ തല്ലിയില്ലെന്നേയുള്ളൂ. പറയാന്‍ ഒന്നും ബാക്കിവച്ചില്ല.

''ഇപ്പോഴെങ്കിലും കൊണ്ടുവന്നത് നന്നായി. അല്ലെങ്കില്‍ കാണാമായിരുന്നു.''
രാവിലെ ആയപ്പോഴേക്കും രമണിക്ക് ബോധംവന്നു. അവള്‍ ഒന്നും മിണ്ടിയില്ല. കുറെനേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

''നീ എന്നോട് ക്ഷമിക്കണം. നിന്നെ ഒറ്റയ്ക്കാക്കി പോകരുതായിരുന്നു. പക്ഷേ ഒരുപാടുപേരുടെ മുഖമോര്‍ത്തപ്പോള്‍ നിന്റെ മുഖം മറന്നുപോയി. അതാണ് സംഭവിച്ചത്.''രാവിലെ ഡോക്ടര്‍ വന്ന് പരിശോധിച്ചു. കുഴപ്പമില്ല.

വൈകിട്ടോടെ വീട്ടില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ സമാധാനം. പോകാന്‍നേരം ഭാര്യയുടെ മുമ്പില്‍ വച്ച് ഡോക്ടര്‍ എന്നോട് ചോദിച്ചു.

''നിങ്ങളൊരു മനുഷ്യനാണോ?''
കുറ്റബോധത്തോടെ ഞാന്‍ അദ്ദേഹത്തിന് മുമ്പില്‍ നിന്നു. ഒരക്ഷരം പറഞ്ഞില്ല. പറയാനുള്ള യോഗ്യത എനിക്കില്ല. കാരണം അത്രയ്ക്ക് പാപിയാണ് ഞാന്‍. നാടകത്തിനുവേണ്ടി സ്വന്തം ഭാര്യയെപ്പോലും മറന്നുപോയ മഹാപാപി.

തയ്യാറാക്കിയത്:
രമേഷ് പുതിയമഠം

Ads by Google
Tuesday 04 Apr 2017 03.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW