Wednesday, August 16, 2017 Last Updated 0 Min 19 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.30 AM

കള്ള്‌ വില്‍പ്പന കൂടി; പരിശോധനയില്ല

uploads/news/2017/04/96363/k4.jpg

പാലക്കാട്‌: ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലറുകള്‍ കൂട്ടത്തോടെ പൂട്ടുകയും അവശേഷിക്കുന്ന ബീവറേജ്‌ ഔട്ട്‌ ലെറ്റുകളില്‍ കിലോമീറ്ററുകള്‍ നീളുന്ന വരിയും ആയതോടെ കള്ളുഷാപ്പുകളില്‍ വില്‍പ്പന കൂടി. വേനല്‍ കനത്തതോടെ കള്ളു ഉല്‍പ്പാദനത്തിലുണ്ടായ കുറവു മറികടക്കാന്‍ വന്‍തോതില്‍ കൃത്രിമക്കള്ള്‌ നിര്‍മിക്കുന്നതായി വിവരമുണ്ട്‌. എന്നാല്‍ ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ അളവോ തോപ്പുകളില്‍ ചെത്തിയിറക്കുന്നതോ പരിശോധിക്കുന്നില്ലെന്നാണ്‌ ആക്ഷേപം. ഇതു മദ്യദുരന്തത്തിലേക്കു നയിക്കുമെന്ന്‌ ആശങ്കയുണ്ട്‌.
കള്ളുഷാപ്പിലെ സ്‌റ്റോക്ക്‌ രജിസ്‌റ്ററില്‍ വില്‍ക്കാന്‍ എത്തിക്കുന്ന കള്ളിന്റെ അളവു മുതല്‍ വില്‍പ്പന നടത്തുന്നതും അവശേഷിക്കുന്നതുമായ അളവു വരെ സമയാസമയങ്ങളില്‍ രേഖപ്പെടുത്തണം. പുതിയ സാഹചര്യത്തില്‍ ഇത്‌ അട്ടിമറിച്ചതായാണു വിവരം. വില്‍പ്പന ഇരട്ടിയിലധികം കൂടിയിട്ടും കണക്കില്‍പ്പെടുത്തില്ല. എക്‌സൈസ്‌ അധികൃതരാവട്ടെ പെര്‍മിറ്റിന്റെയും മറ്റും തിരക്കില്‍ പരിശോധന ഉപേക്ഷിച്ച മട്ടാണ്‌. എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ്‌ കള്ളുവില്‍പ്പന കുത്തനെ കൂടിയത്‌. ഒന്നാം തീയതിയും തൊട്ടുപിന്നാലെ ഞായറും വന്നതും കള്ളുവില്‍പ്പന കൂട്ടി. അതിനിടെ പാതയോരങ്ങളിലെ ഷാപ്പുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ അബ്‌കാരികള്‍ ഊര്‍ജിത ശ്രമം തുടങ്ങി. ബീവറേജസ്‌ ഔട്ട്‌ ലെറ്റുകളില്‍ ജനങ്ങള്‍ വരി നിന്നു വലയുകയാണ്‌.
അവശേഷിക്കുന്ന ബീവറേജസുളില്‍ കിലോമീറ്ററുകള്‍ ക്യൂ നില്‍ക്കണം. ഇതു മുതലാക്കി ബ്ലാക്കിലുള്ള വില്‍പ്പന തുടങ്ങി. 240 രൂപ വിലയുള്ള അരലിറ്റര്‍ വിദേശമദ്യം 300 രൂപ ഈടാക്കിയാണ്‌ മറിച്ചുവില്‍ക്കുന്നത്‌. ഒരാള്‍ക്ക്‌ മൂന്ന്‌ ലിറ്റര്‍ വരെയാണ്‌ മദ്യം നല്‍കുന്നത്‌. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നുമുള്ള മദ്യ ഒഴുക്കും കൂടി. ബീവറേജസ്‌ ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം കിട്ടാനില്ലെന്നും പരാതി ഉയര്‍ന്നു.
തിരക്കേറിയ സാഹചര്യത്തില്‍ സ്‌റ്റോക്ക്‌ തീരുന്നതാണെന്ന്‌ ബീവറേജസ്‌ അധികൃതര്‍ പറഞ്ഞു. കൊഴിഞ്ഞാമ്പാറ കോയമ്പത്തൂര്‍ റോഡില്‍ സംസ്‌ഥാന അതിര്‍ത്തിയായ വേലന്താവളം വരെ സംസ്‌ഥാന പാതയും അപ്പുറത്ത്‌ തമിഴ്‌നാട്ടില്‍ ജില്ലാ പാതയുമാണ്‌. അതിനാല്‍ വേലന്താവളത്തിനപ്പുറത്ത്‌ മദ്യശാലകളുണ്ട്‌.

എന്‍. രമേഷ്‌

Ads by Google
Tuesday 04 Apr 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW