Tuesday, April 10, 2018 Last Updated 58 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.30 AM

ദേശീയ നൈപുണ്യ വികസന പദ്ധതി : കേന്ദ്രത്തിന്റെ കണ്ണില്‍ പൊടിയിട്ട്‌ പദ്ധതി നടപ്പാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍

uploads/news/2017/04/96361/k2.jpg

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കണ്ണില്‍ പൊടിയിടാനായി ദേശീയ നൈപുണ്യ വികസന പദ്ധതി പേരിനുമാത്രം നടപ്പാക്കാന്‍ സംസ്‌ഥാനത്തിന്റെ നീക്കം. കേന്ദ്രം പദ്ധതി അംഗീകരിച്ച്‌ നാലു വര്‍ഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ പോലും കേരളത്തിനായില്ല.പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസത്തിനുള്ള സഹായം റദ്ദാക്കുമെന്ന്‌ കേന്ദ്രം ഭീഷണിപ്പെടുത്തിയപ്പോള്‍ 20 സ്‌കൂളുകളില്‍ അടുത്ത വര്‍ഷം പൈലറ്റായി പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യവസ്‌ഥകളും ചട്ടങ്ങളും മറികടന്ന്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മാത്രമായി ഇതു ചുരുക്കാനാണ്‌ നീക്കം.
കുട്ടികളെ പ്ലസ്‌ ടു വിദ്യാഭ്യാസം കഴിയുമ്പോഴേക്കും തൊഴില്‍ നേടാന്‍ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ദേശീയ നൈപുണ്യ വികസന പദ്ധതി നടപ്പാക്കുന്നത്‌. 2013 ല്‍ പദ്ധതി കേന്ദ്രം അംഗീകരിക്കുകയും സംസ്‌ഥാനങ്ങളോടു നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. മറ്റു സംസ്‌ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിയെങ്കിലും കേരളം തയാറായില്ല. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന്‌ പഠിക്കാന്‍ പോലും സംസ്‌ഥാനത്തിനു കഴിഞ്ഞില്ല. സംസ്‌ഥാനത്ത്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുള്ളതിനാല്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പദ്ധതി നടപ്പാക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌.
കൂടാതെ പ്ലസ്‌ ടു ക്ലാസ്‌ കഴിഞ്ഞയുടന്‍ തൊഴില്‍ നേടണമെന്ന ആവശ്യം കേരളത്തിലെ കുട്ടികള്‍ക്കില്ല. മാത്രമല്ല എസ്‌.എസ്‌.എല്‍.സി. കഴിയുന്ന മിടുക്കാരായ കുട്ടികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ തഴയുകയാണെന്നും വിലയിരുത്തിയാണ്‌ സര്‍ക്കാര്‍ നിലപാട്‌ എടുത്തത്‌.
നൈപുണ്യ വികസന പദ്ധതിയില്‍ പ്ലസ്‌ ടു കഴിഞ്ഞും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമുണ്ട്‌. ഇക്കാര്യവും സംസ്‌ഥാന സര്‍ക്കാര്‍ കണക്കിലെടുത്തില്ല. മാത്രമല്ല പത്താം ക്ലാസ്‌ കഴിഞ്ഞാല്‍ കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുകയും ചെയ്യും. ഒന്‍പതാം ക്ലാസു മുതലാണ്‌ പദ്ധതി നടപ്പാക്കേണ്ടത്‌. ഏതു മേഖലയാണോ തെരഞ്ഞെടുക്കുന്നത്‌ ആ തൊഴില്‍ മേഖല പന്ത്രണ്ടാം ക്ലാസുവരെ തുടകരുകയും ചെയ്യും. കേന്ദ്രം പദ്ധതി അംഗീകരിച്ചു നാലു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച്‌ ഒരു ആലോചന പോലും വിദ്യാഭ്യാസ വകുപ്പിലോ സര്‍ക്കാര്‍ തലത്തിലോ നടന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണു പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ആദ്യ ചര്‍ച്ച നടന്നത്‌.
2017 ജനുവരി 25 നു ചേര്‍ന്ന യോഗത്തില്‍ സുഗതകുമാരിയാണ്‌ ഇതേക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിവച്ചത്‌. കേരളത്തിന്റെ സാഹചര്യങ്ങളില്‍ എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചു പഠിക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ ഇതിനു സമതിയെ നിശ്‌ചയിച്ചിട്ടില്ല.
ഇതിനിടെയാണ്‌ നൈപുണ്യ വികസന പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ രംഗത്തേക്കു നല്‍കുന്ന മുഴുവന്‍ വിഹിതവും റദ്ദാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കിയത്‌.
ഇങ്ങനെ വന്നാല്‍ സര്‍വശിക്ഷാ അഭിയാന്‍, രാഷ്‌ട്രീയ മാധ്യമിക്‌ ശിക്ഷാ അഭിയാന്‍ എന്നീ പദ്ധതികളുള്‍പ്പെടെ കോടിക്കണക്കിന്‌ രൂപയുടെ സഹായമാണു നഷ്‌ടപ്പെടുക. ഇതേത്തുടര്‍ന്ന്‌ അടുത്ത വര്‍ഷം പേരിനെങ്കിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ തലത്തിലെ ഒന്‍പതാം ക്ലാസ്‌ മുതല്‍ പദ്ധതി നടപ്പാക്കണമെന്നാണ്‌ ചട്ടം. എന്നാല്‍ കേരളത്തിലാകട്ടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മാത്രം നടപ്പാക്കിയാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്ന 20 സ്‌കൂളുകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ്‌.
ദേശീയതലത്തില്‍ യു.പി.എസ്‌.സി നടത്തുന്ന പരീക്ഷകള്‍ക്ക്‌ നൈപുണ്യ വികസന പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. അതിനാല്‍ ഹൈസ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ഭൂരിപക്ഷം കുട്ടികള്‍ക്കും ദേശീയ തലത്തിലുള്ള പരീക്ഷകള്‍ എഴുതാന്‍ കഴിയില്ല. കേരളത്തില്‍ 2009 ല്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതി നടപ്പാക്കിയപ്പോള്‍ എല്ലാ കുട്ടികളോടും തൊഴില്‍ പഠിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതും ആകര്‍ഷകമായില്ല. നിലവില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലുള്ള അധ്യാപകര്‍ക്കു പരിശീലനം നല്‍കി പദ്ധതി നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.

വി.എ. ഗിരീഷ്‌

Ads by Google
Tuesday 04 Apr 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW