Sunday, February 25, 2018 Last Updated 23 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.30 AM

മൂന്നാര്‍ കൈയേറാന്‍ 'സേവ്‌ മൂന്നാര്‍' സമരം നടത്തുന്ന കോണ്‍ഗ്രസ്‌ നേതാവും

uploads/news/2017/04/96360/k1.jpg

ഇടുക്കി: മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച്‌ 'സേവ്‌ മൂന്നാര്‍' സമരം നടത്തുന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ കൂട്ടത്തില്‍ കൈയേറ്റക്കാരനും.
ഇന്നു മൂന്നാറില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസന്‍ സമരം ഉദ്‌ഘാടനം ചെയ്യാനിരിക്കെ മുന്‍ ഡി.സി.സി. ഭാരവാഹിയുടെ പേര്‌, അഞ്ചുനാട്ടില്‍ വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി കൈയേറി ഗ്രാന്റിസ്‌ കൃഷി നടത്തുന്നവരുടെ പട്ടികയിലുണ്ട്‌. ഇതു സംബന്ധിച്ച്‌ ഭൂമിപതിവ്‌ മുന്‍ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ഡി. സജിത്ത്‌ ബാബു സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ മംഗളത്തിനു ലഭിച്ചു. കോണ്‍ഗ്രസ്‌ നേതാവ്‌ പള്ളത്തുകുടി ബാബു ഉള്‍െപ്പടെയുള്ളവര്‍ കൈയേറ്റം നടത്തുന്നതായി 2010-ല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം സര്‍വേ നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 69 ഹെക്‌ടറിലെ ഗ്രാന്റിസ്‌ തോട്ടം ആരുടേതാണെന്നു പോലും വ്യക്‌തമല്ല.
അതീവ പരിസ്‌ഥിതി പ്രാധാന്യമുള്ള പ്രദേശത്ത്‌ ആയിരക്കണക്കിന്‌ ഏക്കര്‍ സ്‌ഥലം കൈയേറ്റക്കാരുടെ കൈയിലാണെന്നും ഗ്രാന്റിസ്‌ തോട്ടങ്ങള്‍ പിടിച്ചെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത ഇടപെടല്‍ മൂലം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പായില്ല.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ബാബു സ്‌ഥലത്തെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവാണ്‌. ഇദ്ദേഹം മൂന്നാറിലും സ്‌ഥലം കൈയേറിയെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. സ്‌ഥലം കൈയേറിയെന്ന ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ ബാബുവിന്റെ കൈയേറ്റസ്‌ഥലങ്ങളിലും പരിശോധന നടത്തണമെന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക നേതാക്കളുടെ അറിവോടെയാണ്‌ മൂന്നാറില്‍ കൈയേറ്റം നടക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ സജിത്ത്‌ ബാബുവിന്റെ റിപ്പോര്‍ട്ട്‌.
റവന്യു ഭൂമിയും വനഭൂമിയും തരംതിരിക്കാത്തതിന്റെ മറവിലാണ്‌ കൈയേറ്റം നടന്നിരിക്കുന്നത്‌. പലയിടങ്ങളിലും സര്‍ക്കാര്‍ ഭൂമി ഇല്ലാതായി.
മൂന്നാറിന്റെ സമീപപ്രദേശത്ത്‌ കുറിഞ്ഞി സാങ്‌ച്വറി ഉള്‍പ്പെടുന്നതും ശീതകാല പച്ചക്കറിയുടെ വിളനിലവുമായ കാന്തല്ലൂര്‍, കീഴാന്തല്ലൂര്‍, വട്ടവട, കൊട്ടാക്കമ്പൂര്‍, മറയൂര്‍, എന്നിവിടങ്ങളിലാണ്‌ വ്യാപക കൈയേറ്റം.
പാമ്പാടുംചോല ദേശീയോദ്യാനം, ആനമുടിച്ചോല ദേശീയോദ്യാനം, കുറിഞ്ഞിമല സാങ്‌ച്വറി, മന്നവന്‍ചോല റിസര്‍വ്‌, പുല്ലാരടിച്ചോല റിസര്‍വ്‌, ഇന്ദീവരച്ചോല റിസര്‍വ്‌, ചിന്ന റിസര്‍വ്‌ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇതിലുള്‍പ്പെടും. ഇവിടങ്ങളില്‍ പാര്‍പ്പിട നിര്‍മാണത്തിനായി 15 സെന്റ്‌ വരെയും സമീപ വസ്‌തുവിന്റെ ഗുണപരമായ വിനിയോഗത്തിനായി 15 സെന്റ്‌ വരെയും ഭൂമി പതിച്ചുനല്‍കാം.
കാര്‍ഷികാവശ്യത്തിന്‌ മൂന്നേക്കര്‍ പതിച്ചുനല്‍കാമായിരുന്നത്‌ 2005-ല്‍ ഒരേക്കറായി കുറച്ചു.
ഈ പ്രദേശങ്ങളില്‍ തോട്ടവിളകള്‍ കൃഷിചെയ്യാത്തതിനാല്‍ പതിനഞ്ചേക്കറില്‍ കൂടുതല്‍ കൈവശം വയ്‌ക്കാനാകില്ല. ഇതു ലംഘിച്ചാണ്‌ കൈയേറ്റങ്ങള്‍.
ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ ചെറിയ അളവില്‍ ഭൂമി പതിച്ചെടുത്തശേഷം സമീപ പ്രദേശങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. ഭൂമി തരംതിരിക്കാത്തതിനാല്‍ റവന്യു, വനം വകുപ്പുകള്‍ കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയെടുത്തില്ല.
തൃശൂര്‍ സ്വദേശി രാജന്‌ ഇവിടെ 901, 921, 922, 929 തണ്ടപ്പേര്‍ നമ്പരുകളിലായി 25.76 ഏക്കര്‍ ഭൂമിയുണ്ട്‌. സോജന്‍ ജോസഫിന്‌ (മത്തച്ചന്‍) പല തണ്ടപ്പേരുകളിലായി പത്തേക്കര്‍ ഭൂമിയാണു രേഖകളിലുള്ളതെങ്കിലും നൂറുകണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഗ്രാന്റിസ്‌ കൃഷി നടത്തുന്നുണ്ട്‌.
മായോ കമ്പനി, റോയല്‍ പ്ലാന്റേഷന്‍, കെ.എന്‍. പ്രസാദ്‌, പള്ളത്തുകുടി ബാബു, അടിമാലി ബാവ, മിനിയന്‍, ആലത്ത്‌ രാജന്‍, ഉഷ എന്നിവര്‍ ഏക്കറുകളോളം കൈയേറി ഗ്രാന്റിസ്‌ കൃഷി ഉള്‍പ്പെടെ നടത്തുന്നതായാണു വിവരമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുകയോ സ്‌ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തുകയോ ചെയ്യാത്തതിനാല്‍ കൈയേറ്റത്തിന്റെ വ്യാപ്‌തി കൃത്യമായി അറിയില്ല.
ഇവിടെനിന്ന്‌ ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡിലേക്കാണ്‌ ഗ്രാന്റിസ്‌ മരങ്ങള്‍ കൊണ്ടുപോകുന്നത്‌. എച്ച്‌.എന്‍.എല്ലിന്റെ മറവില്‍ ഇതിന്റെ ഇരട്ടിയലധികം ലോഡുകള്‍ കടത്തുന്നതായും ആക്ഷേപമുണ്ട്‌.

എം.എസ്‌. സന്ദീപ്‌

Ads by Google
Tuesday 04 Apr 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW