Monday, May 28, 2018 Last Updated 4 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.23 AM

മെട്രോയില്‍ സ്‌ഫോടനം; റഷ്യയില്‍ 10 പേര്‍ കൊല്ലപ്പെട്ടു

uploads/news/2017/04/96302/in1.jpg

മോസ്‌കോ: റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ മെട്രോ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്ക്‌. സംഭവം ഭീകരാക്രമണമെന്ന സംശയത്തില്‍ റഷ്യയിലെമ്പാടും ജാഗ്രതാ നിര്‍ദേശം.
സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ ഭൂഗര്‍ഭപാതയില്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ റഷ്യയെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്‌. സെന്നായ പ്ലോഷ്‌ചഡ്‌-ടെക്‌നോളജിഷെസ്‌കി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ്‌ നടത്തിയിരുന്ന ട്രെയിനില്‍ സ്‌ഥാപിച്ച ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ ദേശീയ തീവ്രവാദവിരുദ്ധ സമിതി മേധാവി അറിയിച്ചു.
സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ നടത്തിയ കര്‍ശന പരിശോധനയില്‍ മറ്റൊരു ഭൂഗര്‍ഭ സ്‌റ്റേഷനായ പ്ലോഷ്‌ചഡ്‌ വൊസറ്റാനിയയില്‍നിന്ന്‌ സ്‌ഫോടകവസ്‌തു കണ്ടെടുത്ത്‌ നിര്‍വീര്യമാക്കിയതായി അധികൃതര്‍ സ്‌ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന്‌ യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിച്ചശേഷം സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗിലെ ഭൂഗര്‍ഭപാതകളിലൂടെയുള്ള ട്രെയിന്‍ സര്‍വീസ്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌.
രണ്ടു സ്‌ഫോടനങ്ങളാണു നടന്നതെന്നാണു പ്രാഥമിക വിലയിരുത്തല്‍. ട്രെയിനിന്റെ വാതില്‍ തകര്‍ന്ന നിലയിലും സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ രക്‌തത്തില്‍കുളിച്ച മൃതദേഹങ്ങളും അടക്കമുള്ള ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. മരണസംഖ്യയിലും പരുക്കേറ്റവരുടെ എണ്ണത്തിലും അവ്യക്‌തതയുണ്ട്‌. സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ ഗവര്‍ണറുടെ വക്‌താവ്‌ അറിയിച്ചതനുസരിച്ച്‌ കുറഞ്ഞത്‌ 10 പേര്‍ മരിക്കുകയും അന്‍പതോളം പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്‌. ദേശീയ തീവ്രവാദവിരുദ്ധ സമിതിയുടെ കണക്കില്‍ മരണസംഖ്യ ഒന്‍പതും പരുക്കേറ്റവര്‍ 20 പേരുമാണ്‌. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗിലുള്ളപ്പോഴായിരുന്നു സ്‌ഫോടനം.
പുടിന്‍ നഗരത്തിനു പുറത്താണെന്നും സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ വക്‌താവ്‌ അറിയിച്ചു. എല്ലാത്തരത്തിലുമുള്ള ഭീകരവാദപ്രവര്‍ത്തനങ്ങളെയും അടിച്ചമര്‍ത്തുമെന്നു പ്രഖ്യാപിച്ച പുടിന്‍ ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമാനുസൃതം ശിക്ഷിക്കുമെന്നും വ്യക്‌തമാക്കി.
ദിനംപ്രതി 20 ലക്ഷം ആളുകള്‍ ആശ്രയിക്കുന്ന സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ മെട്രോ സംവിധാനം ഇതാദ്യമായാണ്‌ ആക്രമണത്തിന്‌ ലക്ഷ്യസ്‌ഥാനമാകുന്നത്‌. റഷ്യയില്‍ ആക്രമണം പതിവാക്കിയ ചെച്‌നിയന്‍ ഭീകരരാണ്‌ സംശയനിഴലില്‍.
എന്നാല്‍ ഗതാഗതസംവിധാനങ്ങളിലും കേന്ദ്രങ്ങളിലും കഴിഞ്ഞകാലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ ഇസ്ലാമിക തീവ്രവാദികളായിരുന്നുവെന്നതും അന്വേഷകര്‍ പരിശോധിക്കുന്നുണ്ട്‌. മോസ്‌കോ മെട്രോയില്‍ 2010-ല്‍ 38 പേരുടെയും 2009-ല്‍ മോസ്‌കോ-സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ അതിവേഗ ട്രെയിന്‍ യാത്രികരായ 27 പേരുടെയും സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക തീവ്രവാദി പ്രസ്‌ഥാനങ്ങളാണ്‌ ഏറ്റിരുന്നത്‌.
സെന്റ്‌ പീറ്റേ്‌ഴ്‌സ്‌ബര്‍ഗ്‌ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ ഡല്‍ഹി മെട്രോയില്‍ ഉള്‍പ്പെടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌.

Ads by Google
Tuesday 04 Apr 2017 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW