Thursday, August 17, 2017 Last Updated 0 Min 16 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.25 AM

ക്രിക്കറ്റ്‌ പൂരം നാളെ

uploads/news/2017/04/96247/1s.jpg

ഹൈദരാബാദ്‌: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ട്വന്റി 20 പൂരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ പത്താം സീസണിന്‌ നാളെ ഹൈദരാബാദില്‍ തുടക്കമാകും. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും.
ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ്‌ ഉദ്‌ഘാടന മത്സരം ആരംഭിക്കുക. മേയ്‌ 21-ന്‌ ഹൈദരാബാദില്‍ തന്നെയാണ്‌ ഫൈനല്‍ മത്സരവും അരങ്ങേറുന്നത്‌. അതിനു മുമ്പ്‌ മേയ്‌ 16-ന്‌ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആദ്യ ക്വാളിഫയറും മേയ്‌ 17, 19 തീയതികളിലായി ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ എലിമിനേറ്റര്‍ മത്സരവും രണ്ടാം ക്വാളിഫയറും നടക്കും.
എട്ടു ടീമുകളാണ്‌ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ട്വന്റി 20 ക്രിക്കറ്റ്‌ ലീഗായ ഐ.പി.എല്‍. കിരീടം തേടി മത്സരിക്കുന്നത്‌. സണ്‍റൈസേഴ്‌സിനും റോയല്‍ ചലഞ്ചേഴ്‌സിനും പുറമേ മുംബൈ ഇന്ത്യന്‍സ്‌, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്‌, ഗുജറാത്ത്‌ ലയണ്‍സ്‌, റൈസിങ്‌ പുനെ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ എന്നിവയാണ്‌ മറ്റു ടീമുകള്‍.
അഫ്‌ഗാന്‍ പ്രാതിനിധ്യം
ഇന്ത്യയുടെ മിന്നും താരങ്ങള്‍ക്കു പുറമേ രാജ്യാന്തര തലത്തിലെ പ്രമുഖ ടീമുകളുടെ സൂപ്പര്‍ താരങ്ങളെയും പൊന്നുംവിലയ്‌ക്ക് സ്വന്തമാക്കിയാണ്‌ ടീമുകള്‍ എല്ലാം തന്നെ അങ്കത്തിനു കച്ചമുറുക്കുന്നത്‌.
കഴിഞ്ഞ ഫെബ്രുവരി 21-ന്‌ നടന്ന ഐ.പി.എല്‍. സീസണ്‍ പത്തിന്റെ താരലേലത്തില്‍ പ്രീമിയര്‍ ലീഗ്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയായ 14.5 കോടി രൂപയ്‌ക്ക് ഇംഗ്ലീഷ്‌ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ റൈസിങ്‌ പുനെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി.
മറ്റൊരു ഇംഗ്ലീഷ്‌ താരവും യുവ ബൗളറുമായ ടൈമല്‍ മില്‍സിനാണ്‌ ലേലത്തില്‍ രണ്ടാമത്തെ വലിയ തുക ലഭിച്ചത്‌. 12 രൂപയ്‌ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ്‌ മില്‍സിനെ സ്വന്തമാക്കിയത്‌.
2015 സീസണില്‍ 16 കോടിക്ക്‌ ഇന്ത്യയുടെ മധ്യനിര താരം യുവരാജ്‌ സിങ്‌ വിറ്റുപോയതാണ്‌ ഐ.പി.എല്‍ ലേല ചരിത്രത്തിലെ ഏറ്റവും വലിയ വില.
ഐ.പി.എല്‍. സീസണ്‍ പത്ത്‌ നാളെ ആരംഭിക്കുമ്പോള്‍ കേരളത്തിനും സന്തോഷിക്കാനേറെയാണ്‌. ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ കളിക്കുന്ന മലയാളി താരങ്ങളായ സഞ്‌ജു സാംസണിനു പുറമേ ഇക്കുറി കേരളത്തില്‍നിന്ന്‌ ബേസില്‍ തമ്പിയും ഐ.പി.എല്ലില്‍ ഇടംപിടിച്ചു. 10 ലക്ഷം മാത്രം അടിസ്‌ഥാന വിലയുണ്ടായിരുന്ന ബേസിലിനെ 85 ലക്ഷം രൂപയ്‌ക്ക് ഗുജറാത്ത്‌ ലയണ്‍സ്‌ സ്വന്തമാക്കിയത്‌.
ഐ.പി.എല്‍. ചരിത്രത്തിലാദ്യമായി ഇത്തവണ അഫ്‌ഗാനിസ്‌ഥാന്‍ താരങ്ങളും കളത്തിലിറങ്ങും. നാലു കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ സ്വന്തമാക്കിയ റാഷിദ്‌ ഖാനാണ്‌ ഏറ്റവും വില ലഭിച്ച അഫ്‌ഗാന്‍ താരം. റാഷിദിനു പുറമേ മറ്റൊരു അഫ്‌ഗാന്‍ താരമായ മുഹമ്മദ്‌ നബിയും സണ്‍റൈസേഴ്‌സ് ടീമില്‍ ഇടം നേടി.
തകര്‍ക്കാന്‍ റെക്കോഡുകള്‍ ഏറെ
2008-ല്‍ ആരംഭിച്ചു പത്താം സീസണില്‍ എത്തിനില്‍ക്കുമ്പോള്‍ ഐ.പി.എല്‍. സമ്മാനിച്ച വിസ്‌മയ മുഹൂര്‍ത്തങ്ങള്‍ അനവധി. സീസണ്‍ പത്തിന്‌ നാളെ ടോസ്‌ വീഴുമ്പോള്‍ തകര്‍ക്കാന്‍ റെക്കോഡുകള്‍ ഏറെയാണ്‌. അവയിലേക്ക്‌ ഒരു എത്തിനോട്ടം.
ഉയര്‍ന്ന ടീം സ്‌കോര്‍:- ഐ.പി.എല്‍. ആറാം സീസണില്‍ പിറന്ന അഞ്ചിന്‌ 263 റണ്‍സ്‌ എന്ന സ്‌കോറാണ്‌ ഐ.പി.എല്‍. മത്സരങ്ങളില്‍ ഇതുവരേക്കും ഒരു ടീം നേടിയ ഉയര്‍ന്ന സ്‌കോര്‍.
പുനെ വരിയേഴ്‌സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ്‌ ഈ സ്‌കോര്‍ അടിച്ചു കൂട്ടിയത്‌. ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലും ബാംഗ്ലൂരിന്റെ പേരിലാണ്‌. കഴിഞ്ഞ സീസണില്‍ ഗുജറാത്ത്‌ ലയണ്‍സിനെതിരേ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ നേടിയ 248.
കുറഞ്ഞ ടീം സ്‌കോര്‍:- ഉയര്‍ന്ന സ്‌കോര്‍ ബാംഗ്ലൂരിന്റെ പേരിലാണെങ്കില്‍ കുറഞ്ഞ ടീം സ്‌കോര്‍ ബാംഗ്ലൂരിനെതിരേയാണ്‌. ദക്ഷിണാഫ്രിക്കയിലേക്ക്‌ പറിച്ചുമാറ്റപ്പെട്ട രണ്ടാം സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സ്‌ 58 റണ്‍സിനു പുറത്തായതാണ്‌ ഏറ്റവും കുറഞ്ഞ ടീം സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിനെതിരേ 67 റണ്‍സിനു പുറത്തായ കൊല്‍ക്കത്തയ്‌ക്കാണ്‌ രണ്ടാം സ്‌ഥാനം.
മികച്ച റണ്‍ വേട്ട:- ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനും ബാംഗ്ലൂര്‍ നിരയില്‍ നിന്നു തന്നെ. നായകന്‍ വിരാട്‌ കോഹ്ലി 139 മത്സരങ്ങളില്‍ നിന്ന്‌ നേടിയത്‌ നാലു സെഞ്ചുറിയടക്കം 4110 റണ്‍സ്‌. 147 മത്സരങ്ങളില്‍ നിന്ന്‌ 4098 റണ്‍സുള്ള ഗുജറാത്ത്‌ ലയണ്‍സ്‌ നായകന്‍ സുരേഷ്‌ റെയ്‌നയും 142 മത്സരങ്ങളില്‍ നിന്ന്‌ 3874 റണ്‍സുള്ള മുംബൈ ഇന്ത്യന്‍സ്‌ നായകന്‍ രോഹിത്‌ ശര്‍മയും കോഹ്ലിക്ക്‌ ഭീഷണിയാണ്‌ .
ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍:- ഇതും ബാംഗ്ലൂര്‍ താരത്തിന്റെ പേരില്‍. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍ ക്രിസ്‌ ഗെയ്‌ല്‍ 2013-ല്‍ പുനെ വരിയേഴ്‌സിനെതിരേ നേടിയ 175 റണ്‍സാണ്‌ ഐ.പി.എല്ലില്‍ വ്യക്‌തിഗത സ്‌കോറില്‍ ഒന്നാം സ്‌ഥാനത്ത്‌.
മികച്ച വിക്കറ്റ്‌ വേട്ട:- വിക്കറ്റ്‌വേട്ടയില്‍ മുംബൈ ഇന്ത്യന്‍ താരം ലസിത്‌ മലിംഗയെ തല്‍ക്കാലം വെല്ലുവിളിക്കാന്‍ ആരുമില്ല. 98 മത്സരങ്ങളില്‍ നിന്ന്‌ 143 റണ്‍സാണ്‌ മലിംഗയുടെ സമ്പാദ്യം. രണ്ടാം സ്‌ഥാനത്തുള്ള അമിത്‌ മിശ്ര മൂന്നു ടീമുകള്‍ക്കായി കളിച്ച്‌ 112 മത്സരങ്ങളില്‍ നിന്ന്‌ 124 വിക്കറ്റുകളാണ്‌ നേടിയിട്ടുള്ളത്‌.
മികച്ച ബൗളിങ്‌ പ്രകടനം:- ആദ്യ സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ച പാകിസ്‌താന്‍ താരം സൊഹൈല്‍ തന്‍വീര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നാലോവറില്‍ 14 റണ്‍സ്‌ വഴങ്ങി ആറു വിക്കറ്റ്‌ നേടിയതാണ്‌ പത്താം സീസണിലും മികച്ച ബൗളിങ്‌ പ്രകടനമായി തുടരുന്നത്‌.

Ads by Google
Tuesday 04 Apr 2017 12.25 AM
YOU MAY BE INTERESTED
TRENDING NOW