Thursday, May 24, 2018 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Monday 03 Apr 2017 04.23 PM

ബോറേട്ടന്‍സ് പൂരം

മുന്‍ദിലീപ് സിനിമകളെ അപേക്ഷിച്ച് ചെളിത്തമാശകളും അശ്ളീലപ്രയോഗങ്ങളും കുറവാണ്. പക്ഷേ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു സ്‌ക്രിപ്റ്റും മലയാളസിനിമയില്‍ അടുത്തകാലത്ത് കൂടുതലായി ഉപയോഗിക്കുന്ന തൃശൂര്‍ പശ്ചാത്തലവും കേവലയുക്തിപോലുമില്ലാതെ ഒരു കായിക ഇനത്തിന്റെ തൊഴുത്തില്‍ക്കൊണ്ട് കെട്ടി ഇറക്കിയ സിനിമ അടിസ്ഥാനപരമായിത്തന്നെ ഒരു വ്യാജനിര്‍മിതിയാണ്.
Georgettan's Pooram movie review

കായികകേരളത്തിന് അതുല്യമായ സംഭാവന ചെയ്ത ദിലീപിന്റെ ചിത്രമാണ് 'സ്പീഡ് ട്രാക്ക്'. ആ സിനിമ തിയറ്ററില്‍ ഓടിയ സ്പീഡ് കൊണ്ട് എസ്.എല്‍. പുരം സദാനന്ദന്റെ മകന്‍ ജയസൂര്യയ്ക്കു പിന്നീടൊരു പടം സംവിധാനം ചെയ്യേണ്ടിവന്നില്ല എന്നു തോന്നുന്നു. ഏതായാലും ഒരിക്കല്‍കൂടി കായികപ്രേമികളെ കോരിത്തരിപ്പിക്കാന്‍ വീണ്ടുമെത്തിയ ദിലീപ് ചിത്രമാണ് ബോറേട്ടന്‍സ് പൂരം., സോറി ജോര്‍ജേട്ടന്‍സ് പൂരം. കഥനടക്കുന്നതു തൃശൂരായതുകൊണ്ടും പേരില്‍ പൂരം ഉള്ളതുകൊണ്ടും പൂരത്തെക്കുറിച്ച് ആണെന്നാരും തെറ്റിദ്ധരിക്കരുത്, ഇത് കബഡികളിയെക്കുറിച്ചുള്ള സിനിമയാണ്. തോപ്പിലെ ജോപ്പന്‍ കബഡിയെ രാജ്യാന്തരശ്രദ്ധയിലെത്തിച്ചിട്ട് ആറുമാസമായിട്ടില്ല. അതിന്റെ ക്ഷീണം കായികപ്രേമികള്‍ മറക്കുംമുമ്പാണ് ജോര്‍ജേട്ടന്റെ വക കബഡിയുടെ പൂരം.

എബ്രിഡ് ഷൈന്‍ 1983യിലൂടെ തുടങ്ങിയ നാടന്‍ സ്‌പോര്‍ട്‌സ് സിനിമാസീസണാണ്. വോളിബോളും, ഫുട്‌ബോളും ബാസ്‌ക്കറ്റ്‌ബോളും ആയി കുറേ സിനിമകള്‍ വന്നു. കബഡിയില്‍ രണ്ടെണ്ണമായി. ഇനിയുണ്ട് ഇഷ്ടംപോലെ കായികവിനോദങ്ങള്‍. കിളിത്തട്ട്, നാടന്‍പന്തുകളി, സാറ്റ്കളി തുടങ്ങിയ മേഖലകളിലേക്കും സിനിമാക്കാരുടെ ശ്രദ്ധപതിയേണ്ട സമയമായി. പറ്റിയാല്‍ ജോര്‍ജേട്ടന്മാരെയൊക്കെ തന്നെ നായകനാക്കണം. തെലുങ്കിലെ ബാലകൃഷ്ണനെപ്പോലെ കബഡിയൊക്കെ പറന്നുകളിക്കാന്‍ ശേഷിയുള്ളയാളണു ജോര്‍ജേട്ടന്‍. ജോര്‍ജേട്ടനെ വിട്ടാല്‍ മതി കബഡി ഇന്ത്യയുടെ കബഡി ടീമൊക്കെ പറക്കും. കുറഞ്ഞപക്ഷം സിനിമയില്‍ കബഡി പരിശീലിപ്പിച്ചരെ ഇന്ത്യന്‍ ടീമിന്റെ കോച്ചെങ്കിലും ആക്കണം... മെഡല്‍ ഉറപ്പല്ലേ.

'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' എന്ന സിനിമയ്ക്കുശേഷം ഇറങ്ങുന്ന ദിലീപിന്റെ ഫെസ്റ്റിവല്‍ സീസണ്‍ സിനിമയാണ് ജോര്‍ജേട്ടന്‍സ് പൂരം. സെന്‍ട്രല്‍ ജയില്‍ അശ്‌ളീലതയുടെ തടവറയയായിരുന്നെങ്കില്‍ ഈ പൂരം ബോറടിയുടെ കുടമാറ്റമാണ്. ദ്വയാര്‍ഥത്തിനും കുറവൊന്നുമില്ല. ആസിഫ് അലി നായകനായ കഴിഞ്ഞവര്‍ഷം ഇറങ്ങിയ 'കവി ഉദ്ദേശിച്ചത്' എന്ന സിനിമയുടെ അതേ ഫോര്‍മാറ്റിലാണ് സിനിമയുടെ നിര്‍മിതി. അവിടെ വോളിബോള്‍ ആണെങ്കില്‍ ഇവിടെ കബഡി. അവിടെ പെണ്ണിനെ കെട്ടിച്ചുതരാന്‍ ബെറ്റുവച്ചിട്ടാണെങ്കില്‍ ഇവിടെ രണ്ടേക്കര്‍ മണ്ണിനുവേണ്ടിയാണ്.

Georgettan's Pooram movie review

അല്ലെങ്കിലും പെണ്ണിനും മണ്ണിനും വേണ്ടിയാണല്ലോ ലോകത്തുണ്ടായ സകല ഏറ്റുമുട്ടലുകളും. ഏതായാലും 'ഡോക്ടര്‍ ലൗ' എന്ന തട്ടിക്കൂട്ട് സിനിമയ്ക്കുശേഷം ഡി.ബിജു എന്ന സംവിധായകന്‍ ഒരുക്കുന്ന സിനിമയാണ് ഈ പൂരം. കൂട്ടിനെത്തിയിരിക്കുന്നത് 'ഷാജഷാനും പരീക്കുട്ടി'യും എന്ന സമീപകാല ക്ലാസിക് പ്രണയപരണവശ ചിത്രത്തിനുശേഷം വൈ.വി. രാജേഷ് എന്ന തിരക്കഥാകൃത്ത്. പാറമേക്കാവും തിരുവമ്പാടിയും ഒരുമിച്ചെന്നല്ലേ പറയേണ്ടു. പോരേ പൂരം. കുടമാറ്റവും വെടിക്കെട്ടും ഇലഞ്ഞിത്തറമേളവും ഒക്കെയായി ആകെക്കൊഴുപ്പാണ്. ഇതൊന്നും പോരാഞ്ഞിട്ട് ജനപ്രിയനായകന്റെ അളിഞ്ഞ തൃശൂര്‍ സ്ലാങ് തമാശകളും.

നമ്മുടെ നായകന്‍ ജോര്‍ജ് വടക്കന്‍ (ദിലീപ്) സ്ഥലത്തെ പുരോഹിതനായ മാത്യൂസ് വടക്കന്റെ (രണ്‍ജി പണിക്കര്‍) മകനാണ്. പത്താം ക്ലാസില്‍ വച്ച് ട്യൂഷന്‍ ടീച്ചറുടെ കുളിസീന്‍ ഒളിഞ്ഞുനോക്കി വെടക്കായ ജോര്‍ജ് നാട്ടിലെ അറിയപ്പെടുന്ന തൊഴിലില്ലാത്തവനാണ്. സാധാരണ നല്ലവരില്‍ നല്ലവനായ അയല്‍വീട്ടിലെ പയ്യനായി നാടോടിമന്നന്‍ കളിക്കുന്ന ദിലീപ് ഇക്കുറി സര്‍വത്ര കുഴപ്പക്കാരനാണ്. ന്യൂജന്‍ സിനിമകളുടെ എഫക്‌ടേ. ഏതായാലും ജോര്‍ജ് സമാനമായ തൊഴിലില്ലാത്തവരായ വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍ തുടങ്ങിയവരുടെ കൂടെ ഒരു വാട്ടര്‍ ടാങ്കിനുമുകളില്‍ കയറി മദ്യപിക്കുന്നതും തൃശൂര്‍ ഭാഷയില്‍ മിമിക്രി പറയുന്നതുമാണ് ആദ്യ പകുതി. പറയാന്‍ മറന്നു, ഏഷ്യാഡില്‍ സ്വര്‍ണമെഡല്‍ നേടിയ കബഡി ടീമിലെ അംഗമായ മത്തായിയുടെ പേരിലുള്ള മത്തായിപ്പറമ്പിലാണ് ഈ വാട്ടര്‍ടാങ്ക്. ഈ കബഡിയുടെ ഈ ചരിത്രം ഇന്നസെന്റിന്റെ ശബ്ദത്തില്‍ പറയുന്നിടത്താണു സിനിമ തുടങ്ങുന്നത്. ഒന്നാംപകുതിയില്‍ കബഡിയ്ക്കായി അത്രയും സമയമെ നീക്കിവയ്ക്കാന്‍ പറ്റിയിട്ടുള്ളു. സെക്കന്‍ഡ് ഹാഫിലാണ് കളിമുഴുവന്‍. പക്ഷേ ഇന്റവെല്ലില്‍ തിരശീലയില്‍ എഴുതിക്കാട്ടുന്നത്, ഇനി കളിയില്‍ അല്‍പം കാര്യമെന്നാണ്. അപ്പോള്‍ കളിയേതാ എന്നൊരു സംശയമൊക്കെ തോന്നിയേക്കും. മൈന്‍ഡ് ചെയ്യണ്ട.

കന്നിസിനിമയിലൂടെ ചലച്ചിത്രപുരസ്‌കാരം നേടിയ രജീഷ വിജയനാണ് സിനിമയിലെ നായിക. പള്ളീലച്ചന്റെ പിഴച്ചുപോയ മകന്‍ വളച്ചെടുക്കാന്‍ നടക്കുന്ന, കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന മെര്‍ലിനെയാണു രജീഷ അവതരിപ്പിക്കുന്നത്. അധികം സ്‌ക്രീന്‍ പ്രസന്‍സോ ഡയലോഗുകളോ ഇല്ല. പണിയില്ലാത്ത നായകനു പ്രേമിക്കാനൊരു നായികയാണ്. ഒരു പണിയും ഇല്ലാത്തവന് ഒരു വിലയുമില്ല എന്നു കരുതരുത് എന്നു പഞ്ചു ഡയലോഗ് അടിക്കുന്നുണ്ട്. നാട്ടിലെ വായിനോക്കി ചേട്ടന്മാര്‍ക്കായി വേണമെങ്കില്‍ ആ ഡയലോഡ് ഡെഡിക്കേറ്റ് ചെയ്യാവുന്നതാണ്.

രജീഷയ്ക്കു ഡയലോഗിനുള്ള സാധ്യത കുറവാണെങ്കിലും ദിലീപിന് ഇഷ്ടംപോലെയുണ്ട്. ദിലീപാണു സിനിമയില്‍ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടേയിരിക്കുന്ന താരം. ഗഡി, എന്തൂട്ടാ, ജോസെേേഫേട്ടാ എന്നിങ്ങനെ വിളിച്ചു സംസാരം തൃശൂര്‍ ഭാഷ തന്നെയാണെന്ന് ഓര്‍മിപ്പിക്കും. ഹരീഷ് കണാരനും ഷറഫുദീനുമാണ് തമാശയുടെ ചുമതല. വളിച്ച ഭക്ഷണം നല്‍കുന്ന ഹോട്ടലുകാരനാണ് ഹരീഷ് കണാരന്‍. നല്ല ഉഗ്രന്‍ വളിച്ച തമാശയാണ്. മെച്ചപ്പെട്ടതായി തോന്നിയത് രണ്‍ജി പണിക്കരുടെ വേഷമാണ്.

തോപ്പില്‍ ജോപ്പനിലും പള്ളിവികാരിയായിരുന്ന രണ്‍ജി പണിക്കര്‍ ഈ കബഡികളിയിലും പള്ളിവികാരിയായിട്ടുണ്ട്. ചെമ്പന്‍ വിനോദ് ജോസും ഹണീ ബീയിലുടെ ശ്രദ്ധേയനായ അസീം ജമാലുമാണ് പ്രതിനായകവേഷങ്ങളില്‍ മോശമാക്കിയിട്ടില്ല. ജോസഫേട്ടനായെത്തുന്ന ടി.ജി. രവിയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഗോപീസുന്ദറിന്റെ പാട്ടുകളിലെ വിലാപയാത്ര ഗാനം ശ്രദ്ധേയം. സിനിമയിലെ ഏറ്റവും നിലവാരമുളള ഘടകവും ആ പാട്ടാണ്.

Georgettan's Pooram movie review

മുന്‍ദിലീപ് സിനിമകളെ അപേക്ഷിച്ച് ചെളിത്തമാശകളും അശ്്ളീലപ്രയോഗങ്ങളും കുറവാണ്. പക്ഷേ തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു സ്‌ക്രിപ്റ്റും മലയാളസിനിമയില്‍ അടുത്തകാലത്ത് കൂടുതലായി ഉപയോഗിക്കുന്ന തൃശൂര്‍ പശ്ചാത്തലവും കേവലയുക്തിപോലുമില്ലാതെ ഒരു കായിക ഇനത്തിന്റെ തൊഴുത്തില്‍കൊണ്ടി കെട്ടി ഇറക്കിയ സിനിമ അടിസ്ഥാനപരമായി തന്നെ ഒരു വ്യാജനിര്‍മിതിയാണ്. ചില സ്‌കിറ്റ് തമാശങ്ങള്‍ക്കും വണ്‍ലൈന്‍ ദ്വയാര്‍ഥങ്ങള്‍ക്കുമപ്പുറം സിനിമയെ സജീമായി നിര്‍ത്തുന്ന ഒരു ത്രഡോ ആഖ്യാനശൈലിയോ ഒന്നുമില്ല.

രണ്ടുമണിക്കൂറിലേറെ ബോറടിക്കുകയും അവസാനം ബാലകൃഷ്ണ ശൈലിയിലുളള ദിലീപിന്റെ കബഡികളി കണ്ട് അന്തംവിടുകയും ചെയ്യേണ്ട അവസ്ഥ ഉണ്ടാകുമെന്നും മുന്നറിയിപ്പ് തരുന്നു. കബഡി ജീവിതത്തില്‍ ഒരിക്കല്‍പോലും കളിച്ചിട്ടില്ലെങ്കിലും ദേശീയ താരങ്ങളെയൊക്കെ മലര്‍ത്തിയടിക്കുന്ന ജോര്‍ജേട്ടന്റെ പെര്‍ഫോമന്‍സ് ഒന്നുമാത്രം മതി ബാലകൃഷ്ണയ്ക്ക് ഈ സിനിമ തെലുങ്കില്‍ കൊണ്ടുപോകാനും അവിടെയിറക്കി ഒന്നോ രണ്ടോ നൂറുകോടി ക്ലബ് പണിയാനും. ഇവിടെയെങ്ങും ഇറക്കേണ്ട സിനിമയല്ല ഇതെന്നു താരം. തെലുങ്കിലിറക്കിയാല്‍ ഷുവര്‍ ഹിറ്റാണ്.

ഒന്നുമില്ലെങ്കിലും കബഡിയെ പ്രോത്സാഹിപ്പിക്കുന്നതിനും ദിലീപും സംവിധായകന്‍ ബിജുവും കാട്ടിയ ആ വലിയ മനസെങ്കിലും മനസിലാക്കണമല്ലോ. ആക്ച്വലി കബഡിയല്ല, മൈാതാനങ്ങളുടെ സംരക്ഷണം. തേക്കിന്‍കാട് മൈതാനം, ദര്‍ബാള്‍ ഹാള്‍ ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം എന്നുപറയുന്നതുപോലെ ഒരു മൈതാനാമാണത്രേ, മത്തായിപ്പറമ്പും. അത്തരത്തിലുളള മൈതാനങ്ങള്‍ കോണ്‍ക്രീറ്റ് കാടുകളായി അന്യം നിന്നുപോകാതിരിക്കാനുള്ള ബോധവല്‍ക്കരണം കൂടിയാണത്രേ സിനിമ. അപ്പം പരിസ്ഥിതി, മണ്ണ് സംരക്ഷണവുമായി. മഹത്തായ സന്ദേശം നല്‍കുന്ന ഈ സിനിമയെ പരിസ്ഥിതി വകുപ്പ് ഏറ്റെടുക്കണമെന്നാണ് സെക്കന്‍ഡ് ഷോയുടെ ഒരിത്.

ഡിസ്‌കൈമള്‍: ഇത്രയൊക്കെ പുകഴ്ത്തി പറഞ്ഞിട്ടും സിനിമയെപ്പറ്റി സെക്കന്‍ഡ് ഷോ പരിഹസിച്ചതാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ ഈ സിനിമ കണ്ട് സ്വന്തം നിലയില്‍ സംശയനിവാരണം വരുത്തേണ്ടതാണെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW