Monday, December 11, 2017 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 01.56 AM

ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ ചുമതലയേറ്റു

uploads/news/2017/04/95985/5.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ നാലാമതു വനിതാ ചീഫ്‌ സെക്രട്ടറിയായി നളിനി നെറ്റോ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ ചുമതലയേറ്റു. എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ചക്കളത്തിപ്പോരിനു താത്‌പര്യമില്ലെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ചീഫ്‌ സെക്രട്ടറി പദവിയില്‍ ഓഗസ്‌റ്റ്‌ വരെയാണു നളിനി നെറ്റോയുടെ കാലാവധി. എസ്‌.എം. വിജയാനന്ദ്‌ വിരമിച്ച ഒഴിവിലേക്കാണ്‌ ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന നളിനിയെ നിയമിച്ചത്‌. 1981 ബാച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥയാണ്‌ തിരുവനന്തപുരം സ്വദേശിയായ നളിനി നെറ്റോ. തിരുവനന്തപുരം ജില്ലാ കലക്‌ടര്‍, സംസ്‌ഥാന ടൂറിസം ഡയറക്‌ടര്‍, നികുതി, സഹകരണ, രജിസ്‌ട്രാര്‍, ജലസേചനം, ഗതാഗതവകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചു. ഒന്‍പതുവര്‍ഷം സംസ്‌ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറായിരുന്നു. 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌, 2009, 2014 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ എന്നിവയുടെ മേല്‍നോട്ടം വഹിച്ചു. 2015-ലാണ്‌ ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായത്‌. പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി. ഇതിനു മുമ്പ്‌ പത്മ രാമചന്ദ്രനും നീല ഗംഗാധരനും ലിസി ജേക്കബുമാണു ചീഫ്‌ സെക്രട്ടറിയായ വനിതകള്‍.രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ നളിനി നെറ്റോ ഒരുവര്‍ഷം തിരുവനന്തപുരത്തെ ഓള്‍ സെയിന്റ്‌സ്‌് കോളജില്‍ അധ്യാപികയായിരുന്നു. വിജിലന്‍സ്‌ ഡയറക്‌ടറായി വിരമിച്ച ഡെസ്‌മണ്ട്‌് നെറ്റോയാണു ഭര്‍ത്താവ്‌. ഏകമകള്‍ അനിഷ നെറ്റോ ലണ്ടനില്‍ പിഎച്ച്‌.ഡി. ചെയ്യുന്നു. നളിനിയുടെ പിതൃസഹോദരീപുത്രി ഗിരിജ വൈദ്യനാഥനാണ്‌ ഇപ്പോള്‍ തമിഴ്‌നാട്‌ ചീഫ്‌ സെക്രട്ടറി.
നളിനി നെറ്റോയ്‌ക്കു പകരം അഡീഷണല്‍ ചീഫ്‌ സെക്രട്ടറി (പ്ലാനിങ്‌) വി.എസ്‌. സെന്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി (പൊതുമരാമത്ത്‌) സുബ്രതോ ബിശ്വാസ്‌ ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുമാകും.

Ads by Google
Monday 03 Apr 2017 01.56 AM
YOU MAY BE INTERESTED
TRENDING NOW