Monday, April 03, 2017 Last Updated 12 Min 24 Sec ago English Edition
Todays E paper
Monday 03 Apr 2017 01.56 AM

മദ്യശാലമാറ്റം വന്‍ബാധ്യത വിധി നടപ്പാക്കാന്‍ സാവകാശം; സര്‍ക്കാര്‍ നിയമോപദേശം തേടി

uploads/news/2017/04/95983/3.jpg

തിരുവനന്തപുരം: ദേശീയ-സംസ്‌ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്‌ഥാപിക്കുന്നതുസംബന്ധിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി.
അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകരപ്രസാദിനോടാണ്‌ എക്‌സൈസിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍ നിയമോപദേശം തേടിയത്‌. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്‌ വലിയതോതില്‍ മദ്യശാലകള്‍ പൂട്ടുന്നത്‌ സംസ്‌ഥാനത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയ്‌ക്ക്‌ തിരിച്ചടിയുണ്ടാക്കുമെന്നാണ്‌ ധനവകുപ്പിന്റെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നതിനാല്‍ വിധി നടപ്പാക്കുന്നതിന്‌ സാവകാശം ലഭിക്കുമോ എന്നറിയാനാണ്‌ നിയമോപദേശം തേടിയത്‌.
മൂന്നു മാസത്തെ സമയം ലഭിച്ചാല്‍ ഔട്ട്‌ലറ്റുകള്‍ മറ്റിടങ്ങളിലേക്കു മാറ്റിസ്‌ഥാപിക്കാന്‍ കഴിയും. ദേശീയ-സംസ്‌ഥാന പാതയോരത്തെ 500 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മദ്യവില്‍പനശാലകളുടെയും പ്രവര്‍ത്തനം സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ശനിയാഴ്‌ച നിര്‍ത്തിയിരുന്നു. സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും മദ്യശാലകള്‍ മാറ്റുന്നതിന്‌ പ്രായോഗിക ബുദ്ധിമുട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. പലയിടങ്ങളിലും ഔട്ട്‌ലറ്റുകള്‍ മറ്റിടങ്ങളിലേക്കു മാറ്റാന്‍ ബിവറേജസ്‌ കോര്‍പറേഷനു സാധിച്ചിട്ടില്ല. ജനങ്ങളുടെ പ്രതിഷേധമാണു പ്രധാന വെല്ലുവിളി.സംസ്‌ഥാനത്തിന്റെ വരുമാനം കുറയുന്നതുമൂലം പദ്ധതിച്ചെലവു പോലും വെട്ടിക്കുറക്കേണ്ടി വരുമെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍. വാര്‍ഷിക വരുമാനത്തില്‍ നാലായിരം മുതല്‍ അയ്യായിരം കോടി രൂപയുടെവരെ കുറവുണ്ടാകും. സംസ്‌ഥാന ഖജനാവിന്‌ മദ്യത്തില്‍നിന്നുള്ള പ്രതിവര്‍ഷ വരുമാനം 8,000 കോടി രൂപയാണ്‌. മദ്യ ശാലകള്‍ പൂട്ടുകയും വിനോദസഞ്ചാരമേഖലയില്‍ ഉള്‍പ്പെടെ പ്രതിഫലനങ്ങള്‍ ഉണ്ടാവുകയുംചെയ്‌താല്‍ അതു സംസ്‌ഥാനത്തിന്റെയാകെ സാമ്പത്തികസ്‌ഥിതിയെ ദോഷകരമായി ബാധിക്കും. ദേശീയപാതയുടെ പദവി മാറ്റിക്കൊണ്ട്‌ ബിവറേജസ്‌ ഔട്ട്‌ലറ്റുകള്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന്‌ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ദേശീയപാതയുടെ പദവി മാറ്റുമ്പോള്‍ പാത വികസനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ലഭിക്കുന്ന കേന്ദ്ര സഹായം നഷ്‌ടപ്പെടും. അതിനാല്‍ത്തന്നെ മറ്റു മാര്‍ഗങ്ങളെക്കുറിച്ചാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Ads by Google
Monday 03 Apr 2017 01.56 AM
YOU MAY BE INTERESTED
TRENDING NOW